November 09, 2024 |

വോട്ട് ഇപ്പോഴല്ലെങ്കില്‍ പിന്നെയെപ്പോ; കേരളത്തിലേക്ക് ഗള്‍ഫ് മലയാളികളുടെ ഒഴുക്ക്

ഈ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്നതാണ്. അതിനാല്‍ ഇത്തവണ വോട്ടുചെയ്യാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു

കുവൈറ്റിലെ ഇലക്ട്രീഷ്യനായ മുഹമ്മദ് നിയാസ് ഏപ്രില്‍ 20ന് വോട്ട് ഫ്‌ലൈറ്റിലാണ് കോഴിക്കോടെത്തിയത്. വടകര മണ്ഡലത്തിലാണ് വോട്ടവകാശം. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളും നഷ്ടമായിരുന്നു. എന്നാല്‍ ഈ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്നതാണ്. അതിനാല്‍ ഇത്തവണ വോട്ടുചെയ്യാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു ഞാന്‍. എന്റെ രാജ്യം മതേതരമായി തുടരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മോദിയും  ഭാരതീയ ബിജെപിയും  ഉയര്‍ത്തിയ ആശങ്കകളെ ചൂണ്ടികാട്ടി നിയാസ് പറഞ്ഞതാണ് ഇക്കാര്യം.
നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ ഗള്‍ഫില്‍ നിന്ന് പ്രവാസി മലയാളികളുടെ ഒഴുക്കാണ്. പാര്‍ട്ടി പ്രവര്‍ത്തകരും പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള തന്ത്രപ്പാടിലാണ്.  കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ (കെഎംസിസി)ആണ് പ്രവാസികളെ നാട്ടിലേക്ക് എത്തിക്കുന്നതില്‍ മുന്‍പന്തിയിലുള്ളത്. നാളെയോടെ 10,000 അംഗങ്ങളെയെങ്കിലും കേരളത്തിലേക്ക് അയക്കാനാണ് ഗ്രൂപ്പ് പദ്ധതിയിടുന്നത്. ജനാധിപത്യ വ്യവസ്ഥയുടെ അവകാശം വിനിയോഗിക്കേണ്ടത് ഇന്നത്തെ സാഹചര്യത്തില്‍ അല്ലെങ്കില്‍ പിന്നെ എപ്പോഴാണ്?
കന്നി വോട്ട് രേഖപ്പെടുത്താനായി മാത്രം യുഎഇയില്‍ നിന്ന് നാട്ടിലേക്ക് വന്ന മലപ്പുറത്തുകാരി അഴിമുഖത്തിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്.
കന്നി വോട്ട് രേഖപ്പെടുത്താന്‍ പോവുന്നതിന്റെ ആവേശവും അവര്‍ മറച്ചുവച്ചില്ല. പെരുന്നാള്‍
അവധിക്ക് നാട്ടിലേക്ക് പോയ അംഗങ്ങളോട് തെരഞ്ഞെടുപ്പ് കഴിയും വരെ അവിടെ നില്‍ക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വോട്ടര്‍മാരെ താമസസ്ഥലത്ത് പോയി കണ്ട് തെരഞ്ഞെടുപ്പിന്റെ ഭാഗമാവണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആ കാമ്പെയ്ന്‍ അംഗങ്ങളില്‍ നിന്ന് വലിയ പ്രതികരണം ഉണ്ടാക്കിയെന്നും കെഎംസിസിയുടെ ദുബായ് ചാപ്റ്റര്‍ സെക്രട്ടറി ഹസ്സന്‍ ചാലില്‍ വ്യക്തമാക്കുന്നു.പരമാവധി ആളുകളെ കേരളത്തിലേക്ക് എത്തിക്കാന്‍ ബള്‍ക്കായാണ് ഫ്‌ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ശക്തമായ ഓണ്‍ലൈന്‍ പ്രചാരണമാണ് പാര്‍ട്ടികള്‍ നടത്തിയത്. ഉദാഹരണത്തിന് നേരത്തെ, കനത്ത പോരാട്ടം നടക്കുന്ന വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വോട്ട് തേടി ഗള്‍ഫിലെത്തിയിരുന്നു. യുഎഇയിലും ഖത്തറിലും പ്രവാസികളെ കണ്ട് വോട്ട് ചോദിക്കുകയും ചെയ്തു.

വോട്ട് ഫ്‌ലൈറ്റ് എന്നാണ് വോട്ടര്‍മാരുമായി വരുന്ന വിമാനങ്ങളെ വിശേഷിപ്പിക്കാറ്. ‘വോട്ട് ഫ്‌ലൈറ്റുകള്‍’ കഴിഞ്ഞ ആഴ്ച ആരംഭിച്ചു. ”ഞങ്ങളുടെ അംഗങ്ങളില്‍ പലരും കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ വന്നിറങ്ങിയിട്ടുണ്ട്. വോട്ടര്‍മാരുമായി അവസാന വിമാനം ഏപ്രില്‍ 25ന് ദുബായില്‍ നിന്ന് പുറപ്പെടും-ചാലില്‍ പറഞ്ഞു.

ഓവര്‍സീസ് ഇന്ത്യന്‍ കോണ്‍ഗ്രസ്, ഇന്ത്യന്‍ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങളിലൂടെയാണ് കോണ്‍ഗ്രസ് പാര്‍ട്ടി ആളുകളെ നാട്ടിലേക്ക് എത്തിക്കുന്നത്. അതുപോലെ, നവോദയ, കൈരളി, കേളി, കല, ദള, സംസ്‌കൃതി, പ്രതിഭ എന്നിവ വഴിയാണ് സിപിഎമ്മിന്റെ പ്രവര്‍ത്തനം. ഏപ്രില്‍ രണ്ടാം വാരം കുവൈറ്റില്‍ വോട്ടര്‍മാരുമായി നടത്തിയ ഓണ്‍ലൈന്‍ കണ്‍വെന്‍ഷനില്‍ എല്‍ഡിഎഫിലെ 20 സ്ഥാനാര്‍ത്ഥികളും പങ്കെടുത്തിരുന്നു. മൂവായിരത്തിലധികം പ്രവാസികളാണ് കണ്‍വന്‍ഷനില്‍ പങ്കെടുത്തതെന്ന് കല കുവൈറ്റ് സാംസ്‌കാരിക സംഘടനാ നേതാവ് ടി വി ഹിക്മത്ത് പറഞ്ഞു.ഇപ്പോള്‍ ഖത്തറില്‍ ബിസിനസ്സ് നടത്തുന്ന മുന്‍ കേരള നിയമസഭാംഗമായ പാറക്കല്‍ അബ്ദുല്ല, സംസ്ഥാനത്ത് നിന്നുള്ള പ്രവാസികള്‍ ‘രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ആശങ്കാകുലരാണ്, അതിനാല്‍ വോട്ടുചെയ്യാന്‍ നാട്ടിലേക്ക് ഓടുകയാണെന്ന അഭിപ്രായമാണ് പങ്ക് വച്ചത്.

 

Content Summary: vote flights kerala parties woo gulf expats to constituency in election

Advertisement