Continue reading “പെണ്‍ പ്രതിമയിലും പ്രലോഭിപ്പിക്കപ്പെടുന്ന ‘ഇട്ടി’മാര്‍”

" /> Continue reading “പെണ്‍ പ്രതിമയിലും പ്രലോഭിപ്പിക്കപ്പെടുന്ന ‘ഇട്ടി’മാര്‍”

"> Continue reading “പെണ്‍ പ്രതിമയിലും പ്രലോഭിപ്പിക്കപ്പെടുന്ന ‘ഇട്ടി’മാര്‍”

">

UPDATES

പെണ്‍ പ്രതിമയിലും പ്രലോഭിപ്പിക്കപ്പെടുന്ന ‘ഇട്ടി’മാര്‍

                       

സിനിമ പറഞ്ഞു വയ്ക്കുന്ന മാനങ്ങള്‍ എങ്ങനെ തല കീഴായി മറിയുന്നുവെന്ന് ഈയടുത്ത ദിവസങ്ങളില്‍ നമ്മള്‍ കണ്ടതാണ്. തമിഴ്‌നാട്ടിലെ ജാതി രാഷ്ട്രീയത്തിന്റെ കഥ പറയുന്ന മാരി സെല്‍വരാജ് ചിത്രം മാമന്നന്നില്‍ പ്രതിനായക കഥാപാത്രം അവതരിപ്പിച്ച ഫഹദ് ഫാസില്‍ ആഘോഷിക്കപ്പെട്ടിരുന്നു. പകരംവക്കാനില്ലാത്ത ഫഹദ് ഫാസില്‍ എന്ന നടനു പകരം തമിഴകത്ത് ആ കഥാപാത്രമാണ് ആഘോഷിക്കപ്പെട്ടത്. ഫഹദ് ഫാസില്‍ ഒപ്പിയെടുത്ത രത്‌നവേല്‍ പ്രതീനിധീകരിച്ച തമിഴ്‌നാട്ടിലെ ഉയര്‍ന്ന ജാതിയെയാണ് അവര്‍ ആഘോഷിച്ചത്. സിനിമ സംസാരിച്ചത് ജാതിയാല്‍ തഴയപെട്ടവരെയാണെങ്കില്‍ ജനം സ്വീകരിച്ചത് അധികാരം കയ്യാളുന്ന രത്‌നവേലിനെയാണ്.

ഇതിന്റെ മറ്റൊരു തലമാണ് കഴിഞ്ഞ ദിവസം സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ നടന്‍ അലന്‍സിയര്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശവും. ‘അവാര്‍ഡ് വാങ്ങി വീട്ടില്‍ പോകാനിരുന്നയാളാണ് ഞാന്‍, നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്, മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കില്‍ പറയാമായിരുന്നു. സാംസ്‌കാരിക മന്ത്രി ഉള്ളതുകൊണ്ട് പറയാം. സ്‌പെഷ്യല്‍ ജൂറി അവാര്‍ഡാണ് ഞങ്ങള്‍ക്ക് തന്നത്. നല്ല നടന്‍ എല്ലാവര്‍ക്കും കിട്ടും. സ്‌പെഷ്യല്‍ കിട്ടുന്നവര്‍ക്ക് സ്വര്‍ണത്തിലെങ്കിലും ഇത് പൊതിഞ്ഞ് തരണം. എനിക്കും കുഞ്ചാക്കോ ബോബനും 25000 രൂപ തന്ന് അപമാനിക്കരുത്. ഞങ്ങള്‍ക്ക് പൈസ കൂട്ടണം. ഗൗതം ഘോഷിനോട് അഭ്യര്‍ത്ഥിക്കുന്നു, ഞങ്ങളെ സ്‌പെഷ്യല്‍ ജൂറി തന്ന് അപമാനിക്കരുത്. നല്ല അവാര്‍ഡൊക്കെ എല്ലാവര്‍ക്കും കൊടുത്തോളു, സ്‌പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ അവാര്‍ഡ് തരണം
ഈ പെണ്‍പ്രതിമ തന്ന് ഞങ്ങളെ പ്രലോഭിപ്പിക്കരുത്. ഇനിയെങ്കിലും ആണ്‍കരുത്തുള്ള ഒരു മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് പെണ്‍പ്രതിമ തന്ന് അപമാനിക്കരുത്. ആണ്‍കരുത്തുള്ള പ്രതിമ എന്ന് വാങ്ങുന്നോ അന്ന് ഞാന്‍ അഭിനയം നിര്‍ത്തും’ അലന്‍സിയറിന്റെ മേല്‍ പറഞ്ഞ വാക്കുകളില്‍ എവിടെയാണ് സ്ത്രീ വിരുദ്ധത എന്ന് നിങ്ങള്‍ ചോദിക്കുന്നുണ്ടെങ്കില്‍ സമൂഹത്തിലെ പാട്രിയാര്‍ക്കിയുടെ ബാക്കി പത്രമാണ് നിങ്ങളെന്ന് നിസ്സംശയം പറയാന്‍ സാധിക്കും.

