UPDATES

മുഹമ്മദ് അലി ജിന്ന; പരമ്പര ഭാഗം – 13

പാകിസ്ഥാന്‍ അഥവാ ഇന്ത്യയുടെ വിഭജനം അംബദ്ക്കറുടെ ഗവേഷണ ഗ്രന്ഥം വായിക്കപ്പെടുമ്പോള്‍

                       

മുസ്ലിം സമൂഹത്തിലെ വേറിട്ട ശബ്ദമായിരുന്നു ജിന്ന. 1906 ല്‍ ലിന്റോ പ്രഭുവിനെ കണ്ട് മുസ്ലിങ്ങള്‍ക്ക് പ്രാതിനിധ്യത്തിന് പ്രത്യേക വോട്ടര്‍ പട്ടിക വേണം എന്നാവശ്യപ്പെട്ട നേതാക്കള്‍ക്കൊപ്പം ജിന്ന ഉണ്ടായിരുന്നില്ല. 1918 ല്‍ വിചാരണയില്ലാതെ ആരെയും ശിക്ഷിക്കാന്‍ അധികാരം നല്‍കുന്ന റൗളറ്റ് നിയമത്തില്‍ പ്രതിഷേധിച്ച് ഇംപീരിയല്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ നിന്നും രാജിവച്ചുകൊണ്ട് ജിന്ന പറഞ്ഞു, ജനങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്ന അവരുടെ പ്രതിനിധിക്കും അഭിപ്രായങ്ങള്‍ക്കും മൂല്യം കല്‍പ്പിക്കാത്ത സഭയില്‍ ഇനി ഞാന്‍ തുടരുന്നില്ല. 1919 ല്‍ ഗവണ്മെന്റ് ഓഫ് ഇന്ത്യ റിഫോംസ് സംബന്ധിച്ച ജോയിന്റ് സെലക്ട് കമ്മറ്റി മുന്‍പാകെ ജിന്ന പറഞ്ഞു, മതാടിസ്ഥാനത്തിലുള്ള വേര്‍തിരിവുകള്‍ ഇല്ലാത്ത ഒരു രാഷ്ട്രീയ സമീപനമാണ് താന്‍ ആഗ്രഹിക്കുന്നത്. ഇന്ത്യക്കാരുടെ കൈയ്യിലേക്ക് അധികാരം കൈമാറിയാല്‍ ആഭ്യന്തര കലാപം ഉണ്ടാവില്ലെ എന്ന ചോദ്യത്തിന് അങ്ങിനെ താന്‍ കരുതുന്നില്ല എന്നായിരുന്നു മറുപടി.

