രാജ്യത്തു മാധ്യമങ്ങളെ നിശബ്ദമാക്കാനുള്ള ഭരണകൂട ശ്രമങ്ങള്‍ പ്രതിരോധിക്കപ്പെടേണ്ടതുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മണിപ്പുര്‍ കലാപത്തിന്റെ വസ്തുതകള്‍ പുറത്തുവരാതിരിക്കാന്‍ ആസൂത്രിതനീക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അഴിമുഖം ബുക്സ് പ്രസിദ്ധീകരിച്ച ‘ മണിപ്പൂര്‍ എഫ് ഐ ആര്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദീപിക അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലില്‍ എഴുതിയ ‘മണിപ്പുര്‍ എഫ്ഐആര്‍’ അഴിമുഖം ബുക്‌സിന്റെ മൂന്നാമത്തെ പുസ്തകമാണ്. വിഖ്യാത അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ ജോസി ജോസഫിന്റെ ‘ കഴുകന്മാരുടെ വിരുന്ന്, ‘നിശബ്ദ അട്ടിമറി’ എന്നീ പുസ്തകങ്ങള്‍ക്ക് പിന്നാലെയാണ് അഴിമുഖത്തിന്റെ ‘ജേര്‍ണലിസം സീരീസിലെ’ അടുത്ത പുസ്തകമായി മണിപ്പൂര്‍ എഫ് ഐ ആര്‍ പുറത്തിറങ്ങിയത്. ജനാധിപത്യം പ്രതിസന്ധി നേരിടുന്ന വര്‍ത്തമാന കാലത്ത് കൂടുതല്‍ ശക്തവും സ്വതന്ത്രവുമായ മാധ്യമപ്രവര്‍ത്തനത്തിന് പ്രസക്തി വര്‍ദ്ധിക്കുന്നു എന്ന തിരിച്ചറിവോടെയാണ് ജേര്‍ണലിസ്റ്റുകളുടെ പുസ്തകങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കാന്‍ ‘അഴിമുഖം’ തീരുമാനിച്ചിരിക്കുന്നത്. മണിപ്പുര്‍ എഫ് ഐ ആര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അഴിമുഖം ബുക്‌സുമായി ബന്ധപ്പെടുക.
‘സമാനതകളില്ലാത്ത അതിക്രമങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളുമാണ് മണിപ്പുരില്‍ അരങ്ങേറിയത്. കലാപം തുടങ്ങി എണ്‍പതു ദിവസത്തോളം നിശബ്ദത പാലിച്ച പ്രധാനമന്ത്രിയും രാജ്യത്തെ ചില മാധ്യമങ്ങളും മണിപ്പുര്‍ കലാപത്തിന്റെ യഥാര്‍ഥ ചിത്രം പുറത്തുവരാതിരിക്കാനാണു ശ്രമിച്ചത്. സത്യങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേ കേസെടുക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമം. മണിപ്പുര്‍ വാര്‍ത്തകളെ ചില മുഖ്യധാരാ മാധ്യമങ്ങള്‍ വെള്ളം ചേര്‍ക്കുകയോ തമസ്‌കരിക്കുകയോ ചെയ്തുവെന്നത് മാധ്യമങ്ങള്‍ ആരുടെ പക്ഷത്ത് എന്നു വ്യക്തമാക്കുന്നതാണ്. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ വാര്‍ത്തകള്‍ അവതരിപ്പിക്കുന്ന കാര്യത്തിലും അതു നാം കണ്ടു” എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാണിച്ചു.
ഡല്‍ഹിയില്‍ ദീര്‍ഘകാലമായി മാധ്യമരംഗത്തു ശ്രദ്ധേയസാന്നിധ്യമായ ജോര്‍ജ് കള്ളിവയലിലിന്റെ മണിപ്പുര്‍ എഫ്ഐആര്‍ എന്ന പുസ്തകം, അവിടുത്തെ കലാപത്തെക്കുറിച്ചു വ്യക്തമായ ചിത്രം നല്‍കുന്ന റഫറന്‍സ് ഗ്രന്ഥമെന്ന നിലയില്‍ വലിയ മുതല്‍ക്കൂട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍, മുന്‍ ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവുമായ രമേശ് ചെന്നിത്തല പുസ്തകത്തിന്റെ ആദ്യപ്രതി മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. പ്രതിസന്ധികളെ അതിജീവിച്ചു മണിപ്പുരിലെ കലാപബാധിത മേഖലകള്‍ സന്ദര്‍ശിക്കാനും വസ്തുനിഷ്ടമായി അവ അവതരിപ്പിക്കാനും ജോര്‍ജ് കള്ളിവയലില്‍ നടത്തിയ ശ്രമം മാധ്യമലോകത്തിനാകെ മാതൃകയാണെന്ന് ചെന്നിത്തല പറഞ്ഞു.
