UPDATES

ഇന്ത്യ

വര്‍ഗ്ഗീയമായ ആക്രമണാത്മകത; പരമ്പര ഭാഗം- 12

പാകിസ്ഥാന്‍ അഥവ ഇന്ത്യയുടെ വിഭജനം അംബദ്ക്കറുടെ ഗവേഷണ ഗ്രന്ഥം വായിക്കപ്പെടുമ്പോള്‍

                       

ഇന്ത്യയിലെ മുസ്ലിമും ഹിന്ദുവും ഒരു വര്‍ഗ്ഗീയാത്മകത എന്നും നിലനിര്‍ത്തിയിരുന്നു. മുസല്‍മാന് മുന്നേറ്റ മനോഭാവം ജന്മനാ ഉള്ളതാണ്, എന്നാല്‍ ഹിന്ദുവില്‍ ഇതൊരു പുത്തന്‍ പ്രവണതയാണെന്ന് അംബേദ്ക്കര്‍ വിലയിരുത്തുന്നു. മുസ്ലിം നേതാക്കള്‍ നടത്തിയ ശ്രദ്ധേയമായ മൂന്ന് രാഷ്ട്രീയ മുന്നേറ്റങ്ങള്‍ ഇവയായിരുന്നു. 1892 ല്‍ കോണ്‍ഗ്രസിന്റെ നിവേദനത്തെ അടിസ്ഥാനപ്പെടുത്തി ഇന്ത്യന്‍ കൗണ്‍സില്‍ കൊണ്ടുവന്നു. ഇത് തെരഞ്ഞെടുപ്പായിരുന്നില്ല, നാമനിര്‍ദ്ദേശമായിരുന്നു. ഇതില്‍ എവിടെയും മുസ്ലിമിന് പ്രത്യേക പ്രാതിനിധ്യം പറയുന്നില്ലെങ്കിലും വൈസ്രോയി ഡഫ്രിന്‍ പ്രഭു അത് കൊണ്ടുവന്നു. കോണ്‍ഗ്രസില്‍ നിന്നും മുസ്ലിങ്ങളെ അകറ്റി നിര്‍ത്തുക എന്നതായിരുന്നു തന്ത്രം. ഇത് മുസ്ലിമിന് ഗുണകരമായി തോന്നി. 1909 ല്‍ വൈസ്രോയി മിന്റോ പ്രഭുവിന് മുസ്ലിം നേതാക്കള്‍ ഒരു നിവേദനം നല്‍കി. അംഗങ്ങളുടെ എണ്ണം, സാമൂഹികസ്ഥാനം,പ്രാദേശിക സ്വാധീനം എന്നിവ ആസ്പ്പദമാക്കി ജില്ല,മുനിസിപ്പല്‍ ബോര്‍ഡുകളില്‍ പ്രാതിനിധ്യം, സര്‍വ്വകലാശാലകളില്‍ ഭരണസമിതി അംഗത്വം,പ്രോവിന്‍ഷ്യല്‍ കൗണ്‍സിലില്‍ മതാടിസ്ഥാനത്തിലുള്ള പ്രാതിനിധ്യം, ഇംപീരിയല്‍ അസംബ്ലി കൗണ്‍സിലില്‍ തുല്യ പ്രാതിനിധ്യം എന്നിവയായിരുന്നു ആവശ്യങ്ങള്‍.അത് മുസ്ലിം സമുദായത്തിലെ ഉന്നതര്‍ പ്രതിനിധീകരിക്കുന്ന വോട്ടര്‍ പട്ടിക പ്രകാരമാകണം എന്നും ആവശ്യപ്പെട്ടിരുന്നു. ഇവയെല്ലാം വൈസ്രോയി അംഗീകരിച്ചു. 1916 ല്‍ ചെംസ്ഫോര്‍ഡ്, വൈസ്രോയിക്ക് നല്‍കിയ ശുപാര്‍ശ പ്രകാരം പഞ്ചാബിലും മധ്യപ്രോവിന്‍സിലും പ്രത്യേക പ്രാതിനിധ്യവും ഇംപീരിയല്‍ അസംബ്ലി കൗണ്‍സിലില്‍ മുസ്ലിം പ്രാതിനിധ്യം നിശ്ചയിക്കലും മുസ്ലിമിനെ ബാധിക്കുന്ന നിയമങ്ങളില്‍ നിന്നുള്ള പരിരക്ഷയും ശുപാര്‍ശ ചെയ്യപ്പെട്ടു.

