മലനീകരണ നിയന്ത്രണ നിയമങ്ങള്‍ ദുര്‍ബലപ്പെടുത്തുന്നു, ഉദ്യോഗസ്ഥരെ ബലിയാടുകളാക്കുന്നു: റിപ്പോര്‍ട്ടേഴ്‌സ് കളക്ടീവ് അന്വേഷണം
രാജ്യത്ത് മലിനീകരണം കൂടുതല്‍ ഉണ്ടാക്കുന്ന വ്യവസായങ്ങളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനമാണ് ഹരിയാന. എന്നാല്‍, ഈ വസ്തുത മറച്ചുവയ്ക്കുകയാണ് സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍. കേന്ദ്രത്തിന്റെ ‘വ്യാപാരം അനായാസത്തില്‍’ റാങ്കിംഗില്‍ (ease of doing business) ഉയര്‍ന്ന് നില്‍ക്കാനായി വ്യവസായങ്ങള്‍ക്ക് അനുകൂലമായി മലിനീകരണ നിയന്ത്രണ ബോര്‍ഡും നിയന്ത്രണങ്ങളും ദുര്‍ബലപ്പെടുത്തുകയാണ് മനോഹര്‍ ലാല് ഖട്ടര്‍ സര്‍ക്കാര്‍.
മലിനീകരണം നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള റെഗുലേറ്ററി ബോഡിയായ ഹരിയാന സ്റ്റേറ്റ് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിനെ, മലിനീകരണ സാധ്യതയുള്ള വ്യവസായങ്ങളെ ഉള്‍പ്പെടുത്തികൊണ്ട് അത്തരം സ്ഥാപനങ്ങളെ സംരക്ഷിക്കുന്ന ഒരു ബോഡിയായി സംസ്ഥാന സര്‍ക്കാര്‍ മാറ്റി. ഇത് തെളിയിക്കുന്ന ആഭ്യന്തര രേഖകളും നയരേഖകളും ബോര്‍ഡിന്റെ ഉദ്യോഗസ്ഥരുമായുള്ള അഭിമുഖങ്ങളും പുറത്തുവന്നിരിക്കുകയാണ്. ഒരു ഉന്നത ഉദ്യോഗസ്ഥന്റെ എതിര്‍പ്പ് അവഗണിച്ച് സേവനാവകാശ നിയമത്തില്‍ മാറ്റം വരുത്തിയതായും ആക്ഷേപമുണ്ട്.
സേവനാവകാശ നിയമപ്രകാരം സമയപരിധിയില്‍ വീഴ്ച വരുത്തിയതിനാല്‍ ഒന്നിലധികം ഉദ്യോഗസ്ഥര്‍ക്കെതിരെ കുറ്റപത്രം നല്‍കിയിരുന്നു. മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനായി യാഥാര്‍ത്ഥ്യബോധമില്ലാത്ത സമയപരിധി നിശ്ചയിച്ചുവെന്നും കൃത്യമായ ജാഗ്രത നിര്‍ദേശങ്ങളെ അട്ടിമറിച്ചുവെന്നതുമാണ് അവര്‍ക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍.
2016-ലെ കേന്ദ്രത്തിന്റെ ബിസിനസ് റിഫോം ആക്ഷന്‍ പ്ലാനിന് അനുസൃതമായാണ് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല് ഖട്ടര്‍ ഇത്തരം മാറ്റങ്ങള്‍ വ്യവസായങ്ങള്‍ക്ക് അനുകൂലമായി കൊണ്ടുവന്നതെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുള്ള കത്തിടപാടുകളെക്കുറിച്ചുള്ള ഫയലുകള്‍ സൂചിപ്പിക്കുന്നു.
പരിസ്ഥിതിയെ നേരിട്ട് ബാധിക്കാന്‍ സാധ്യതയുള്ള വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് ബോര്‍ഡിന് അനുവദിച്ച സമയം ഗണ്യമായി കുറയ്ക്കുന്നതിനായി നിയമത്തില്‍ മാറ്റം വരുത്തി. അതിലൂടെ ഒരു പ്രദേശത്തെ മലിനീകരണം നിയന്ത്രിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള ഏക റെഗുലേറ്ററി ബോഡിയെ സംസ്ഥാനം സുതാര്യമായ കൃത്യനിര്‍വഹണത്തില്‍ നിന്നും തടസപ്പെടുത്തുകയായിരുന്നു.
അംഗീകാരത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള സമയം 120 ദിവസത്തില്‍ നിന്ന് 45 ദിവസമായി വെട്ടിക്കുറയ്ക്കുകയായിരുന്നു. അതെ സര്‍ക്കാര്‍ തന്നെ ഇപ്പോള്‍ നിശ്ചിത സമയപരിധി ലംഘിച്ചതിന് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആന്തരിക രേഖകളുടെ അടിസ്ഥാനത്തില്‍ ശിക്ഷ നടപടികളിലേക്ക് നീങ്ങുകയാണ്.
സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബോര്‍ഡ്, വേണ്ടത്ര സൂക്ഷ്മതയില്ലാതെ മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് ചട്ടങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്തിരുന്നു. കൂടാതെ, ഏകദേശം മൂന്നു വര്‍ഷത്തോളം, വ്യവസായങ്ങളുടെ മലിനീകരണത്തോത് പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെ അയക്കുന്നതിനുപകരം വ്യാവസായിക സ്ഥാപനങ്ങള്‍ മലിനീകരണം സാധ്യതകള്‍ സ്വമേധയാ പരിശോധിക്കാനും അവ അറിയിക്കാനും ആണ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നത്.
റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് ഹരിയാന സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷിക്കുകയും മലിനീകരണ നിയന്ത്രണ നിയന്ത്രണങ്ങള്‍ നേര്‍പ്പിക്കുന്ന രീതി കണ്ടെത്തുകയും ചെയ്തു.
സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ സര്‍ക്കാരുകള്‍ പാടുപെടുകയാണ്, അതോടൊപ്പം, പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള നിയന്ത്രണ സംവിധാനങ്ങളെ വളര്‍ച്ചയുടെ ചോക്ക് പോയിന്റുകളായും ഉദ്യോഗസ്ഥര്‍ കാണുന്നു. ഒരു വ്യവസായം അനുവദിക്കണമോ എന്ന് വിലയിരുത്തുന്നതിനും വ്യവസായങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവ ഉണ്ടാക്കുന്ന മലിനീകരണം നിരീക്ഷിക്കുന്നതിനും പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ നടപ്പിലാക്കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. എന്നാല്‍, ഇത് പലപ്പോഴും ബിസിനസുകള്‍ക്ക് ഒരു തടസമായി മാറുമ്പോള്‍ ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി അവശ്യ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്തികൊണ്ട് സര്‍ക്കാരുകള്‍ പരിസ്ഥിയെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.
ഹരിയാന സേവനാവകാശ നിയമത്തിന് കീഴില്‍ സമയബന്ധിതമായ സേവന ദാതാവായി മലിനീകരണ നിയന്ത്രണ ഏജന്‍സിയെ സംസ്ഥാന സര്‍ക്കാര്‍ മാറ്റിയിരുന്നു. അത് സര്‍ക്കാരിന്റെ വ്യവസായ സൗഹൃദ തീരുമാനങ്ങളില്‍ നിര്‍ണായകമായതായിരുന്നുവെങ്കിലും, ആ തീരുമാനം മലിനീകരണ നിയന്ത്രണ ഏജന്‍സിയെ ദുര്‍ബലപ്പെടുത്തുകയും ചെറുതാക്കുകയും ചെയ്തു. ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ പരിശോധനയ്ക്കയും മറ്റു തീരുമാനങ്ങള്‍ കൈക്കൊള്ളാനായും പരമാവധി 30 ദിവസമേ ലഭിക്കുന്നുള്ളൂ(അപേക്ഷ അപൂര്‍ണമാണെങ്കില്‍ 15 ദിവസം കൂടി ലഭിക്കും). അപേക്ഷ നോക്കാന്‍, സൈറ്റ് സന്ദര്‍ശിക്കാനും, പദ്ധതിയുടെ ആഘാതം പഠിക്കാനും, പ്രോജക്റ്റ് സജ്ജീകരിക്കുന്നതിനോ പ്രവര്‍ത്തനം ആരംഭിക്കുന്നതിനോ അനുമതി നല്‍കുന്ന പ്രവര്‍ത്തങ്ങള്‍ക്കും എല്ലാം കൂടിയാണ് 30 ദിവസം ലഭിക്കുക എന്നതാണ് ഇതിന്റെ പ്രശ്‌നം.
മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉദ്യോഗസ്ഥരെ ടൈമര്‍ വ്യവസ്ഥയില്‍ പണിയെടുക്കാന്‍ നിര്‍ബന്ധിതരായപ്പോള്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ 63% തസ്തികകളും ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഒരു മാസത്തിനുള്ളില്‍ ശരാശരി 50 മുതല്‍ 60 പരിശോധനകളും നിരവധി മീറ്റിംഗുകളും കോടതി കേസുകളും സാമ്പിളുകളുടെ ശേഖരണങ്ങളും അവര്‍ നടത്തിയതായി ഉദ്യോഗസ്ഥര്‍ ദി കളക്ടീവിനോട് പറഞ്ഞു. എന്നിട്ടും ചില കേസുകളില്‍ അവര്‍ക്ക് സമയ ബന്ധിതമായി ജോലി തീര്‍ക്കാന്‍ സാധിച്ചില്ല.
ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍, ബോര്‍ഡിലെ ഒരു ഉദ്യോഗസ്ഥനെതിരേ ഹരിയാന സിവില്‍ സര്‍വീസസ് റൂള്‍സ്, 2016 ലെ റൂള്‍ 8 പ്രകാരം രണ്ട് ദിവസത്തെ കാലതാമസത്തിന് കുറ്റപത്രം സമര്‍പ്പിച്ചു.
വലിയ ജോലിഭാരം കാരണം പ്രസ്തുത കേസ് തന്റെ ശ്രദ്ധയില്‍പ്പെടാതെ പോയതായി ആരോപണങ്ങള്‍ക്കുള്ള മറുപടിയില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മാസത്തില്‍ 60 മുതല്‍ 65 വരെ നിര്‍ബന്ധിത പരിശോധനകളും നിരവധി പരാതി പരിഹാര യോഗങ്ങളും നടത്തിയതിന് പുറമെ നദികള്‍/അഴുക്കുചാലുകള്‍/ഭൂഗര്‍ഭജലം, മലിനജല ശുദ്ധീകരണ പ്ലാന്റുകളുടെ പ്രതിമാസ സാമ്പിള്‍ ശേഖരണം തുടങ്ങിയ ജോലികള്‍ എല്ലാം താന്‍ പൂര്‍ത്തീകരിച്ചിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
ഉദ്യോഗസ്ഥരില്‍ പലരും ഇതിനെതിരെ പ്രതികരിക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍, തങ്ങളുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഏറെപേര്‍ ശിക്ഷയ്ക്കായി അണിനിരക്കുകയാണെന്നും ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ ദി കളക്ടീവിനോട് പറഞ്ഞു. പരിസ്ഥിതിയെ തകര്‍ത്തുകൊണ്ട് വ്യവസായിക കുതിപ്പിനെ പ്രോത്സാഹിപ്പിക്കുന്ന ഇവിടെത്തെ തകര്‍ന്ന സംവിധാങ്ങളുടെ ബലിയാടുകളാണ് അത്തരം ഉദ്യോഗസ്ഥര്‍ എന്നും അവര്‍ പറയുന്നു.
