മണ്ഡല പര്യടനം
കേരളത്തിലെ നെല്ലറ എന്ന വിശേഷണമുള്ള പാലക്കാട് ജില്ലയില്‍ ഇപ്പോള്‍ ചൂട് കാറ്റ് ശക്തമാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലമായതിനാല്‍, ഒപ്പം രാഷ്ട്രീയ ചൂടും ശക്തമാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി പാലക്കാടുനിന്നാണ്. പാലക്കാടുള്ള കൈപ്പത്തി ക്ഷേത്രത്തെ കുറിച്ച് ഇന്ദിര ഗാന്ധിയോട് പറയുന്നത് അന്നത്തെ സുപ്രിം കോടതി ജഡ്ജി പി.എസ്. കൈലാസത്തിന്റെ ഭാര്യ സുന്ദര കൈലാസമാണ്. ദേവിയുടെ കൈയാണ് അവിടെ പ്രതിഷ്ഠയെന്നും, ഹേമാംബികാ ഭാഗവതി ക്ഷേത്രത്തിന് വലിയ ശക്തിയാണെന്നും ഇന്ദിരയോട് അവര്‍ പറഞ്ഞു. കോണ്‍ഗ്രസിന് കൈപ്പത്തി ചിഹ്നം നിര്‍ദ്ദേശിച്ചത് സുന്ദര കൈലാസമാണ്.
പട്ടാമ്പി, ഷോര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് എന്നീ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് പാലക്കാട് പാര്‍ലമെന്റ് നിയോജകമണ്ഡലം. കേരളത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ വ്യവസായ മേഖലകളുള്ള കഞ്ചിക്കോട് പുതുശ്ശേരി വ്യവസായ മേഖലയും കേരളത്തിലെ ഗോത്ര മേഖലയായ അട്ടപ്പാടിയും ഇതേ മണ്ഡലത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ സ്ഥിതി ചെയ്യുന്നു.
1987ല്‍ കേരളം രൂപീകരിച്ചപ്പോള്‍ ആദ്യം ജയിച്ചത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയായ വെള്ള ഈച്ചരനായിരുന്നു. 1957 ലും 62 ലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പി കുഞ്ഞന്‍ പാലക്കാടിനെ പാര്‍ലമെന്റില്‍ പ്രതിനിധീകരിച്ചിരുന്നത്. 1967ല്‍ ഇ കെ. നായനാരും 1971ല്‍ എ കെ ഗോപാലനമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി മണ്ഡലം സ്വന്തമാക്കിയത്. 1977 ല്‍ എ സുന്ന സാഹിബ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് വേണ്ടി പാലക്കാട് മണ്ഡലത്തിനെ പ്രതിനിധീകരിച്ച് ജയിച്ചു. 1980 84ലും വി. എസ് വിജയരാഘവന്‍ ആണ് കോണ്‍ഗ്രസിന്റെ പ്രതിനിധിയായി പാര്‍ലമെന്റിലേക്ക് പാലക്കാട് നിന്നും പോയത്. 1989 ല്‍ എ വിജയരാഘവന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രതിനിധിയായപ്പോള്‍, 91ല്‍ വീണ്ടും വി. എസ് വിജയരാഘവന്‍ വിജയിച്ചു. 1996, 98, 2004 കാലത്ത് സിപിഎമ്മിന്റെ എന്‍. എന്‍. കൃഷ്ണദാസ് ആയിരുന്നു പാലക്കാടിന്റെ പ്രതിനിധി 2009ലും 2014ലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എം ബി രാജേഷ് പാര്‍ലമെന്റില്‍ എത്തിയപ്പോള്‍ 2019 തെരഞ്ഞെടുപ്പില്‍ വി കെ ശ്രീകണ്ഠന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയായി മത്സരിച്ച് വിജയിക്കുകയുണ്ടായി.
സിറ്റിംഗ് എംപിയായ വി കെ ശ്രീകണ്ഠന്‍ 2019 വിജയിച്ചത് 11637 വോട്ടിന് മാത്രമാണ്. ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ഥിയായ അദ്ദേഹത്തെ എതിര്‍ക്കുന്നത് സിപിഎമ്മിന്റെ സമുന്നതനായ നേതാവ് എ വിജയരാഘവന്‍ ആണ്. 1989ല്‍ യുവ നേതാവായിരുന്ന എ വിജയരാഘവന്‍ പാലക്കാട് യുഡിഎിന്റെ മുതിര്‍ന്ന നേതാവും സിറ്റിങ്ങ് എംപിയുമായ വി. എസ് വിജയരാഘവനെ തോല്‍പ്പിച്ച് അട്ടിമറി വിജയം നേടിയ ചരിത്രമുണ്ട്. അതേ എ വിജയരാഘവനാണ് മുപ്പത്തഞ്ച് വര്‍ഷത്തിന് ശേഷം പാലക്കാട് മത്സരിക്കാന്‍ എത്തിയിരിക്കുന്നത്. ബിജെപിക്ക് കേരളത്തില്‍ കുറച്ച് പിന്തുണയുള്ള മണ്ഡലമാണ് പാലക്കാട്. 2019ല്‍ ഇപ്പോള്‍ മത്സര രംഗത്തുള്ള സി കൃഷ്ണകുമാര്‍ ബിജെപിക്ക് വേണ്ടി 21.44% വോട്ടാണ് നേടിയത്. 2014ല്‍ ശോഭാ സുരേന്ദ്രന് ലഭിച്ചത് 15% വോട്ടുകളായിരുന്നു.