UPDATES

‘നൂറിനു മുകളില്‍ ആളുകള്‍ ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞില്ലേ?

‘കേരള സ്റ്റോറി’യെ പിന്തുണയ്ക്കാന്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളും വാദങ്ങളും

                       

ഇടുക്കി രൂപതയ്ക്ക് പിന്നാലെ വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കാനൊരുങ്ങി താമരശ്ശേരി, തലശ്ശേരി രൂപതകള്‍. കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളിലായി പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം. ക്രിസ്തീയ വിശ്വാസികളില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും വലിയ വിമര്‍ശനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മറ്റു രൂപതകളും ഇടുക്കി രൂപതയുടെ പാത പിന്തുടരാന്‍ തീരുമാനിച്ചതിന് പിന്നിലെന്ത്? ഈ വിഷയത്തില്‍ അഴിമുഖവുമായി സംസാരിക്കുകയാണ് താമരശ്ശേരി കെ.സി.വൈ.എം ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ് വെള്ളക്കാകുടിയില്‍.

ഇടുക്കി അതിരൂപതയെ പിന്തുണക്കുക എന്നതാണോ സിനിമ പ്രദര്‍ശിപ്പിക്കുന്നതിലൂടെ താമരശ്ശേരി അതിരൂപതയുടെ ലക്ഷ്യം?

വിശ്വാസോത്സവത്തിന്റെ ഭാഗമായി സിനിമ പ്രദര്‍ശിപ്പിക്കാനുള്ള ഇടുക്കി രൂപതയുടെ തീരുമാനം അടിസ്ഥാനപരമായി അവരുടെ അവകാശമാണ്. കേരള സ്റ്റോറി നിരോധിക്കപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് യാതൊരു വിധ നിയമതടസങ്ങളുമില്ല. തെരെഞ്ഞെടുപ്പ് സമയമായതു കൊണ്ട് തന്നെ രാഷ്ട്രീയ പ്രേരിതമായ നീക്കമാണ് സഭ നടത്തുന്നതെന്ന ആരോപണവും ഉയര്‍ന്നു വരുന്നുണ്ട്. എന്നാല്‍ ഞങ്ങളെ സംബന്ധിച്ചു ഇത് കുട്ടികളുടെ വേനലവധിക്കാലം കൂടിയാണ്. എല്ലാ രൂപതകള്‍ക്ക് കീഴിലും വിശ്വാസോത്സവം എന്ന പരിപാടി സംഘടിപ്പിക്കുന്നുണ്ട്. രാഷ്ട്രീയപ്രേരിതമല്ലാതെ വിദ്യാര്‍ത്ഥികള്‍ക്കായി സിലബസില്‍ ഇത് ഉള്‍പ്പെടുത്തിയെന്ന് മാത്രം. ഇടുക്കി രൂപതയുടെ തീരുമാനം ഞങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. സിനിമ പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍, മാധ്യമങ്ങളില്‍ നിന്നും രാഷ്ട്രീയ തലത്തില്‍ നിന്നും ഇടുക്കി രൂപത നേരിടേണ്ടി വന്ന സമ്മര്‍ദ്ദത്തിനും, ഒറ്റപെടുത്തലുകള്‍ക്കും എതിരായി കൂടിയാണ് ഞങ്ങള്‍ ഇത് ഏറ്റെടുക്കുന്നത്. സിനിമയുടെ പ്രദര്‍ശന തീയതി സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല. വൈകാതെ തന്നെ സിനിമ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം.

എന്തുകൊണ്ട് കേരള സ്റ്റോറി?

