UPDATES

ആ പെണ്‍കുട്ടിയുടെ മരണം അമേരിക്കന്‍ പൊലീസിന് വെറും തമാശയായിരുന്നു

ജാന്‍വിക്ക് നീതി ഉറപ്പാക്കാന്‍ ഇന്ത്യ

                       

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ അപകട മരണത്തിന് കാരണക്കാരനായ അമേരിക്കന്‍ പൊലീസ് ഓഫിസറെ ക്രിമിനല്‍ നിയമ നടപടികളില്‍ നിന്നൊഴിവാക്കിയതിനെതിരേ ശക്തമായി പ്രതികരിച്ച് ഇന്ത്യ. പൊലീസ് പെട്രോളിംഗ് വാഹനമിടിച്ച് ജാന്‍വി കണ്ടുള എന്ന 23 കാരി കൊല്ലപ്പെട്ട കേസിലാണ്, ഉത്തരവാദിയായ പൊലീസുകാരനെ രക്ഷപ്പെടാന്‍ അനുവദിച്ചിരിക്കുന്നത്. ജാന്‍വിയുടെ കുടുംബത്തിന് നീതിയുറപ്പിക്കാന്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നാണ് സിയാറ്റിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചിരിക്കുന്നത്. സിയാറ്റല്‍ പൊലീസിലെ ഉദ്യോഗസ്ഥനായിരുന്നു ജാന്‍വിയുടെ മരണത്തിന് കാരണമായ കുറ്റകരമായ അനാസ്ഥ കാണിച്ചത്. കുറ്റക്കാരനായ ഓഫിസറെ സ്വതന്ത്രനാക്കുന്നതിലൂടെ തങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണെന്നാണ് ജാന്‍വിയുടെ കുടുംബം പരാതിപ്പെടുന്നത്.

കേസില്‍ നീതി പൂര്‍ണമായ നടപടികള്‍ സ്വീകരിക്കാന്‍ സിയാറ്റല്‍  പൊലീസ് ഉള്‍പ്പെടെയുള്ള പ്രാദേശിക ഭരണകൂടങ്ങളെ സമീപിക്കുമെന്നാണ് ഇന്ത്യ നിലപാടെടുത്തിരിക്കുന്നത്. കിംഗ് കൗണ്ടി പ്രോസിക്യൂഷന്‍ അറ്റോര്‍ണിയുടെ അന്വേഷണ റിപ്പോര്‍ട്ടാണ് പൊലീസ് ഓഫിസര്‍ക്ക് അനുകൂലമായി സമര്‍പ്പിച്ചിരിക്കുന്നത്. കിംഗ് കൗണ്ടി പ്രോസിക്യൂട്ടര്‍ ഓഫിസ് ബുധനാഴ്ച്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്, 2023 ജനുവരി അഞ്ചിന് ജാന്‍വിയുടെ മരണത്തിന് കാരണമായ അപകടം ഉണ്ടായതിന് സിയാറ്റില്‍ പൊലീസ് ഓഫിസര്‍ കെവിന്‍ ഡേവ് ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടതില്ലെന്നാണ്. അപകടത്തിന് പിന്നില്‍ ഒരു ക്രിമിനല്‍ കേസ് ഉണ്ടെന്ന് തെളിയിക്കാനാവശ്യമായ തെളിവുകളുകളുടെ അഭാവം ഉണ്ടെന്നാണ് കിംഗ് കൗണ്ടി പ്രോസിക്യൂട്ടര്‍ ലീസ മാനിയന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഈ റിപ്പോര്‍ട്ട് റിവ്യൂ ചെയ്യാനായി സിയാറ്റല്‍  സിറ്റി അറ്റോര്‍ണിയുടെ ഓഫിസിന് കൈമാറിയിട്ടുണ്ടെന്നാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിക്കുന്നത്. സിയാറ്റല്‍  പൊലീസിന്റെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ കാത്തിരിക്കാമെന്നും കേസിന്റെ പുരോഗതി വീക്ഷിക്കുമെന്നും കോണ്‍സുലേറ്റ് ജനറല്‍ പറഞ്ഞു.