മുന്‍കാലത്തെ കലാപങ്ങളിലെല്ലാം പോലീസിന്റെ പക്ഷപാതമായിരുന്നു അതിന് കാരണമെന്നും ജിന്ന ആരോപിച്ചു. അതിന് കാരണമായ ഓഫീസര്‍ സ്ഥലം മാറിപോകുന്നതോടെ കലാപവും അവസാനിച്ചിരുന്നു എന്ന് ജിന്ന ഓര്‍മ്മിപ്പിച്ചു. ക്രമസമാധാനപാലനം ഏതെങ്കിലും ഒരു മതത്തിന്റെ പ്രതിനിധിക്ക് ലഭ്യമായാല്‍ പ്രശ്നമല്ലെ എന്ന ചോദ്യത്തിന് ഞാനാണ് ആ സ്ഥാനത്തെങ്കില്‍ നീതി മാത്രമാകും നോക്കുക , ശരിയുടെ ഭാഗത്തേ നില്‍ക്കൂ എന്നായിരുന്നു മറുപടി.സെലക്ട് കമ്മറ്റി പറയുന്ന വാദം പത്ത് വര്‍ഷം മുന്നെ ശരിയായിരുന്നേക്കാം, ഇപ്പോള്‍ അങ്ങിനെയല്ല എന്നും ജിന്ന അഭിപ്രായപ്പെട്ടു. ഉദാഹരണമായി ബോംബെ താനയിലെ ഒരനുഭവം അദ്ദേഹം വിശദീകരിച്ചു.അവിടെ എല്ലാ ഉദ്യോഗസ്ഥരും ഇന്ത്യക്കാരാണ്, എന്നു മാത്രമല്ല ഹിന്ദുക്കളുമാണ്. നാളിതുവരെ അവരെക്കുറിച്ച് ഒരു പരാതിയും ഉണ്ടായിട്ടുമില്ല. പത്ത് വര്‍ഷം മുന്നെ പ്രാതിനിധ്യം സംബ്ബന്ധിച്ച ദേശീയ യോഗത്തില്‍ എണ്‍പതിലേറെ മുസ്ലിം അംഗങ്ങള്‍ പ്രത്യേക വോട്ടര്‍പട്ടിക ആവശ്യപ്പെട്ടപ്പോള്‍ അതിനെ എതിര്‍ത്തത് നാല്‍പ്പത് പേരായിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രത്യേക വോട്ടര്‍പ്പട്ടിക വേണം എന്നാവശ്യപ്പെടുന്നവരുടെ എണ്ണം വളരെ കുറഞ്ഞു. ഇനിയും ഈ നില മെച്ചപ്പെടുകയേയുള്ളു എന്നും ജിന്ന അഭിപ്രായപ്പെട്ടു.

ഇന്ത്യ എന്ന സ്ലീപ്പിംഗ് ബ്യൂട്ടി; അംബേദ്കറും ഇന്ത്യ വിഭജനവും പരമ്പര ഭാഗം -2

മുസ്ലിം സമുദായം ആവശ്യപ്പെടുന്നത്; അംബദ്ക്കറും ഇന്ത്യ വിഭജനവും പരമ്പര ഭാഗം 3

ഒരു ദേശം വീടിനായി കൊതിക്കുന്നു; അംബേദ്ക്കറും ഇന്ത്യ വിഭജനവും; ഭാഗം 4

അപചയത്തില്‍ നിന്നുള്ള രക്ഷപെടല്‍; പരമ്പര ഭാഗം 5

ഇസ്ലാം മുന്നേറ്റത്തിന്റെ ചരിത്രം; പരമ്പര ഭാഗം 6

പാകിസ്ഥാനും ഹിന്ദുസ്ഥാനും; പരമ്പര ഭാഗം 7

പാകിസ്ഥാനും സാമുദായിക സൗഹാര്‍ദ്ദവും; പരമ്പര ഭാഗം 8

ഹിന്ദുമഹാസഭ; പരമ്പര ഭാഗം 9

ഗാന്ധിജിയും ഹിന്ദു-മുസ്ലിം ഐക്യവും; പരമ്പര ഭാഗം 10 

മുസല്‍മാന് ഉന്നയിക്കാവുന്ന അവകാശങ്ങള്‍, അധികാരങ്ങള്‍; പരമ്പര ഭാഗം 11

വര്‍ഗ്ഗീയമായ ആക്രമണാത്മകത; പരമ്പര ഭാഗം- 12

 