വ്യവസായ മന്ത്രി പി. രാജീവ്, മുന്‍ കേന്ദ്രമന്ത്രിയും ഡല്‍ഹിയിലെ കേരള സര്‍ക്കാര്‍ പ്രതിനിധിയുമായ പ്രഫ. കെ.വി. തോമസ്, കൊച്ചി മേയര്‍ അഡ്വ. എം. അനില്‍ കുമാര്‍, എംപിമാരായ ഹൈബി ഈഡന്‍, തോമസ് ചാഴികാടന്‍, എ.എം.ആരിഫ്, എംഎല്‍എമാരായ ടി.ജെ. വിനോദ്, റോജി എം.ജോണ്‍, അന്‍വര്‍ സാദത്ത്, മുന്‍ മന്ത്രി കെ.സി. ജോസഫ്, മുന്‍ എംപിമാരായ ഡോ. സെബാസ്റ്റിയന്‍ പോള്‍, ഫ്രാന്‍സിസ് ജോര്‍ജ്, ജോയി ഏബ്രഹാം, ചാള്‍സ് ഡയസ്, കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ, മുന്‍ വിദേശകാര്യ അംബാസഡര്‍ വേണു രാജാമണി, ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ്, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കെ. ഗോപാലകൃഷ്ണന്‍, ജോണി ലൂക്കോസ്, എം.വി. നികേഷ്‌കുമാര്‍, ബാബു ജോസഫ്, രാഷ്ട്രദീപിക ഡയറക്ടര്‍ ഡെന്നി തോമസ് വട്ടക്കുന്നേല്‍, ദീപിക കൊച്ചി റസിഡന്റ് മാനേജര്‍ ഫാ. സൈമണ്‍ പള്ളുപ്പേട്ട, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ്, സിപിഎം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്‍, ഹൃദ്രോഗവിദഗ്ധന്‍ ഡോ. ജോര്‍ജ് തയ്യില്‍, അഴിമുഖം പബ്ലിക്കേഷന്‍ പ്രതിനിധി കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് തുടങ്ങി സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ നിന്നു നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. മണിപ്പുരി യുവതി ലെരുണി മത്തിബോ ചടങ്ങില്‍ പ്രാര്‍ത്ഥനാഗാനം ആലപിച്ചു.
ദേശീയ-അന്തര്‍ദേശീയ റിപ്പോര്‍ട്ടിംഗില്‍ മൂന്നര പതിറ്റാണ്ടു നീണ്ട അനുഭവങ്ങളുള്ള ജോര്‍ജ് കള്ളിവയലില്‍ രചിച്ച പുസ്തകത്തില്‍ മണിപ്പുരിന്റെ ചരിത്രം, കലാപത്തിന്റെ പശ്ചാത്തലം, സങ്കീര്‍ണമായ സാഹചര്യങ്ങള്‍, അധികമാരും അറിയാത്ത പിന്നാമ്പുറക്കഥകള്‍, അതിക്രൂരമായ വേട്ടയ്ക്ക് പ്രേരകമായ പക, അക്രമ പരമ്പരകളുടെ നാള്‍വഴികള്‍, മാസങ്ങള്‍ നീണ്ട അക്രമങ്ങള്‍ക്കും പ്രതിരോധത്തിനുമുള്ള തയാറെടുപ്പുകള്‍, അനേകരുടെ മരണത്തിലേക്ക് നയിച്ച ഏറ്റുമുട്ടലുകളുടെ ബാക്കിപത്രം, ഇനിയുള്ള വെല്ലുവിളികള്‍, സമാധാന ശ്രമങ്ങള്‍ എന്നിവ സമഗ്രമായി വിവരിക്കുന്നുണ്ട്. അഴിമുഖം ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് എഐ ഇമേജില്‍ കവര്‍ പേജ് ഒരുക്കിയത് രാജേഷ് ചാലോടാണ്.