താമരശ്ശേരി രൂപതക്ക് കീഴിലുള്ള വിശ്വാസികളില്‍ നിന്ന് ഞങ്ങള്‍ ഏറ്റവും കൂടുതല്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ള പ്രശ്‌നം ഇതായതു കൊണ്ടാണ് കേരള സ്റ്റോറി തെരെഞ്ഞെടുത്തത്. അഞ്ച് വര്‍ഷത്തോളമായുള്ള എന്റെ സേവന കലയാളകവില്‍ ഉടനീളം ഈ വിഷയം കൈ കാര്യം ചെയ്തിട്ടുണ്ട്. എല്ലാ മതങ്ങളില്‍ നിന്നുമുള്ള പ്രണയം സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ ഞങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഹിന്ദു- മുസ്ലിം വിഭാഗങ്ങളില്‍ നിന്ന് മാത്രമല്ല, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ നിന്നുള്ള പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. മുന്നൂറോളം കേസുകള്‍ മുസ്ലിം സമുദായത്തില്‍ പെട്ട യുവാക്കളുമായി പ്രണയത്തിലായ ക്രിസ്ത്യന്‍ പെണ്‍കുട്ടികളുമായി ബന്ധപ്പെട്ടുളളതായിരുന്നു. കേവലം സിനിമയെ കുറിച്ചുള്ള ഊഹങ്ങള്‍ക്ക് പുറത്തോ, രാഷ്ട്രീയപ്രേരിതമായോ അല്ല കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നത്. ഇത്തരം സംഭവങ്ങളുടെ വെളിച്ചത്തില്‍ കൂടിയാണ്. രാഷ്ട്രീയ പ്രേരിതമാണെന്നും, ന്യൂനപക്ഷങ്ങളെ ലക്ഷ്യം വക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടയിലും ഈ തീരുമാനവുമായി ഞങ്ങള്‍ മുന്നോട്ടുപോകുന്നതും ഈ വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരുന്നത് കൊണ്ട് കൂടിയാണ്.

എല്ലാ മുസ്ലിം പ്രണയങ്ങളും ലവ് ജിഹാദ് ആണെന്ന സന്ദേശമല്ല ഞങ്ങള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. പലപ്പോഴും ആത്മാര്‍ത്ഥമായ മുസ്ലിം പ്രണയങ്ങളും കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഭൂരിപക്ഷ കേസുകള്‍ മറ്റെന്തങ്കിലും ലക്ഷ്യം ഒളിപ്പിച്ചുള്ളവയായിരുന്നു. ഈ പ്രണയങ്ങളുടെ പിന്നാമ്പുറ കഥകളില്‍ ഞങ്ങള്‍ക്ക് പലപ്പോഴും ഒരു ദൈവശാസ്ത്രം പ്രവര്‍ത്തിക്കുന്നത് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ദൈവ ശാസ്ത്രവും പ്രണയവും രണ്ടും രണ്ടു തട്ടിലാണ് നിലകൊള്ളുന്നത്. മതവിശ്വാസ ശാസ്ത്രത്തിലൂന്നി എങ്ങനെയാണ് പ്രണയിക്കാനാവുക. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ ഇഷ്ടപ്രകാരം ജീവിതം നയിക്കാമെന്നതില്‍ തര്‍ക്കമില്ല. പക്ഷെ പല സംഭവങ്ങളിലും രക്ഷിതാക്കളില്‍ നിന്ന് വലിച്ചെടുത്തു കൊണ്ടുപോകുന്ന അവസ്ഥകളുണ്ടായിട്ടുണ്ട്. രക്ഷിതാക്കള്‍ക്ക് ആശയവിനിമയം നടത്താനുള്ള സാഹചര്യം പോലും ഇത്തരം കേസുകളില്‍ ലഭിക്കുന്നില്ല. രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം കൂടിയല്ലേ വിവാഹം. മാതാപിതാക്കളുടെ നിസഹയാവസ്ഥ കൂടി ഇവിടെ പരിഗണിക്കപ്പെടേണ്ടതില്ലേ?

മറ്റൊരു വസ്തുത, ഇതിനെല്ലാം പുറമെ മിക്ക കേസുകളിലും നിര്‍ബന്ധിത മതപരിവര്‍ത്തനം കാണാനായിട്ടുണ്ട് എന്നതാണ്. സഭയില്‍ നിന്ന് ഇത്തരത്തില്‍ പ്രണയ ബന്ധങ്ങളില്‍ ജീവിതം നയിക്കുന്ന കുട്ടികളുമായി തുടര്‍ച്ചയായ ആശയവിനിമയം സാധ്യമാക്കന്‍ ശ്രമിക്കാറുണ്ട്. ഇതില്‍ പലരും സാഹചര്യത്തെ മുന്‍നിര്‍ത്തി മതം മാറിയവരായിരുന്നു. പെണ്‍കുട്ടികളെ സംബന്ധിച്ച് പൂര്‍ണ സമ്മതത്തോടെയുള്ള പരിവര്‍ത്തനമായിരിക്കില്ല നടക്കുന്നത്, വിവാഹമെന്ന ഓപ്ഷന്‍ നിലനില്‍ക്കാനുള്ള ഉപാധി മാത്രമായാണ് കാണുന്നത്. ഈ സാഹചര്യത്തെ ചൂഷണം ചെയ്തുകൊണ്ടുള്ള ഏതു മതങ്ങളിലേക്കുള്ള പരിവര്‍ത്തന പ്രണയങ്ങളെയും ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്. ദൈവശാസ്ത്രപരമായ അജണ്ടകളുള്ള പ്രണയങ്ങളില്‍ മതമാണ് നിറഞ്ഞു നില്‍ക്കുന്നത്.