ലീഗിലും ഹോംറൂള്‍ ലീഗിലും കോണ്‍ഗ്രസിലും ജിന്ന അംഗമായിരുന്നു. മൂന്ന് പ്രസ്ഥാനത്തിലേയും എല്ലാ നയങ്ങളോടും യോജിക്കുന്ന സമീപനമായിരുന്നില്ല ജിന്നയുടേത്. എതിര്‍ക്കേണ്ടവയെ എതിര്‍ക്കുക തന്നെ ചെയ്തു. അദ്ദേഹം സ്വതന്ത്രനും ദേശീയവാദിയും ആയിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിനും എതിരായിരുന്നു ജിന്ന. അതിര്‍ത്തിക്കപ്പുറമുള്ള വിഷയങ്ങളില്‍ ഇന്ത്യന്‍ മുസ്ലിം ഇടപെടേണ്ടതില്ല എന്നതായിരുന്നു സമീപനം. കോണ്‍ഗ്രസിന്റെ നിസ്സഹകരണ പ്രസ്ഥാനവും നിയമലംഘന പ്രസ്ഥാനവും കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണവും ജിന്നയെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ച ഘടകങ്ങളാണ്. എന്നാല്‍ ജിന്ന ഒരിക്കലും കോണ്‍ഗ്രസിനെ ഹിന്ദു സമിതി എന്നു കുറ്റപ്പെടുത്തിയിരുന്നില്ല. 1924 ഡിസംബര്‍ 30 ന് ഖിലാഫത്തിന് ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തെ ഗൗരവമായി കണ്ട ലീഗ് യോഗത്തില്‍ ജിന്നയും പങ്കെടുത്തു. നമ്മുടെ കൂട്ടായ്മ ഹിന്ദുവുമായി വഴക്കിടാനല്ല, അവരുമായി ഒത്തുകൂടാനും സഹകരിക്കാനുമാണ് എന്ന് ജിന്ന അഭിപ്രായപ്പെട്ടു. നമ്മുടെ നാടിനുവേണ്ടി, ഹിന്ദുമഹാസഭയോടുപോലും ചേര്‍ന്നുനിന്ന് ലോകത്തോട് പറയണം, നമ്മള്‍ സഹോദരങ്ങളാണെന്ന്. മുസ്ലിമിന്റെ അവകാശങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ 33 പ്രധാന മുസ്ലിങ്ങളെ ചേര്‍ത്ത് ആ യോഗത്തില്‍ സമിതിയുണ്ടാക്കി. അതിനുളള പ്രമേയം അവതരിപ്പിച്ചതും ജിന്നയായിരുന്നു. ഞാന്‍ ഇവിടെ നില്‍ക്കുന്നത് ഒരു വര്‍ഗ്ഗീയവാദിയായല്ല, ഞാനൊരു ദേശീയവാദിയാണ്, ജിന്ന പറഞ്ഞു. നിയമനിര്‍മ്മാണ സഭയില്‍ ഏറ്റവും മികച്ചവര്‍ വരണം എന്നാണ് താന്‍ ആഗ്രഹിക്കുന്നത് എന്നും ജിന്ന വ്യക്തമാക്കി. എന്നാല്‍ യോഗത്തില്‍ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും ജിന്നയുടെ വാദത്തോട് യോജിച്ചില്ല. അവര്‍ക്ക് പ്രത്യേക പ്രാതിനിധ്യം വേണമെന്നായിരുന്നു അഭിപ്രായം.

