UPDATES

‘മലയാളി പ്രേക്ഷകരെയോര്‍ത്ത് അഭിമാനം തോന്നുന്നു’: ജിനു എബ്രഹാം/ അഭിമുഖം

അന്വേഷിപ്പിന്‍ കണ്ടെത്തും ഒരു യഥാര്‍ത്ഥസംഭവത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണോ?

                       

ലോകത്തിറങ്ങുന്ന എല്ലാ ഇന്‍വെസ്റ്റിഗേഷന്‍/ ത്രില്ലര്‍/ മിസ്ട്രി സിനിമകളും തേടിപ്പിടിച്ചു കാണുന്ന പ്രേക്ഷകനാണ് മലയാളി. അന്വേഷണ കഥകള്‍ മലയാളത്തിലും നിരവധിയുണ്ടായിട്ടുണ്ട്. ലോകത്തിലെ ഏറ്റവും അപ്‌ഡേറ്റഡ് ആയിട്ടുള്ളൊരു പ്രേക്ഷക സമൂഹം എന്ന നിലയില്‍ കൂടി ത്രില്ലര്‍/ മിസ്ട്രി ഴോണറുകളിലെ സ്വന്തം സിനിമകളെ അവന്‍ സമീപിക്കുന്നതു പുതിയതെന്തെങ്കിലും അതിലുണ്ടാകുമോയെന്ന ജിജ്ഞാസയോടെയാണ്. ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന സിനിമയിലും അത്തരമൊരു പ്രതീക്ഷയായിരുന്നു പ്രേക്ഷകനുണ്ടായിരുന്നത്. പ്രതീക്ഷകള്‍ തെറ്റിയില്ല. സിനിമയുമായി ഒരു ‘ഇമോഷണല്‍ കണക്ഷന്‍’ പ്രേക്ഷകനുണ്ടായി എന്നിടത്ത്, അന്വേഷിപ്പിന്‍ കണ്ടെത്തും ഒരു സവിശേഷതയര്‍ഹിക്കുകയും ചെയ്യുന്നു. മലയാള സിനിമ ഇന്‍ഡസ്ട്രിക്ക് തന്നെ കുതിപ്പ് നല്‍കിക്കൊണ്ട് തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന മൂന്നു സിനിമകളിലൊന്നിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ ജിനു വി എബ്രഹാം.


അന്വേഷിപ്പിന്‍ കണ്ടെത്തും, പ്രേമലൂ, ഭ്രമയുഗം; വ്യത്യസ്തമായ മൂന്നു സിനിമകള്‍ ഒരുപോലെ പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുന്നു. എന്തു തോന്നുന്നു ഹാപ്പിയാണോ?

ഒരുപാട് ഹാപ്പിയാണ്. ഈ ഫെബ്രുവരി മാസം മറക്കാന്‍ കഴിയില്ല. നമ്മുടെ സിനിമയുടെ സുവര്‍ണകാലങ്ങളെ ഓര്‍മിപ്പിക്കുകയാണ്. പപ്പയുടെ സ്വന്തം അപ്പൂസും, യോദ്ധയുമൊക്കെ ഒരുമിച്ച് റിലീസ് ചെയ്തയാ കാലം പോലെ, പഞ്ചാബി ഹൗസും, ഹരികൃഷ്ണനും സമ്മര്‍ ഇന്‍ ബത്‌ലഹേമും ഒരുമിച്ചിറങ്ങിയ ആ ഓണക്കാലം പോലെ… ഇതൊരു തിരിച്ചു പോക്കുപോലെയാണ്. പ്രേക്ഷകനെന്ന നിലയിലും സിനിമാക്കാരനെന്ന നിലയിലും 2024 ഫെബ്രുവരി എന്നും ഓര്‍മയിലുണ്ടാകും.

നല്ല സിനിമകള്‍ക്കും പ്രേക്ഷകനുമിടയിലെ ബന്ധം ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ലെന്നു കൂടി വ്യക്തമായിരിക്കുകയാണ്!