അങ്ങനെയെങ്കില്‍ മതപരിവര്‍ത്തന പ്രണയങ്ങളെ എങ്ങനെയാണ് ‘ലവ് ജിഹാദ്, ഭീകരവാദം’ എന്നീ ടാഗ് ലൈനുകള്‍ക്ക് കീഴില്‍ നിര്‍ത്താന്‍ സാധിക്കുക ?

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്റെ ഏറ്റവും ഉയര്‍ന്ന തലമാണ് പങ്കാളികളെ ഭീകരപ്രവര്‍ത്തനത്തിന് കൊണ്ട് പോവുകയെന്നത്. ആദ്യ കാലം മുതല്‍ക്കു തന്നെ ലവ് ജിഹാദിന് മാധ്യമങ്ങള്‍ നല്‍കിയിട്ടുള്ള നിര്‍വചനങ്ങളില്‍ വ്യക്തമായ ധാരണപ്പിശകുണ്ട്. സംഘടനാ സംവിധാനങ്ങളുടെ ലക്ഷ്യം ഏതു തരത്തിലാണെന്ന് അനുസരിച്ചായിരിക്കും അവയുടെ പ്രവര്‍ത്തനവും. കേരളത്തിന്റെ നില പരിശോധിക്കുകയാണെങ്കില്‍, ഇവിടെ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ലക്ഷ്യവും കൂടുതല്‍ കണ്ടുവന്നിരിക്കുന്നതും യുവതികളെ മതപരിവര്‍ത്തനം നടത്തുന്നതാണ്. മുസ്ലിം, ഹിന്ദു ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് പോലും ഇത്തരത്തിലുള്ള കേസുകള്‍ വന്നിട്ടുണ്ട്.

പെണ്‍കുട്ടിയുടെ സാഹചര്യം മാത്രം ചൂഷണം ചെയ്തുകൊണ്ടുള്ള മതിപരിവര്‍ത്തനത്തിന് എതിരാണെന്ന സന്ദേശമാണോ സഭ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. അങ്ങനെയെങ്കില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നതാണ് പരിഹാരമെന്ന നിലപടില്‍ എങ്ങനെ എത്താന്‍ കഴിഞ്ഞു?

ഇതിന്റെ അന്ത്യമെന്ന് പറയുന്നത് പെണ്‍കുട്ടികളെ ഭീകരവാദപ്രവര്‍ത്തനത്തിനായി, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ എത്തിക്കുകയാണ്. കേരളത്തില്‍ നിരോധിക്കപ്പെട്ട ചില സംഘടനകളുടെ ആന്തരിക അജണ്ടകളില്‍ ഇതും ഉള്‍പ്പെടുന്നുണ്ട്. വളരെയധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലങ്കിലും കേരളത്തില്‍ ഒന്ന് രണ്ട് കേസുകളോളം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പൊതുമണ്ഡലത്തില്‍ വ്യപകമായി നടക്കുന്നത് മതപരിവര്‍ത്തനമാണ്. ചില സാമുദായിക സംഘടനകള്‍ ആ ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നുമുണ്ട്. 2021ല്‍ 100 നു മുകളില്‍ ആളുകള്‍ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി തന്നെ സ്ഥിരീകരിച്ചിട്ടുള്ളതാണ്. ഐഎസ് ബന്ധമുണ്ടെന്ന് ചൂണ്ടിക്കണിച്ചു എന്‍ ഐ എ നടത്തുന്ന അറസ്റ്റുകള്‍ തീവ്ര സ്വഭാവമുള്ള ആളുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതല്ലേ? അത്തരം ലക്ഷ്യത്തോടെയുള്ള സംഘടനകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിലനില്‍ക്കുന്ന ലവ് ജിഹാദ് ഭീകരവാദപ്രവര്‍ത്തനത്തിലേക്ക് പെണ്‍കുട്ടികളെ എത്തിക്കുക എന്നതല്ല മറിച്ച് മതപരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള പ്രണയവും, വിവാഹവുമാണ്. അതിനെ ഒരുതരത്തിലും അംഗീകരിക്കാനാവില്ല.

