UPDATES

വിദേശം

ആദ്യ നൈട്രജന്‍ വധശിക്ഷ നടപ്പാക്കി അമേരിക്ക

ഡെത്ത് പെനാൽറ്റി ഇൻഫർമേഷൻ സെന്ററിന്റെ റിപ്പോർട്ട് പ്രകാരം നൈട്രജൻ വാതകം ഉപയോഗിച്ച് കൊണ്ട് വധശിക്ഷക്ക് വിധേയനാകുന്ന യു എസിലെയും ലോകത്തിലെ തന്നെ ആദ്യത്തെ കുറ്റവാളിയാണ് കെന്നത്ത് യൂജിൻ സ്മിത്ത്.

                       

 

ലോകത്തിലാദ്യമായി നൈട്രജൻ വാതകം ഉപയോഗിച്ചുകൊണ്ടുളള വധശിക്ഷ നടപ്പിലാക്കിയിരിക്കുകയാണ് അമേരിക്ക. ക്രൂരവും മനുഷ്യത്വ രഹിതവുമായ ശിക്ഷരീതിയാണിതെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നെങ്കിലും നൈട്രജൻ വാതകം ഉപയോഗിച്ച് കൊണ്ട് കെന്നത്ത് സ്മിത്തിന്റെ വധശിക്ഷ നടപ്പിലാക്കാൻ തീരുമാനിക്കുകയായിരുന്നു ഭരണകൂടം. ഏറ്റവും മാനുഷികമായ ശിക്ഷാവിധിയാണിതെന്നായിരുന്നു സ്റ്റേറ്റ് അറ്റോർണി ജനറൽ സ്റ്റീവ് മാർഷൽ ഈ ശിക്ഷാ രീതിയെ വിശേഷിപ്പിച്ചത്. എന്നാൽ നൈട്രജൻ വാതകം ഉപയോഗിച്ചുകൊണ്ടുള്ള പുതിയ ശിക്ഷ രീതി ക്രൂരമാണെന്നും ഇതുവരെ നടന്നിട്ടില്ലാത്ത വധശിക്ഷാ രീതിയുടെ പരീക്ഷണ വസ്തുവാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ആരോപിച്ചുകൊണ്ട് ശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെന്നത്ത് നൽകിയ അപ്പീൽ വീണ്ടും യുഎസ് സുപ്രീം കോടതി തള്ളുകയായിരുന്നു. 58 കാരനായ കെന്നത്ത് സ്മിത്ത് ജനുവരി 25 വ്യാഴാച്ച രാത്രി 8.25 -ന് നൈട്രജൻ വധശിക്ഷക്ക് വിധേയനായെന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ.

ഡെത്ത് പെനാൽറ്റി ഇൻഫർമേഷൻ സെന്ററിന്റെ റിപ്പോർട്ട് പ്രകാരം നൈട്രജൻ വാതകം ഉപയോഗിച്ച് കൊണ്ട് വധശിക്ഷക്ക് വിധേയനാകുന്ന യു എസിലെയും ലോകത്തിലെ തന്നെ ആദ്യത്തെ കുറ്റവാളിയാണ് കെന്നത്ത് യൂജിൻ സ്മിത്ത്. നൈട്രജൻ വാതകം ഉപയോഗിച്ചുകൊണ്ടുള്ള വധ ശിക്ഷ അനാവശ്യ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിന് കാരണമാകുമെന്നും ഏതെങ്കിലും തരത്തിൽ നൈട്രജൻ ചോർന്നാൽ അത് ശിക്ഷാവേളയിൽ മുറിയിൽ സന്നിഹിതരായിട്ടുള്ള മറ്റുള്ളവരെ ദോഷകരമായി ബാധിക്കുമെന്നും കെന്നത്ത് സ്മിത്തിന്റെ അഭിഭാഷകർ കോടതിയിൽ വാദിചെങ്കിലും നിരാശയായിരുന്നു ഫലം. തന്നെ സംബന്ധിച്ചിടത്തോളം വധ ശിക്ഷക്ക് വേണ്ടിയുള്ള ഈ കാത്തിരിപ്പ് പീഡനത്തിന് തുല്യമാണെന്ന് കെന്നത്ത് സ്മിത്ത് മുൻപ് ബി ബി സിയോട് പറഞ്ഞു.