മുസ്ലിം വേറൊരു രാജ്യത്തും പശുബലിക്ക് പ്രാധാന്യം നല്‍കുന്നില്ല. പള്ളിക്ക് മുന്നില്‍ പാടാന്‍ അഫ്ഗാനില്‍ പോലും അവകാശമുണ്ട്. എന്നാല്‍ ഇന്ത്യയില്‍ പള്ളിക്കുമുന്നില്‍ പാടുന്നതിന് വിലക്കേര്‍പ്പെടുത്തി. ഇത്തരം വിഷയങ്ങളിലെ കോണ്‍ഗ്രസ് സമീപനം തെറ്റായ നിലയിലാണ് എന്ന് അംബേദ്ക്കര്‍ കരുതുന്നു. പ്രീതിപ്പെടുത്തലും ഒത്തുതീര്‍പ്പാക്കലും തമ്മിലുള്ള വ്യത്യാസം തന്നെ കോണ്‍ഗ്രസ് മനസിലാക്കുന്നില്ല. കോണ്‍ഗ്രസിന്റെയും ബ്രിട്ടീഷ് ഭരണകൂടത്തിന്റെയും ഇളവ് നയങ്ങള്‍ മുസ്ലിം നേതാക്കളുടെ ആക്രമണോത്സുകത നാളില്‍ നാളില്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ഹിന്ദു സമൂഹത്തിന്റെ പരാജയമായും അവര്‍ കണ്ടു. അതുകൊണ്ടുതന്നെ പാക് എന്ന ഒത്തുതീര്‍പ്പുതന്നെയാകും രാജ്യത്തിനും സമുദായങ്ങള്‍ക്കും നല്ലതെന്ന് അംബേദ്ക്കര്‍ സമര്‍ത്ഥിക്കുന്നു. 1912 ല്‍ മുസ്ലിംലീഗ് ഉത്തരവാദ ഭരണമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 1927 ഡിസംബറിലാണ് കോണ്‍ഗ്രസ് ഇന്ത്യയ്ക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം മുന്നോട്ടുവച്ചത്. 1932 വരെ ഹിന്ദുമഹാസഭയും ഉത്തരവാദ ഭരണത്തെയാണ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ 1937 ഓടെ ആ സമീപനം മാറ്റി പൂര്‍ണ്ണസ്വരാജിനായി നിലകൊണ്ടു. ലീഗും 1937 ലാണ് രാഷ്ട്രീയ സ്വാതന്ത്ര്യം എന്നത് ലക്ഷ്യമായി പ്രഖ്യാപിച്ചത്.

