UPDATES

5000 ഇന്ത്യക്കാർ കംബോഡിയയിൽ സൈബർ തടവിൽ

ആറ് മാസത്തിനിടെ ഇന്ത്യയിൽ നിന്ന് തട്ടിയത് 500 കോടി

                       

കംബോഡിയയിൽ 5,000-ത്തിലധികം ഇന്ത്യക്കാർ അനധികൃതമായി തടവിലാക്കപ്പെട്ടിരിക്കുകയാണെന്ന ഏറ്റവും പുതിയ റിപോർട്ടുകൾ പുറത്ത്. തടവിലാക്കപ്പെട്ട ഇവരെ നാട്ടിലുള്ള ആളുകളിൽ നിന്ന് പണം തട്ടുന്ന സൈബർ കുറ്റ കൃത്യത്തിൽ പങ്കാളികളാകാൻ നിർബന്ധിതരാക്കുകയും ചെയ്യുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപോർട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഇന്ത്യയിൽ നിന്ന് 500 കോടി രൂപയെങ്കിലും തട്ടിപ്പുകാർ കബളിപ്പിച്ചിട്ടുണ്ടെന്നാണ് സർക്കാർ കണക്ക്. മാർച്ച് ആദ്യ വാരം കബോഡിയയിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) വിദേശകാര്യ മന്ത്രാലയം (എംഇഎ), ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (Meity), ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ (ഐ4സി), മറ്റ് സുരക്ഷാ വിദഗ്ധർ എന്നിവരുമായി ഒരു കൂടിക്കാഴ്ച നടത്തിയിരുന്നു.

സംഘടിത റാക്കറ്റിനെ കുറിച്ച് ചർച്ച ചെയ്യുകയും കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാന അജണ്ട. കഴിഞ്ഞ ആറ് മാസത്തിനിടെ ഇന്ത്യയിൽ നിന്ന് തട്ടിപ്പിലൂടെ അവർ നേടിയ 500 കോടി രൂപയെ കുറിച്ചും ചർച്ചയിൽ ഉൾപ്പെടുത്തിയിരുന്നു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തട്ടിപ്പ് സംഘത്തിന്റെ ഏജന്റുമാർ കബളിപ്പിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. സൈബർ തട്ടിപ്പുകൾക്കായി ഡാറ്റാ എൻട്രി ജോലി എന്ന വ്യാജേനയാണ് കമ്പോഡിയയിലേക്ക് ആളുകളെ കടത്തിയിരുന്നത് എന്നാണ് റിപോർട്ടുകൾ വ്യക്തമാക്കുന്നത്.

കംബോഡിയയിൽ കുടുങ്ങിയവരിൽ ചിലർ ഇന്ത്യയിൽ തിരിച്ചെത്തി ആളുകളെ കബളിപ്പിക്കാൻ നിർബന്ധിതരായിട്ടുണ്ടെന്നും. ചില കേസുകളിൽ നിയമപാലകരായി നടിച്ചാണ് പണം തട്ടാൻ നിർബന്ധിതരായെന്നും വെളിപ്പെടുത്തിയിരുന്നു. കംബോഡിയയിൽ രക്ഷപ്പെടുത്തിയ ബംഗളൂരുവിൽ നിന്നുള്ള മൂന്ന് പേരെ ഇന്ത്യയിലെത്തിച്ചിട്ടുണ്ടെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.

“രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എട്ട് പേരെ ഞങ്ങൾ അറസ്റ്റ് ചെയ്തിട്ടുണ്ട്, അഴിമതിയിൽ ഉൾപ്പെട്ട ഒന്നിലധികം വ്യക്തികൾക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ട്. 16 പേർക്കെതിരെ ലുക്ക് ഔട്ട് സർക്കുലറുകൾ പുറപ്പെടുവിക്കുകയും, തുടർന്ന് ഇമിഗ്രേഷൻ ബ്യൂറോ ഈ ആഴ്ച കംബോഡിയയിൽ നിന്ന് മടങ്ങവേ ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ച് ഹരീഷ് കുരാപതി, നാഗ വെങ്കട സൗജന്യ കുരപതി എന്നീ രണ്ട് പേരെ തടഞ്ഞുവക്കുകയും ചെയ്തിട്ടുണ്ട്” എന്ന് ഒഡിഷയിലെ റൂർക്കേല  പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. , 70 ലക്ഷം രൂപയുടെ തട്ടിപ്പിനിരയായ ഒരു മുതിർന്ന കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസന്വേഷണം എന്നും അദ്ദേഹം വ്യക്തമാക്കി.

 

കംബോഡിയയിൽ കുടുങ്ങിയ മൂന്ന് പേരെ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ രക്ഷപ്പെടുത്തിയതായി കർണാടക സർക്കാരിൻ്റെ നോൺ റസിഡൻ്റ് ഇന്ത്യൻ ഫോറം ഡെപ്യൂട്ടി ചെയർമാൻ (എൻആർഐഎഫ്കെ) ഡോ ആരതി കൃഷ്ണ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞിരുന്നു.

