UPDATES

കാമ്പസുകളില്‍ ‘മോദി സെല്‍ഫി പോയിന്റ്’

രാജ്യത്തെ എല്ലാ സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും യുജിസി നിര്‍ദേശം

                       

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വരുന്ന സെല്‍ഫി പോയിന്റുകള്‍ രാജ്യത്തെ എല്ലാ സര്‍വകലാശാലകളിലും കോളേജുകളിലും സ്ഥാപിക്കണമെന്ന് യുജിസി നിര്‍ദേശം. സെല്‍ഫി പോയിന്റുകള്‍ സ്ഥാപിച്ചാല്‍ മാത്രം പോരാ, വിദ്യാര്‍ത്ഥികളെയും സര്‍വകലാശലകളിലും കോളേജുകളും എത്തുന്ന സന്ദര്‍ശകരെയും പ്രസ്തുത പോയിന്റില്‍ നിന്ന്(മോദിയുടെ പശ്ചാത്തലത്തില്‍) സെല്‍ഫിയെടുക്കാനും, എടുത്ത സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാനും പ്രോത്സാഹിപ്പിക്കാനും യൂണിവേഴ്സ്റ്റി ഗ്രാന്റ് കമ്മീഷന്‍ ബന്ധപ്പെട്ട അധികൃതകരെ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് വിശദീകരണം! അടുത്ത വര്‍ഷം പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്കും മോദിക്കും വേണ്ടിയുള്ള അനൗദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണമായാണ് യുജിസി നിര്‍ദേശത്തെ വിമര്‍ശകര്‍ കാണുന്നത്.

ആര്‍ എസ് എസ് നേതാവ് ദത്താജി ദിഡോല്‍ക്കറുടെ നൂറാം ജന്മദിനം ആഘോഷിക്കണമെന്ന് മഹാരാഷ്ട്രയിലെ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് ഇപ്പോള്‍ മോദി സെല്‍ഫി പോയിന്റുകള്‍ സ്ഥാപിക്കാന്‍ രാജ്യത്തെ എല്ലാ സര്‍വകലാശാലകളോടും കോളേജുകളോടും അടുത്ത നിര്‍ദേശം യുജിസി നല്‍കിയിരിക്കുന്നത്.

‘ വിവിധ മേഖലകളിലെ ഇന്ത്യയുടെ നേട്ടങ്ങള്‍ ‘ എന്നതിലധിഷ്ഠിതമായ ഒരു ആശയമാണിതെന്നും ഇതിലൂടെ കൂട്ടായ അഭിമാനബോധം വളര്‍ത്തിയെടുക്കുകയാണ് ലക്ഷ്യമെന്നുമാണ് യുജിസിയുടെ ന്യായീകരണം. അക്കദാമിക് സ്ഥാപനങ്ങളെ ഇത്തരത്തില്‍ ‘ വ്യക്തിയാരാധന’യ്ക്കുള്ള കേന്ദ്രങ്ങളാക്കുന്ന നടപടിയില്‍ യുജിസിയെ വിദ്യാഭ്യാസ വിദഗ്ദര്‍ ചോദ്യം ചെയ്യുന്നുണ്ട്. ‘വ്യത്യസ്ത മേഖലകളിലെ ഇന്ത്യയുടെ പുരോഗതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അവരുടെ മനസിനെ രൂപപ്പെടുത്തിക്കൊണ്ട് യുവാക്കളുടെ ഊര്‍ജവും ഉത്സാഹവും പ്രയോജനപ്പെടുത്താന്‍ ഒരു അതുല്യമായ അവസരം,” എന്നാണ് യുജിസി സെക്രട്ടറി മനിഷ് ജോഷി ഇന്ത്യയിലെ എല്ലാ സര്‍വകലാശാള വൈസ് ചാന്‍സലര്‍മാര്‍ക്കും കോളേജ് പ്രിന്‍സിപ്പാള്‍മാര്‍ക്കും അയച്ച കത്തില്‍ അവകാശപ്പെട്ടിരിക്കുന്നത്.

നിങ്ങളുടെ സ്ഥാപനത്തില്‍ ഒരു ‘സെല്‍ഫി പോയിന്റ്’ സ്ഥാപിച്ചുകൊണ്ട് നമ്മുടെ രാജ്യം കൈവരിച്ച അവിശ്വസനീയമായ മുന്നേറ്റങ്ങള്‍ ആഘോഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യാം. വിവിധ മേഖലകളിലെ ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് ദേശീയ വിദ്യാഭ്യാസ നയം 2020 ന് കീഴിലുള്ള പുതിയ സംരംഭങ്ങളെക്കുറിച്ച് യുവാക്കളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് ‘സെല്‍ഫി പോയിന്റിന്റെ’ ലക്ഷ്യം- കത്തില്‍ പറയുന്ന വിശദീകരണമാണ്. കൂട്ടായ അഭിമാനബോധം വളര്‍ത്തിക്കൊണ്ട് ഈ പ്രത്യേക നിമിഷങ്ങള്‍ പകര്‍ത്താനും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അവ പങ്കിടാനും വിദ്യാര്‍ത്ഥികളെയും സന്ദര്‍ശകരെയും പ്രോത്സാഹിപ്പിക്കാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു എന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

