UPDATES

ഗുണ്ടാ നേതാവിന്റെ പേരിൽ സൽമാൻ ഖാന്റെ വീട്ടിലേക്ക് കാബ്

പ്രാങ്ക് ഒപ്പിച്ച യുവാവിന് പണി കിട്ടി

                       

കഴിഞ്ഞ ദിവസം മുംബൈയിൽ ഓൺലൈനായി ഒരു കാബ് ബുക്കിംഗ് നടന്നു. പ്രശസ്ത സിനിമ തരാം സൽമാഖാന്റെ വസതിയിൽ നിന്ന് ബാന്ദ്ര പോലീസ് സ്‌റ്റേഷനിലേക്കായിരുന്നു ബുക്കിംഗ് നടത്തിയത്. ബുക്കിംഗ് വിലാസം അനുസരിച്ച് കാബ് സ്ഥലത്തെത്തുകയും ചെയ്തു. അതുവരെയും എല്ലാം കൃത്യമായിരുന്നു, എന്നാൽ സ്ഥലത്തെത്തിയ കാർ ഡ്രൈവറിന് താൻ പറ്റിക്കപ്പെട്ടതാണെന്ന് വളരെ പെട്ടെന്ന് തന്നെ മനസിലാക്കാനായി. എന്നാൽ ഈ പ്രാങ്ക് അൽപ്പം ഗൗരവമുള്ളതായിരുന്നു. കാബ് ബുക്ക് ചെയ്ത ആളുടെ പേര് ലോറൻസ് ബിഷ്‌ണോയി എന്നായിരുന്നു. ആ പേരിന്റെ ഉടമ ആരെന്ന് കണ്ടുപിടിക്കാൻ അധികം താമസമുണ്ടായിരുന്നില്ല. കഴിഞ്ഞ കുറച്ചുനാളുകളായി പ്രാദേശിക വാർത്ത മാധ്യമങ്ങളുടെ തലകെട്ടിൽ നിറഞ്ഞു നിന്ന അധോലോക നേതാവാണ് ലോറൻസ് ബിഷ്‌ണോയി.

നിലവിൽ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയിയുടെ പേരിൽ ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ ബാന്ദ്ര ഏരിയയിലെ വസതിയായ ഗാലക്‌സി അപ്പാർട്ട്‌മെൻ്റിൽ നിന്ന് ബാന്ദ്ര പോലീസ് സ്റ്റേഷനിലേക്ക് കാബ് ബുക്ക് ചെയ്തത് കബളിപ്പിക്കാനായിരുന്നെന്ന് കണ്ടെത്തി. കാബ് ഡ്രൈവർ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബിഷ്‌ണോയിയുടെ പേരിൽ ഒരു ക്യാബ് ബുക്ക് ചെയ്ത് അയച്ചത് ഗാസിയാബാദ് സ്വദേശി രോഹിത് ത്യാഗിയാണെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ ബാന്ദ്ര പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ത്യാഗിയെ ഐപിസി സെക്ഷൻ 505 (പൊതു വിദ്വേഷം ഉണ്ടാക്കുന്ന പ്രസ്താവനകൾ), 290 (പൊതു ശല്യം) എന്നി വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്യുകയും ചെയ്തു. ഏപ്രിൽ 19 നാണ് സംഭവം നടക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇയ്യാളെ പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു.

കഴിഞ്ഞ ആഴ്ച ഖാൻറെ മുംബൈയിലെ വസതിക്ക് നേരെ വെടിവെപ്പ് നടന്നിരുന്നു. വെടിവയ്പ്പിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ ചിത്രം പോലീസ് പുറത്തുവിട്ടതിന് പിന്നാലെ ബിഷ്‌ണോയി ഈ ആഴ്ച ആദ്യം വാർത്തകളിൽ നിറഞ്ഞിരുന്നു. സംഭവത്തിൻറെ ഉത്തരവാദിത്തം ഏറ്റെടുത്ത് കുപ്രസിദ്ധ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ സംഭവത്തിൽ ബിഷ്‌ണോയി സംഘത്തിൻ്റെ പങ്ക് അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞിരുന്നു.

ഈ സംഭവത്തോടെ സൽമാൻ ബിഷ്‌ണോയി പ്രശ്നം ബോളിവുഡിൽ വീണ്ടും ചർച്ചയാവുകയാണ്. കൃഷ്ണമൃഗത്തെ വേട്ടയാടിയതുമായി ബന്ധപ്പെട്ടാണ് സൽമാന് ബിഷ്ണോയി സംഘത്തിന്റെ നിരന്തര ഭീഷണിയുണ്ടായിരുന്നു. പലപ്പോഴും ഭീഷണിക്കത്തുകളും ഇ- മെയിലുകളും ലഭിച്ചിട്ടുണ്ട്. ഇതേ തുടർന്ന് താരത്തിന് വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്

ആരാണ് ലോറൻസ് ബിഷ്ണോയ്?