മുഖ്യമന്ത്രി എവിടെ, എപ്പോഴാണ് 100 ന് മുകളില്‍ ആളുകള്‍ ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞത്? കേരളത്തിലെ കാര്യമാണോ അദ്ദേഹം പറഞ്ഞത്?

2021 – ൽ നടന്ന ഒരു പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പെൺകുട്ടികൾ എന്നല്ല കേരളത്തിൽ നിന്നുള്ള 100 ഓളം വ്യക്തികളാണ് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് കടന്നിരിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞിട്ടുണ്ട്.

നിലവിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യം കണക്കിലെടുക്കുമ്പോള്‍ കേരളത്തിന്റെ മതസഹോദര്യത്തെ വലിയ അളവില്‍ ബാധിക്കാന്‍ കെല്‍പ്പുള്ളതാണ് സഭയുടെ ഈ നിലപട്. മതസൗഹാര്‍ദ്ദം ഉള്‍പ്പെടെ ചോദ്യം ചെയ്യപ്പെടുന്നു എന്ന ആരോപണത്തെ സഭ നേരിടേണ്ടതില്ലേ? മത വിദ്വേഷമില്ലത്ത സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കാനുള്ള ധാര്‍മികമായ ഉത്തരവാദിത്തം സഭ സൗകര്യപൂര്‍വ്വം മറക്കുന്നതാണോ ?

വിശ്വാസോത്സവത്തിന്റെ ഭാഗമായി ഞങ്ങള്‍ നടത്തുന്ന പരിപാടികളെല്ലാം സദുദ്യേശം വച്ചുകൊണ്ടാണ്. ഇതിലൂടെ മുസ്ലിം സമുദായത്തെ ഒന്നടങ്കം ഞങ്ങള്‍ അടച്ചാക്ഷേപിക്കുകയല്ല. ഒരു സമുദായം മുഴുവന്‍ മറ്റൊരു സമൂഹത്തിനു നേരെ ലക്ഷ്യം വച്ച് നടത്തുന്നതാണെന്ന് അഭിപ്രായവും സഭയ്ക്കില്ല. ക്രൈസ്തവ സഭയുടെ പൊതുനിലപാട് തന്നെ വിദ്വേഷം ഇല്ലാതാക്കനും സ്നേഹവും, സാഹോദര്യവും നിലനിര്‍ത്താനും വളര്‍ത്താനുമാണ്. സ്വാഭാവികമായും ആ നിലപടില്‍ അവരോടുള്ള സ്‌നേഹം മാത്രമാണ് ഉള്ളത്. മുഴുവന്‍ സമൂഹത്തിനു നേരെയാണെന്ന ആഖ്യാനങ്ങള്‍ ഒരിക്കലും നല്‍കരുത്. അത്തരം ലക്ഷ്യത്തിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരും സമൂഹത്തിലുണ്ട്. അത് തെളിയാക്കപ്പെട്ടിട്ടുമുണ്ട്. സാമുദായികമായും, രാഷ്ട്രീയപരമായും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സംഘടനാ സംവിധായങ്ങള്‍ മുസ്ലിം സമൂഹത്തിനുള്ളില്‍ ഉണ്ട്. ഇത്തരത്തിലുള്ള സ്ലീപ്പിങ് സെല്‍ കേരളത്തിലുണ്ടെന്ന് എന്‍ഐഎ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

മാധ്യമങ്ങള്‍ നല്‍കിയിരിക്കുന്ന ഭീകരവാദമെന്ന നിര്‍വചനമല്ല ലവ് ജിഹാദിനുള്ളത്, നിര്‍ബന്ധിത മതപരിവര്‍ത്തനവും അതിന്റെ ഭാഗമാണ്. ആ നിര്‍വചനം ഇവിടെ ആരും പറഞ്ഞു കേള്‍ക്കുന്നില്ല. ആത്യന്തികമായി കേരള സ്റ്റോറി മുഴുവന്‍ യാഥാര്‍ഥ്യമാണെന്ന് വാദം എനിക്കില്ല. തീര്‍ച്ചയായും അതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായിരിക്കാം. പക്ഷെ ആശയം കേരളത്തില്‍ നടന്ന സംഭവങ്ങള്‍ തന്നെയാണ്.

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