ജാന്‍വിയുടെ മരണം ‘വെറും തമാശ’

2023 ജനുവരി 23 ന് ആയിരുന്നു ദാരുണമായ ആ സംഭവം നടക്കുന്നത്. കെവിന്‍ ഡേവ് എന്ന ഉദ്യോഗസ്ഥനായിരുന്നു കാര്‍ ഒടിച്ചിരുന്നത്. റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുകയായിരുന്ന ജാന്‍വിയെ മണിക്കൂറില്‍ 119 കിലോമീറ്റര്‍ വേഗതയില്‍ വന്ന വാഹനം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആ 23 കാരി നൂറ് മീറ്ററോളം തെറിച്ചു പോയി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. മയക്കുമരുന്നുമായി ബന്ധപ്പെട്ട ഒരു കേസ് അന്വേഷണത്തിന്റെ ഭാഗമായി പോവുകയായിരുന്നു ഡേവ്. അപകടം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ഡേവ് ലഹരിയായിലായിരുന്നോ എന്ന കാര്യം അന്വേഷിക്കാന്‍ സിയാറ്റല്‍ പൊലീസ് ഓഫിസേഴ്സ് ഗില്‍ഡ് വൈസ് പ്രസിഡന്റ് കൂടിയായ നാര്‍കോട്ടിക്ക് വകുപ്പ് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഡാനിയേല്‍ ഓര്‍ഡററിനെ ചുമതലപ്പെടുത്തി. കെവിന്‍ ഡേവ് ഏതെങ്കിലും തരത്തിലുള്ള ലഹരിയിലായിരുന്നില്ലെന്നും നടന്നത് സാധാരണ അപകമായിരുന്നുവെന്നുമെന്ന റിപ്പോര്‍ട്ടാണ് ഡാനിയേല്‍ നല്‍കിയത്.

ഡാനിയേല്‍ ഓര്‍ഡറര്‍ സിയാറ്റല്‍ പൊലീസ് ഓഫിസേഴ്സ് ഗില്‍ഡ് പ്രസിഡന്റ് മൈക്ക് സോളനുമായി അപകടത്തെ കുറിച്ച് സംസാരിക്കുമ്പോഴാണ്, ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയുടെ അപകട മരണം വെറും തമാശയെന്നപോലെ അവതരിപ്പിച്ചത്. ഡാനിയേലിന്റെ ശരീരത്ത് ഘടിപ്പിച്ചിരിക്കുന്ന കാമറയിലാണ് രണ്ടു മിനിട്ട് നേരമുള്ള സംഭാഷണം പതിഞ്ഞത്. ചിരിച്ചുകൊണ്ടാണ് ഡാനിയേല്‍ ഒഡറര്‍ ജാന്‍വിക്ക് സംഭവിച്ച അപകടം മൈക്ക് സോളനോട് വിവരിക്കുന്നത്. ‘പരിമിതമായ മൂല്യം’ എന്നായിരുന്നു ജാന്‍വിയുടെ ജീവനെ പരിഹാസരൂപേണ ആ പൊലീസ് ഉദ്യോഗസ്ഥന്‍ നിസ്സാരവത്കരിച്ചത്. 23 വയസില്‍ അവളുടെ ജീവിതം അവസാനിച്ചതിലുള്ള വ്യാജമായ സഹതാപ പ്രകടനമായിരുന്നു ആ പരിഹാസം. ‘അല്ല, ഒരു സാധാരണ വ്യക്തി. അതേ, ഒരു ചെക്ക് എഴുതു, പതിനോരായിരം ഡോളര്‍…’ തുടര്‍ന്നുള്ള ഡാനിയേലിന്റെ വാക്കുകളാണിത്. ഒരു മനുഷ്യ ജീവന് മുതിര്‍ന്നൊരു നിയമപാലകന്‍ നല്‍കുന്ന പരിഗണന എത്രത്തോളമാണെന്ന് വ്യക്തമാക്കുന്ന വാക്കുകള്‍… മറുവശത്ത് നിന്നും മൈക്ക് സോളന്‍ എന്താണ് പറയുന്നതെന്ന് വീഡിയോയില്‍ കേള്‍ക്കുന്നില്ല.

