UPDATES

‘അത് സ്ഥാനത്യാഗമല്ല, പടിയിറക്കം, വത്തിക്കാന്‍ ആലഞ്ചേരിയെ അപമാനിച്ച് ഇറക്കിവിട്ടതുപോലെ ആയെന്നു മാത്രം’

വത്തിക്കാന്റെ പരാജയത്തിന് ഒരു സഭാധ്യക്ഷനെ മാത്രം കുറ്റക്കാരനാക്കി തീര്‍ത്ത്, നല്‍കേണ്ട മര്യാദകള്‍ ഒന്നും നല്‍കാതെ പുറത്താക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് അല്‍മായ മുന്നേറ്റം

                       

സിറോ മലബാര്‍ സഭയെ വിവാദച്ചുഴിയില്‍ കറക്കിയ നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കെ തന്നെയാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സഭ അധ്യക്ഷസ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്. ആരോഗ്യപ്രശ്‌നങ്ങള്‍ സഹിതമുള്ള കാരണങ്ങളാല്‍ തന്റെ രാജി നേരത്തെ നല്‍കിയിരുന്നെങ്കിലും മാര്‍പ്പാപ്പ ഇപ്പോഴാണ് രാജി അംഗീകരിച്ചതെന്നാണ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വ്യാഴാഴ്ച്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നത്. ഭൂമിക്കച്ചവടം, വ്യാജരേഖ, ഏകീകൃത കുര്‍ബാന വിവാദം തുടങ്ങി നാളുകളായി നിലനില്‍ക്കുന്ന ഭിന്നതകള്‍ക്കൊടുവിലാണ് സഭാ അധ്യക്ഷ സ്ഥാനത്ത് നിന്ന് കര്‍ദിനാള്‍ ആലഞ്ചേരി മാറുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അത് സ്ഥാന ത്യാഗമല്ല പടിയിറക്കം തന്നെയാണെന്നും ഇത്തരത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് വത്തിക്കാന്റെ പരാജയമാണെന്നുമാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ അല്‍മായ മുന്നേറ്റം പറയുന്നത്.

‘മാര്‍ ജോര്‍ജ് ആലഞ്ചേരി യഥാര്‍ത്ഥത്തില്‍ സ്ഥാനത്യാഗം ചെയ്തതല്ല. സ്ഥാനത്യാഗത്തിന്റെ രൂപത്തിലുള്ള ഒരു പടിയിറക്കലായിരുന്നു അത്. ഇത്തരം സാഹചര്യങ്ങളില്‍ വത്തിക്കാന്‍ അവലംബിക്കുന്ന രീതിയാണ് നിര്‍ബന്ധിത രാജി വെപ്പിക്കല്‍. മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കയ്യില്‍ നിന്ന് രാജി കത്ത് എഴുതി വാങ്ങിക്കുകയും, അതിനുശേഷം രാജി അംഗീകരിക്കുകയും ചെയ്യുന്നു, ഇതാണ് ഇപ്പോഴുണ്ടായ പടിയിറക്കം.

ഇതേ തന്ത്രമുപയോഗിച്ചാണ് ബിഷപ് ആന്റണി കരിയിലിനെയും വത്തിക്കാന്‍ പുറത്താക്കിയത്. നൂണ്‍ഷ്യോ(ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി) വരികയും ബിഷപ്പ് കരിയിലുമായി സംസാരിക്കുകയും അദ്ദേഹത്തോട് രാജി ആവശ്യപ്പെടുകയും ചെയ്തു. സഭയെയും സഭയില്‍ നടക്കുന്ന സംഭവ വികാസങ്ങളെയും പറ്റി വ്യക്തമായ ധാരണയുള്ളവര്‍ക്കറിയാം മാര്‍ ജോര്‍ജ് ആലഞ്ചേരിയുടേത് ഒരു പടിയിറക്കം തന്നെ ആയിരുന്നു എന്നത്. പക്ഷെ രാജി എഴുതി വാങ്ങിക്കുന്നതിന് അവലംബിച്ച രീതി തീര്‍ത്തും അപലപനീയമാണ്. ആന്റണി കരിയില്‍ പിതാവിന്റെ ഓഫീസില്‍ നേരിട്ടെത്തി ചര്‍ച്ച ചെയ്തതിനു ശേഷമാണ് നൂണ്‍ഷ്യോ അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് രാജി വാങ്ങിയത്. എന്നാല്‍ ആലഞ്ചേരി പിതാവിന്റെ കാര്യത്തില്‍ സ്ഥിഗതികള്‍ ഇതായിരുന്നില്ല. എയര്‍ പോര്‍ട്ടിലേക്ക് അദ്ദേഹത്തെ വിളിച്ചു വരുത്തി ഒരു മണിക്കൂര്‍ സംസാരിച്ചതിന് ശേഷം രാജി വാങ്ങിക്കുകയായിരുന്നു. വത്തിക്കാന്‍ ജോര്‍ജ് ആലഞ്ചേരി പിതാവിനോട് കാണിച്ചത് തീര്‍ത്തും മര്യാദകേടാണ്. മര്യാദയില്ലാതെ ഒരു സഭാധ്യകഷനെ വത്തിക്കാന്‍ പുറത്താക്കിയെന്നത് അപലപിക്കേണ്ട തീരുമാനമാണ്.