 

ഓക്‌സിജനുപകരം നൈട്രജൻ ശ്വസിക്കാൻ നൽകുകയും തുടന്ന് ശരീരത്തിലെ ഓക്സികന്റെ അഭാവം മൂലം മരിക്കുന്ന രീതിയാണ് ഇത്. നൈട്രജൻ മാത്രം ശ്വസിക്കാൻ ഒരു വ്യക്തിയെ നിർബന്ധിക്കുകയും ഓക്‌സിജൻ ലഭിക്കാതിരിക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നതാണ് നൈട്രജൻ ഹൈപ്പോക്‌സിയയ്ക്ക് കാരണമാകുന്നത്. ഒക്ലഹോമ, മിസിസിപ്പി, അലബാമ എന്നീ മൂന്ന് സംസ്ഥാനങ്ങളാണ് നിലവിൽ നൈട്രജൻ ഉപയോഗിച്ചുകൊണ്ടുള്ള ശിക്ഷാ രീതിക്ക് അംഗീകാരം നൽകിയിട്ടുള്ളത്. ഇതിനു മുൻപും കെന്നത്ത് തന്നെ വധിക്കാനുളള ഭരണകൂടത്തിന്റെ നടപടികളെ അതീജീവിച്ചിരുന്നു. 2022-ൽ മാരകമായ വിഷം (ലീതൽ ഇൻജെക്ഷൻ) കുത്തിവച്ച് വധിക്കാൻ ശ്രമിച്ചെങ്കിലും. ഐ വി ലൈൻസ് ഇടാനുള്ള ഞരമ്പ് കിട്ടാത്തത് മൂലം വധശിക്ഷക്ക് കോടതി നൽകിയ സമയം അവസാനിക്കുകയും തുടർന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

1988-ൽ വടക്കൻ അലബാമ സമൂഹത്തെ ഇളക്കിമറിച്ച കൊലപാതകത്തിലെ പ്രതിയാണ് കെന്നത് യൂജിൻ സ്മിത്ത്. ചർച്ച് ഓഫ് ക്രൈസ്റ്റിന്റെ പാസ്റ്ററായിരുന്ന ചാൾസ് സെന്നറ്റ് സീനിയറിന്റെ ഭാര്യയായ എലിസബത്ത് സെനറ്റിനെ കൊലപ്പെടുത്തിയ കുറ്റത്തിൽ ശിക്ഷിക്കപ്പെട്ട രണ്ടുപേരിൽ ഒരാളാണ് കെന്നത്ത് സ്മിത്ത്. വലിയ കട ബാധ്യതയിലായിരുന്ന എലിസബത്തിന്റെ ഭർത്താവ് ഇൻഷുറൻസ് തുക ലഭിക്കുന്നതിന് കെന്നത്തിനെയും മറ്റൊരാളെയും എലിസബത്തിനെ കൊലപ്പെടുത്താൻ ഏർപെടുത്തുകയായിരുന്നു. പ്രതിഫലമായി ഓരോരുത്തർക്കും 1000 ഡോളർ നൽകിയതായും പ്രോസിക്യൂട്ടർമാർ പറഞ്ഞിരുന്നു.

കെന്നത്തിന് നൈട്രജൻ വാതകം ഉപയോഗിച്ചുകൊണ്ടുള്ള വധശിക്ഷ നൽകുന്നത് മനുഷ്യത്തരഹിതമായ പെരുമാറ്റ്റമായേക്കാം എന്ന് യു എൻ
മനുഷ്യാവകാശ ഹൈക്കമ്മീഷണർ പറയുകയും ശിക്ഷാവിധി നിർത്തി വെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കുറ്റവാളികളെ ഒന്നിലധികം തവണ വധശിക്ഷയ്ക്ക് വിധേയരാക്കുന്നത് യുഎസ് ഭരണഘടനയുടെ എട്ടാം ഭേദഗതി ലംഘിക്കുന്നുവെന്നും കെന്നത്ത് സ്മിത്തിന്റെ അഭിഭാഷകർ കോടതിയിൽ വാദമുയർത്തുകയും ക്രൂരവും അസാധാരണവുമായ ശിക്ഷയാണ് കെന്നത്തിന് കോടതി നല്കിയിരിക്കുന്നതെന്ന വെല്ലുവിളി ഉയർത്തുകയും ചെയ്തിരുന്നു. 24-ാം തീയതി ബുധനാഴ്ച, ജസ്റ്റിസുമാർ കെന്നത്തിന്റെ വാദം കേൾക്കാൻ വിസമ്മതിക്കുകയും വധശിക്ഷ നിർത്തലാക്കാനുള്ള അദ്ദേഹത്തിന്റെ അപേക്ഷ നിരസിക്കുകയും ചെയ്തു. അവസാന ശ്രമമെന്നോണം സുപ്രീം കോടതിയിൽ വീണ്ടും അപ്പീൽ നൽകുമെന്ന് കെന്നത്ത് സ്മിത്തിന്റെ അഭിഭാഷകർ അറിയിച്ചു.

