ഐഎഫ്എഫ്‌കെയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം
ഇത്തവണത്തെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് പതിന്നാല് മലയാള സിനിമകളാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അതില്‍ ഒമ്പതെണ്ണം നവാഗത സംവിധായകരുടേതാണ്. സുനില്‍ മാലൂര്‍ സംവിധാനം ചെയ്ത ‘വലസൈ പറവകള്‍’ ആണ് അതിലൊന്ന്.
‘ദേശാടനപറവകള്‍’ എന്നാണ് വലസൈ പറവകള്‍ എന്നതിന് അര്‍ത്ഥം. സ്ഥിരമായി ഒരു മരത്തിലും ചേക്കാറാത്ത, നാളേയ്ക്ക് വേണ്ടി ശേഖരിച്ച് വയ്ക്കാന്‍ ഒരു കളപ്പുരയില്ലാത്തവരാണ് ദേശാടനക്കിളികള്‍. ഈ സിനിമ അത്തരത്തിലുള്ള മനുഷ്യരെക്കുറിച്ചാണ്. ചിത്രത്തിലെ ഒരു കഥാപാത്രമായ കറുപ്പകം പറയുന്നതുപോലെ ‘ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത’വരുടെ കഥ. കവിയും പ്രാദേശിക മാധ്യമപ്രവര്‍ത്തകനുമായ സുനില്‍ മാലൂര്‍ വൈദ്യുതി വകുപ്പില്‍ ലൈന്‍മാനാണ്. പത്തനംതിട്ട സ്വദേശിയായ സുനില്‍ മലയോര പ്രദേശങ്ങളിലെ ജീവിതാനുഭവങ്ങളാണ് സിനിമയിലേക്ക് പകര്‍ത്തിയിരിക്കുന്നത്.
ഭയം തോന്നുന്നില്ല, സത്യം ജനങ്ങളിലെത്തിക്കുകയാണ്-രവി നായര്‍
ലോകം സൃഷ്ടിച്ച കരങ്ങളെന്ന് തൊഴിലാളികളെ വിശേഷിപ്പിച്ചത് കാള്‍ മാക്സ് ആണ്. ‘ലോകം സൃഷ്ടിച്ചവരോട് ലോകം തെറ്റ് ചെയ്തിരിക്കുന്നു’വെന്ന് സുനില്‍ മാലൂര്‍ ഈ ചിത്രത്തിലൂടെ പറയുന്നു. പൂര്‍ണമായും തേയിലത്തോട്ടത്തില്‍ ചിത്രീകരിച്ച ആദ്യ മലയാള സിനിമയെന്ന വിശേഷണം ഈ സിനിമയ്ക്ക് അവകാശപ്പെട്ടതാണ്. തേയിലത്തോട്ടങ്ങളുടെ ദൃശ്യഭംഗി ചലച്ചിത്ര ഗാനരംഗങ്ങളില്‍ ഒട്ടനവധി തവണ ഉപയോഗിച്ചിട്ടുണ്ടെങ്കിലും അവിടുത്തെ ജീവിതം ഇനിയും ഇവിടെ സിനിമയില്‍ രേഖപ്പെട്ടിട്ടില്ല. കേരളത്തില്‍ ജീവിക്കുകയും എന്നാല്‍ തമിഴ് സംസാരിക്കുന്നതിനാല്‍ മലയാളികളായി പരിഗണിക്കപ്പെടാത്തതുമായ ജീവിതമാണ് തോട്ടം തൊഴിലാളികളുടേത്.