എല്ലാവരും സ്വരാജിന് പോരാടാന്‍ തയ്യാറാണ്, എന്നാല്‍ സംരക്ഷണം ഉറപ്പാക്കണം എന്നും അഭിപ്രായപ്പെട്ടു. എല്ലായിടത്തും ഉള്ളപോലെ കുഴപ്പക്കാര്‍ ആ യോഗത്തിലും ഉണ്ടായിരുന്നു. നമ്മള്‍ സ്വതന്ത്രരാകണമെങ്കില്‍ ഒന്നിച്ചു നില്‍ക്കണം. അല്ലെങ്കില്‍ ചെറിയ ചെറിയ കാര്യങ്ങളുടെ പേരില്‍ കലപില കൂടി ഇംഗ്ലീഷുകാരന്റെ മധ്യസ്ഥതയുടെയും ബ്യൂറോക്രസിയുടെയും അടിമകളായി കഴിയേണ്ടിവരും എന്ന് ജിന്ന ഓര്‍മ്മിപ്പിച്ചു. 1927 ല്‍ ലീഗ് വേദിയില്‍ ജിന്ന പറഞ്ഞു, ഞാന്‍ പ്രത്യേക വോട്ടര്‍പട്ടികയ്ക്ക് എതിരാണ്. 1928 ല്‍ സെമണ്‍ കമ്മീഷനെതിരായ പ്രസ്ഥാനത്തില്‍ ജിന്ന കോണ്‍ഗ്രസിനൊപ്പം നിന്നു. അത് ലീഗില്‍ ഭിന്നതയുണ്ടാക്കി. 1931 ആഗസ്റ്റ് എട്ടിന് യുപി മുസ്ലിം കോണ്‍ഫറന്‍സില്‍ ജിന്ന സംസാരിച്ചു, മുസ്ലിങ്ങള്‍ ഭിന്നത മറന്ന് ഒന്നിച്ചു നില്‍ക്കേണ്ട സമയമാണ് എന്നാഹ്വാനം ചെയ്തു. സമുദായത്തിലെ ആഭ്യന്തര പ്രശ്നങ്ങള്‍ അവസാനിപ്പിക്കണം. ഗാന്ധി പറയുന്നു, അദ്ദേഹം ഹിന്ദുവിനേയും മുസ്ലിമിനെയും ഒരുപോലെ സ്നേഹിക്കുന്നെന്ന്.ഞാന്‍ അത്രയ്ക്ക് പോകുന്നില്ല, രണ്ട് സമുദായങ്ങള്‍ക്കും നീതിബോധം തോന്നുന്ന ഒരു നിലപാട് ഉണ്ടാകണം. പഞ്ചാബിലും ബംഗാളിലും മുസ്ലിം ഭൂരിപക്ഷം അംഗീകരിക്കാന്‍ ഹിന്ദുക്കള്‍ തയ്യാറായാല്‍ ഒരു ഒത്തുതീര്‍പ്പിന് സാധ്യതയുണ്ട്. അത് പൊതുവോട്ടര്‍പട്ടികയിലേക്ക് എത്താനും സാധ്യതയുണ്ട്. ഭൂരിപക്ഷ മുസ്ലിം അതാഗ്രഹിക്കുന്നില്ല എങ്കില്‍ പോലും ഹിന്ദു-മുസ്ലിം അവിശ്വാസം,സംശയം,ഭയം ഇവ മാറിയാല്‍ നമ്മുടെ പുതിയ ഭരണഘടന പ്രകാരം പ്രത്യേക വോട്ടര്‍ പട്ടിക ഒഴിവാക്കാന്‍ കഴിയും എന്നദ്ദേഹം വിശ്വസിച്ചിരുന്നു. ഇതിനെല്ലാം ആദ്യം വേണ്ടത് മുസ്ലിം ഐക്യമാണ്. പിന്നീടത് ഹിന്ദു-മുസ്ലിം ഐക്യത്തില്‍ എത്തിച്ചേരും. ഇതുണ്ടാവില്ലെങ്കില്‍ ബ്രിട്ടീഷ് മാധ്യസ്ഥം തുടരും. അധികാരം അവരുടെ കൈകളില്‍ത്തന്നെയാകും.

മുസ്ലിം ആവശ്യപ്പെടുന്നതെല്ലാം അംഗീകരിക്കാം എന്നാണ് ഗാന്ധി പറയുന്നത്. അതൊരു ബ്ലാങ്ക് ചെക്കാണ്. ഞാന്‍ പറയുന്നത് അതിലും കുറഞ്ഞതാണ്. ലീഗ് മുന്നോട്ടുവയ്ക്കുന്ന പതിനാല് പോയിന്റുകള്‍ കോണ്‍ഗ്രസ് അംഗീകരിക്കുക എന്നതാണത്. ഭരണഘടന ഫെഡറല്‍ ആയിരിക്കണം, പ്രോവിന്‍സുകള്‍ക്ക് സ്വതന്ത്രഭരണം നടത്താന്‍ കഴിയണം, എല്ലാ പ്രോവിന്‍സുകളിലും ന്യൂനപക്ഷങ്ങള്‍ക്ക് അധികാരപങ്കാളിത്തം ഉറപ്പാക്കണം,കേന്ദ്ര ലജിസ്ലേച്ചറില്‍ മുസ്ലിമിന് മൂന്നില്‍ ഒന്നില്‍ കുറയാത്ത പങ്കാളിത്തം ഉറപ്പാക്കണം,പൂര്‍ണ്ണമതസ്വാതന്ത്ര്യം ഉണ്ടാകണം തുടങ്ങിയവയായിരുന്നു പതിനാല് പോയിന്റുകളില്‍ ഉണ്ടായിരുന്നത്. നമുക്കാവശ്യം ദശലക്ഷക്കണക്കിന് വരുന്ന ഇന്ത്യന്‍ ജനതയുടെ ശാന്തിയും സമാധാനവുമാണ് എന്ന് ജിന്ന ഓര്‍മ്മപ്പെടുത്തി.