2014 സെപ്റ്റംബറില്‍, ഹരിയാനയില്‍ ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തില്‍ വരുന്നതിന് ഒരു മാസം മുമ്പ് സംസ്ഥാനം അതിന്റെ മലിനീകരണ നിയന്ത്രണ ചട്ടങ്ങളില്‍ മാറ്റം വരുത്താന്‍ ആലോചിക്കുകയായിരുന്നു.
മലിനീകരണ സാധ്യതയുള്ള വ്യവസായങ്ങളുടെ പ്രവര്‍ത്തനം അനുവദിക്കുന്നതിനായുള്ള നടപടികള്‍ക്കായി ‘സമഗ്രവും യാഥാര്‍ത്ഥ്യബോധമുള്ളതുമായ’ സമയക്രമം ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാകുന്നതിനായുള്ള പദ്ധതി രൂപപ്പെടുത്തുന്നതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് അതിന്റെ ഉദ്യോഗസ്ഥരുടെ ഒരു യോഗം വിളിച്ചിരുന്നു.
മലിനീകരണ സാധ്യതയുള്ള ഏതൊരു പ്രോജെക്ടിനും ബോര്‍ഡ് അനുമതി നല്‍കണം. ഒരു വ്യവസായം സ്ഥാപിക്കുന്നതിന് അത് സ്ഥാപിക്കാനുള്ള സമ്മതവും, പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ‘ഓപ്പറേറ്റ് ചെയ്യാനുള്ള സമ്മതവും ആവശ്യമാണ്.
ഇതിലും തുടര്‍ന്നുള്ള 2014 സെപ്തംബറിലെ യോഗങ്ങളിലും പുതിയ ഒരു വ്യവസായം സ്ഥാപിക്കുന്നതിനായി അനുമതി നല്‍കേണ്ട സമയ പരിധി 120 ദിവസത്തിന് പകരം 65 ദിവസമായി ബോര്‍ഡിന്റെ സാങ്കേതിക സമിതി ശിപാര്‍ശ ചെയ്തു. പരിസ്ഥിതി ചട്ടങ്ങള്‍ പരിശോധിക്കുന്നതിനും മറ്റു കാര്യങ്ങള്‍ അവലോകനം ചെയ്യാനും പ്രോജക്ടിന്റെ വിശദാംശങ്ങള്‍ പഠിക്കാനും ഇത്രയും ചെറിയ സമയപരിധിയാണ് അവര്‍ ശുപാര്‍ശ ചെയ്തത്. പ്രോജെക്ടിന് അനുമതി ലഭിച്ചാല്‍ 120 ദിവസത്തിനു പകരം 65 ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കാനുള്ള മറ്റു നടപടികള്‍ പൂര്‍ത്തീകരിച്ചുകൊടുക്കാനും ഉത്തരവായി.
2015 ഒക്ടോബറില്‍ ബിജെപിയെ അധികാരത്തിലെത്തിച്ച നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷത്തിനുശേഷം, ഹരിയാനയില്‍ ഈ ശുപാര്‍ശകള്‍ നടപ്പാക്കി. നാലു മാസത്തിനുള്ളില്‍, സ്ഥാപിക്കാനുള്ള സമ്മതം നല്‍കാനുള്ള സമയപരിധി വീണ്ടും കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തി.
‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്’ എന്നതിന്റെ കീഴില്‍ നിരവധി പരിഷ്‌കാരങ്ങളിലൂടെ ഇന്ത്യയിലുടനീളം ബിസിനസ് സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ള 2016 ലെ ബിസിനസ് റിഫോം ആക്ഷന്‍ പ്ലാന്‍ കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയം അവതരിപ്പിച്ചതിന് ശേഷമായിരുന്നു ഇത്.
വ്യവസായ പെര്‍മിറ്റുകള്‍ ഒരു സേവനമായി നല്‍കാനും അവ ഓണ്‍ലൈന്‍ സേവനമായി പരിഷ്‌കരിക്കാനും മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഒരു പോര്‍ട്ടലിലൂടെ അപേക്ഷകളുടെ സമര്‍പ്പണം, പേയ്മെന്റുകള്‍, പരിശോധന നില മനസിലാക്കല്‍, അനുമതി ലഭിച്ചോ ഇല്ലയോ എന്ന വിവരം മനസിലാക്കാന്‍ തുടങ്ങിയ എല്ലാ പ്രവര്‍ത്തങ്ങളും ഓണ്‍ലൈന്‍ ആക്കി മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. സമയക്രമം പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് പിഴ ചുമത്താന്‍ നിയമം കൊണ്ടുവരാനും അവര്‍ ശുപാര്‍ശ ചെയ്യുന്നു.
2016 മാര്‍ച്ചില്‍, കേന്ദ്രത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വീണ്ടു സമയപരിധിയില്‍ അഞ്ചു ദിവസത്തെ ഇളവ് കൊണ്ടുവരാന്‍ ബോര്‍ഡ് തീരുമാനിച്ചു.