ചുറ്റലുമുള്ള തേയില ചെടികള്‍ക്കൊപ്പം ലയങ്ങളിലാണ് ആ ജീവിതങ്ങളും നട്ടുപിടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ആ ലയങ്ങളോ അവ നിലനില്‍ക്കുന്ന ഭൂമിയോ അവരുടെ സ്വന്തമല്ല. തോട്ടമുടമകള്‍ തങ്ങളുടെ തൊഴിലാളികള്‍ക്കായി അനുവദിച്ചിരിക്കുന്ന താല്‍ക്കാലിക താമസ സ്ഥലങ്ങള്‍ മാത്രമാണ് അത്. തോട്ടത്തിലെ ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ ലയങ്ങളും അവര്‍ വിട്ട് നല്‍കേണ്ടി വരുന്നു. തോട്ടമുടമകള്‍ തൊഴിലാളികളെ പരസ്പരം കൈമാറ്റം ചെയ്യുമ്പോഴും ഇത്തരത്തില്‍ ലയങ്ങള്‍ നഷ്ടപ്പെടും. താമസിക്കുന്ന സ്ഥലം നിലനിര്‍ത്തണമെങ്കില്‍ ആ കുടുംബത്തിലെ തന്നെ ആരെങ്കിലും തോട്ടത്തിലെ ജോലി തുടരേണ്ടതുണ്ട്.
വാര്‍ത്തകളാകുന്ന തലക്കെട്ടുകള്‍, ഉദ്ദാ: മോദിയും മുതലക്കണ്ണീരും
ഈ പശ്ചാത്തലത്തിലാണ് ‘വലസൈ പറവകള്‍’ കഥ പറയുന്നത്. ഇടുക്കിയിലെ തേയില തോട്ടങ്ങള്‍ കാണുമ്പോള്‍ താജ്മഹല്‍ കാണുന്നതിനേക്കാള്‍ വലുതായി തോന്നിയ അത്ഭുതമാണ് തന്നെ ഈ സിനിമയിലേക്ക് നയിച്ചതെന്ന് സുനില്‍ മാലൂര്‍ പറയുന്നു. ‘താജ്മഹല്‍ എന്ന മനോഹര സൗധം പണിത് ലോകത്തിന് അത്ഭുത കാഴ്ച നല്‍കിയത് ഒരുകൂട്ടം തൊഴിലാളികളാണ്. ഇടുക്കിയിലേത് അതിലും മനോഹര ദൃശ്യമായാണ് എനിക്ക് തോന്നിയത്. ഈ ദൃശ്യവിസ്മയം നിര്‍മ്മിച്ചത് -താജ്മഹല്‍ നിര്‍മ്മിച്ചത് ഷാജഹാനല്ല, തൊഴിലാളികളാണ് എന്ന് പറയുന്നത് പോലെ- ഒരു കൂട്ടം തൊഴിലാളികളാണ്. അതേസമയം അതൊരു ചെറിയ കൂട്ടമോ പരിമിത കാലത്തെ പ്രക്രിയയോ അല്ല. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് കൈമാറ്റം ചെയ്ത് വരുന്ന ഒരു വലിയ നിര്‍മ്മാണ പ്രവര്‍ത്തനമാണ് ഇടുക്കിയിലെ തോട്ടങ്ങളില്‍ നടക്കുന്നത്. ആ നിര്‍മാണ പ്രവര്‍ത്തനത്തിലൂടെയാണ് പാട്ടുകളിലൊക്കെ പറയുന്നത് പോലെ സുന്ദരിയായ ഇടുക്കി രൂപപ്പെട്ടത്. അതേസമയം ആ പുറംസൗന്ദര്യത്തിനകത്ത് ജീവിക്കുന്ന കറുത്ത മനുഷ്യരുടെ ഇരുണ്ട ജീവിതം ആരും കാണുന്നില്ല.’ ആ മനുഷ്യരുമായി നടത്തിയ ഇടപഴകലുകളിലൂടെയാണ് ഈ ചിത്രത്തിന്റെ ആശയം തന്നില്‍ രൂപപ്പെട്ടതെന്നും സുനില്‍ വ്യക്തമാക്കി. ലോകത്തിലെ സുന്ദര സൃഷ്ടികളിലൊന്നിന്റെ നിര്‍മ്മാതാക്കളുടെ ജീവിതം അത്ര സുന്ദരമല്ലെന്ന് ചിത്രത്തിലൂടെ സുനില്‍ ഓര്‍മ്മിപ്പിക്കുന്നു.
