Continue reading “കാഫ്ക കാണാനെത്തിയ, പിക്കാസോയെ സംശയിച്ച, ചരിത്ര പ്രസിദ്ധ മോഷണം”

" /> Continue reading “കാഫ്ക കാണാനെത്തിയ, പിക്കാസോയെ സംശയിച്ച, ചരിത്ര പ്രസിദ്ധ മോഷണം”

"> Continue reading “കാഫ്ക കാണാനെത്തിയ, പിക്കാസോയെ സംശയിച്ച, ചരിത്ര പ്രസിദ്ധ മോഷണം”

">

UPDATES

കാഫ്ക കാണാനെത്തിയ, പിക്കാസോയെ സംശയിച്ച, ചരിത്ര പ്രസിദ്ധ മോഷണം

                       

ചരിത്രത്തില്‍ ഓഗസ്റ്റ് 21-ന്റെ പ്രത്യേകത എന്താണ്?

ലോകപ്രശസ്തമായ ഒരു പെയിന്റിംഗ് മോഷണം പോയത് ആ ദിവസമാണ്…

1911 ആഗസ്റ്റ് 21-ന് മോഷ്ടിക്കപ്പെട്ടത് ലിയണാര്‍ഡോ ഡ വിഞ്ചിയുടെ മോണ ലിസയായിരുന്നു.

ഇന്നേക്ക് 112 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതേ തീയതിയാണ്‌ പാരീസിലെ ലോവ്രെ മ്യൂസിയത്തില്‍ നിന്നാണ് മോണ ലിസ മോഷ്ടിക്കപ്പെട്ടത്. വാസ്തവം പറഞ്ഞാല്‍ ആ മോഷണം ചിത്രത്തിന്റെ പ്രശസ്തിയും നിഗൂഢതയും പ്രാധാന്യവും വര്‍ദ്ധിപ്പിക്കുകയാണുണ്ടായത്. ഡ വിഞ്ചി വരച്ച ഒരു സാധാരണ സ്ത്രീയുടെ അര്‍ദ്ധരൂപമാണ് ഇന്ന് ലോകത്തില്‍ ഏറ്റവും പ്രശസ്തവും ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്നതും എറ്റവും കൂടുതല്‍ ഏഴുതപ്പെടുന്നതും ഏറ്റവും കൂടുതല്‍ പാടി പുകഴ്ത്തപ്പെടുന്നതും ഏറ്റവും കൂടുതല്‍ പകര്‍ത്തപ്പെടുന്നതുമായ കലാരൂപം.

അന്ന് ലോവ്രെയില്‍ ഉണ്ടായിരുന്ന മറ്റ് വിശ്രുത ചിത്രങ്ങളുടെ അത്ര പ്രശസ്തമല്ലാതിരുന്ന മോണ ലിസയുടെ പ്രശസ്തി മോഷണം നടന്ന് 28 മണിക്കൂറിനുള്ളില്‍ കുതിച്ചുയരുകയായിരുന്നു. മ്യൂസിയം അധികൃതര്‍ക്ക് തന്നെയാണത് മനസിലായത്. ഒരാഴ്ച അടച്ചിട്ട മ്യൂസിയം വീണ്ടും തുറന്നപ്പോള്‍, മോണ ലിസ തൂങ്ങിയിരുന്ന ഒഴിഞ്ഞ ഇടം കാണാനായി ആയിരക്കണക്കിന് ഫ്രഞ്ചുകാര്‍ ലോവ്രെയിലേക്ക് ഇടിച്ചു കയറി.

മോണോ ലിസ അവശേഷിപ്പിച്ച ശൂന്യത കാണാന്‍ ഇടിച്ചു കയറിയവരില്‍ ഒരാള്‍ സാക്ഷാല്‍ ഫ്രാന്‍സ് കാഫ്ക ആയിരുന്നു.

ആത്യന്തികമായി മോണ ലിസയുടെ പ്രശസ്തി വര്‍ദ്ധിപ്പിച്ച മോഷണ നാടകത്തില്‍ നിരവധി പ്രസിദ്ധ അഭിനേതാക്കള്‍ ഉണ്ടായിരുന്നു. നവകലയിലെ രണ്ട് കുഴപ്പക്കാരെയായിരുന്നു പ്രധാനമായും സംശയിച്ചിരുന്നത്- ഗുല്യാന്‍മെ അപ്പോളിനെയറും പാബ്ലോ പിക്കാസോയും.