1925 ല്‍ ഡോക്ടര്‍ കിച്ച്ലൂ പറഞ്ഞു, ഖിലാഫത്താണ് കോണ്‍ഗ്രസിന് ജീവന്‍ വയ്പ്പിച്ചത്. അതിനായി മുസ്ലിം സഹോദരന്മാര്‍ വന്‍തോതില്‍ പണമിറക്കി. എന്നിട്ടും മുസല്‍മാന്റെ ടാന്‍സിം പ്രസ്ഥാനത്തെ ഹിന്ദു എതിര്‍ക്കുന്നു. സ്വാതന്ത്ര്യം കിട്ടിയാല്‍തന്നെ അഫ്ഗാനോ മറ്റ് മുസ്ലിം രാഷ്ട്രങ്ങളോ ആക്രമിച്ചാല്‍ അവരെ എതിര്‍ത്ത് രാജ്യത്തെ സംരക്ഷിക്കേണ്ടത് ഞങ്ങളാണ്. ടാന്‍സിം പ്രസ്ഥാനത്തെ എതിര്‍ത്താല്‍ ഞങ്ങള്‍ കടന്നുകയറ്റക്കാര്‍ക്കൊപ്പം ചേരുകയേയുള്ളു എന്ന് ഹിന്ദു സഹോദരങ്ങള്‍ മനസിലാക്കണം. 1939 ല്‍ മൗലാന ആസാദ് ശോഭാനി പറഞ്ഞു, ഇംഗ്ലീഷുകാര്‍ ക്ഷീണിതരായിക്കൊണ്ടിരിക്കുകയാണ്. അവര്‍ ഉടനെ ഇന്ത്യ വിടും. നമ്മുടെ പ്രധാന ശത്രുക്കള്‍ 22 കോടി വരുന്ന ഹിന്ദുക്കളാണ്. നാലരകോടി വരുന്ന ഇംഗ്ലീഷുകാര്‍ക്ക് ലോകത്തെ കീഴടക്കാമെങ്കില്‍ വിവരവും വിദ്യാഭ്യാസവും വൈവിധ്യവും ശക്തിയുമുള്ള 22 കോടി ജനതയ്ക്ക് ഇന്ത്യ ഭരിക്കുക മാത്രമല്ല ഈജിപ്ത്, ടര്‍ക്കി,കാബൂള്‍,മെക്ക,മദീന എല്ലാം കീഴടക്കാനും കഴിയും. ഖുറാനില്‍ പറയുന്നപോലെ ലോകാവസാനകാലത്ത് എന്തിനേയും നശിപ്പിക്കാന്‍ ഭൂമിയിലെത്തുന്ന യജൂജ് മജൂജാണ് ഹിന്ദുക്കള്‍. അവര്‍ രാമരാജ്യം ഉണ്ടാക്കും. നമ്മള്‍ ഒന്‍പത് കോടി മുസ്ലിങ്ങള്‍ വേണം അവരെ തടയാന്‍. ഇംഗ്ലീഷുകാരെ ഓടിക്കാന്‍ ഹിന്ദുക്കളോടൊപ്പം ചേരുകയും തുടര്‍ന്ന് ഭരണം ഏറ്റെടുക്കുകയും ചെയ്യണം. 700 വര്‍ഷം നമ്മുടെ അടിമകളായിരുന്നവര്‍ നമ്മെ ഭരിക്കാന്‍ അനുവദിക്കരുത്. ആനിബസന്റ് ഈ വിഷയം വളരെ ഗൗരവത്തിലാണ് കണ്ടത്. അഫ്ഗാന്‍ ഇന്ത്യയെ ആക്രമിച്ചാല്‍ മുസ്ലിം സഹോദരന്മാര്‍ അവര്‍ക്കൊപ്പം ചേരും എന്നവര്‍ ഭയന്നു. മുസല്‍മാന് രാജ്യത്തേക്കാള്‍ വലുത് മതമാണ്, അവര്‍ എഴുതി. അവര്‍ അവരുടെ ദൈവരാജ്യമാണ് സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നത്. മറിച്ച് ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും പിതാവായ ദൈവത്തെക്കുറിച്ചല്ല അവര്‍ പറയുന്നത്. ഇരുപതാം നൂറ്റാണ്ടിലും മധ്യകാലത്തെ ചിന്തകളും ആശയങ്ങളുമായി മുന്നോട്ടുപോകാന്‍ കഴിയില്ല. എന്നാല്‍ മുസ്ലിം നേതൃത്വം അതാണ് നടപ്പിലാക്കുന്നത്. മലബാറിലെ ഖിലാഫത്ത് രാജിന്റെ ഞെട്ടലില്‍ നിന്നും നമ്മള്‍ മോചനം നേടിയിട്ടില്ല. മുസ്ലിങ്ങള്‍ക്കുപോലും യാഥാസ്ഥിതിക മുസ്ലിം ഭരണത്തില്‍ സമാധാനം കിട്ടില്ല. ബ്രിട്ടീഷ് ഭരണത്തില്‍ ഷിയ,സുന്നി,സൂഫി,ബഹായി തുടങ്ങി എല്ലാ വിഭാഗങ്ങളും സംരക്ഷിക്കപ്പെടുന്നു. എന്നാല്‍ മുസ്ലിം ഭരണത്തില്‍ ഈ സംരക്ഷണം കിട്ടുമെന്ന് ഉറപ്പില്ല എന്ന് ആനിബസന്റ് പറയുന്നു.