2017 ജനുവരിയില്‍, സംസ്ഥാനത്ത് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് അവലോകനം ചെയ്യുന്നതിനുള്ള യോഗത്തില്‍, അതെ വര്‍ഷത്തിലെ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ദേശിയ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നേടുന്നതിന് ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടത്താന്‍ മുഖ്യമന്ത്രി ഖട്ടര്‍ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
‘വ്യാവസായിക/സംരംഭവുമായി ബന്ധപ്പെട്ട സേവനങ്ങള്‍’ 45 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ യോഗം വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രാരംഭ പ്രോസസ്സിംഗിനായി 30 ദിവസവും വ്യവസായത്തില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ആവശ്യമെങ്കില്‍ അധിക 15 ദിവസവും ഇതില്‍ ഉള്‍പ്പെടുന്നു.
എന്നാല്‍ തുടര്‍ന്നുള്ള 9 മാസം ഒരു ചലനവുമില്ലാതെ കടന്നുപോയതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും ഇടപെട്ടു.
2017 ഒക്ടോബര്‍ 24ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് (പരിസ്ഥിതി) കത്തെഴുതുകയുണ്ടായി. ബഹുമാനപ്പെട്ട മുഖ്യമന്ത്രി അത് ആഗ്രഹിക്കുന്നുവെന്നും ഹരിയാന സേവനാവകാശ നിയമം 2014 പ്രകാരം ഒരു വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കണമെന്നും കത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആവശ്യപ്പെടുന്നുമുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ പറയുന്നതനുസരിച്ച്, ഹരിയാന സേവനാവകാശ നിയമം 2014 നടപ്പിലാക്കുന്നത് ഹരിയാന സംസ്ഥാനത്തിന് കീഴിലുള്ള വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങളുടെ സമയബന്ധിതമായ ഡെലിവറിക്ക് ഫലപ്രദമായ ചട്ടക്കൂട് നല്‍കുകയെന്ന ഏക ലക്ഷ്യത്തോടെയാണ്.
അനുമതി തേടുന്ന വ്യവസായങ്ങളുടെ അപേക്ഷകള്‍ പ്രോസസ്സ് ചെയ്യാനും മുഴുവന്‍ നടപടികളും പൂര്‍ത്തിയാക്കാനുമായി ആദ്യം അനുവദിച്ചിരുന്ന 120 ദിവസത്തിനു പകരമായി ഉദ്യോഗസ്ഥര്‍ക്ക് വെറും 30 ദിവസത്തെ സമയം മാത്രം നല്‍കികൊണ്ട് നിയമപ്രകാരം ബോര്‍ഡിന്റെ അനുമതികള്‍ നിരീക്ഷിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആഗ്രഹം. നിശ്ചിത സമയത്തിനുള്ളില്‍ തങ്ങളുടെ ചുമതലകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്കുള്ള ശിക്ഷാ വ്യവസ്ഥകളും സേവന നിയമത്തിലുണ്ടായിരുന്നു.
ഒരു ദിവസം കഴിഞ്ഞ്, ഹരിയാന സ്റ്റേറ്റ് മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ സിഎംഒയുടെ കത്തിന് മറുപടി എഴുതി. ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി എസ് നാരായണന്‍ ബോര്‍ഡ് ചെയര്‍മാനും ഒരു കത്ത് എഴുതി. ആ കത്തില്‍ നാരായണന്‍ പറയുന്നത്, പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ സംരക്ഷിക്കുന്നതിനായി ജല-വായു നിയമങ്ങള്‍ അനുസരിച്ച് മാത്രമേ വ്യവസായങ്ങള്‍ക്ക് അനുമതി നല്‍കുകയുള്ളുവെന്നും അത് സേവനാവകാശ നിയമപ്രകാരമുള്ള സേവനമായി കണക്കാക്കില്ല എന്നും കത്തില്‍ എഴുതിയതായി ഹരിയാനയിലെ ഭരണപരിഷ്‌കാര വകുപ്പിന്റെ ആന്തരിക ഫയല്‍ നോട്ടിംഗുകള്‍ ചൂണ്ടികാണിക്കുന്നു.
ഒരു വ്യവസായത്തിനു അനുമതി നല്‍കാന്‍ പരിസ്ഥിതി നിയമ പ്രകാരം 120 ദിവസം നല്‍കുമെന്നും സമയപരിധി വെട്ടിക്കുറച്ച സംസ്ഥാന സേവന നിയമത്തെ കാര്യമായി കാണുന്നില്ലായെന്നും അദ്ദേഹം സര്‍ക്കാരിനെ അറിയിച്ചു.
ഈ നിയമവശങ്ങള്‍ നേരത്തെ പരിഗണിച്ചിരുന്നതായും സേവനാവകാശ നിയമത്തില്‍ നിന്ന് ബോര്‍ഡിനെ ഒഴിവാക്കാന്‍ സംസ്ഥാന ചീഫ് സെക്രട്ടറി തീരുമാനിച്ചതായും മെമ്പര്‍ സെക്രട്ടറി പറഞ്ഞു. ആവശ്യമെങ്കില്‍ ബോര്‍ഡിന് സംസ്ഥാന നിയമ-നിയമപരിഷ്‌കാര വകുപ്പില്‍ നിന്ന് നിയമോപദേശം തേടാമെന്നും അദ്ദേഹം പറഞ്ഞു.
2017 ഒക്ടോബര്‍ 31-ന് നിയമനിര്‍മ്മാണ പരിഷ്‌കരണ വകുപ്പ് അവരുടെ അഭിപ്രായം രേഖപ്പെടുത്തി. ബോര്‍ഡ് നല്‍കുന്ന അനുമതികള്‍ ഹരിയാന സേവനാവകാശ നിയമത്തിന്റെ ഡൊമെയ്നിലേക്ക് സുരക്ഷിതമായി കൊണ്ടുവരാമെന്നും എന്നാല്‍ പ്രസക്തമായ കേന്ദ്ര നിയമത്തിന്റെ/നിയമങ്ങളുടെ പരിമിതിയുടെ വ്യവസ്ഥകള്‍ക്ക് അനുസൃതമായിട്ടാണെന്നും അതില്‍ പറയുന്നു.
