UPDATES

ബിജെപിയുടെ പ്രതീക്ഷകള്‍ തകര്‍ക്കുന്ന അതിഷി

ഇഡി വട്ടമിടുന്നത് കെജ്‌രിവാളിന്റെ പകരക്കാരിയെ കുടുക്കാനോ?

                       

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സ്ഥാനം രാജിവയ്ക്കില്ലെന്നും ആവശ്യമെങ്കിൽ ജയിലിൽ നിന്ന് സർക്കാരിനെ നയിക്കുമെന്നും എഎപി പ്രഖ്യാപിച്ചിരുന്നു. മദ്യനയവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കെജ്‌രിവാൾ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ കസ്റ്റഡിയിൽ തുടരുകയാണ്.

എഎപി ദേശീയ കൺവീനറുടെ അഭാവത്തിൽ പാർട്ടിക്കുള്ളിലെയും ഡൽഹി സർക്കാരിലെയും നിലവിലെ സാഹചര്യം പരിഹരിക്കാൻ പാർട്ടിക്ക് ഒരു പുതിയ നേതാവിനെ ആവശ്യമാണ്. വരും ദിവസങ്ങളിൽ ഡൽഹി ധനമന്ത്രി അതിഷി പാർട്ടിയുടെ കടിഞ്ഞാൺ പിടിച്ചേക്കുമെന്ന ഊഹാപോഹങ്ങൾ ശക്തമാണ്.

അതിഷിയെ കൂടാതെ അരവിന്ദ് കെജ്‌രിവാളിൻ്റെ ഭാര്യ സുനിതയുടെ പേരും പരാമർശിക്കപ്പെടുന്നുണ്ട്.

എന്നിരുന്നാലും, കെജ്‌രിവാളിൻ്റെ അറസ്റ്റിനെ തുടർന്ന് അതിഷിയെ പുതിയ മുഖ്യമന്ത്രിയായി നിയമിക്കുമോ എന്ന് ചർച്ച സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇതോടെ അതിഷിക്കെതിരെയും തിരിയാൻ ഒരുങ്ങുകയാണ് ഇഡി എന്ന ആരോപണം ശക്തമാണ്.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താലും പാർട്ടി പിളരില്ലെന്ന് മനസ്സിലാക്കിയാണ് ബിജെപിയും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റും മുതിർന്ന എഎപി നേതാക്കളെയും ഡൽഹി മന്ത്രിമാരായ അതിഷിയെയും സൗരഭ് ഭരദ്വാജിനെയും ലക്ഷ്യമിട്ടിട്ടുണ്ടെന്ന് മുതിർന്ന എഎപി നേതാവ് ജാസ്മിൻ ഷാ പറയുന്നു.

എക്സൈസ് നയ കേസിലെ പ്രതികളിലൊരാളായ എഎപിയുടെ കമ്മ്യൂണിക്കേഷൻസ് ഇൻചാർജ് വിജയ് നായർ തന്നോടല്ല അതിഷിക്കും ഭരദ്വാജിനും റിപ്പോർട്ട് ചെയ്തതെന്ന് മുഖ്യമന്ത്രി കെർജിവാൾ ഏജൻസിയോട് പറഞ്ഞതായി ഇഡി കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയാണ് ഈ പ്രസ്താവന.

ആരാണ് അതിഷി മർലേന

ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസർമാരായ വിജയ് കുമാർ സിങ്ങിൻ്റെയും ത്രിപ്ത വാഹിയുടെയും മകളാണ് അതിഷി. ന്യൂ ഡൽഹിയിലെ സ്പ്രിംഗ്ഡെയ്ൽ സ്‌കൂളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. സെൻ്റ് സ്റ്റീഫൻസ് കോളേജിൽ ചരിത്രം പഠിക്കുകയും ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ ചെവനിംഗ് സ്‌കോളർഷിപ്പിൽ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു. കുറച്ച് വർഷങ്ങൾക്ക് ശേഷം, ഓക്സ്ഫോർഡിൽ നിന്ന് വിദ്യാഭ്യാസ ഗവേഷണത്തിൽ റോഡ്സ് സ്കോളറായി രണ്ടാമത്തെ ബിരുദാനന്തര ബിരുദം നേടിയിരുന്നു.

