മുംബൈയില്‍ 70 കോടി വിലമതിക്കുന്ന ഭൂമി വെറും ഒന്നേമുക്കാല്‍ ലക്ഷത്തിന് ഹേമ മാലിനിക്ക് സ്വന്തം. ബിജെപി എംപിക്ക് ഡാന്‍സ് അക്കാദമി തുടങ്ങാനാണ് മുംബൈയിലെ ഓഷിവാരയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഭൂമി അനുവദിച്ചത്. സര്‍ക്കാരിന്റെ പുതുക്കിയ നിയമപ്രകാരമാണ് ഭൂമി അനുവദിച്ചിരിക്കുന്നതെന്ന് വിവരാവകാശ നിയമം പ്രകാരം കിട്ടിയ മറുപടിയില്‍ പറയുന്നു. ആര്‍ടിഐ ആക്ടിവിസ്റ്റായ അനില്‍ ഗാല്‍ഗലിക്ക് സബര്‍ബന്‍ കളക്‌ട്രേറ്റ് ഓഫിസില്‍ നിന്നും ലഭിച്ച മറുപടിയിലാണ് 2000 ചതുരശ്ര മീറ്ററുള്ള കണ്ണായ ഭൂമി ഹേമ മാലിനിക്ക് ഡാന്‍സ് അക്കാദമി തുടങ്ങാനായി ചതുരശ്ര മീറ്ററിന് 87.50 രൂപ നിരക്കില്‍ വെറും 1.75 ലക്ഷം രൂപയ്ക്ക് കൈമാറിയിരിക്കുന്ന വിവരമുള്ളത്.
അനില്‍ ഗാല്‍ഗലിക്ക് മുമ്പ് ലഭിച്ചൊരു ആര്‍ടിഐ മറുപടിയില്‍ ഇതേ ഭൂമി ചതുരശ്ര മീറ്ററിന് 35 രൂപ നീരക്കില്‍ 70,000 രൂപയ്ക്കാണ് ലഭിച്ചതെന്നായിരുന്നു. ഈ വിവരം വിവാദം സൃഷ്ടിച്ചതിനു പിന്നാലെ, സ്വകാര്യ ട്രസ്റ്റുകള്‍ക്കും കലാകാരന്മാര്‍ക്കും ഭൂമി അനുവദിക്കുന്നതിലെ നയം തിരുത്തുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ചെയ്തത്.
ഭരതനാട്യം നര്‍ത്തകി കൂടിയായ മുന്‍ ബോളിവുഡ് താരം ഭൂമി വിലയായി 10 ലക്ഷം മുന്‍കൂറായി സര്‍ക്കാരിന് നല്‍കിയിരുന്നു. ഇതില്‍ നിന്നും സര്‍ക്കാര്‍ 8.25 ലക്ഷം രൂപ അവര്‍ക്ക് തിരികെ നല്‍കുമെന്നാണ് അനില്‍ ഗാല്‍ഗലി പറയുന്നത്.
ഇക്കാര്യം മുംബൈ സബര്‍ബന്‍ കളക്ടര്‍ ശേഖര്‍ ചന്നെ സ്ഥിരീകരിച്ചിട്ടുണ്ടെന്നും അനില്‍ പറയുന്നു. 8.25 ലക്ഷം റീഫണ്ട് ചെയ്യുമെന്നും, എന്നാല്‍ ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് തങ്ങളുടെ കൈയില്‍ കിട്ടിയശേഷം മാത്രമെ പണം തിരികെ നല്‍കൂ എന്നുമാണ് കളക്ടര്‍ പറയുന്നത്.
പത്തുലക്ഷം ഹേമ മാലിനി നല്‍കുന്നത് 1997-ല്‍ ആണ്. ആ പണത്തില്‍ നിന്നാണ് 8.25 ലക്ഷം തിരികെ കൊടുക്കാന്‍ പോകുന്നത്. ഇപ്പോള്‍ ഈ സ്ഥലത്തിന്റെ മാര്‍ക്കറ്റ് വില 70 കോടിയോളം വരുമെന്നാണ് അനില്‍ ഗാല്‍ഗലി പറയുന്നത്. ഇത്രയും മൂല്യമുള്ള ഭൂമിയാണ് വെറും 1.75 ലക്ഷത്തിന് ഹേമമാലിനിക്ക് നല്‍കുന്നതെന്നും അദ്ദേഹം പറയുന്നു.
ബിജെപി എംപിക്ക് നല്‍കുന്ന ഭൂമിയുടെ വിലയെക്കുറിച്ച് അനില്‍ അപേക്ഷയില്‍ വിശദമായി ചോദിച്ചിരുന്നു. രേഖകള്‍ പ്രകാരം പ്രസ്തുത ഭൂമി പൂന്തോട്ടം ഒരുക്കാന്‍ വേണ്ടി നീക്കിവച്ചിരിക്കുന്നതാണ്. 1976 ഫെബ്രുവരി ഒന്നിലെ മൂല്യനിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ ചതുരശ്ര മീറ്ററിന് 350 രൂപ നിരക്കിലാണ് ഭൂമി പൂന്തോട്ട നിര്‍മാണത്തിനായി അനുവദിച്ചിരുന്നത്. പ്രത്യേക കേസുകളില്‍ ഭൂമി അനുവദിക്കുമ്പോള്‍, മൂല്യനിര്‍ണയത്തിന്റെ 25 ശതമാനം ഇടാക്കണമെന്നായിരുന്നു സര്‍ക്കാര്‍ വ്യവസ്ഥ. ചതുരശ്ര മീറ്ററിന് 350 രൂപയെന്ന് കണക്കാക്കിയിരുന്ന ഭൂമി വിലയുടെ നാലിലൊന്നു മാത്രം വാങ്ങിക്കൊണ്ടാണ് ഹേമ മാലിനിക്ക് 87.50 രൂപയ്ക്ക് നഗരത്തിലെ ഏറ്റവും കണ്ണായ സ്ഥലത്തുള്ള ഭൂമി നല്‍കുന്നതെന്നാണ് വിവരാവകാശ പ്രവര്‍ത്തകന്‍ ചൂണ്ടിക്കാണിക്കുന്നത്.
ആരോപണങ്ങളും വിവാദങ്ങളുമെല്ലാം നിഷേധിക്കുന്ന ഹേമ മാലിനി പറയുന്നത്, ഈ ഭൂമി കിട്ടാനായി താന്‍ കഴിഞ്ഞ 20 വര്‍ഷമായി കഷ്ടപ്പെടുകയാണെന്നാണ്. നാട്യവിഹാര്‍ കലാകേന്ദ്ര ചാരിറ്റി ട്രസ്റ്റ്(ഹേമ മാലിനിയാണ് ഇതിന്റെ ഉടമ) അനുവദിക്കപ്പെട്ട 2000 ചതുരശ്ര മീറ്റര്‍ ഭൂമിയില്‍ ഒരു ഡാന്‍സ് അക്കാദമി സ്ഥാപിക്കുന്നതിന് പുറമെ, അക്കാദമിയുടെ ഭാഗമല്ലാത്ത ഭൂമിയില്‍ ഒരു പൂന്തോട്ടം നിര്‍മിച്ച് അത് ബോംബെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്(ബിഎംഎസി)ക്ക് കൈമാറുമെന്നും ബിജെപി എംപി പറയുന്നു.