സിനിമ നല്ലതാണെങ്കില്‍ ആളുകള്‍ കാണാന്‍ വരും, നല്ല അറ്റംപ്റ്റുകള്‍ ആണെങ്കില്‍ പ്രേക്ഷകന്‍ കൂടെയുണ്ടാകും. അന്വേഷിപ്പിന്‍ കണ്ടെത്താം ഇത്ര വലിയ വിജയമാകുമെന്ന് കരുതിയതല്ല. അതൊരു പരീക്ഷണമായിരുന്നു. പ്രേക്ഷകരുമായി ഒരു ഇമോഷണല്‍ കണക്ഷന്‍ ഉണ്ടാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ലെങ്കില്‍, രണ്ട് കഥകള്‍ പറയുന്നൊരു സിനിമയെന്ന പഴി കേള്‍ക്കേണ്ടി വന്നേനെ. ഒരു ബ്ലാക് ആന്‍ഡ് വൈറ്റ് സിനിമ എന്നു ചിന്തിക്കാന്‍ ധൈര്യപ്പെടാതിരുന്നിടത്താണ് ഭ്രമയുഗം ഇക്കാണുന്ന വിജയം നേടിയത്. നല്ല സിനിമികള്‍, നല്ല അറ്റംപ്റ്റുകള്‍ അംഗീകരിക്കപ്പെടും. മലയാളി പ്രേക്ഷകരെ കുറിച്ച് ഒരുപാട് അഭിമാനം തോന്നുന്നു.

അന്വേഷിപ്പിന്‍ കണ്ടെത്തും ഒരു യഥാര്‍ത്ഥസംഭവത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണോ?

ഒരു സംഭവം മാത്രമല്ല, ഒന്നിലധികം കേസുകള്‍ ആസ്പദമായിട്ടുണ്ട്. യഥാര്‍ത്ഥില്‍ സിനിമയുടെ പ്രധാന പ്ലോട്ട് ഏതെങ്കിലും കേസ് അല്ല. ഒരു സംഭവം നടന്നാല്‍ അതിനെങ്ങനെയൊക്കെ പ്രതികരണങ്ങള്‍ ഉണ്ടാകാം എന്നൊരു ചിന്തയാണ്. ഏതെങ്കിലുമൊരു പ്രത്യേക കേസ് അല്ല സിനിമ പറയുന്നത്. പൊലീസ് അന്വേഷണച്ചിലൂടെയല്ല, പൊലീസുകാരുടെ അവസ്ഥകളിലൂടെയാണ് കഥ പോകുന്നത്. ഇന്‍വെസ്റ്റിഗേഷന്‍ രണ്ടാമതെ വരുന്നുള്ളൂ.

സിനിമയിലെ കാലഘട്ടങ്ങളുടെ തെരഞ്ഞെടുപ്പിന് പിന്നില്‍?

ഒരു പീരിയോഡിക്കല്‍ സിനിമ ചെയ്യണമെന്നത് എന്റെയൊരു ആഗ്രഹമായിരുന്നു. ഈ സിനിമ എഴുതുമ്പോള്‍, മനസിലുണ്ടായിരുന്ന തീരുമാനം പ്രേക്ഷകനെ എക്‌സൈറ്റ് ചെയ്യിക്കുന്ന ഒന്നാകണമെന്നതായിരുന്നു. സീരിയല്‍ കില്ലര്‍ പോലുള്ള ക്ലീഷേ ശ്രമങ്ങള്‍ വേണ്ട. ആളുകള്‍ക്ക് മനസിലാകുന്നതായിരിക്കണം.

മലയാളി പ്രേക്ഷകരുടെ ത്രില്ലര്‍ ഭ്രമം അറിയാവുന്നതാണല്ലോ, അവര്‍ക്ക് മുന്നിലേക്ക് ഇങ്ങനെയൊരു സബജക്ടുമായി ചെല്ലുന്നതില്‍ ഉത്കണ്ഠയുണ്ടായിരുന്നോ?

കോവിഡ് കാലത്താണെന്നു തോന്നുന്നു, നമ്മള്‍ ധാരളമായി ത്രില്ലര്‍ സിനിമകളും സിരീസുകളുമൊക്കെ കാണാന്‍ തുടങ്ങിയത്. അതേസമയത്ത് തന്നെയായിരുന്നു ഞാനീ സിനിമയുടെ എഴുത്ത് തുടങ്ങുന്നതും. എന്നാല്‍ ഇത് സിനിമയാകാന്‍ മൂന്നു മൂന്നര വര്‍ഷമെടുത്തു. അതിനിടയില്‍ മലയാളത്തില്‍ എത്ര ത്രില്ലറുകള്‍ ഇറങ്ങി. പ്രേക്ഷകര്‍ ലോകത്തുള്ള ഒട്ടുമിക്ക ത്രില്ലര്‍ സിനിമകളും കണ്ടുകഴിഞ്ഞു. സാഹചര്യം മൊത്തത്തില്‍ മാറി. പ്രേക്ഷകരെ കുറിച്ചുള്ള ജഡ്ജ്‌മെന്റ് മൊത്തം പോയി. ആകെ കണ്‍ഫ്യൂസ്ഡ് ആയി. ഈ സബ്ജക്ട് കാലഹരണപ്പെട്ടതായി പോകാന്‍ സാധ്യതയുണ്ടാകുമോയെന്നൊക്കെ സംശയിച്ചിരുന്നു. അത്തരം ആശങ്കളൊക്കെ വെറുതെയായിരുന്നുവെന്ന് പ്രേക്ഷകരുടെ പ്രതികരണത്തില്‍ നിന്നും മനസിലാകുന്നു. ഇതൊരു സിബിഐ ലെവല്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറൊന്നുമല്ല. സിനിമയില്‍ പ്രമോദ് വെളിയനാട് അവതരിപ്പിക്കുന്ന കഥാപാത്രം പറയുന്നുണ്ട്, ബുദ്ധിയുള്ള ഏതു പൊലീസുകാരനും മനസിരുത്തിയൊന്ന് അന്വേഷിച്ചിരുന്നെങ്കില്‍ ഈ കേസ് തെളിയിക്കാമായിരുന്നുവെന്ന്. വേറെയാരും അതങ്ങനെ അന്വേഷിച്ചില്ല, അതുകൊണ്ടുണ്ടാകുന്ന കാര്യങ്ങളൊക്കെയാണ് സിനിമയില്‍ പറയുന്നത്.