അതേസമയം മാര്‍ ആന്‍ഡ്രൂസ് താഴ്ത്തിനെ പുറത്താകാന്‍ രാജി എഴുതി വാങ്ങിക്കേണ്ട കാര്യമൊന്നുമില്ല. അദ്ദേഹം രാജി കത്ത് നല്‍കേണ്ട ആവശ്യവുമല്ല. കാരണം, ആന്‍ഡ്രൂസ് താഴത്തിന്റെത് വത്തിക്കാന്‍ നേരിട്ട് നിയോഗിച്ച പദവിയായിരുന്നു, അതുകൊണ്ടു തന്നെ പദവിയില്‍ നിന്ന് നീക്കം ചെയ്തതായി അറിയിക്കുന്ന ഉത്തരവ് മാത്രം മതി അദ്ദേഹത്തെ സ്ഥാനത്തു നിന്ന് നീക്കാന്‍. യഥാര്‍ത്ഥത്തില്‍ രണ്ടു പേരെയും വത്തിക്കാന്‍ പുറത്താക്കി എന്ന് പറയുന്നതാണ് അതിന്റെ ശരി; അല്‍മായ മുന്നേറ്റം പ്രതിനിധി ഷൈജു ആന്റണിയുടെ വാക്കുകള്‍.

സഭയെ ഇത്രയും വലിയ ആശയകുഴപ്പത്തിലേക്ക് എത്തിച്ചത് വത്തിക്കാന്റെ വലിയ പരാജയവും വത്തിക്കാന്റെ ഭരണ സമിതിയുടെ വലിയ വീഴ്ച്ചയും കൂടിയാണെന്നും ഷൈജു ആന്റണി പരാതിപ്പെടുന്നു. ‘ഇവിടെ ഇത്രയും പ്രശ്‌നങ്ങള്‍ നടക്കുന്ന കാര്യങ്ങള്‍ വത്തിക്കാന് വളരെ വ്യക്തമായി അറിയാമായിരുന്നു. മൂന്നോ നാലോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമി കുംഭകോണത്തെ പറ്റി അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ സ്വാതന്ത്ര കമ്മീഷനെ വത്തിക്കാന്‍ നിയോഗിച്ചിരുന്നു. എന്നിട്ട് ആ റിപ്പോര്‍ട്ടിന്റെ പുറത്ത് വത്തിക്കാന്‍ അടയിരുന്നു. സുപ്രിം കോടതി വിചാരണ നേരിടണം എന്നു വിധി പ്രസ്താവിക്കുകയും, ജാമ്യ വ്യവസ്ഥകള്‍ കര്‍ക്കശമാക്കുകയും ചെയ്യണം എന്നു പറയുന്നത് വരെയും വത്തിക്കാന്‍ മിണ്ടാതെയിരുന്നു. കാര്യങ്ങള്‍ ഇത്രയും വഷളാകുന്നതിനു മുന്‍പേ തന്നെ വത്തിക്കാന് ഈ വിഷയത്തില്‍ ഇടപെടാമായിരുന്നു, വൈദീകരോട് സംസാരിച്ചു പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കി അതിനു വേണ്ട നടപടികള്‍ സ്വീകരിക്കുകയും ചെയ്യാമായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബുദ്ധിപൂര്‍വം ഇടപെടുന്നതിന് പകരം അവര്‍ മൗനം അവലംബിക്കുകയാണ് ചെയ്തത്. എന്താണ് സംഭവിച്ചത് എന്നതിന്റെ യഥാര്‍ത്ഥ വിവരശേഖരണം നടത്തി ഒരു തീരുമാനം എടുക്കാമായിരുന്നു. കേരളത്തിലെ ആറരലക്ഷത്തോളം വിശ്വാസികളെ ബാധിക്കുന്ന വിഷയത്തില്‍ വത്തിക്കാന്‍ നിഷ്‌ക്രിയരും നിസംഗരുമായിരുന്നു. ഏറ്റവും അവസാന ഘട്ടത്തില്‍ മറ്റു വഴികള്‍ ഒന്നും ഇല്ലാതെ വന്നപ്പോഴാണ് വിഷയത്തില്‍ അവര്‍ ഒരു നീക്കം നടത്തിയത്. ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണം എന്ന് സുപ്രീം കോടതി വിധി പറഞ്ഞത്തിനു ശേഷമാണ് വത്തിക്കാന്‍ രേഖകള്‍ പരിശോധിക്കാന്‍ തന്നെ തയ്യാറായത്. എന്തിനു വേണ്ടിയായിരുന്നു വത്തിക്കാന്‍ സഭയെ ഇത്രയും കാലം മുള്‍മുനയില്‍ നിര്‍ത്തിയത്’ ഷൈജു ആന്റണി ചോദിക്കുന്നു.