ഇന്ത്യ എന്ന സ്ലീപ്പിംഗ് ബ്യൂട്ടി; അംബേദ്കറും ഇന്ത്യ വിഭജനവും പരമ്പര ഭാഗം -2

മുസ്ലിം സമുദായം ആവശ്യപ്പെടുന്നത്; അംബദ്ക്കറും ഇന്ത്യ വിഭജനവും പരമ്പര ഭാഗം 3

ഒരു ദേശം വീടിനായി കൊതിക്കുന്നു; അംബേദ്ക്കറും ഇന്ത്യ വിഭജനവും; ഭാഗം 4

അപചയത്തില്‍ നിന്നുള്ള രക്ഷപെടല്‍; പരമ്പര ഭാഗം 5

ഇസ്ലാം മുന്നേറ്റത്തിന്റെ ചരിത്രം; പരമ്പര ഭാഗം 6

പാകിസ്ഥാനും ഹിന്ദുസ്ഥാനും; പരമ്പര ഭാഗം 7

പാകിസ്ഥാനും സാമുദായിക സൗഹാര്‍ദ്ദവും; പരമ്പര ഭാഗം 8

ഹിന്ദുമഹാസഭ; പരമ്പര ഭാഗം 9

ഗാന്ധിജിയും ഹിന്ദു-മുസ്ലിം ഐക്യവും; പരമ്പര ഭാഗം 10 

മുസല്‍മാന് ഉന്നയിക്കാവുന്ന അവകാശങ്ങള്‍, അധികാരങ്ങള്‍; പരമ്പര ഭാഗം 11

ലാലാ ലജ്പത് റായിക്കും മുസ്ലിം സമീപനത്തില്‍ സംശയങ്ങളുണ്ടായിരുന്നു. ഏഴുകോടി വരുന്ന ഇന്ത്യന്‍ മുസ്ലിം അഫ്ഗാന്‍, മധ്യ ഏഷ്യ മുസ്ലിമുമായി ചേര്‍ന്നാല്‍ എന്താകും സ്ഥിതി എന്നതായിരുന്നു ആശങ്ക. ഹിന്ദു-മുസ്ലിം ഐക്യം അനിവാര്യമാണ്, എന്നാല്‍ ഖുറാന്‍ ഹല്‍ദിസിലെ നിര്‍ദ്ദേശങ്ങളെ അതിജീവിക്കാന്‍ മുസ്ലിം നേതാക്കള്‍ക്ക് കഴിയുമോ എന്നതായിരുന്നു ആശങ്ക. 1924 ല്‍ ടാഗോര്‍ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി, പല മുസ്ലിം സുഹൃത്തുക്കളോടും ഞാന്‍ സംസാരിച്ചു. അവര്‍ പറയുന്നത് അവര്‍ക്ക് ദേശസ്നേഹം ഒരു രാജ്യത്തില്‍ ഒതുക്കാന്‍ കഴിയില്ല എന്നാണ്. ഒരു മുഹമ്മദന്‍ മറ്റൊരു മുഹമ്മദനെ എതിര്‍ക്കില്ല എന്നും പറയുന്നു. ഇത്തരത്തില്‍ നേതാക്കള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പം നിലനിന്നിരുന്നു. 1924 ല്‍ ഗാന്ധി ആഗ്രഹിച്ചതുപോലും ബ്രിട്ടീഷ് സാമ്രാജ്യത്തിന് കീഴിലുള്ള സ്വരാജാണ് . 