ബൊളീവിയന്‍ മുന്‍ പ്രസിഡന്റ് ഇവോ മൊറാലിസിനെ കാണാതായിട്ട് ഒരു മാസം പിന്നിടുന്നു. മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്ന മൊറാലിസ് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി രാജ്യത്തെ ഒരു പ്രത്യേക മേഖലയില്‍ സ്വതന്ത്രമായി സഞ്ചരിക്കുകയും റാലികളില്‍ പങ്കെടുക്കുകയും വിദേശ മാധ്യമപ്രവര്‍ത്തകരെ കാണുകയും ചെയ്തിരുന്നു. 2025-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനും അദ്ദേഹം എത്തിയിരുന്നു.
എന്നാല്‍, വെനസ്വേലയ്ക്കെതിരായ അമേരിക്കന്‍ നീക്കത്തിനും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ തടങ്കലിനും പിന്നാലെ മൊറാലിസ് പൊതുവേദികളില്‍ നിന്ന് പൂര്‍ണ്ണമായും അപ്രത്യക്ഷനായി.
വെനസ്വേലന്‍ മുന്‍ പ്രസിഡന്റ് മറുഡോയെ ആമേരിക്ക പിടികൂടിയതിനെ ‘ക്രൂരമായ സാമ്രാജ്യത്വ അധിനിവേശം’ എന്ന് വിളിച്ച മൊറാലിസ്, തന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയും ചപ്പാരെ മേഖലയില്‍ നിന്നുള്ള പ്രതിവാര റേഡിയോ പരിപാടിയിലൂടെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. എന്നാല്‍ അതിനുശേഷം നാല് ആഴ്ചകളായി അദ്ദേഹം റേഡിയോ പരിപാടിയില്‍ എത്തുന്നില്ല. അദ്ദേഹം രാജ്യം വിട്ടതായി യാഥാസ്ഥിതിക എംപിമാര്‍ ആരോപിക്കുമ്പോള്‍, തങ്ങളുടെ പ്രിയ നേതാവിന് ഡെങ്കിപ്പനി ബാധിച്ചതാണെന്നും അദ്ദേഹം സുഖം പ്രാപിച്ചുവരികയാണെന്നുമാണ് അനുയായികളുടെ വിശദീകരണം.
അദ്ദേഹത്തിന്റെ അഭാവത്തില്‍ അനുയായികള്‍ മൊറാലിസിന്റെ മുഖംമൂടി ധരിച്ചും, ‘ഇവോ എവിടെ?’ എന്ന പേരില്‍ പാട്ടുകള്‍ പാടിയും പ്രതിഷേധവും ഐക്യദാര്‍ഢ്യവും പ്രകടിപ്പിക്കുന്നുണ്ട്. അദ്ദേഹം മെക്‌സിക്കോയിലേക്ക് കടന്നതായും അഭ്യൂഹങ്ങളുണ്ട്.
ബൊളീവിയയുടെ ഇപ്പോഴത്തെ പ്രസിഡന്റ് റോഡ്രിഗോ പാസ് പെരേര അമേരിക്കയുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഈ തിരോധാനം എന്നത് ശ്രദ്ധേയമാണ്. തകര്‍ന്നടിഞ്ഞ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ യുഎസ് പിന്തുണ തേടുന്ന പെരേരയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്, 2008-ല്‍ മൊറാലിസ് പുറത്താക്കിയ യുഎസ് ഡ്രഗ് എന്‍ഫോഴ്സ്മെന്റ് ഏജന്‍സിയെ തിരികെ കൊണ്ടുവരിക എന്നതാണ്.
ചപ്പാരെ മേഖലയിലെ കൊക്ക ഇല കൃഷിയും അതുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ഉല്‍പ്പാദനവും നിയന്ത്രിക്കാന്‍ ഡിഇഎ എത്തുന്നതോടെ മൊറാലിസിന്റെ രാഷ്ട്രീയവും വ്യക്തിപരവുമായ ജീവിതം കൂടുതല്‍ സങ്കീര്‍ണ്ണമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.
2016-ല്‍ തന്റെ ഭരണകാലത്ത് 15 വയസ്സുള്ള പെണ്‍കുട്ടിയുമായി ബന്ധം പുലര്‍ത്തുകയും ആ ബന്ധത്തില്‍ കുട്ടി ജനിക്കുകയും ചെയ്തു എന്ന ആരോപണത്തെത്തുടര്‍ന്നാണ് മൊറാലിസിനെതിരെ മനുഷ്യക്കടത്ത് കേസ് എടുത്തിട്ടുള്ളത്. ഇത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് മൊറാലിസിന്റെ പക്ഷം.
മുന്‍ പ്രസിഡന്റ് ലൂയിസ് ആര്‍സെ അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് അറസ്റ്റിലായ സാഹചര്യത്തില്‍, പെരേര സര്‍ക്കാര്‍ മൊറാലിസിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമോ അതോ അദ്ദേഹം ഇതിനോടകം രാജ്യം വിട്ടോ എന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Summary; Bolivia former president Evo Morales is missing, a month later his whereabouts remain a mystery