ലിംഗ സമത്വത്തിന് വേണ്ടി പോരാടുന്ന ഒരു സമൂഹത്തില്‍ നിന്നു കൊണ്ട് ഞാനൊരു പുരുഷനായതു കൊണ്ട് എനിക്ക് ലഭിക്കുന്ന പ്രതിമയും പുരുഷനാവണമെന്ന അഭിപ്രായം ന്യായമാണ്. എന്നാല്‍ ആണ്‍ ‘കരുത്തുള്ള’ പ്രതിമ വേണമെന്ന നിലപാട് അത്ര നിഷ്‌കളങ്കമല്ല. അലന്‍സിയറും, മുഖ്യമന്ത്രിയുള്‍പ്പെടെ പ്രതിനീധീകരിക്കുന്ന സമൂഹത്തിലെ പുരുഷ വര്‍ഗ്ഗം കരുത്തിന്റെ പ്രതീകമാണെന്നും എന്നാല്‍ അതിനു വിപരീതമായി സ്ത്രീ അബലയാണെന്നും, കേവലം ഉപഭോഗ വസ്തു മാത്രമാണെന്നുമുള്ള ധ്വനി കൂടി ഈ നിലപാടില്‍ അദ്ദേഹം ഒളിച്ചു കടത്തുന്നുണ്ട്. പുരുഷന്മാരുടെ ഇച്ഛകള്‍ക്കും ആഗ്രഹത്തിനുമനുസരിച്ചു നീങ്ങുന്ന ഉപഭോഗവസ്തു മാത്രമായി സ്ത്രീയെ കണക്കാക്കുന്നതു കൊണ്ടു തന്നെയാണ് പെണ്‍ പ്രതിമ പോലും പ്രലോഭനപരമായി മാറുന്നത്.

അപ്പന്‍ എന്ന സിനിമയിലെ പ്രകടനത്തിന് പ്രത്യേക ജൂറി പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു അലന്‍സിയര്‍ ഈ വിവാദ പരാമര്‍ശം നടത്തുന്നത്. ഇട്ടി എന്ന അലന്‍സിയര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഒടുങ്ങാത്ത ജീവിത കാമനകളെ വരച്ചിടുന്ന ചിത്രമാണ് മജു സംവിധാനം ചെയ്ത അപ്പന്‍. ആണ്‍ ബോധത്തിന്റെ അധികാരതലങ്ങളില്‍ ബന്ധിക്കപെട്ട ഇട്ടിയുടെ കുടുംബാംഗങ്ങളുടെ മാനസിക വ്യഥകളിലൂടെ കഥ മുന്നേറുന്നു. സിനിമയില്‍ ഉടനീളം അടിമുടി സ്ത്രീ വിരുദ്ധനായ ഇട്ടി പ്രേക്ഷകരുടെ വെറുപ്പ് ആവോളം സമ്പാദിക്കുന്നുണ്ട്. സമൂഹത്തിലെ ഇട്ടിമാരെ അങ്ങേയറ്റം വെറുപ്പോടെ കാണണമെന്നു തന്നെയാകും സംവിധായകനും ലക്ഷ്യം വച്ചിരിക്കുക.