31 കാരനായ ബിഷ്‌ണോയി, കൊലപാതകം കൊള്ളയടി തുടങ്ങിയ കുറ്റകൃത്യങ്ങളിലൂടെയാണ് കുപ്രശസ്തി നേടുന്നത്. പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാലയെ കൊലപ്പെടുത്തിയത് ബിഷ്ണോയും താനും ഒരുമിച്ചു ചേർന്നാണെന്ന് മറ്റൊരു ഗുണ്ടാ നേതാവ് ഗോൾഡി ബ്രാർ അവകാശപ്പെട്ടതിനെ തുടർന്നാണ് ഇയാൾ പ്രശസ്തനാകുന്നത്.

സൽമാൻ ഖാന് പിന്നാലെ നിരന്തര ഭീഷണിയായി ലോറൻസ് ബിഷ്‌ണോയി എത്തുന്നത് എന്തുകൊണ്ട് ?

1998- ലാണ് കൃഷ്ണമൃഗത്തെ വേട്ടയാടിയെന്ന ആരോപണം സൽമാൻ ഖാന് നേരെ ആരോപണം ഉയരുന്നത്. ഇത് ബിഷ്‌ണോയി സമൂഹത്തെ വലിയ രീതിയിൽ അസ്വസ്ഥമാക്കി. കൃഷ്ണമൃഗങ്ങളെ ബിഷ്‌ണോയി സമൂഹം വിശുദ്ധമായാണ് കണക്കാക്കുന്നത്. 2018-ൽ കോടതിയിൽ ഹാജരായക്കിയ ലോറൻസ് ബിഷ്‌ണോയ് , “ഞങ്ങൾ സൽമാൻ ഖാനെ ജോധ്പൂരിൽ വച്ച് കൊല്ലും. നടപടിയെടുത്താൽ എല്ലാവർക്കും നേരെയും ഞാൻ തിരയും. ഞാനിപ്പോൾ ഒന്നും ചെയ്തിട്ടില്ല, ഒരു കാരണവുമില്ലാതെയാണ് എനിക്കെതിരെ നടപടിയെടുക്കുന്നത്.” ഇതിന് മുമ്പ് ലോറൻസ് ബിഷ്‌ണോയി ഓൺലൈനിലൂടെയും സൽമാൻ ഖാനെ ഭീഷണിപ്പെടുത്തിയിരുന്നു. ഗായിക ജിപ്പി ഗ്രേവാളിനെ ഭീഷണിപ്പെടുത്തുകയും സൽമാനെ ആർക്കും രക്ഷിക്കാൻ കഴിയില്ലെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. 2023-ൽ, ഖാൻ്റെ മാനേജർക്ക് ഒരു ഭീഷണി സന്ദേശം ഇമെയിൽ വഴി അയച്ചിരുന്നു. അതിൽ ബിഷ്‌ണോയ് ജയിലിൽ വെച്ച് നടത്തിയ അഭിമുഖത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. സൽമാനെ കൊല്ലുകയാണ് തൻ്റെ ലക്ഷ്യമെന്ന് 2023ൽ ജയിലിൽ നിന്ന് നൽകിയ അഭിമുഖത്തിൽ ബിഷ്‌ണോയ് പറഞ്ഞു. ഞങ്ങൾക്ക് പണം ആവശ്യമില്ല, ഒരു ക്ഷമാപണം മാത്രം മതി അയാൾ പറയുന്നു. “ഞങ്ങൾക്ക് പണം വേണ്ട. അവൻ ഞങ്ങളുടെ ക്ഷേത്രം സന്ദർശിച്ച് ഞങ്ങളോട് മാപ്പ് പറയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഒരു കൃഷ്ണമൃഗത്തെ വേട്ടയാടി എൻ്റെ സമൂഹത്തെയാകെ സൽമാൻ ഖാൻ അപമാനിച്ചു.” ബിഷ്‌ണോയ് പറഞ്ഞു.

2022 നവംബർ മുതൽ സൽമാന് അധിക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സംരക്ഷണത്തിനായി ലൈസൻസുള്ള തോക്കും കൈവശമുണ്ട്. അടുത്തിടെയാണ് താരം ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ വീടിന് പുറത്ത് വെടിവെയ്പ്പ് നടന്ന സംഭവത്തിനു ശേഷം ഉന്നതതല സുരക്ഷ ഉറപ്പാക്കുമെന്ന് സൽമാൻ ഖാന് വാഗ്‌ദാനവും നൽകിയിരുന്നു.

English summary ;  Man books cab in Lawrence Bishnoi’s name, sends it to Salman’s home

Share on

മറ്റുവാര്‍ത്തകള്‍