UPDATES

‘ഇസ്ലാമിക് സ്റ്റേറ്റി’ല്‍ ചേരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് പൊലീസിന് ഇമെയ്ല്‍

ഐഐടി പഠനം തീരാന്‍ ഒരു മാസം മാത്രം ബാക്കിയുള്ള വിദ്യാര്‍ത്ഥി അറസ്റ്റില്‍

                       

ഗുവാഹത്തി ഐഐടിയില്‍ നിന്നും ബിടെക് പഠനം പൂര്‍ത്തിയാക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണ് തൗസീഫ് അലി ഫാറൂഖി ആ ഇമെയില്‍ അയക്കുന്നത്. സന്ദേശത്തില്‍ പറഞ്ഞിരുന്ന കാര്യം ഞെട്ടിക്കുന്നതായിരുന്നു; ഇസ്ലാമിക് സ്റ്റേറ്റ് നേതൃത്വത്തിനോടുള്ള കൂറ് തെളിയിക്കാന്‍ താന്‍ ഖൊറാസനിലേക്ക്(ഐഎസ് സ്വാധീന മേഖല) പോവുകയാണെന്ന തൗസീഫിന്റെ അറിയിപ്പായിരുന്നു അത്. ഇമെയ്ല്‍ കിട്ടിയവരില്‍ ഒരാള്‍ അസം സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിലെ ഇന്‍സ്‌പെക്ടര്‍ ജനറലായിരുന്നു.

ഇമെയ്ല്‍ സന്ദേശത്തിന് പിന്നാലെ പൊലീസ് തൗസീഫിനെ അറസ്റ്റ് ചെയ്തു. നാലാം വര്‍ഷ ബയോടെക്‌നോളജി വിദ്യാര്‍ത്ഥിയായ തൗസീഫിനെ പത്തു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

ചില കോളേജുകള്‍ക്കും ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് പാര്‍ത്ഥ സാരഥി മഹന്തയ്ക്കുമായാണ് തൗസീഫ് ഇമെയില്‍ അയച്ചിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇസ്ലാമിക് സ്റ്റേറ്റിനോടുള്ള കൂറ് തെളിയിക്കാന്‍ താന്‍ ഖൊറാസന്‍ പ്രവിശ്യയിലേക്ക് ഹിജ്‌റത്ത്(കുടിയേറ്റം) ചെയ്യുകയാണെന്നും, തന്റെ യാത്ര ഗുവാഹത്തിയില്‍ നിന്നും ആരംഭിക്കുകയാണെന്നുമൊക്കെയാണ് ഇമെയിലില്‍ തൗസീഫ് പറയുന്നത്. ‘ഇന്ത്യന്‍ ഭരണഘടനയും അതിന്റെ സ്ഥാപനങ്ങളും മറ്റും ഉള്‍പ്പെടുന്ന ശാപഗ്രസ്തമായ ‘ഇന്ത്യന്‍-നിര്‍മ്മിതി’യില്‍ നിന്ന് ഞാന്‍ പൂര്‍ണമായും വേര്‍പിരിയുന്നു,’-തൗസീഫിന്റെ വാക്കുകളാണ്.

ഗുവാഹത്തി ഐ ഐടി കാമ്പസില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള ഹാജോയില്‍ നിന്നാണ് പൊലീസ് തൗസീഫിനെ അറസ്റ്റ് ചെയ്യുന്നത്. അന്നേ ദിവസം ഉച്ച മുതല്‍ തൗസീഫ് കാമ്പസില്‍ ഉണ്ടായിരുന്നില്ല. യുഎപിഎ അടക്കനുള്ള വകുപ്പുകള്‍ തൗസീഫിനു മേല്‍ ചുമത്തിയിട്ടുണ്ടെന്നാണ് വിവരം.

ഡല്‍ഹിയിലെ സാക്കിര്‍ നഗര്‍ സ്വദേശിയായ തൗസീഫ് എന്തിനിങ്ങനെയൊരു തീരുമാനം എടുത്തെന്നും, അക്കാര്യം പൊലീസിനെ അടക്കം അറിയിച്ചതിനു പിന്നിലെ കാരണവും കുടുംബത്തിനോ ബന്ധുക്കള്‍ക്കോ, സഹപാഠികള്‍ക്കോ, അധ്യാപകര്‍ക്കോ അറിയില്ല. പൊലീസിനും വ്യക്തമായ ഉത്തരങ്ങള്‍ ലഭിച്ചിട്ടില്ല. വളരെ സാധാരണമായൊരു കുടുംബ പശ്ചാത്തലത്തില്‍ നിന്നും വരുന്ന, പഠനത്തില്‍ സമര്‍ത്ഥനായ, കുടുംബത്തിന് അഭിമാനമായിരുന്നു ഒരു ചെറുപ്പക്കാരനായാണ് എല്ലാവരും അയാളെ വിശേഷിപ്പിക്കുന്നത്.

