ചക്രവാത ചുഴിയും ന്യൂനമര്‍ദ്ദ പാത്തിയും രൂപപ്പെട്ടു
തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ അതിവേഗം കേരളക്കരയിലേക്ക് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ് 22 ബുധനാഴ്ച മുതല്‍ അതിശക്തമായ മഴയുണ്ടാവും. വ്യാഴാഴ്ച മഴയുടെ തീവ്രത കൂടും. മുഴുവന്‍ ജില്ലകളിലും ഈ സ്ഥിതി തുടരുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മദ്ധ്യ, തെക്കന്‍ ജില്ലകളിലാകും കൂടുതല്‍. കുറഞ്ഞ സമയത്തില്‍ വലിയ മഴയ്ക്കാണ് സാദ്ധ്യത. മലവെള്ളപ്പാച്ചില്‍, മിന്നല്‍പ്രളയം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയ്ക്ക് ഇടയാക്കിയേക്കാം. നിലവില്‍ ചക്രവാതചുഴി തെക്കന്‍ തമിഴ്‌നാടിന് മുകളിലാണ്. മഹാരാഷ്ട്രയില്‍ നിന്നും തെക്കന്‍ തമിഴ്നാട് വരെ ന്യൂനമര്‍ദ്ദ പാത്തിയും രൂപപ്പെട്ടു. ഇതിന്റെ ഫലമായാണ് കേരളത്തില്‍ വരും ദിനങ്ങളില്‍ ശക്തമായ മഴ വരുന്നത്.
അതേസമയം, സംസ്ഥാനത്ത് പ്രളയ സാധ്യതാ പ്രവചനമില്ല. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണത്തിന് നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു. ഇപ്പോഴുള്ള മഴയില്‍ തന്നെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലടക്കം വെള്ളം കയറിയ അവസ്ഥയിലാണ്. തിരുവനന്തപുരം നഗരത്തിലെ പലയിടങ്ങളും വെള്ളത്തിലായി. പൊന്മുടിയില്‍ വിനോദസഞ്ചാരത്തിന് താത്കാലിക നിരോധനം ഏര്‍പ്പെടുത്തി. ഇടുക്കി മലയോര മേഖലകളില്‍ രാത്രി ഏഴുമുതല്‍ രാവിലെ ആറുവരെ യാത്ര നിരോധിച്ചു. ജില്ലയില്‍ ഓഫ് റോഡ് സഫാരി, മൈനിംഗ് പ്രവര്‍ത്തനങ്ങളും നിരോധിച്ചിട്ടുണ്ട്.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലാ കലക്ടറേറ്റുകളിലും താലൂക്ക് ഓഫീസുകളിലും എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ തുടങ്ങി. ഈ സെന്ററുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമെന്ന് മന്ത്രി പറഞ്ഞു. ആവശ്യമെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ നിര്‍ദ്ദേശം നല്‍കി. എന്‍ഡിആര്‍എഫിന്റെ രണ്ടു ടീം തൃശൂരില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ആശങ്ക വേണ്ടെന്നും അനാവശ്യ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞു. കേരളത്തിന് പുറമെ കര്‍ണാടകയിലും തമിഴ്‌നാട്ടിലും അതിശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്.
English Summary; Tamil Nadu, Kerala on Red Warning Amid Extremely Heavy Rainfall Forecasts