വ്യത്യസ്തമായ ഡിസൈനുകളിലാകണം സെല്‍ഫി പോയിന്റുകള്‍ ഒരുക്കാന്‍. ഓരോ ഡിസൈനും ഒരു പ്രത്യേക ആശയത്തിലുള്ളതായിരിക്കണം. വിദ്യാഭ്യാസത്തിന്റെ അന്തര്‍ദേശീയവത്കരണം, നാനാത്വത്തില്‍ ഏകത്വം, സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍, ഇന്ത്യന്‍ വിജ്ഞാന സംവിധാനം, ബഹുഭാഷാവാദം, ഉന്നത വിദ്യാഭ്യാസം, ഗവേഷണം, നൂതനത്വം എന്നിവയിലെ ഇന്ത്യയുടെ ഉയര്‍ച്ച എന്നിങ്ങനെയാണ് ഓരോ ആശയങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇവയ്ക്കനുയോജ്യമായ ഡിസൈനുകളില്‍ വേണം സെല്‍ഫി പോയിന്റുകള്‍ ഒരുക്കാന്‍. കാമ്പസില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിക്കുന്ന ഇടത്തായിരിക്കണം സെല്‍ഫി പോയിന്റുകള്‍ സ്ഥാപിക്കാന്‍, ഇവ ത്രീഡി ലേ ഔട്ടില്‍ നിര്‍മിക്കുകയും വേണം.

സാധാരണമായവയെ പോലും ഗംഭീര നേട്ടങ്ങളായി ചിത്രീകരിക്കുകയാണെന്നും, അവയ്‌ക്കെല്ലാം തന്നെ പ്രധാനമന്ത്രി മോദിക്ക് ക്രെഡിറ്റ് നല്‍കുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്നാണ് ദ ടെലഗ്രാഫിനോട് സംസാരിച്ച ഒരു ഉന്നത വിദ്യാഭ്യാസ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഒരു വീരപുരുഷനെ സൃഷ്ടിക്കാന്‍ വേണ്ടി നടക്കുന്ന പ്രൊപ്പഗാണ്ടായാണ് ഇത്. ഇത്തരം പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കരുതാത്ത പൊതുസ്ഥാപനങ്ങളെ തന്നെ അതിനുവേണ്ടി ഉപയോഗപ്പെടുത്തുകയാണെന്നും ഉദ്യോഗസ്ഥന്‍ വിമര്‍ശിക്കുന്നു. അക്കാദമിക് സ്ഥാപനങ്ങളില്‍ ഇത്തരം പ്രൊപ്പഗാണ്ടകള്‍ നടത്താന്‍ സര്‍ക്കാരിനെയോ യുജിസിയെയോ ഒരു നിയമവും അനുവദിക്കില്ലെന്നും വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടെ പല മാര്‍ഗങ്ങളിലൂടെ കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ ബോധപൂര്‍വം പ്രചരിപ്പിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന തൊഴില്‍ മേളകളിലും ഇത്തരത്തില്‍ മോദിയുടെ കട്ട് ഔട്ടുകളുള്ള സെല്‍ഫി പോയിന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അവിടെയെത്തുന്ന ഉദ്യോഗാര്‍ത്ഥികളും സ്ഥാനക്കയറ്റം കിട്ടുന്ന ജീവനക്കാരും ഈ സെല്‍ഫി പോയിന്റില്‍ ഫോട്ടോയെടുക്കാന്‍ നിര്‍ബന്ധിരാകുന്നുണ്ട്.

രാജ്യത്തിന്റെ എല്ലാ നേട്ടങ്ങള്‍ക്കും കാരണം ഒരാള്‍ മാത്രമാണെന്ന ധാരണ സൃഷ്ടിക്കുകയാണ്. പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇതുവഴി ചെയ്യുന്നതെന്നും ഒരു അക്കാദമിക് വിദഗ്ധന്‍ ആക്ഷേപിക്കുന്നു. വൈവിധ്യമാര്‍ന്ന അഭിപ്രായങ്ങള്‍ വളര്‍ത്തിയെടുക്കാനുള്ള ഇടമാണ് സര്‍വകലാശാലകള്‍. അവിടെ അധികാര ശക്തികള്‍ മുന്നോട്ടു വയ്ക്കുന്ന ഏകാഭിപ്രായം മാത്രം പ്രോത്സാഹിപ്പിക്കപ്പെടുകയാണെങ്കില്‍ അത് സര്‍വകലാശാലകളുടെ ദീര്‍ഘകാല താല്‍പ്പര്യങ്ങളെ തകര്‍ക്കുന്നതായിരിക്കുമെന്നാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഒരു അധ്യാപകന്‍ വിമര്‍ശനപരമായി ചൂണ്ടിക്കാണിക്കുന്നത്.

യുജിസി നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാം തന്നെ കാമ്പസുകളില്‍ നടപ്പാക്കേണ്ടതില്ലെന്നാണ് ഒരു കോളേജ് അധ്യാപകന്‍ ചൂണ്ടിക്കാണിക്കുന്നത്. അധികാരികളുടെ പാദസേവകരല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇത്തരം നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കേണ്ടതില്ലെന്നാണ് അദ്ദേഹം തുറന്നടിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