1928 ല്‍ ഡോക്ടര്‍ അന്‍സാരി നേതൃത്വം കൊടുക്കുന്ന ദേശീയ മുസ്ലിം പാര്‍ട്ടി ഉണ്ടായി. നെഹ്റു റിപ്പോര്‍ട്ടിനെ പൂര്‍ണ്ണമായി അംഗീകരിക്കുന്ന വിഭാഗമായിരുന്നു ഇത്. 1927 ല്‍ ജിന്നയ്ക്കൊപ്പം നിന്ന ബര്‍ക്കത്ത് അലി അന്‍സാരിക്കൊപ്പം ചേര്‍ന്നു. അദ്ദേഹം 1931 ല്‍ പഞ്ചാബില്‍ നടന്ന ദേശീയ മുസ്ലിം കോണ്‍ഫറന്‍സില്‍ നടത്തിയ പ്രസംഗത്തില്‍ ഇങ്ങിനെ പറഞ്ഞു, ഇന്ത്യയ്ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം കിട്ടണം. മുസ്ലിം ആദ്യം, ഇന്ത്യ രണ്ടാമത് തുടങ്ങിയ പ്രചരണങ്ങളില്‍ വീഴരുത്. ഇന്ത്യയും ഇന്ത്യയിലെ ഇസ്ലാമും ഒന്നു തന്നെയാണ്. നമ്മുടെ അന്യരാജ്യത്തുള്ള സഹോദരന്മാരോട് കൂറും സഹായവും പുലര്‍ത്തണമെങ്കില്‍ തന്നെ ആദ്യം നമ്മള്‍ സ്വതന്ത്രരാകണം. ഏതെങ്കിലും ഘട്ടത്തില്‍ ഒരു മുസ്ലിം രാജ്യം നമ്മെ ആക്രമിച്ചാല്‍ നമ്മള്‍ ഇവിടത്തെ അനിസ്ലാമികര്‍ക്കൊപ്പം നിന്ന് എതിര്‍ക്കണം. ഇടുങ്ങിയ മനസ്ഥിതിക്കാരായ ചില ഹിന്ദു നേതാക്കള്‍ അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ആക്രമണത്തെ ആശങ്കപ്പെടുന്നു എന്നതില്‍ അര്‍ത്ഥമില്ല. മതങ്ങള്‍ക്ക് അപ്പുറമുള്ള ഒരിന്ത്യയെ നമ്മള്‍ വിഭാവന ചെയ്യണം. അല്ലെങ്കില്‍ അത് നമ്മുടെ മരണമണിയായിരിക്കും. അശോകനും ചന്ദ്രഗുപ്തനും മുഗളരും എല്ലാം ഭരിച്ചപ്പോഴും ഒരിന്ത്യ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ നമുക്ക് പ്രത്യേക വോട്ടര്‍ പട്ടികയും വേണ്ട.