കേന്ദ്ര നിയമങ്ങള്‍ പ്രകാരം, അനുമതി നല്‍കുന്നതിന് ഉദ്യോഗസ്ഥര്‍ എടുക്കാവുന്ന പരമാവധി സമയത്തിന്റെ പരിധി മാത്രമേ നിശ്ചയിച്ചിട്ടുള്ളു. അതിനാല്‍, ആ കാലയളവിനുള്ളിലെ ഏതെങ്കിലും സമയപരിധി കേന്ദ്ര പരിസ്ഥിതി നിയമങ്ങള്‍ക്ക് വിരുദ്ധമാകില്ല. ഉദാഹരണത്തിന്, ജലനിയമത്തിന്റെ അടിസ്ഥാനത്തില്‍ അനുമതി നല്‍കാനുള്ള പരമാവധി സമയം നാല് മാസമാണ്. നാലുമാസം കഴിഞ്ഞും നടപടികള്‍ പൂര്‍ത്തിയായില്ലെങ്കില്‍ നിരുപാധികമായി അനുമതി നല്‍കാനുള്ള സാധ്യതയും അതില്‍ പറയുന്നുണ്ട്. അതിന് മുന്‍പ് അനുമതി നല്‍കുകയോ നിരസിക്കുകയോ ചെയ്യണമെന്നതാണ് അവിടെത്തെ നിയമം.
അന്ന് സര്‍ക്കാര്‍ അതിവേഗം നീങ്ങി.
തുടര്‍ന്ന് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കുന്ന ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഭരണപരിഷ്‌കാര വകുപ്പ് സേവനാവകാശ നിയമപ്രകാരം ബോര്‍ഡിന്റെ സമ്മതപത്രം പ്രഖ്യാപിക്കുന്നതിനുള്ള കരട് രേഖയില്‍ ഹരിയാനയിലെ നിയമ-ലെജിസ്ലേറ്റീവ് വകുപ്പുമായി ആലോചന നടത്തി.
ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് നിയമപരമായ കാര്യങ്ങളില്‍ ഉപദേശം നല്‍കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അഡീഷണല്‍ ലീഗല്‍ റിമെംബ്രന്‍സറിന് ഡ്രാഫ്റ്റ് വാട്ട്‌സാപ്പില്‍ അയക്കുകയും അതിലെ തിരുത്തലുകള്‍ ഉദ്യോഗസ്ഥര്‍ ടെലിഫോണിലൂടെ അറിയിക്കുകയുമാണ് ചെയ്തത്. മാറ്റങ്ങള്‍ ഫോണില്‍ ചര്‍ച്ച ചെയ്തതിനാല്‍ ഡ്രാഫ്റ്റ് നിയമവകുപ്പിന് പരിശോധിക്കാന്‍ അയയ്ക്കേണ്ട ആവശ്യമില്ലെന്ന് ഭരണപരിഷ്‌കാര വകുപ്പ് അതിന്റെ ആഭ്യന്തര രേഖകളില്‍ കുറിക്കുന്നു.
അതേ ദിവസം തന്നെ, കരട് സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനായി സംസ്ഥാന ചീഫ് സെക്രട്ടറിക്കും ഹരിയാന സര്‍ക്കാര്‍ പ്രസ്സിനും അയച്ചു. അത് അസാധാരണമായ ഒരു പ്രവര്‍ത്തിയായിരുന്നു.
2014ലെ ഹരിയാന സേവനാവകാശ നിയമത്തിന് കീഴില്‍ ബോര്‍ഡ് നല്‍കിയ അംഗീകാരങ്ങളുടെ അടിസ്ഥാനത്തില്‍ വകുപ്പില്‍ നിന്നും ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. അതിനര്‍ത്ഥം റെഗുലേറ്ററി ബോര്‍ഡ് വ്യവസായങ്ങള്‍ക്ക് ഒരു ”സേവന ദാതാവ്” ആയിത്തീര്‍ന്നു എന്നായിരുന്നു.
മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് 30 ദിവസത്തിനകം അനുമതി നല്‍കാനുള്ള നടപടികള്‍ ബോര്‍ഡ് പൂര്‍ത്തിയാക്കി അനുമതി നല്‍കണമെന്നായിരുന്നു ഈ വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നത്.
പുതിയ ഹ്രസ്വ സമയപരിധി അംഗീകരിച്ചുകൊണ്ട് തുടര്‍ന്നുള്ള മാസത്തില്‍ ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചു. സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതിനായുള്ള സമയ പരിധി 60, 85 ദിവസങ്ങളില്‍ നിന്ന് 30 ദിവസമായി ചുരുക്കുകയും അപേക്ഷകളിലെ പിഴവുകള്‍ പരിഹരിക്കാനായി 15 ദിവസത്തെ കാലാവധിയും നല്‍കി കൊണ്ടായിരുന്നു ഉത്തരവ്.
തങ്ങള്‍ക്ക് ഒരു അപേക്ഷ ലഭിക്കുന്നത് മുതല്‍ ടൈമര്‍ ആരംഭിക്കുന്നതാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ പറയുന്നു. 40മത്തെ ദിവസമാണ് ഒരു അപേക്ഷയില്‍ പൂര്‍ണ വിവരം ലഭിക്കുന്നതെങ്കില്‍ പിന്നെ അത് പ്രോസസ്സ് ചെയ്യാന്‍ പിന്നീട് 5 ദിവസം മാത്രമേ ലഭിക്കുകയുള്ളു. 45 ദിവസത്തില്‍ കൂടുതല്‍ ഒരു അപേക്ഷയില്‍ തങ്ങള്‍ക്ക് സമയം ലഭിക്കുന്നില്ലായെന്നും അദ്ദേഹം പറയുന്നു.