1925 ല്‍ സി.ആര്‍.ദാസും ഇതേ അഭിപ്രായക്കാരനായിരുന്നു. ബ്രിട്ടീഷുകാര്‍ സ്വരാജ് അംഗീകരിക്കണം, എങ്കില്‍ ബ്രിട്ടീഷ് കോമണ്‍വെല്‍ത്തിന് കീഴില്‍ രാജ്യം പ്രവര്‍ത്തിക്കും എന്നതായിരുന്നു നിലപാട്. 1928 ല്‍ നെഹ്റു കമ്മറ്റി റിപ്പോര്‍ട്ടും ബ്രിട്ടന്റെ ആധിപത്യം അംഗീകരിക്കുകയും ഭരണഘടനയുടെ അടിസ്ഥാനമാക്കുകയും സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം എന്ന നിലപാടിനെ തള്ളുകയും ചെയ്തു. 1937 ലും ഗാന്ധി ഡൊമിനിയന്‍ സ്റ്റാറ്റസിനാണ് വാദിച്ചത്. ഇഷ്ടാനുസരണം വേര്‍പിരിയാം എന്ന നിലയിലുള്ള വെസ്റ്റ്മിനിസ്റ്റര്‍ മാതൃകയാണ് ഗാന്ധി മുന്നോട്ടുവച്ചത്. ലീഗ് നെഹ്റു റിപ്പോര്‍ട്ടിനെ വിമര്‍ശിക്കുകയും അത് അടിമത്തത്തെ അംഗീകരിക്കുന്നതാണ് എന്നു നിരീക്ഷിക്കുകയും ചെയ്തു. ലീഗ് പൂര്‍ണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെട്ടു. ജനാധിപത്യ ഫെഡറല്‍ സംവിധാനമായിരുന്നു മുന്നോട്ടുവച്ചത്. ലാഹോര്‍ സെഷനോടെ കോണ്‍ഗ്രസും ഗാന്ധിയും നെഹ്റു റിപ്പോര്‍ട്ടിനെ തള്ളി പൂര്‍ണ്ണ സ്വരാജിലേക്ക് എത്തി. സത്യത്തില്‍ ബ്രിട്ടീഷ് ബന്ധം വിച്ഛേദിക്കുന്നതില്‍ ഗാന്ധിക്ക് താത്പ്പര്യം കുറവായിരുന്നു. ലോര്‍ഡ് ഇര്‍വിനുമായുണ്ടാക്കിയ ഉടമ്പടിയിലും ഡൊമിനിയന്‍ സ്റ്റാറ്റസ് ആയിരുന്നു താത്പ്പര്യപ്പെട്ടിരുന്നത്. സോവിയറ്റ് റഷ്യയും അമേരിക്കയും മാതൃകയായി കണ്ടായിരുന്നു കോണ്‍ഗ്രസും ഗാന്ധിയും ഭാവിയെ കണക്കാക്കിയിരുന്നത്. എന്നുമാത്രമല്ല മുസ്ലിം നിയമവും നാട്ടിലെ നിയമവും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായാല്‍ മുസല്‍മാന്‍ മുസ്ലിം നിയമം അംഗീകരിച്ചാല്‍ മതി എന്നും തീരുമാനിച്ചിരുന്നു.