നൈട്രജൻ വാതകം ഉപയോഗിച്ച് കൊണ്ടുള്ള വധശിക്ഷാരീതി ഇതുവരെ ആരിലും പരീക്ഷിച്ചിട്ടില്ലാത്തത് ആണെന്നും കൂടാതെ മരണ സമയത്ത് വലിയ തോതിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്ന വാദവും കെന്നത്ത് സ്മിത്തിന്റെ അഭിഭാഷക സംഘം കോടതിയിൽ ഉന്നയിച്ചിരുന്നു.
എന്നാൽ സ്റ്റേറ്റ് അറ്റോർണി ജനറൽ സ്റ്റീവ് മാർഷൽ കെന്നതിന്റെ വധശിക്ഷ ഇതുവരെ നടപ്പിലാക്കിയതിൽ വച്ച് ഏറ്റവും മാനുഷികമായ വധശിക്ഷാ രീതി” എന്നാണ് വിശേഷിപ്പിച്ചത്. 1989 ൽ കെന്നത്തിനെതിരെ വിധിച്ച പ്രാരംഭ ശിക്ഷ അപ്പീലിൽ നൽകിയതിനെ തുടർന്ന് റദ്ദാക്കുകയായിരുന്നു. പിന്നീട് 1996-ൽ അദ്ദേഹത്തെ വീണ്ടും വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തു. 11-1 എന്ന ജൂറി വോട്ടിന് ജീവപര്യന്തം തടവിന് ശുപാർശ ചെയ്യുകയാണുണ്ടായത് എന്നാൽ അന്നത്തെ ജഡ്ജി ഈ ശുപാർശയെ മറികടന്നാണ് കെന്നത്ത് സ്മിത്തിനെ വധശിക്ഷക്ക് വിധിച്ചത്. കെന്നത്തിനോടൊപ്പം കൊലപാതകത്തിൽ കുറ്റക്കാരനായ ജോൺ ഫോറസ്റ്റ് പാർക്കർ 2010-ൽ വധിക്കപ്പെട്ടു.

ഏറ്റവുമധികം ആളുകൾ വധശിക്ഷക്ക് വിധേയരായി കഴിയുന്ന യു എസ് സംസ്ഥാങ്ങളിൽ ഒന്നാണ് അലബാമ. നിലവിൽ 165 കുറ്റവാളികൾ മരണശിക്ഷാ വിധിയുമായി കഴിയുന്നുണ്ട്. 2018 മുതൽ അലബാമയിൽ വധ ശിക്ഷക്ക് വിധിച്ച മൂന്ന് അന്തേവാസികൾ ലീതൽ ഇൻജക്ഷനെ അതിജീവിച്ചിരുന്നു.

അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകമാണ് നൈട്രജൻ. 78 % ശതമാനമാണ് അന്തരീക്ഷത്തിൽ നൈട്രജന്റെ അളവ്. അളവ് കൂടുതലാണെങ്കിലും ഓക്സിജൻ കലരാത്ത നൈട്രജൻ ശ്വസിക്കുന്നതാണ് ഒരു വ്യക്തിയെ മരണത്തിലേക്ക് നയിക്കുന്നത്. ശരീരത്തിന് ഒക്സിജൻ ലഭ്യമാവാത്തതിനൊപ്പം കാർബൺ ഡയോക്സൈഡിന്റെ അളവ് രക്തത്തിൽ ഉയരുന്നത് മൂലമാണ് ശ്വാസതടസ്സം അനുഭവപ്പെടുന്നത്. ശുദ്ധമായ നൈട്രജൻ ശ്വസിക്കുമ്പോൾ ശരീരത്തിലെ കാർബൺ ഡൈ ഓക്‌സൈഡ് പുറന്തള്ളുമെങ്കിലും ഓക്സിജൻ ലഭ്യമാവുകയില്ല. നിറവും മണവും സ്വാദുമില്ലാത്ത വാതകമായ നൈട്രജൻ ശ്വസിക്കുമ്പോൾ വ്യക്തിക്ക് അസ്വാഭാവികമായി ഒന്നും അനുഭവപ്പെടില്ല. അതിനാൽ അസ്വസ്ഥതയില്ലാതെ ജീവവായുവിന്റെ അഭാവത്തിൽ മരണം സംഭവിക്കുമെന്നതാണ് നൈട്രജൻ ഗ്യാസ് ഉപയോഗിച്ചുള്ള വധശിക്ഷയുടെ അടിസ്ഥാന തത്വം. നൈട്രജൻ ശ്വാസകേശത്തിലേക്ക് പ്രവേശിച്ച് ഓക്സിജൻ സഞ്ചാരം തടസപ്പെട്ടാൽ ഒന്നര മിനുട്ടിനുള്ളിൽ വ്യക്തി അബോധാവസ്ഥയിലേക്ക് വീഴാം. ഓക്സിജന്റെ അളവ് കുറയും തോറും അബോധാവസ്ഥയിലാവുന്നത് മൂലം മരണത്തിലേക്കുള്ള ദൈർഘ്യവും കുറയും. സെക്കന്റിനുള്ളിൽ അബോധാവസ്ഥയിലാവുകയും ഏതാനം മിനിറ്റുകൾക്കുള്ളിൽ മരണവും സംഭവിക്കുമെന്നാണ് വൈദ്യശാസ്ത്രത്തിന്റെ വിശദീകരണം.

 

Share on

മറ്റുവാര്‍ത്തകള്‍