ഡാര്‍വിന്‍ കുര്യാക്കോസ് എന്ന പുതുമുഖ സംവിധായകനിലേക്ക് ഈ സ്‌ക്രിപ്റ്റ് എല്‍പ്പിക്കാന്‍ കാരണം?

ഡാര്‍വിന്‍ എന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. ആദം ജോനില്‍ എനിക്കൊപ്പമുണ്ടായിരുന്നു. ഡാര്‍വിന്റെ സ്‌ക്രിപ്റ്റ് സെന്‍സാണ് എടുത്തു പറയേണ്ടത്. ഒരു സംവിധായകനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ് സ്‌ക്രിപ്റ്റ് സെന്‍സ്.

സിനിമയിലെ പശ്ചാത്തലം. സ്വന്തം നാടിന്റെ ഭൂമിക തന്നെ തെരഞ്ഞെടുക്കാന്‍ കാരണം?

കുറച്ചു കൂടി കംഫര്‍ട്ടായിരിക്കും. എന്നാലത് എഴുത്തിനെ എളുപ്പമാക്കുന്നൊന്നുമില്ല. നമ്മുക്കറിയാവുന്ന കാര്യങ്ങളൊക്കെ തന്നെയാകുന്നതിന്റെയൊരു ഗുണം കിട്ടുമെന്നു മാത്രം.

പ്രേക്ഷകനെ നന്നായി മനസിലാക്കാന്‍ കഴിയുന്നൊരു എഴുത്തുകാരനാണ് ജിനു വി എബ്രഹാം എന്നു തോന്നിയിട്ടുണ്ട്.

ഒരേ പാറ്റേണിലുള്ള സിനിമകളുടെ പിന്നാലെ പോകുന്നതില്‍ എനിക്ക് താത്പര്യമില്ല. സിബിഐ സിരീസുകള്‍ ഇവിടെ വിജയിച്ചു നില്‍ക്കുമ്പോഴാണ് ഞാന്‍ മാസ്‌റ്റേഴ്‌സ് എഴുതുന്നത്. പുതിയതായി എന്തു ചെയ്യാം എന്നാലോചനയില്‍ വരുന്നതാണത്. ഇവിടെയിറങ്ങുന്ന ത്രില്ലര്‍ സിനിമകളുടെ മൊത്തം പാറ്റേണുകളും മാറ്റിപ്പിടിച്ചതാണ് മാസ്റ്റേഴ്‌സ്.

ഞാനെന്ന എഴുത്തുകാരന്‍ മത്സരിക്കുന്നതും, കമ്യൂണിക്കേറ്റ് ചെയ്യുന്നതും തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നതുമൊക്കെ ജിനു എബ്രഹാം എന്ന പ്രേക്ഷകനെയാണ്. അമ്പത് ശതമാനമെങ്കിലും എന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന സബ്ജക്ടുകളാണ് ഞാനെഴുതുന്നത്. പ്രേക്ഷകര്‍ക്കൊപ്പമിരുന്ന് സിനിമകള്‍ കാണുന്ന, ഒരു സിനിമ എന്തുകൊണ്ട് എനിക്കിഷ്ടപ്പെട്ടു, എനിക്ക് ഇഷ്ടപ്പെടാതിരുന്നിട്ടും ഭൂരിഭാഗം പ്രേക്ഷകര്‍ക്കുമാ സിനിമ എന്തുകൊണ്ട് ഇഷ്ടപ്പെട്ടൂ എന്നൊക്കെ ചിന്തിക്കുന്ന ഒരാളാണ് ഞാന്‍.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