പീരുമേടിന് സമീപമുള്ള എസ്റ്റേറ്റിലെ ലയങ്ങളില്‍ താമസിക്കുന്ന ഏതാനും പേരുടെ കഥ പരസ്പര ബന്ധമുള്ള മൂന്ന് ഭാഗങ്ങളായി സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നു. തമിഴിലെ പ്രശസ്ത എഴുത്തുകാരിയായ അല്ലി ഫാത്തിമ രചിച്ച് ജോഷി പടമാടന്‍ സംഗീതം നല്‍കി രശ്മി സതീഷ് ആലപിച്ച മനോഹരമായ ഒരു ഗാനത്തിലൂടെ തന്നെ തോട്ടം തൊഴിലാളികളുടെ ജീവിതത്തിലെ ദുരിതങ്ങള്‍ ചിത്രത്തില്‍ അനാവരണം ചെയ്യുന്നുണ്ട്.
‘പാമ്പെണ്ണ് മിതിക്കവ, പഴുതെണ്ണ് താണ്ടവ, ഏനിന്ത ശോദനേ ആണ്ടവ, എങ്ക കണ്ണീര്‍ വത്തുമോ ആണ്ടവ…’ എന്ന് തുടങ്ങുന്ന ഗാനം തോട്ടങ്ങളിലെ ജീവിതങ്ങളുടെ അനിശ്ചിതാവസ്ഥയാണ് പറയുന്നത്. സഞ്ചാരികളെ ആകര്‍ശിക്കുന്ന മനോഹരമായ ആ മല തങ്ങള്‍ക്ക് ദുരിതഭൂമിയാണെന്ന് വ്യക്തമാക്കുന്നു.
‘പച്ചൈ പശിയമലൈ
പാത്തവരെ മയക്കുംമലൈ
അന്ത മലൈ ഏങ്കളുക്ക് സിറയാച്ച്
അട്ട മുതല്‍ ആനൈ വരെ യമനാച്ച്…’ എന്ന വരികളില്‍.
ജനിച്ച മണ്ണില്‍ നേരിട്ട അസ്പൃശ്യത പണക്കിലുക്കം കേട്ട തേയില തോട്ടങ്ങളിലേക്ക് ഇവരെ എത്തിച്ചു. എന്നാല്‍ അവിടെ കാത്തിരുന്നത് കൊടുംദുരിതങ്ങളായിരുന്നു.
‘തേരോടും വീഥിയിലേ
തള്ളിനിക്ക ചൊന്നതാലേ
ഊറ് വിട്ട് ഉറവ വിട്ട്
വന്തോന്‍ നാങ്കേ’ എന്ന വരികള്‍ ആ അവസ്ഥയാണ് പറയുന്നത്.
നാല്‍പ്പത് കൊല്ലത്തോളം പണിയെടുത്ത എസ്റ്റേറ്റില്‍ നിന്നും പടിയിറങ്ങുമ്പോള്‍ കറുപ്പകത്തിന് രണ്ട് ബാഗില്‍ കൊള്ളാവുന്ന സാധനങ്ങള്‍ മാത്രമാണ് ലയത്തില്‍ നിന്നും എടുക്കാനുണ്ടായിരുന്നത്. തോട്ടത്തിലെ ജീവിതം കൊണ്ട് യാതൊരു പുരോഗതിയും ഉണ്ടാകില്ലെന്നും അവിടെനിന്നും രക്ഷപ്പെട്ടാല്‍ മാത്രമേ മേല്‍ഗതിയുണ്ടാകൂവെന്നും ചിന്തിക്കുന്ന മകള്‍ സീത. ഓരോരുത്തര്‍ക്കും എല്ലാത്തിനും അവരവരുടേതായ കാരണമുണ്ട് എന്ന് വിശ്വസിക്കുന്ന സോളമന്‍. ഋതുമതിയായത് അച്ഛനോട് പറയാനാകാതെ അമ്മയെ കാണാനാഗ്രഹിക്കുന്ന അന്‍പഴകി. മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പമുള്ള ജീവിതം തെരഞ്ഞെടുത്തതില്‍ ഇപ്പോള്‍ വേദനിക്കുന്ന സലോമി. തേയിലത്തോട്ടങ്ങളിലെ സമര കാലഘട്ടങ്ങളിലെവിടെയോ ഓര്‍മ്മ ഘനീഭവിച്ച് പോയ സഖാവ്. പരസ്പരം കലഹിക്കുന്ന സഖാവിന്റെ വിപ്ലവവും പാസ്റ്ററിന്റെ വിശ്വാസവും. ഇതാണ് ചിത്രത്തിന്റെ രത്നച്ചുരുക്കം. അതോടൊപ്പം കറുപ്പിന്റെ രാഷ്ട്രീയവും ചിത്രം പറയുന്നു.