രക്ഷപ്പെടുത്തിയ വ്യക്തികളുടെ കുടുംബാംഗങ്ങൾ നോൺ റസിഡൻ്റ് ഇന്ത്യൻ ഫോറത്തിനെ സമീപിക്കുകയായിരുന്നു. ഇവർ മൂന്ന് പേരും കംബോഡിയയിൽ, ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരായി ജോലിക്കാണ് പോയതാണെന്നും പക്ഷെ നിലവിൽ സൈബർ തട്ടിപ്പുകൾ നടത്താൻ നിർബന്ധിതരാകുന്നുവെന്നും പറയുകയും ചെയ്തു. തുടർന്ന് കംബോഡിയയിലെ ഇന്ത്യൻ എംബസിയുമായുള്ള ഏകോപിപ്പിച്ച പരിശ്രമങ്ങളുടെ അടിസ്ഥാനത്തിലാണ് കുടുങ്ങി കിടന്ന മൂന്ന് പേരെയും തിരികെയെത്തിച്ചത്. മടങ്ങിയെത്തിയ ഇവർ ഇനിയും 200 ഓളം പേർ കൂടി കംബോഡിയയിൽ തങ്ങളെ താമസിപ്പിച്ചിരുന്നിടത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുകയായിരുന്നുവെന്നും’ ആരതി കൃഷ്ണ പറഞ്ഞു.

രക്ഷപ്പെട്ട മൂന്നു പേരിൽ ഒരാളായ സ്റ്റീഫൻ പറയുന്നു;

“മംഗളൂരുവിലെ ഒരു ഏജൻ്റ് എനിക്ക് കമ്പോഡിയയിൽ ഡാറ്റാ എൻട്രി ജോലി വാഗ്ദാനം ചെയ്താണ് അവിടെയെത്തുന്നത്. എനിക്ക് ഐടിഐ ബിരുദമുണ്ട്, കോവിഡ് കാലത്ത് ചില കമ്പ്യൂട്ടർ കോഴ്സുകളും ഞാൻ പഠിച്ചിട്ടുണ്ട്. ആന്ധ്രാക്കാരനായ ബാബു റാവു എന്ന ഒരാൾ ഉൾപ്പെടെ കമ്പോഡിയയിലേക്കുള്ള യാത്രയിൽ ഞങ്ങൾ മൂന്ന് പേർ ഉണ്ടായിരുന്നു. ഇമിഗ്രേഷനിൽ, ഞങ്ങൾ ടൂറിസ്റ്റ് വിസയിലാണ് പോകുന്നതെന്ന് ഏജൻ്റ് സൂചിപ്പിച്ചത് എൻ്റെ സംശയം ഉയർത്തി. കംബോഡിയയിൽ, ഒരു ഓഫീസ് സ്ഥലത്തേക്കാണ് ആദ്യം ഞങ്ങളെ കൊണ്ടുപോയത്. അവിടെ വച്ച് ഒരു അഭിമുഖം നടത്തി. ഞങ്ങൾ രണ്ടു പേർ തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. പിന്നീടാണ് ഞങ്ങളുടെ ജോലി തട്ടിപ്പിന് വിധേയരാകാനുളള ആളുകളുടെ ഫേസ്ബുക്കിൽ പ്രൊഫൈലുകൾ തെരയുന്നതും തിരിച്ചറിയുന്നതുമാണെന്ന് മനസിലായത്. ഞങ്ങളുടെ ടീം ചൈനക്കാരായിരുന്നു, എന്നാൽ അവരുടെ നിർദ്ദേശങ്ങൾ ഞങ്ങൾക്ക് ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തുന്നതിനായി മലേഷ്യയിൽ നിന്നുള്ള വ്യക്തി കൂടെയുണ്ടായിരുന്നു.

വ്യത്യസ്‌ത പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള സ്ത്രീകളുടെ ഫോട്ടോകൾ ഉപയോഗിച്ച് വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സൃഷ്ടിക്കേണ്ട ചുമതലയും ഞങ്ങൾക്കുണ്ടായിരുന്നു. ഈ ഫോട്ടോകൾ തെരഞ്ഞെടുക്കുമ്പോൾ  ശ്രദ്ധിക്കണമെന്ന് ഞങ്ങളോട് പ്രത്യേകം പറഞ്ഞിരുന്നു. അതായത് ദക്ഷിണേന്ത്യൻ പെൺകുട്ടിയുടെ പ്രൊഫൈൽ ഉപയോഗിച്ച് ഉത്തരേന്ത്യയിൽ ഉള്ള ആളെയായിരിക്കും തട്ടിപ്പിൽ കുടുക്കുക. തട്ടിപ്പിനിരയാകുന്നവരിൽ സംശയം ഉണ്ടാകാതിരിക്കാനായിരുന്നു ഇത്. ജോലി ചെയ്തില്ലെങ്കിൽ ഭക്ഷണം നൽകില്ല. അവിടെ ചെന്ന് ഒന്നര മനസങ്ങൾക്ക് ശേഷമാണ് കുടുംബവുമായി ബന്ധപ്പെടാൻ സാധിച്ചത്. അതിനു ശേഷമാണ് എംബസിയുമായി സംസാരിച്ചതും രക്ഷപെപ്പെടാൻ സാധിച്ചതെന്നും” സ്റ്റീഫൻ പറയുന്നു.

