മാവോവാദി ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി ജയിലില്‍ അടച്ച പ്രൊഫ. ജി.എന്‍. സായിബാബയെ വീണ്ടും ബോംബെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. സായിബാബക്കൊപ്പം കേസിലെ മറ്റ് അഞ്ചു പേരെയും കുറ്റവിമുക്തരാക്കിയിട്ടുണ്ട്.
2017 മാര്‍ച്ചില്‍, മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ല സെഷന്‍സ് കോടതിയാണ് മാവോവാദി ബന്ധം ആരോപിച്ച് സായിബാബയേയും മറ്റുള്ളവരേയും ശിക്ഷിച്ചത്. സായിബാബയ്ക്ക് പുറമെ ഡല്‍ഹി ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി ഹേം മിശ്ര, മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് സാംഗ്ലിക്കര്‍, മഹേഷ് ടിര്‍ക്കി, പാണ്ഡു നരോതെ എന്നിവര്‍ക്കും ജീവപര്യന്തം തടവു വിധിച്ചിരുന്നു. മറ്റൊരുപ്രതി വിജയ് ടിര്‍ക്കിക്ക് 10 വര്‍ഷം തടവും വിചാരണ കോടതി വിധിച്ചിരുന്നു. പോളിയോ ബാധിച്ച് ശരീരത്തിന്റെ 90 ശതമാനവും തളര്‍ന്ന് ചക്രക്കസേരയുടെ സഹായത്തോടെ ജീവിക്കുന്ന സായിബാബ, 2014-ല്‍ അറസ്റ്റിലായതു മുതല്‍ നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്നു. എച്ച് -1 എന്‍ -1 പനി ബാധിച്ചു 2022 ഓഗസ്റ്റില്‍ പാണ്ഡു നരോതെ ജയിലില്‍ വച്ച് തന്നെ മരിച്ചിരുന്നു.
2022 ഒക്ടോബറില്‍ സായിബാബയെ ബോംബെ കോടതി കുറ്റവിമുക്തനാക്കി. എന്നാല്‍, കുറ്റവിമുക്തനാക്കിയതിനെ ചോദ്യം ചെയ്ത് മഹാരാഷ്ട്ര സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയതിനെത്തുടര്‍ന്ന് സുപ്രിം കോടതി പിന്നീട് ഈ തീരുമാനം റദ്ദാക്കി. കേസ് വീണ്ടും പുനഃപരിശോധിക്കാന്‍ ബോംബെ ഹൈക്കോടതിയോട് സുപ്രിം കോടതി നിര്‍ദേശിച്ചു. കേസില്‍ വീണ്ടും വാദം കേട്ട് നാല് മാസത്തിനുള്ളില്‍ തീര്‍പ്പാക്കാനും ഹൈക്കോടതിയോട് സുപ്രിം കോടതി ഉത്തരവിട്ടു. സുപ്രിം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം കേസില്‍ 2024 മാര്‍ച്ച് അഞ്ചിന് വീണ്ടും വാദം കേട്ട ജസ്റ്റിസ് വിനയ് ജോഷി, ജസ്റ്റിസ് വാല്‍മീകി എസ് എ മെനേസസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ആറു പേരെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്.
മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലെ സെഷന്‍സ് കോടതിയില്‍ നടന്ന വിചാരണയ്ക്കിടെ, പ്രതികള്‍ മാവോയിസ്റ്റ് ഗ്രൂപ്പിനു വേണ്ടി ആര്‍ഡിഎഫ് പോലുള്ള മുന്നണി സംഘടനകള്‍ വഴി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. ഗഡ്ചിറോളിയില്‍ ജിഎന്‍ സായിബാബയുടെ നിര്‍ദേശപ്രകാരം പിടിച്ചെടുത്ത ലഘുലേഖകളും ദേശവിരുദ്ധമെന്ന് കരുതുന്ന ഇലക്ട്രോണിക് സാമഗ്രികളും ഉള്‍പ്പെടെയുള്ള തെളിവുകളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. അബുസ്മദ് വനമേഖലയില്‍ നക്സലൈറ്റുകള്‍ക്ക് അഭയം നല്‍കാന്‍ ഉദ്ദേശിച്ചുള്ള 16 ജി ബി മെമ്മറി കാര്‍ഡ് സായിബാബ കൈമാറിയതായും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.