സത്യത്തില്‍ വത്തിക്കാന്റെ പരാജയത്തിന് ഒരു സഭാധ്യക്ഷനെ മാത്രം കുറ്റക്കാരനാക്കി തീര്‍ക്കുകയും, നല്‍കേണ്ട മര്യാദകള്‍ ഒന്നും നല്‍കാതെ പുറത്താക്കുകയുമാണ് ചെയ്തതെന്നാണ് അല്‍മായ മുന്നേറ്റത്തിന്റെ ആക്ഷേപം. വത്തിക്കാന്റെ നയങ്ങള്‍ക്ക് യോജിക്കാത്തതാണ് ആലഞ്ചേരി പിതാവിനോട് ചെയ്ത നടപടി. വത്തിക്കാന്‍ നിഷ്‌ക്രിയമായിരുന്നതിന്റെ ബാക്കി പത്രമാണ് ഇപ്പോളുണ്ടായ ഈ പ്രശനം. ലോകമിത്രയും പുരോഗമിച്ച് കഴിഞ്ഞിട്ടും ഒരു വിഷയത്തില്‍ വത്തിക്കാന്‍ തക്കതായ നടപടികളെടുക്കുന്നതിന് ആറു വര്‍ഷത്തിലേറെ നിസ്സംഗമായിരുന്നു എന്നത് സഭയെ വലിയ ദുരിതത്തിലേക്കാണ് തള്ളി വിട്ടത്. കാരണം സാധാരണ വിശ്വാസികളുടെ വിശ്വാസത്തെയും സഭയുടെ കെട്ടുറപ്പിനെയും ബാധിക്കുന്ന വിഷങ്ങളായിട്ടുകൂടിയാണ് ഇത്തരത്തിലൊരു സമീപനം വത്തിക്കാന്റെ ഭാഗത്ത് നിന്നുണ്ടായത് എന്നാണ് വിശ്വാസികള്‍ക്കുള്ള പൊതുവായ പരാതി.

‘വത്തിക്കാന്റെ പരാജയമായി കരുതാവുന്ന പ്രവര്‍ത്തിയാണ് ഈ സംഭവവികാസങ്ങളെല്ലാം. അതിന്റെ ഉദാഹരണങ്ങളാണ് രണ്ട് പുറത്താക്കലുകളും. മാര്‍ ആന്‍ഡ്രൂസ് താഴത്ത് പിതാവ് ഇവിടെയുണ്ടായിരുന്ന സമയത്ത് ബസലിക്കയില്‍ വലിയ അക്രമം നടന്നു, കുര്‍ബാന മലിനപ്പെട്ടു, പോലീസിനെ ഉപയോഗിച്ച് കുര്‍ബാന ചൊല്ലേണ്ട സാഹചര്യമുണ്ടായി. ഇതേ സമീപനം തന്നെയാണ് ഏകീകൃത കുര്‍ബാനയിലും. മാര്‍പാപ്പ ഒരു പ്രസ്താവനയിറക്കുമ്പോള്‍ അതില്‍ വസ്തുതാപരമായ തെറ്റുകള്‍ വരാന്‍ പാടുള്ളതല്ല. യാതൊരു ഉള്‍കാഴ്ചയുമില്ലാതെ എഴുതിയ കത്തായിരുന്നു അത്. ഏറ്റവുമവസാനം കൂടിയ സിനഡ് ഒമ്പതംഗ സമിതിയെ നിയോഗിച്ചിരുന്നു, എല്ലാവരുമായി സംസാരിച്ചു പരിഹാര നിര്‍ദേശം സമര്‍പ്പിച്ചിരുന്നു. ആ പരിഹാര നിര്‍ദേശം ഏകണ്ഠമായി പാസ്സാക്കിയതുമാണ്, അത് പോസിറ്റീവ് ശുപാര്‍ശയുമായി വത്തിക്കാനിലേക്ക് അയക്കുകയാണ് ചെയ്തതാണ്. സിനഡ് പറയുന്നത് അംഗീകരിക്കണം എന്ന് മാര്‍പാപ്പ പറഞ്ഞാല്‍ ഇതല്ലേ ഞങ്ങള്‍ അംഗീകരിക്കേണ്ടത്. പക്ഷെ ഇത്തരത്തില്‍ ഒരു നിര്‍ദേശത്തെ കുറിച്ച് മാര്‍പാപ്പയുടെ കത്തില്‍ ഒരു പരാമര്‍ശം പോലുമില്ല എന്നതാണ് വാസ്തവം. അതിനര്‍ത്ഥം ഇക്കാര്യം മാര്‍പ്പാപ്പയെ അറിയിച്ചിട്ടില്ല എന്നാണ്. മാര്‍പ്പായെ ഇരുട്ടില്‍ നിര്‍ത്തി കൊണ്ട് ഇവുടുത്തെ കുറച്ച് മെത്രാന്മാര്‍ ചേര്‍ന്നുണ്ടാക്കിയതാണ് ഇതെല്ലാം. ഈ കാലഘട്ടത്തില്‍ ഇത്തരം കാര്യങ്ങളൊന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്’- ഷൈജു ആന്റണിയുടെ വാക്കുകള്‍.