മുസ്ലിം കാനണ്‍ നിയമപ്രകാരം ലോകത്തെ രണ്ട് ക്യാമ്പുകളായി വിഭജിച്ചിരുന്നു. ദാര്‍-ഉല്‍-ഇസ്ലാം അഥവാ ഇസ്ലാമിന്റെ വാസസ്ഥലവും ദാര്‍-ഉല്‍-ഹാര്‍ബ് അഥവാ യുദ്ധഭൂമിയും. മുസ്ലിം ഭരിക്കുന്ന ഇടമാണ് ആദ്യം പരാമര്‍ശിക്കുന്നത്. രണ്ടാമത്തേത് മുസ്ലിം ജീവിക്കുന്നതും എന്നാല്‍ ഭരണം ഇല്ലാത്തതുമായ ഇടങ്ങളാണ്. അതുകൊണ്ടുതന്നെ ഇന്ത്യ ഹിന്ദുവിന്റെയും മുസ്ലിമിന്റെയും പൊതുജന്മനാടല്ല. ബ്രിട്ടീഷുകാര്‍ ഇന്ത്യ കീഴടക്കിയപ്പോള്‍ ഇത് സംബ്ബന്ധിച്ച് ആരംഭിച്ച ചര്‍ച്ച അന്‍പത് വര്‍ഷം നീണ്ടു. സെയ്ദ് അഹമ്മദിനെപോലെയുള്ള നേതാക്കള്‍ മുസ്ലിം രാജ്യങ്ങളിലേക്ക് ഹിജ്റത്ത്(എമിഗ്രേഷന്‍) നടത്തി അവിടെനിന്നുകൊണ്ട് രാജ്യത്തിനായി യുദ്ധം ചെയ്യണം എന്ന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ അത് ക്രമേണ കെട്ടടങ്ങി. 1920-21 ല്‍ ഖിലാഫത്ത് കാലത്ത് ആ ആഗ്രഹം ശക്തമായി. കുറേപ്പേര്‍ അഫ്ഗാനിലേക്ക് കടക്കുകയും ചെയ്തു. ഹിജ്റത്തുപോലെ പ്രധാനമാണ് ജിഹാദും. 1857 ലെ ലഹള മുസ്ലിമിനെ സംബ്ബന്ധിച്ചിടത്തോളം ജിഹാദായിരുന്നു. 1919 ലെ അഫ്ഗാന്‍ കടന്നുകയറ്റവും ജിഹാദി പ്രവര്‍ത്തനം ആയിരുന്നു. എന്നാല്‍ അത് വിജയിച്ചില്ല എന്നത് മറ്റൊരുകാര്യം. ഇസ്ലാം പൊതുവെ അതിര്‍ത്തികളില്‍ വിശ്വസിക്കുന്നില്ല, മറിച്ച് സാമൂഹികവും മതപരവുമായ ബന്ധത്തിനാണ് പ്രാധാന്യം നല്‍കുന്നത്, അതായത് പാന്‍ ഇസ്ലാമിസം. ഹിന്ദുക്കള്‍ നിയന്ത്രിക്കുന്ന ഒരു സര്‍ക്കാരിനെ മുസ്ലിം എത്രമാത്രം അംഗീകരിക്കും ? അവര്‍ക്കത് ദാര്‍-ഉല്‍-ഹാര്‍ബ് ആണ് എന്നത് വ്യക്തം.