സമയപരിധി ലംഘിച്ചതിന് ശിക്ഷ നടപടി നേരിണ്ടേണ്ടി വന്നതായി മുന്‍പ് സൂചിപ്പിച്ച ഉദ്യോഗസ്ഥന് സംഭവിച്ചതും അതാണ്. രണ്ടു ദിവസം നടപടി പൂര്‍ത്തിയാക്കാന്‍ അധികം വേണ്ടി വന്നു എന്നതാണ്. 45 ദിവസം എന്ന നിര്‍ബന്ധിത സമയപരിധിയില്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല, 47മത് ദിവസമാണ് അദ്ദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയതിന് കുറ്റക്കാരനാണോ ഇല്ലയോ എന്ന ഔദ്യോഗിക ഉത്തരവിനായി ഉദ്യോഗസ്ഥന്‍ ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍ അവരെ പല പ്രശ്‌നങ്ങളും അലട്ടുന്നുണ്ട്. ശമ്പളം ഡോക്ക് ചെയ്യപ്പെടാം, ഇന്‍ക്രിമെന്റും പ്രമോഷനും മറ്റുള്ളവയില്‍ ഒരു നിശ്ചിത കാലയളവിലേക്ക് തടഞ്ഞുവയ്ക്കാം എന്നതരത്തിലുള്ള ശിക്ഷകളില്‍ ഏതെങ്കിലുമാണോ ലഭിക്കുകയെന്ന ആശങ്കയാണ് അതില്‍ പ്രധാനം. സാങ്കേതികയുടെ അവസാന വാക്കായി ഹരിയാന സര്‍ക്കാര്‍ കരുതുന്നത് സമയപരിധിയിലെ കൃത്യത മാത്രമാണെന്ന പരാതി അവര്‍ ഉന്നയിക്കുന്നു.
ഈ സാഹചര്യത്തില്‍ തന്നെ, 47 ദിവസമായി കണക്കാക്കിയ സമയപരിധിയില്‍ 6 ഞായറാഴ്ചകളും മഹാശിവരാത്രി, ഹോളി, റമദാന്‍, രാമനവമി എന്നീ അവധി ദിവസങ്ങളും ഉള്‍പ്പെടുന്നതാണ് അദ്ദേഹം പറയുന്നു.
സാങ്കേതികത അദ്ദേഹത്തെ സഹായിച്ചേക്കാം. അങ്ങനെയല്ലാതെ വരുന്ന സാഹചര്യവും ഉണ്ടായേക്കാം. മറ്റ് ഉദ്യോഗസ്ഥരും ഇത്തരത്തില്‍ ടൈമര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്നതിലെ ബുദ്ധിമുട്ടുകള്‍ ഞങ്ങളെ അവര്‍ അറിയിച്ചു.
ഒരു മാസത്തില്‍ ശരാശരി 50 മുതല്‍ 60 വരെ നിര്‍ബന്ധിത പരിശോധനകള്‍ ഞങ്ങള്‍ നടത്തേണ്ടതുണ്ട്, ഭരണപരവും പരാതി പരിഹാരവുമായ മറ്റു മീറ്റിംഗുകള്‍, കോടതി ഹിയറിംഗുകള്‍, സാമ്പിള്‍ ശേഖരണങ്ങള്‍ എന്നിവയും അതില്‍ ഉള്‍പ്പെടുന്നുവെന്നും അവര്‍ പറയുന്നു. ഏത് സമയത്തും ഏകദേശം 150 മുതല്‍ 200 വരെ അപേക്ഷകളാണ് തീര്‍പ്പാക്കാതെ കിടക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. നിയന്ത്രിതമായി 30 മുതല്‍ 45 ദിവസത്തെ സമയപരിധിക്കുള്ളില്‍ അവയെല്ലാം പരിഹരിക്കാന്‍ ശ്രമിക്കുന്നത് അപ്രായോഗികമാണെന്ന് ബോര്‍ഡിലെ മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ബോര്‍ഡിന്റെ ഏറ്റവും പുതിയ ലഭ്യമായ കണക്കുകള്‍ പ്രകാരം 2017-18 കാലയളവില്‍ ഒരു വ്യവസായം സ്ഥാപിക്കുന്നതിനുള്ള അനുമതിക്കായി 1,248 അപേക്ഷകളും വ്യവസായം പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതിക്കായി 12,027 അപേക്ഷകളും ലഭിച്ചിട്ടുണ്ട്.
പ്രതിവര്‍ഷം, ശരാശരി 650-ലധികം പരിശോധനകളാണ് ഉദ്യോഗസ്ഥര്‍ നടത്തേണ്ടതായി വരുന്നതെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നിലവില്‍ 24 മേഖലാ ഓഫീസുകളാണ് ബോര്‍ഡിനുള്ളത്. അത്തരത്തിലുള്ള എല്ലാ ഓഫീസുകളിലും ഒരു റീജിയണല്‍ ഓഫീസര്‍ (RO), 3 അസിസ്റ്റന്റ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍മാര്‍ (AEE), 1 ശാസ്ത്രജ്ഞന്‍, 1 ജൂനിയര്‍ എഞ്ചിനീയര്‍ (JE), 1 സൂപ്രണ്ട്, 1 അസിസ്റ്റന്റ്, 1 ക്ലര്‍ക്ക്, മറ്റു ഫീല്‍ഡ് അസിസ്റ്റന്റുമാര്‍, ഒരു പ്യൂണ്‍ എന്നിവര്‍ ഉണ്ടായിരിക്കണം. എന്നാല്‍ ഇവിടെ ഡിപ്പാര്‍ട്ട്‌മെന്റില്‍ ആവശ്യത്തിന് ജീവനക്കാരില്ലായിരുന്നെവെന്നു ഒരു ഉദ്യോഗസ്ഥന്‍ കളക്ടീവിനോട് പറഞ്ഞു.