മോഹന്‍ലാലിന്റെ സാള്‍ട്ട് മാംഗോ ട്രീം കേട്ട് ചിരിച്ച ഒന്നാം ക്ലാസുകാരിയും ‘ തോല്‍വി’യിലെ ശോശാമ്മയും
മലദൈവങ്ങള്‍ക്ക് മുന്നില്‍ വാളെടുത്ത് ഉറഞ്ഞുതുള്ളിയ മാടന്‍ പൂശാരിയുടെ മകനാണ് പാസ്റ്റര്‍. പാസ്റ്ററുടെ അച്ഛനും കറുപ്പകത്തിന്റെ അച്ഛനും സുഹൃത്തുക്കളായിരുന്നു. ഇരുകുടുംബവും ഒരുമിച്ചാണ് ഈ മലയിലെത്തിയത്. കറുപ്പകത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘ഒരേ ദിവസം, ഒരേ വണ്ടിയില്‍, കനത്ത മഴയത്ത്.’
എന്നാല്‍ മാടന്‍ പൂശാരിയുടെ മകന്‍ പാസ്റ്ററായതിനെക്കുറിച്ച് പാസ്റ്റര്‍ തന്നെ പറയുന്നത് ഇങ്ങനെയാണ്. ‘ഈ നാട്ടിലാണെങ്കിലും ഏത് ലോകത്തിലാണെങ്കിലും കറുത്ത ദൈവങ്ങള്‍ കറുത്ത ദൈവങ്ങള്‍ തന്നെയാണ്. അതുകൊണ്ട് മാടന്‍ പൂശാരിയുടെ മകന്‍ മീശ വടിച്ച്, നല്ല വസ്ത്രം ധരിച്ച് പാസ്റ്ററായി. ഫാദര്‍ അല്ല, പാസ്റ്റര്‍.’ ശക്തമായ ഈ ഡയലോഗില്‍ തന്നെ കറുത്ത ദൈവങ്ങളുടെയും കറുത്ത മനുഷ്യരുടെയും സിനിമയിലെ രാഷ്ട്രീയം വെളിവാകുന്നു. കറുത്ത മനുഷ്യര്‍ എന്ന് ഉദ്ദേശിക്കുന്നത് തൊഴിലാളികളെയാണ്. കറുത്ത ദൈവങ്ങള്‍ അവരുടെ ദൈവങ്ങളും.
ക്രിസ്തുമസ് പിറ്റേന്ന് ഇവരെല്ലാം മലവിട്ട് ഇറങ്ങുന്നു. കറുപ്പകവും സീതയും റിട്ടയര്‍മെന്റിന് ശേഷം തങ്ങളുടേതായി ആരുമില്ലാത്ത, ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത സ്വന്തം ഊരിലേക്ക് മടങ്ങുന്നു. സോളമനും അന്‍പഴകിയും സലോമിയെ കാണാനാണ് ഇറങ്ങിയിരിക്കുന്നത്. പശുമല വെടിവെയ്പ്പില്‍ തന്റെ സഖാക്കളെ കൊന്നുതള്ളിയ ശേഷം ബോംബെയിലേക്ക് മടങ്ങിയ എസ്റ്റേറ്റ് മുതലാളിയെ കണ്ടെത്തി വകവരുത്താനാണ് സഖാവിന്റെ യാത്ര. എല്ലാവരെയും യാത്രയാക്കി അനിവാര്യമായ തന്റെ യാത്രയ്ക്കായി പാസ്റ്റര്‍ ഒറ്റയ്ക്ക് കാത്തുനില്‍ക്കുന്നിടത്ത് ‘വലസൈ പറവകള്‍’ അവസാനിക്കുന്നു. പാട്ടിലെ വരികള്‍ പോലെ ഇവരുടെ ദുഃഖം എന്ന് തീരുമെന്ന ചോദ്യം അവശേഷിക്കുന്നു.