“പ്രതിബദ്ധതയുള്ള പ്രവർത്തക” എന്നാണ് അതിഷിയെ എഎപി വിശേഷിപ്പിക്കുന്നത്. ഏഴ് വർഷം മധ്യപ്രദേശിലെ ഒരു ഗ്രാമത്തിൽ ജൈവകൃഷിയിലും പുരോഗമനപരമായ വിദ്യാഭ്യാസ സമ്പ്രദായത്തിലും ശ്രദ്ധ പതിപ്പിച്ച അതിഷി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളുടെ ഭാഗമായി. അവിടെ വച്ചാണ് അവർ എഎപി അംഗങ്ങളെ കണ്ടുമുട്ടുന്നത്.

എഎപിയുടെ ആരംഭ സമയത്ത് അതിഷി പാർട്ടിയുടെ ഭാഗമായിരുന്നു. 2013ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ മാനിഫെസ്റ്റോ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിലെ പ്രധാന അംഗമായിരുന്നു. രൂപീകരണ ഘട്ടത്തിൽ പാർട്ടിയുടെ നയങ്ങൾ രൂപപ്പെടുത്തുന്നതിൽ അതിഷി നിർണായക പങ്ക് വഹിച്ചതായി, എഎപി പറയുന്നു. അക്കാലങ്ങളിൽ എഎപി വക്താവായിരുന്നു.

ഡൽഹിയിലെ കൽക്കാജി മണ്ഡലത്തെയാണ് അതിഷി പ്രതിനിധീകരിക്കുന്നത്. എഎപിയുടെ രാഷ്ട്രീയകാര്യ സമിതി (പിഎസി) അംഗമാണ്. കിഴക്കൻ ഡൽഹി ലോക്‌സഭാ മണ്ഡലം യൂണിറ്റിൻ്റെ ചുമതലയും അവർക്കുണ്ട്.

എഎപിയുടെ വെബ്‌സൈറ്റിലെ പ്രൊഫൈൽ അനുസരിച്ച്, 2018 ഏപ്രിൽ വരെ അന്നത്തെ വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയയുടെ ഉപദേശകയായി അതിഷി സേവനമനുഷ്ഠിച്ചിട്ടുണ്ട്. “ദേശീയ തലസ്ഥാനത്ത് സർക്കാർ സ്‌കൂളുകളിലെ വിദ്യാഭ്യാസ നില നവീകരിക്കുന്നതിൽ അവർ നിർണായക പങ്ക് വഹിച്ചു,” പാർട്ടി പറയുന്നു.

നിലവിൽ, അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെതിരായ പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന പ്രധാന എഎപി നേതാക്കളിൽ ഒരാളാണ് അതിഷി.

അതിഷി മർലേന, ക്യാബിനറ്റ് പുനഃസംഘടനയ്ക്ക് ശേഷം 2023 മാർച്ച് 9-ന് അരവിന്ദ് കെജ്‌രിവാളിൻ്റെ നേതൃത്വത്തിലുള്ള സർക്കാരിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഡൽഹി കാബിനറ്റിലെ ഏക വനിതാ മന്ത്രിയും ഏറ്റവും കൂടുതൽ വകുപ്പുകൾ വഹിക്കുന്നതും അവർ തന്നെയാണ്.

ധനം, ജലം, വിദ്യാഭ്യാസം, പൊതുമരാമത്ത് വകുപ്പ്, വൈദ്യുതി, റവന്യൂ, നിയമം, ആസൂത്രണം, സേവനങ്ങൾ, ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി, വിജിലൻസ് എന്നി വകുപ്പുകളുടെ ചുമതലയാണ് വഹിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