അതെ, മോഷണത്തിന്റെ പേരില്‍ പിക്കാസോയെ ചോദ്യം ചെയ്യുകയും ചെയ്തു.

അടുത്ത 28 മാസം, ലോകം മോഷ്ടിക്കപ്പെട്ട ചിത്രത്തിന്റെ കഥകളില്‍ മുഖരിതമാവുകയും നിരൂപകര്‍ അതിനെ ഒരു ശ്രേഷ്ഠകൃതി എന്ന് വാഴ്ത്തുകയും ചെയ്തു. അത് വരെ മോണ ലിസയ്ക്ക് ഒരു അപ്രധാന അസ്തിത്വമായിരുന്നു ഉണ്ടായിരുന്നത്. 1503നും 1517നും ഇടയില്‍ ഡ വിഞ്ചി വരച്ച ചിത്രം അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന സലായുടെ കൈയില്‍ നിന്നാണ് ഫ്രഞ്ച് രാജകുടുംബം വാങ്ങിയത്. ലൂയി പതിനാലാമന്‍ അത് തന്റെ കൊട്ടാരത്തില്‍ സൂക്ഷിച്ചെങ്കിലും ഫ്രഞ്ച് വിപ്ലവത്തിന് ശേഷം അത് ലോവ്രെയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍, കുറച്ച് കാലം നെപ്പോളിയന്‍ അത് തന്റെ കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്നു.

അവസാനം 28 മാസങ്ങള്‍ക്ക് ശേഷം വിന്‍സെന്‍സോ പെറൂഗിയ എന്ന ഇറ്റലിക്കാരന്‍ ചിത്രം തന്റെ മാതൃരാജ്യത്ത് വില്‍ക്കാന്‍ ശ്രമിച്ചതോടെ മോഷണ പ്രശ്നം പരിഹരിക്കപ്പെട്ടു. അയാളും വിന്‍സെന്‍സോ ലാന്‍സെലോട്ടി, മിഖായേല്‍ ലാന്‍സെലോട്ടി എന്നീ സഹോദരന്മാരും ചേര്‍ന്നാണ് മോഷണം നടത്തിയതെന്ന് തെളിഞ്ഞു. ചിത്രം വില്‍ക്കാനുള്ള പെറൂഗിയയുടെ ശ്രമമാണ് ചിത്രത്തിന്റെ നിലനില്‍പ്പിനെ കുറിച്ച് ലോകത്തിന് സൂചന നല്‍കിയത്. ചിത്രം നശിപ്പിക്കപ്പെട്ടിരിക്കാമെന്ന് പലരും വിചാരിച്ചിരുന്നു.

ചിത്രം ലോവ്രെയിലേക്ക് മടക്കി കൊണ്ടുവരികയും ഇറ്റാലിയന്‍ കോടതി പെറൂഗിയയെ വെറും എട്ടുമാസത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. ഇത്ര ചെറിയ ശിക്ഷയ്ക്ക് പിന്നില്‍ ദേശീയ വികാരവും അതിന്റെതായ പങ്ക് വഹിച്ചു. ഇറ്റലിക്ക് വേണ്ടി ചിത്രം വീണ്ടെടുക്കാനാണ് താന്‍ ശ്രമിച്ചതെന്നായിരുന്നു പെറൂഗിയയുടെ വാദം. അത് ശരിയാണോയെന്നറിയില്ല, പക്ഷേ, ഒന്നുണ്ട്; ഡ വിഞ്ചി ഇറ്റലിക്കാരനായിരുന്നു.

വിചാരണ കഴിഞ്ഞ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. അതോടെ വിചാരണയെക്കുറിച്ച് ലോകം മറന്നു. എന്നാല്‍ പിന്നീട് വന്ന തലമുറകളൊന്നും മോണ ലിസയെ മറന്നില്ല.

ഇന്ന്, അസാധാരണമായി ഒന്നുമില്ലാത്ത വീട്ടമ്മയും അഞ്ച് കുട്ടികളുടെ മാതാവുമായിരുന്ന ലിസ ഗെറാര്‍ഡീനിയുടെ ഈ പ്രതിബിംബം പാരീസില്‍ പ്രതിവര്‍ഷം 60 ലക്ഷം ആരാധാകരെ ആകര്‍ഷിക്കുന്നു.

Share on

മറ്റുവാര്‍ത്തകള്‍