ഒരു ഭീകരനെ പോലും രക്ഷപ്പെടാന്‍ അനുവദിക്കില്ല
ഇറാനുമായി പോര്‍മുഖം തുറന്നിരിക്കെ, സ്ഥിതിഗതികള്‍ വഷളാക്കി ഇസ്രയേല്‍. ഹമാസിനെ ലക്ഷ്യമിട്ട് ഗസയിലെ റഫ ആക്രമിക്കാന്‍ ഇസ്രയേല്‍ കരസേന ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. റഫയ്ക്ക് 5 കിലോമീറ്റര്‍ അകലത്തില്‍ ഇസ്രയേല്‍ സൈനീക കൂടാരങ്ങള്‍ ഉയര്‍ന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് സൈനീക കൂടാരാങ്ങളാണ് ദൃശ്യങ്ങളിലുള്ളത്. ആയിരത്തിനടുത്ത് സൈനീക വാഹനങ്ങളുണ്ട്. സൈന്യം സജ്ജമാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഉത്തരവ് ലഭിച്ചാല്‍ മാത്രം മതിയെന്നുമാണ് ഇസ്രയേല്‍ സേനയും പ്രതികരിച്ചത്. റഫ ആക്രമണം ഒഴിവാക്കില്ലെന്ന് നേരത്തെ തന്നെ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഹമാസിനെ തുടച്ച് നീക്കുകയാണ് റഫ ആക്രമണത്തിലൂടെ ലക്ഷ്യമിടുന്നത്. ആക്രമണം നിര്‍ത്തുന്നത് പരാജയം സമ്മതിക്കുന്നതിന് തുല്യമാണെന്നാണ് അദ്ദേഹം പ്രതികരിച്ചതും.23 ലക്ഷം ആളുകള്‍ ഉള്‍കൊള്ളുന്ന മേഖലയാണ് റഫ. ഇതില്‍ പകുതിയിലധികം പേരും അഭയം തേടി പലായനം ചെയ്തിട്ടുണ്ട്. അതേസമയം ആക്രമണവും സാധാരണക്കാരെ ഒഴിപ്പിക്കലും ഒരുമിച്ച് നടത്താനാണ് ലക്ഷ്യമിടുന്നതെന്നാണ് ഇസ്രയേല്‍ സേനയുടെ പ്രതികരണം. ഒരു ഭീകരനെ പോലും രക്ഷപ്പെടാന്‍ അനുവദിക്കില്ല. റഫയെ ഏറ്റെടുക്കാതെ ഹമാസിനെ ഫലപ്രദമായി തടയാന്‍ കഴിയില്ല. ഗസയില്‍ അവശേഷിക്കുന്ന 134 ബന്ദികളില്‍ ചിലരെങ്കിലും നഗരത്തിലുണ്ടെന്ന് കരുതപ്പെടുന്നു. ഹമാസ് നേതൃത്വവും അവിടെ അഭയം പ്രാപിക്കുന്നതായി കരുതപ്പെടുന്നുവെന്നും ഇസ്രയേല്‍ വ്യക്തമാക്കി.
ഇസ്രായേലിന് 2600 കോടി ഡോളറിന്റെ സൈനിക സഹായം അമേരിക്ക ഉറപ്പാക്കിയതിന്റെ പിന്നാലെയാണ് ആക്രമണത്തിന് ഒരുങ്ങിയിരിക്കുന്നത്. ഇത്രയും തുകയുടെ യുദ്ധോപകരണങ്ങളാണ് അമേരിക്ക ഇസ്രയേലിനായി എത്തിക്കുന്നത്.അതേസമയം യുദ്ധത്തിന് അനുമതി നല്‍കിയിട്ടില്ലെന്നാണ് യുഎസ് വ്യക്തമാക്കുന്നത്. ആക്രമണം നടത്തിയാല്‍ വെറുതെയിരിക്കില്ലെന്ന മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തിയിട്ടുണ്ട്. ഗസയെ ആക്രമിക്കുകയെന്ന തെറ്റാവര്‍ത്തിച്ചാല്‍ ഇസ്രയേലില്‍ പിന്നെയൊന്നും ശേഷിക്കില്ലെന്ന മുന്നറിയിപ്പാണ് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയില്‍ നിന്നുണ്ടായിരിക്കുന്നത്.
Content Summary; Benjamin Netanyahu’s government: Israel was ‘moving ahead’ with Gaza city of Rafah