അംബദ്ക്കര്‍ പറയുന്നത് ഇതാണ്. ബ്രിട്ടീഷുകാര്‍ക്ക് നാളിതുവരെ ഹിന്ദുവിനെയും മുസല്‍മാനെയും ഭിന്നിപ്പിച്ച് ഭരിക്കാന്‍ കഴിഞ്ഞെങ്കില്‍ അത്ര ആഴത്തിലുള്ള വ്യത്യാസം രണ്ട് സമുദായങ്ങളും തമ്മിലുണ്ട് എന്നതും അംഗീകരിക്കേണ്ടതുണ്ട്.ദേശീയ മുസ്ലിമായിരുന്ന ജിന്ന ക്രമേണ പാകിസ്ഥാന്‍ എന്ന ആശയത്തിന് പിന്തുണ നല്‍കിയതും അതിന്റെ നേതൃത്വത്തില്‍ എത്തിയതും പ്രത്യയശാസ്ത്രപരമായ പരിവര്‍ത്തനമാണ് എന്നു മനസിലാക്കണം. ബ്രിട്ടീഷുകാര്‍ക്ക് സ്വാധീനിക്കാന്‍ കഴിയുന്ന വ്യക്തിത്വമല്ല ജിന്നയുടേത്. സ്വന്തം അഭിപ്രായത്തില്‍ സ്വാധീനത്തിന് ഇടം നല്‍കാത്ത വ്യക്തിയാണ് ജിന്ന. മുഖംമൂടി ഇല്ലാത്തൊരു അഹംഭാവി എന്നു പറയാം. അസാധാരണ ബുദ്ധിയോ ക്രയശേഷിയോ ഇല്ലെങ്കിലും അഹങ്കാരം അല്‍പ്പം ഉയര്‍ന്നുനില്‍ക്കുന്ന പ്രകൃതം. കവിഞ്ഞൊഴുകുന്ന ആശയങ്ങളുടെ ഉടമയല്ല ജിന്ന. അദ്ദേഹത്തിന്റെ പ്രതിയോഗികള്‍ പറയുന്നത് മറ്റുള്ളവരുടെ ആശയങ്ങളില്‍ ജീവിക്കുന്ന പൊള്ളയായ തലയുള്ള വ്യക്തിത്വമാണ് ജിന്ന എന്നാണ്. ഗൗരവമേറിയ ചിന്തകള്‍ക്കു പകരം കലാപരമായി കെട്ടിപ്പൊക്കിയതാണ് ജിന്നയുടെ പ്രശസ്തി എന്നതില്‍ സംശയമില്ല. അതേ സമയം നീതിയുക്തനായ എന്ന വിശേഷണം ഇത്രയേറെ ഇണങ്ങുന്ന ഒരു രാഷ്ട്രീയ നേതാവ് ഇന്ത്യയില്‍ വേറെയുണ്ടോ എന്നതും സംശയമാണ്. ബ്രിട്ടീഷുകാരെ എന്നും എതിര്‍ത്തിട്ടുള്ള ജിന്നയെ ആര്‍ക്കും വിലയ്ക്കെടുക്കാന്‍ കഴിയില്ല എന്ന് അംബദ്ക്കര്‍ രേഖപ്പെടുത്തുന്നു.

ജിന്നയുടെ മാറ്റം മുസ്ലിം പ്രത്യയശാസ്ത്രത്തില്‍ വന്ന മാറ്റം തന്നെയാണ്. ഹിന്ദു-മുസ്ലിം ഐക്യം നടക്കാത്തത് ,അത് ഭൗതികമായി ചെയ്യാവുന്ന ഒന്നല്ല എന്നതുകൊണ്ടുതന്നെയാണ്. മറിച്ച് ചരിത്രപരവും സാംസ്‌ക്കാരികവും മതപരവും സാമൂഹികവുമാണ് രണ്ടു മതങ്ങളെയും സ്വാധീനിക്കുന്നതും നിലനിര്‍ത്തുന്നതുമായ സ്വത്തം. രാഷ്ട്രീയ വിരോധം അതിന്റെ പ്രതിഫലനം മാത്രം.