തൗസീഫിന്റെ കുട്ടിക്കാലത്ത് തന്നെ മാതാപിതാക്കള്‍ പിരിഞ്ഞിതാണ്. ജീവിതത്തിലെ പ്രതിസന്ധികള്‍ മറികടന്നാണ് തൗസീഫ് മിടുക്കനായൊരു ഐഐടി വിദ്യാര്‍ത്ഥിയായി മാറിയത്. തൗസീഫ് മാത്രമല്ല, അയാളുടെ ജേഷ്ഠനും ഐഐടി ബിരുദധാരിയാണ്. സഹോദരന്‍ ഇപ്പോള്‍ സ്വന്തമായി ഒരു സ്റ്റാര്‍ട്ട് അപ്പ് നടത്തിവരികയാണ്. പൊലീസിന്റെ അന്വേഷണത്തില്‍ ‘ ഇന്റലിജന്റ്’ ആയൊരു വിദ്യാര്‍ത്ഥിയാണ് തൗസീഫ് എന്ന് മനസിലായിട്ടുണ്ട്. ‘ ഞങ്ങളെ നേരിട്ട് അവനിലേക്ക് എത്തിക്കും വിധം, സംഘടനയില്‍(ഇസ്ലാമിക് സ്റ്റേറ്റ്) ചേരാനുള്ള ആഗ്രഹം അവന്‍ പരസ്യപ്പെടുത്തിയത് എന്തിനാണെന്ന് ഇപ്പോഴും മനസിലായിട്ടില്ല” ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നു.

കാമ്പസില്‍ മൂന്നും, നാലും വര്‍ഷം ബിടെക് വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റയ്ക്ക് താമസിക്കാന്‍ മുറികള്‍ അനുവദിക്കപ്പെടും. അതുകൊണ്ട് തന്നെ കഴിഞ്ഞ രണ്ടു വര്‍ഷവും തൗസീഫ് ഒറ്റയ്ക്കായിരുന്നു താമസം, സഹമുറിയരായി വേറെയാരും തന്നെയില്ലായിരുന്നു.

പഠനത്തില്‍ ഏറെ മികവ് പുലര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥി. ബിരുദം പൂര്‍ത്തിയാക്കാന്‍ ഒരു മാസം മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. ഇപ്പോഴത്തെ സംഭവങ്ങളൊക്കെ തങ്ങളെ അത്ഭുതപ്പെടുത്തുന്നതാണ്, കോളേജ് അധികകൃതരുടെ വിശദീകരണമാണ്. ‘ വളരെ സാധാരണമായാണ് കാര്യങ്ങള്‍ പോയിരുന്നത്. ഏപ്രിലില്‍ ആണ് അവസാന പരീക്ഷ. പ്രോഗ്രാമുകളെല്ലാം അവന്‍ പൂര്‍ത്തിയാക്കിയിരുന്നതുമാണ്. ഇത് ഞങ്ങളെ വളരെയധികം ആശങ്കപ്പെടുത്തുന്ന കാര്യമാണ്. എന്താണ് കേസ് എന്നോ, അവന് എന്താണ് സംഭവിച്ചതെന്നോ എന്നതില്‍ ഞങ്ങള്‍ക്ക് അധികമൊന്നും അറിയില്ല, കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നമെന്ന പ്രതീക്ഷയിലാണ് ഞങ്ങളിപ്പോള്‍’ ഒരു ഫാക്കല്‍റ്റി അംഗം ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നു.

തെക്കന്‍ കിഴക്കന്‍ ഡല്‍ഹിയിലുള്ള സാക്കിര്‍ നഗറില്‍ നിന്നും വാര്‍ത്തയറിഞ്ഞ് തൗസീഫിന്റെ കുടുംബാംഗങ്ങള്‍ ഗുവാഹത്തിയില്‍ എത്തിയിട്ടുണ്ട്. വാര്‍ത്തയറിഞ്ഞതിന്റെ ആഘാതത്തിലാണ് തങ്ങളെന്നും എന്താണ് സംഭവിച്ചതെന്ന് യാതൊരു ധാരണയുമില്ലെന്നാണ് തൗസീഫിന്റെ ബന്ധു ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നത്.