‘എന്റെ ഉള്ളിലൊരു ഇട്ടിയുണ്ട്’ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ചതിനു ശേഷം മാധ്യമങ്ങളില്‍ അലന്‍സിയര്‍ പ്രതികരിച്ചത് ഈ വിധമാണ്. സമൂഹത്തിലെ ഇട്ടിമാര്‍ ഇനിയും ഉണ്ടാവുമെന്നും അവര്‍ വെറുക്കപ്പെടാതെ വാഴ്ത്തപ്പെടുമെന്ന് തന്നെയാണ് ഈ പ്രതികരണത്തില്‍ മുഴച്ചു നില്‍ക്കുന്ന ധ്വനി.

ചുറ്റുമുള്ളവരുടെ ജീവിതം അങ്ങേയറ്റം ദുസ്സഹമാക്കിതീര്‍ത്ത് ആണ്‍ അധികാരബോധത്തിന്റെ മൂര്‍ത്തി ഭാവമായി നിറഞ്ഞാടുന്ന ഇട്ടി തന്റെ ഉള്ളില്‍ യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നുണ്ടെന്ന് അത്യന്തം അഭിമാനത്തോടെ അലന്‍സിയര്‍ ഓരോ തവണയും വിളിച്ചു പറയുന്നു.

സ്ത്രീ ശാക്തീകരണത്തെ തകര്‍ക്കുന്ന, പുരുഷാധിപത്യത്തെ ആഘോഷിക്കുന്ന സിനിമകള്‍ പ്രോത്സാഹിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിച്ചവസാനിപ്പിച്ച വേദിയില്‍ നിന്ന് ഈ പെണ്‍പ്രതിമ തന്ന് ഇനിയും നിങ്ങള്‍ എന്നെ പ്രലോഭിപ്പിക്കരുതെന്ന് അലന്‍സിയര്‍ പറഞ്ഞു വയ്ക്കുമ്പോള്‍ ഇട്ടിയിലും അലന്‍സിയറിലും ഒരു പോലെ പ്രകടമാവുന്ന സ്ത്രീ വിരുദ്ധതയും അധികാര മനോഭാവവും തന്നെയാണ് പുറം തള്ളുന്നത്. സ്ത്രീകള്‍ പുരുഷന്റെ അധികാര രാഷ്ട്രീയത്തിനുള്ളില്‍ ജീവിതവും ജീവനും അടിയറവ് വയ്ക്കണമെന്ന് തന്നെയാണ് വിളിച്ചു പറയുന്നത്. ഇട്ടി എന്ന കഥാപാത്രത്തിലൂടെ സമൂഹത്തിലെ ഇട്ടിമാരിലെ മനോവൈകല്യങ്ങള്‍ എത്ര ഭീകരമാണെന്നും, അവ എങ്ങനെ ചുറ്റുമുള്ള സ്ത്രീകളെ ബാധിക്കുന്നുവെന്നും, ഈ മനോഭാവത്തെ എതിര്‍ക്കേണ്ടതിന്റെ ആവശ്യകത കൂടിയാണ് സംവിധായാകന്‍ അപ്പന്‍ സിനിമയില്‍ പറഞ്ഞു വക്കുന്നത്. എന്നാല്‍ ഇതിന് വിപരീതമായി ഇട്ടിമാര്‍ ആഘോഷിക്കപ്പെടാന്‍ വഴി ഒരുക്കുകയാണ് അലന്‍സിയറിന്റെ അങ്ങേയറ്റം സ്ത്രീ വിരുദ്ധമായുള്ള ഈ പരാമര്‍ശം.

Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