തങ്ങളുടെ ബ്രാഞ്ചില്‍ 1 RO, 1 AEE, 1 ഡ്രൈവര്‍ മാത്രമേ ഉള്ളൂവെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയപ്പോള്‍, തന്റെ റീജിയണല്‍ ഓഫീസില്‍ തങ്ങള്‍ക്ക് 3 ഉദ്യോഗസ്ഥര്‍ മാത്രമേയുള്ളൂവെന്നാണ് കുറ്റപത്രം സമര്‍പ്പിച്ച ഉദ്യോഗസ്ഥന്‍ കളക്റ്റീവിനോട് പറഞ്ഞത്.
ഈ വര്‍ഷം ഏപ്രിലില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ സംസ്ഥാന സര്‍ക്കാരിനെ ശാസിക്കുകയും ഒഴിവുള്ള തസ്തികകള്‍ നികത്താനും സമയബന്ധിതമായി അത് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടാനും നിര്‍ദ്ദേശിച്ചു.
മൂന്ന് സംസ്ഥാനങ്ങളിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ നിരീക്ഷിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍ വരുണ്‍ ഗുലാത്തിയാണ് കേസ് ഫയല്‍ ചെയ്തത്. 2022 ഒക്ടോബറില്‍ ഗുലാത്തി ഹരിയാന ബോര്‍ഡില്‍ നിന്ന് ജീവനക്കാരുടെ എണ്ണം സംബന്ധിച്ച വിവരങ്ങള്‍ തേടിയിരുന്നു. 481 അംഗീകൃത തസ്തികകളില്‍ 303 ജീവക്കാരുടെ ഒഴിവ് കണ്ടത്തുകയും ചെയ്തിരുന്നു. അതായത് 62.9% ഒഴിവുകളാണ് കണ്ടെത്തിയത്.
പലപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് സമയബന്ധിതമായി ജോലി തീര്‍ക്കാന്‍ കഴിയുന്നില്ല, അത് അവരുടെ കുറ്റമല്ല, പല തസ്തികകളും ഒഴിഞ്ഞുകിടക്കുന്നു, ഫീല്‍ഡിലെ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ മുതല്‍ എല്ലാ ജോലികളും ചെയ്യേണ്ടതുണ്ട്, പ്രവര്‍ത്തന അനുമതി നല്‍കുന്നതിനായി സമര്‍പ്പിച്ചിട്ടുള്ള എല്ലാ രേഖകളും പരിശോധിച്ച്, അതിന്മേലുള്ള പരാതികളും നിരവധി കോടതി കേസുകളും കൈകാര്യം ചെയ്യേണ്ടതായും വരാറുണ്ട്. അവര്‍ വളരെയധികം മാനസിക സമ്മര്‍ദ്ദത്തിലാണ് പ്രവര്‍ത്തിക്കുന്നത്, ”ഗുലാത്തി ഞങ്ങളോട് പറഞ്ഞു.
അനുമതികളുടെ കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ അധികം സമയമെടുക്കുകയാണെങ്കില്‍ കാലതാമസം ഉണ്ടായത്തിന്റെ പേരില്‍ അവരുടെ പേരില്‍ ഒരു കുറ്റപത്രം ലഭിക്കുകയും ചെയ്യും. അതേസമയം അവര്‍ വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ അവര്‍ അവരുടെ ചുമതലകളില്‍ നിന്ന് വഴുതി വീഴുന്നതായി ആരോപണവും വരും, അതിലൂടെ അവര്‍ വീണ്ടും ശിക്ഷാ നടപടികളെ ക്ഷണിച്ചുവരുത്തുന്ന സാഹചര്യം ഉണ്ടാകുന്നതായും ഗുലാത്തി പറഞ്ഞു.
ഇത് ഒരു പുതിയ പ്രശ്‌നമല്ല, ഒരു താത്കാലിക പ്രശ്‌നവുമില്ല. വര്‍ഷങ്ങളായി പരിഹരിക്കപ്പെടാത്ത ഒരു പ്രശ്‌നമായി ഇപ്പോളും തുടരുന്ന പ്രശ്‌നമാണ്.
2020 സെപ്റ്റംബറില്‍, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഒരു റിപ്പോര്‍ട്ട് ഇതേ പ്രശ്‌നം ഉയര്‍ത്തികാട്ടിയിരുന്നു. അനുവദിക്കപ്പെട്ട തസ്തികകളില്‍ 49 % തസ്തികകളും ഒഴിഞ്ഞു കിടക്കുന്ന അവസ്ഥയിലാണുള്ളത്. ശാസ്ത്രീയവും സാങ്കേതികവുമായി ആ ഒഴിവുകള്‍ നികത്താനും ഫലപ്രദമായ രീതിയില്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാനുമായി ഒഴിവുകളിലേക്ക് റിക്രൂട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കാനും കത്തില്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന 2,747 ആകെ മലിനീകരണ വ്യവസായ (ജിപിഐ) യൂണിറ്റുകളില്‍ 638 എണ്ണം ഹരിയാനയിലാണ് ഉള്ളത്. 1,079 പ്രവര്‍ത്തന ജിപിഐകളുള്ള ഉത്തരപ്രദേശാണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്ത് ഹരിയാനയും.