പഠനത്തില്‍ മാത്രം ശ്രദ്ധയുണ്ടായിരുന്നു ഒരു പയ്യന്‍, കുടുംബത്തില്‍ നടക്കുന്ന ആഘോഷങ്ങള്‍ പോലും പഠനം മുടങ്ങാതിരിക്കാന്‍ അവന്‍ ഉപേക്ഷിക്കുമായിരുന്നു, വളരെ അനുസരണയുള്ള ഒരു പാവം പയ്യന്‍. അസമില്‍ നിന്ന് എപ്പോള്‍ നാട്ടില്‍ വന്നാലും അവന്‍ എന്നെ കാണാന്‍ വരും’ തൗസീഫിന്റെ അമ്മായി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നു.

തെക്കന്‍ ഡല്‍ഹിയില്‍ ബട്‌ല ഹൗസിന് സമീപം ഒരു ബൊട്ടീക് നടത്തുകയാണ് തൗസീഫിന്റെ അമ്മ. അച്ഛന്‍ പൂനെയിലാണ്. തൗസീഫിന് ഐ ഐ ടിയില്‍ പ്രവേശനം കിട്ടിയപ്പോള്‍ അവന്റെ അമ്മ എല്ലാവര്‍ക്കും മധുരപലഹാരം വിതരണം ചെയ്തിരുന്നുവെന്ന കാര്യം ഓര്‍ക്കുകയാണ്, ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് സംസാരിച്ച ഒരു അയല്‍വാസി. ‘അന്ന് ഞങ്ങളീ പ്രദേശത്തുകാര്‍ക്കെല്ലാം ഉത്സവാഘോഷം പോലെയായിരുന്നു. അവളുടെ രണ്ടു മക്കളും മിടുക്കന്മാരായിരുന്നു’ അയല്‍വാസിയുടെ വാക്കുകള്‍.

തൗസീഫ് ഏകാകിയായൊരു വ്യക്തിയായിരുന്നുവെന്നാണ് എ എസ് പി കല്യാണ്‍ കുമാര്‍ പഥക് കണ്ടെത്തിയത്. മുറിയില്‍ തന്നെയായിരുന്നു എപ്പോഴും, ക്ലാസില്‍ പോകാന്‍ മാത്രമാണ് മുറി വിട്ടിറങ്ങുന്നത്. വളരെ ചുരുക്കം സൗഹൃദങ്ങള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂവെന്നും എഎസ്പി പറയുന്നു. ഐഐടിയില്‍ ചേരുന്നതിന് മുമ്പ് തന്നെ ഇസ്ലാമിസ്റ്റ് ആശയങ്ങള്‍ പഠിക്കാനും അതുമായി ഇടപഴകാനും താത്പര്യമുണ്ടായിരുന്ന വ്യക്തിയാണ് തൗസീഫ് എന്നും കഴിഞ്ഞ മൂന്നു നാലോ മാസങ്ങളില്‍ അത് തീവ്രമായെന്നുമാണ്, ഇപ്പോഴത്തെ കേസ് അന്വേഷണത്തിന്റെ ഭാഗമായൊരു ഉദ്യോഗസ്ഥന്‍, തൗസീഫിനെ ചോദ്യം ചെയ്തതില്‍ നിന്നും വ്യക്തമായ കാര്യങ്ങളായി ഇന്ത്യന്‍ എക്‌സ്പ്രസ്സുമായി പങ്കുവയ്ക്കുന്നത്. പൊലീസ് തൗസീഫ് താമസിച്ചിരുന്ന ഹോസ്റ്റല്‍ റൂമില്‍ നിന്നും പൊലീസ് ഒരു കറുത്ത പതാക കണ്ടെത്തിയിരുന്നു. പ്രഥമദൃഷ്ടിയില്‍ ഇത് ഐഎസ് പതാകയോട് സാമ്യം തോന്നിക്കുന്നുവെങ്കിലും ഏത് സംഘടനയുടെതാണെന്നു സ്‌പെഷ്യല്‍ ഏജന്‍സികള്‍ സ്ഥിരീകരിക്കണമെന്നാണ് എഎസ്പി പഥക് പറയുന്നത്.

Share on

മറ്റുവാര്‍ത്തകള്‍