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെയും മാര്‍ ആന്‍ഡ്‌റൂസ് താഴത്തിന്റെയും രാജി സിറോ മലബാര്‍ സഭയുടെ ഇരുണ്ടയുഗത്തിന് അവസാനമായെന്നും അല്മായ മുന്നേറ്റം പറയുന്നു. കഴിഞ്ഞ ആറു വര്‍ഷമായി എറണാകുളം അതിരൂപത വിശ്വാസികളും വൈദീകരും നീതിക്കും സത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു. എറണാകുളം അതിരൂപത വിശ്വാസ സമൂഹം ആയിരക്കണക്കിന് പരാതികള്‍, നിവേദനങ്ങള്‍ സഭാ നേതൃത്വത്തിന് മുന്നില്‍ വച്ചിട്ടും ഒരു നടപടി എടുക്കാന്‍ വത്തിക്കാന്‍ വരുത്തിയ കാലതാമസത്തിന് ഈ സഭയോടും അതിരൂപതയോടും വിശ്വാസികളോടും സഭാ നേതൃത്വം മാപ്പ് പറയണമെന്നാണ് അല്മായ മുന്നേറ്റം അതിരൂപത കണ്‍വീനര്‍ ജെമി ആഗസ്റ്റിനും വക്താവ് റിജു കാഞ്ഞൂക്കാരനും ആവശ്യപ്പെടുന്നത്.

കര്‍ദിനാള്‍ ആലഞ്ചേരിയുടെയും മാര്‍ ആന്‍ഡ്രൂസിന്റെയും രാജി കൊണ്ട് എറണാകുളം അതിരൂപത മുന്നോട്ടു വച്ച പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ലെന്നാണ് അല്മായ മുന്നേറ്റം പറയുന്നത്. എറണാകുളം അതിരൂപത ഭൂമി കുംഭകോണത്തില്‍ വത്തിക്കാന്‍ നിര്‍ദേശിച്ച റെസ്റ്റിട്യൂഷന്റെയും, ജനഭിമുഖ കുര്‍ബാനയുടെയും കാര്യത്തില്‍ എറണാകുളം അതിരൂപത വിശ്വാസ സമൂഹത്തിന്റെ നിലപാടില്‍ ഒരു മാറ്റവും ഇല്ലെന്നും അല്മായ മുന്നേറ്റം ഓര്‍മിപ്പിച്ചു. പുതിയ സഭാ നേതൃത്വം രണ്ടു വിഷയങ്ങളിലും എറണാകുളം അതിരൂപത സമൂഹത്തെ കേള്‍ക്കാന്‍ തയ്യാറാകുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സീറോ മലബാര്‍ സഭയും എറണാകുളം അതിരൂപതയും വിശ്വാസ സമൂഹവും അനുഭവിച്ച മാനക്കേടിന് മാര്‍ ആലഞ്ചേരിയും മാര്‍ ആന്‍ഡ്രൂസും പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും അല്മായ മുന്നേറ്റം അതിരൂപത സമിതി ആവശ്യപ്പെട്ടു. എറണാകുളം അതിരൂപത വിശ്വാസികളെ കേള്‍ക്കാതെ പോലിസ് രാജ് വഴി സ്വന്തം അജണ്ട അടിച്ചേല്‍പ്പിക്കാനുള്ള മാര്‍ ആന്‍ഡ്രൂസിന്റെ നടപടിയാണ് അദ്ദേഹത്തിന്റെ രാജിയില്‍ അവസാനിച്ചത്, നിയുക്ത അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ വിശ്വാസികളെയും വൈദീകരെയും കേള്‍ക്കാന്‍ തയ്യാറായാല്‍ ഈ അതിരൂപതയിലെ മുഴുവന്‍ പ്രശ്‌നങ്ങളും അവസാനിക്കുമെന്നും അല്മായ മുന്നേറ്റം അതിരൂപത അറിയിച്ചു.

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Related news


Share on

മറ്റുവാര്‍ത്തകള്‍