ജോലി നൽകുമെന്ന വ്യാജേനയാണ് ഏജന്റുമാർ കമ്പോഡിയയിലേക്ക് ആളുകളെ കടത്തുന്നത്. എന്നാൽ അവിടെ എത്തുന്നതോടെ തട്ടിപ്പ് കമ്പനികളിൽ ചേരാൻ പ്രേരിപ്പിക്കുന്നു. ഇത്തരം കമ്പനികൾ ഇവരുടെ പാസ്പോർട്ട് തടഞ്ഞു വക്കുകയും 12 മണിക്കൂർ വരെ ആവശ്യപ്പെടുന്ന ജോലികളിൽ ഏറെപ്പെടാൻ നിർബന്ധിതരാക്കുകയും ചെയ്യുന്നു. അവർ നിർദേശിക്കുന്ന ജോലി ചെയ്യാൻ ആരെങ്കിലും വിസ്സമ്മതിക്കുകയാണെകിൽ ശാരീരികമായ ആക്രമണം, വൈദ്യുതാഘാതം, ഏകാന്തതടവ് തുടങ്ങിയ ശിക്ഷാ നടപടികൾക്ക് ഇവരെ വിധേയരാക്കും. ഇത്തരത്തിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരുമായി ബന്ധപ്പെടാനും സുരക്ഷിതമായ മാർഗ്ഗങ്ങളിലൂടെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും റൂർക്കേല സബ് ഡിവിഷണൽ പോലീസ് ഓഫീസർ ഉപാസന പാധി വ്യക്തമാക്കിയിരുന്നു.

2023 ഏപ്രിലിൽ പ്നോം പെന്നിലെ തട്ടിപ്പ് കമ്പനിയിൽ ചേരാനാണ് ഇവരെ ആദ്യം നിയോഗിച്ചത്, അവിടെ, ഡേറ്റിംഗ് ആപ്പുകളിൽ സ്ത്രീകളെപ്പോലെ പോസ് ചെയ്യാനും തട്ടിപ്പിനായി ഇരകളോട് സ്ത്രീകളെ പോലെ സംസാരിക്കാനും നിര്ബന്ധിതരാകുകയാണ് ആദ്യ ഘട്ടം. അടുത്ത ഘട്ടത്തിൽ തപ്പിനിരയാകുന്നവരോട് ക്രിപ്‌റ്റോകറൻസി ട്രേഡിംഗിൽ നിക്ഷേപിക്കാൻ ഉപദേശിക്കും. ഇന്ത്യയിൽ ഇവരുടെ നിർദ്ദേശപ്രകാരം വ്യാജ നിക്ഷേപം നടത്തിയ നിരവധി പേർക്ക് ലക്ഷങ്ങളോളം രൂപ നഷ്ടം വന്നുവെന്നും ഉപാസന പാധി പറഞ്ഞു.

2023 ഒക്ടോബറിൽ സമാനമായ രീതിയിൽ ഓൺലൈൻ ആപ്പ് വഴി വ്യാജ ഓഹരികളിൽ നിക്ഷേപിക്കാൻ വ്യക്തികളെ പ്രേരിപ്പിക്കുന്ന തട്ടിപ്പ് വഴിയും അനവധി പേർ കബളിപ്പിക്കപ്പെട്ടതായി റൂർക്കേല പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. തട്ടിപ്പ് കമ്പനികളുടെ കേന്ദ്ര സ്ഥാനം, അവ പ്രവർത്തകർ ആരൊക്കെയാണ്, പ്രവർത്തന ശൈലി ഏത് തരത്തിലാണ്, മാനേജ്മെൻ്റ് ശ്രേണി എന്നിവയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ തങ്ങളുടെ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. കൂടാതെ തപ്പിലെ മുഖ്യ പങ്കാളികൾ എന്ന് കരുതപ്പെടുന്ന ഇന്ത്യൻ വംശജരായ മൂന്ന് പേരെയും ഒരു നേപ്പാൾ വംശജനെയും തിരിച്ചറിഞ്ഞതായും പറഞ്ഞു. കൂടാതെ അഴിമതിയിലെ പ്രധാന അക്രമികളെ അറസ്റ്റ് ചെയ്യാൻ ഇൻ്റർപോളിൻ്റെ സഹായം തേടാൻ ഉദ്ദേശിക്കുന്നതായും, ഉപാസന പാധി വ്യക്തമാക്കി.

Share on

മറ്റുവാര്‍ത്തകള്‍