വീഡിയോ പുറത്തു വന്നതിനു പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ അത് വൈറലാവുകയും ചെയ്തു. ഈ വീഡിയോ കണ്ട എല്ലാവരും തന്നെ പൊലീസ് ഉദ്യോഗസ്ഥന്റെ വാക്കുകളോട് ഞെട്ടലോടെയാണ് പ്രതികരിച്ചത്. ഭയവും ഞെട്ടലും ഉണ്ടാക്കുന്ന കാര്യം എന്നാണ് ഈ വീഡിയോ ദൃശ്യങ്ങള്‍ കണ്ടശേഷം ഇന്ത്യന്‍ നയതന്ത്രകാര്യലയം പ്രതികരിച്ചത്.

ആന്ധ്രപ്രദേശ് സ്വദേശിയായ ജാന്‍വി കണ്ടുള സൗത്ത് ലേക്ക് യൂണിയനിലെ നോര്‍ത്ത് ഈസ്റ്റേണ്‍ സര്‍വകലാശയിലെ വിദ്യാര്‍ത്ഥിയായിരുന്നു. 2022 ഡിസംബറിലാണ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ മാസ്റ്റര്‍ ഡിഗ്രിക്ക് ചേര്‍ന്നത്. 2023 ജനുവരി 23, തിങ്കളാഴ്ച്ച രാത്രിയിലാണ് തോമസ് സ്ട്രീറ്റും ഡിക്സ്റ്റര്‍ അവന്യു നോര്‍ത്തും ചേരുന്ന ജംഗ്ഷനില്‍ വച്ച് ഡേവിന്റെ കാര്‍ ജാന്‍വിയെ ഇടിച്ചു തെറിപ്പിക്കുന്നത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആ രാത്രി പുലരും മുന്നേ ആ പെണ്‍കുട്ടി മരിച്ചു.

ജാന്‍വിയുടെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ തന്നെ കാര്യക്ഷമമായ അന്വേഷണം ഇക്കാര്യത്തില്‍ നടത്തി നടപടിയെടുക്കണമെന്ന ശക്തമായ നിലപാട് ഇന്ത്യന്‍ അംബാസിഡര്‍ എടുത്തിരുന്നു. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വാഷിംഗ്ടണ്‍ ഇന്ത്യക്ക് ഉറപ്പ് നല്‍കിയിരുന്നതുമാണ്.

സിയാറ്റില്‍, വാഷിംഗ്ടണ്‍ അധികൃതര്‍ക്കു മുമ്പാകെ അംബാസിഡര്‍ ഇന്ത്യയുടെ ആവശ്യം ഉയര്‍ത്തിയതിനു പിന്നാലെയാണ്, വിഷയം തങ്ങള്‍ ഗൗരവത്തോടെ കാണുന്നുവെന്നു നയതന്ത്ര കാര്യാലയത്തിനും ഇന്ത്യന്‍ സര്‍ക്കാരിനും അമേരിക്കന്‍ ഭരണകൂടം ഉറപ്പ് നല്‍കിയത്. കേസിന്റെ പുരോഗതിയും അന്വേഷണവും എങ്ങനെ പോകുന്നുവെന്ന കാര്യം വാഷിംഗ്ടണുമായി ബന്ധപ്പെട്ട് നിരീക്ഷിക്കുമെന്നും ഇന്ത്യന്‍ നയതന്ത്ര കാര്യാലയം സമ്മതിച്ചതായിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