ഇന്‍സാഫ് എന്ന ഖിലാഫത്ത് പത്രത്തില്‍ ഒരാള്‍ എഴുതി, ഇസ്ലാമിന് എങ്ങിനെ ഒരാളെ സ്വാമി എന്നും മഹാത്മ എന്നുമൊക്കെ വിളിക്കാന്‍ കഴിയും. ഇത് സംബ്ബന്ധിച്ച് ഫത്വ ഇറക്കണം എന്നായിരുന്നു അഭിപ്രായം. 1924 ല്‍ ഗാന്ധിജിയെ ജയിലില്‍ നിന്നും മോചിപ്പിച്ച അവസരത്തില്‍ ഡല്‍ഹിയില്‍ ഹക്കിം അജ്മാന്‍ ഖാന്‍ നടത്തിവന്ന യുനാനി കോളേജില്‍ ഒരു ഹിന്ദു വിദ്യാര്‍ത്ഥി ഗാന്ധിജിയെ ഹസ്റത്ത് ഇസയുമായി(യേശു) താരതമ്യം ചെയ്തു. ഇതിനെതിരെ മുസ്ലിം കുട്ടികളും പ്രൊഫസറന്മാരും ഉള്‍പ്പെടെ രംഗത്തുവന്നു. 1923 ല്‍ മുഹമ്മദ് അലി ഗാന്ധിജിയെ യേശുക്രിസ്തുവിന്റെ പാതയില്‍ സഞ്ചരിക്കുന്ന ആള്‍ എന്നു വിശേഷിപ്പിച്ചു. സ്വയം ശുദ്ധീകരണത്തിനുള്ള നിരാഹാരവും മറ്റുള്ളവരുടെ തെറ്റുകള്‍ക്ക് സ്വയം പീഢനം ഏറ്റെടുക്കുന്ന രീതിയുമൊക്കെ കാരണമായി പറയുകയും ചെയ്തു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അലി നിലപാട് മാറ്റി. ഗാന്ധി എത്ര പരിശുദ്ധനായാലും അദ്ദേഹം ഏറ്റവും മോശപ്പെട്ട ഒരു മുസല്‍മാനേക്കാളും താഴെയായി മാത്രമെ കാണാന്‍ കഴിയൂ എന്ന് പ്രസ്താവന ഇറക്കി. മതത്തില്‍ നിന്നും അത്രയേറെ സമ്മര്‍ദ്ദം മുഹമ്മദലിക്കുണ്ടായി. 1928 ല്‍ ഖ്വാജ ഹസ്സന്‍ നിസ്സാനി പറഞ്ഞു, ഹിന്ദുവും മുസല്‍മാനും തമ്മില്‍ ഐക്യം സാധ്യമല്ല. വലിയ യുദ്ധങ്ങള്‍ ചെയ്താണ് മുസല്‍മാന്‍ ഇന്ത്യ കീഴടക്കിയത്. നമ്മില്‍ നിന്നാണ് ഇംഗ്ലീഷുകാര്‍ അധികാരം പിടിച്ചടക്കിയത്. അതിനാല്‍ ഇന്ത്യയുടെ അധികാരികള്‍ നമ്മളാണ്. ഹിന്ദു,ലോകത്തിലെ ഒരു ന്യൂനപക്ഷമാണ്. പരസ്പ്പരം പോരടിക്കുന്ന ഒരു സമൂഹം. അയിത്തവും മറ്റുംകൊണ്ട് മലീമസമായ സമൂഹം. ഗാന്ധിയില്‍ വിശ്വസിക്കുന്ന ,പശുവിനെ ആരാധിക്കുന്നവര്‍. അവര്‍ക്ക് കലഹിക്കാനല്ലാതെ ഭരിക്കാന്‍ സമയം കിട്ടില്ല.

തുടരും….

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

Avatar

വി.ആര്‍. അജിത് കുമാര്‍

നോവലിസ്റ്റ്, കഥാകൃത്ത്, തിരക്കഥാകൃത്ത്. 1960ല്‍ വി.രാഘവന്‍ പിള്ളയുടെയും പി.ശാന്തമ്മയുടെയും മകനായി കരുനാഗപ്പള്ളിയില്‍ ജനിച്ചു. കേരള ഇന്‍ഫര്‍മേഷന്‍-പബ്‌ളിക് റിലേഷന്‍സ് വകുപ്പില്‍ അഡീഷണല്‍ ഡയറക്ടറായിരുന്നു. കേരള ഹൗസ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍,ഡപ്യൂട്ടി ഡയറക്ടര്‍, അക്ഷയ ഡയറക്ടര്‍, വിക്ടേഴ്‌സ് ചാനല്‍ തലവന്‍, കേരള പ്രസ് അക്കാദമി സെക്രട്ടറി, മലയാളം മിഷന്‍ രജിസ്ട്രാര്‍, കൃഷി ജാഗരണ്‍, അഗ്രികള്‍ച്ചര്‍ വേള്‍ഡ് പത്രാധിപര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ പീപ്പിള്‍ ഫോര്‍ ബറ്റര്‍ സൊസൈറ്റി(പെബ്‌സ്) പ്രസിഡന്റാണ്.ഭാര്യ-ജയശ്രീ,മക്കള്‍-ആശ,ശ്രീക്കുട്ടന്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