ഒഴിവുള്ള തസ്തികകള്‍ നികത്താനുള്ള ഗുലാത്തിയുടെ കേസില്‍ ഇതുവരെയും തീരുമാനം ഉണ്ടായിട്ടില്ലായെന്നു ഉദ്യോഗസ്ഥര്‍ ദി കളക്ടീവിനോട് പറഞ്ഞു. NGT യുടെ 2023 ഏപ്രിലിലെ ഉത്തരവിന് ശേഷവും ബോര്‍ഡ് ഇതുവരെയും റിക്രൂട്ട്‌മെന്റ് നടപടികള്‍ ഗൗരവമായി ചെയ്തിട്ടില്ല. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തത്തിനു ശേഷം ലഭിച്ച അപേക്ഷകര്‍ യോഗ്യരായിരുന്നില്ലയെന്നും അതിനാല്‍ ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ തസ്തികകള്‍ നികത്തുന്നതിന് പുതിയ സര്‍ക്കുലറുകള്‍ പുറപ്പെടുവിച്ചതായും ബോര്‍ഡ് അതിന്റെ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ടില്‍ എന്‍ജിടിയെ അറിയിച്ചു.
പകരം, ഹരിയാന സര്‍ക്കാര്‍ ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി നിയന്ത്രണങ്ങള്‍ നേര്‍പ്പിച്ചുകൊണ്ടിരുന്നു. അവര്‍ക്ക് നല്‍കിയിരുന്ന സാധുത കാലയളവ് വര്‍ധിപ്പിക്കുകയും അവരുടെ അനുമതികള്‍ സ്വയമേ പുതുക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നു.
ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കാനുള്ള സമയപരിധി നിരന്തരം കുറയ്ക്കുകയും അതുവഴി ഓഫീസര്‍മാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുകയും ചെയ്തുകൊണ്ടേയിരുന്നു. അതേസമയം, വ്യവസായിക അനുമതിയുടെ സാധുത വര്‍ദ്ധിപ്പിക്കുകയും മലിനീകരണത്തിന് കാര്യമായ ഇളവ് നല്‍കുകയും ചെയ്തു.
മുന്‍കാലത്ത്, ഓറഞ്ച് കാറ്റഗറി വ്യവസായങ്ങള്‍ക്ക് (41 മുതല്‍ 59 വരെയുള്ള മലിനീകരണ സൂചിക സ്‌കോര്‍ ഉള്ളവ) പ്രവര്‍ത്തിക്കാനുള്ള അനുമതിയുടെ കാലയളവ് മൂന്നുവര്‍ഷം ആയിരുന്നു. അതേസമയം റെഡ് കാറ്റഗറി വ്യവസായങ്ങള്‍ക്ക് (60ഉം അതിനുമുകളിലുള്ള മലിനീകരണ സൂചിക സ്‌കോര്‍ ഉള്ളവ) 2 വര്‍ഷത്തെ സാധുതയാണ് ഉണ്ടായിരുന്നത്. ഒരു വര്‍ഷത്തെ പ്രാരംഭ സാധുത കാലയളവിന് ശേഷം 2015 ഒക്ടോബര്‍ മുതല്‍, ഈ കാലാവധി യഥാക്രമം 10 വര്‍ഷമായും 5 വര്‍ഷമായും വര്‍ദ്ധിപ്പിച്ചു. അതുവഴി കാര്യമായ പാരിസ്ഥിതിക ആഘാതമുള്ള വ്യവസായങ്ങളെപ്പോലും കുറഞ്ഞ മേല്‍നോട്ടവും നിയന്ത്രണ പരിശോധനയിലുമൂടെ ദീര്‍ഘകാലത്തേക്ക് പ്രവര്‍ത്തിക്കാനുള്ള അവസരം തുറന്നുകൊടുക്കുകയായിരുന്നു.
2016 മാര്‍ച്ചില്‍, ബോര്‍ഡ് ഒരു പുതിയ നിര്‍ദ്ദേശം കൊണ്ടുവന്നു. സ്വയം സര്‍ട്ടിഫിക്കേഷന്റെ അടിസ്ഥാനത്തില്‍ സിടിഒ സ്വയമേവ പുതുക്കുന്നതിനുള്ള വ്യവസ്ഥയും വ്യവസായ യൂണിറ്റുകള്‍ക്ക് അനുവദിച്ചതിനോടൊപ്പം മുന്‍ സിടിഒയുടെ വ്യവസ്ഥകള്‍ പാലിക്കുന്നതിനുള്ള ഒരു വ്യവസ്ഥയും അവതരിപ്പിച്ചു. 2019-ല്‍ NGT ഇടപ്പെട്ടതിനുശേഷം CTO-യ്ക്കായുള്ള ഓട്ടോ-റിന്യൂവല്‍ പോളിസിയില്‍ ബോര്‍ഡ് രേഖകളുടെ പ്രീ-വെരിഫിക്കേഷന്‍ എന്ന ഭേദഗതി കൊണ്ടുവന്നു.
ഇപ്പോള്‍ ഹരിയാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത് ബിസിനസുകള്‍ക്കായുള്ള ഒരു സേവന ദാതാവായി മാത്രമാണ്. മറിച്ച്, സംസ്ഥാനത്തിന്റെ വ്യാവസായിക മേഖലകളെ വലയം ചെയ്യുന്ന മലിനീകരണം നിയന്ത്രിക്കാനായുള്ള ഒരു ഏജന്‍സി എന്ന നിലയിലല്ല ആ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.