തുര്‍ക്കിയിലെ ക്രിസ്ത്യന്‍-മുസ്ലിം സംഘട്ടനം പോലെയാണ് ഇന്ത്യയിലെ ഹിന്ദു-മുസ്ലിം സംഘട്ടനവും. ഒരു ഹിന്ദുവിന് യാതൊരു പ്രശ്നവുമില്ലാതെ ക്രിസ്ത്യാനിയാകാം. എന്നാല്‍ ഇസ്ലാം ആകുമ്പോള്‍ സാമുദായിക കലാപമോ മറ്റുവിധത്തിലുള്ള പ്രശ്നങ്ങളോ ഉണ്ടാകുന്നു. ഇസ്ലാം ഒരു അതാര്യ കോര്‍പ്പറേഷനാണ്. അവിടെ സാഹോദര്യമുണ്ട്, പക്ഷെ അതിന്റെ പ്രയോജനം ആ കോര്‍പ്പറേഷനില്‍ ഉള്ളവര്‍ക്ക് മാത്രമായി ഒതുങ്ങുന്നു. പുറത്തു നില്‍ക്കുന്നവരോട് അവജ്ഞയും ശത്രുതയും മാത്രമാണുള്ളത്. മുസ്ലിമിന് ഒരു പ്രാദേശിക സ്വയം ഭരണമല്ല മറിച്ച് സാമൂഹിക സ്വയം ഭരണമാണുള്ളത്. കാരണം ഒരു മുസ്ലിമിന്റെ വിധേയത്വം അവന്‍ ജീവിക്കുന്ന പ്രദേശത്തോടല്ല, മറിച്ച് വിശ്വാസത്തിലാണ്. പാകിസ്ഥാന്‍ പ്രത്യേകമാകുന്നതോടെ ഇറാന്‍,ഇറാഖ്,അറേബിയ,തുര്‍ക്കി, ഈജിപ്ത് എന്നിവയുമായി ചേര്‍ന്ന് മുസ്ലിം രാജ്യങ്ങളുടെ ഫെഡറേഷന്‍ രൂപീകരിക്കാം. അതോടെ കോണ്‍സ്റ്റാന്റിനോപ്പിള്‍ മുതല്‍ ലാഹോര്‍ വരെ നീളുന്ന ഇസ്ലാമിക രാഷ്ട്രം ഉണ്ടാകും. ഇത് ആകര്‍ഷകമായി തോന്നുന്നില്ലെങ്കില്‍ ഇന്ത്യന്‍ മുസല്‍മാന്‍ വെറും മണ്ടനാണെന്നു കരുതേണ്ടി വരും എന്നും അംബദ്ക്കര്‍ പറയുന്നു.

തുടരും…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Avatar

വി.ആര്‍. അജിത് കുമാര്‍

നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്. 1960ല്‍ വി.രാഘവന്‍ പിള്ളയുടെയും പി.ശാന്തമ്മയുടെയും മകനായി കരുനാഗപ്പള്ളിയില്‍ ജനിച്ചു. കേരള ഇന്‍ഫര്‍മേഷന്‍-പബ്‌ളിക് റിലേഷന്‍സ് വകുപ്പില്‍ അഡീഷണല്‍ ഡയറക്ടറായിരുന്നു. കേരള ഹൗസ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍,ഡപ്യൂട്ടി ഡയറക്ടര്‍, അക്ഷയ ഡയറക്ടര്‍, വിക്ടേഴ്‌സ് ചാനല്‍ തലവന്‍, കേരള പ്രസ് അക്കാദമി സെക്രട്ടറി, മലയാളം മിഷന്‍ രജിസ്ട്രാര്‍, കൃഷി ജാഗരണ്‍, അഗ്രികള്‍ച്ചര്‍ വേള്‍ഡ് പത്രാധിപര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ പീപ്പിള്‍ ഫോര്‍ ബറ്റര്‍ സൊസൈറ്റി(പെബ്‌സ്) പ്രസിഡന്റാണ്.ഭാര്യ-ജയശ്രീ,മക്കള്‍-ആശ,ശ്രീക്കുട്ടന്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