ഇന്ത്യയിലെ ബൃഹത്തായൊരു ഗതാഗതസംവിധാനമാണ് ഇന്ത്യൻ റെയിൽവേ. പല സംസ്ഥാനങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് ജനങ്ങൾ ദൂരയാത്രയ്ക്ക് വേണ്ടി ഉപയോഗിക്കുന്ന ഗതാഗത മാർഗം ട്രെയിനുകളാണ്. റെയിൽവേ സംവിധാനത്തിൽ ഇന്ത്യ ലോകത്തിൽ മൂന്നാം സ്ഥാനത്താണ്. മറ്റ് ഗതാഗതസംവിധാനങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ ചെലവ് കുറവുള്ള യാത്രാസൗകര്യമാണ് റെയിൽവേ ഒരുക്കുന്നതെങ്കിലും ഓരോ മണിക്കൂറിലും ലക്ഷക്കണക്കിന് ജനങ്ങൾ ട്രെയിനുകളെ ആശ്രയിക്കുന്നത് കൊണ്ടുതന്നെ കോടികളുടെ വരുമാനമാണ് റെയിൽവേയ്ക്ക് ലഭിക്കുന്നത്.
ബജറ്റിൽ കോടികളുടെ വിഹിതമാണ് റെയിൽവേയ്ക്ക് അനുവദിക്കുന്നത്. എന്നാൽ, നിലവിലുള്ള റെയിൽവേയുടെ പരിപാലനത്തിനും സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടി കേന്ദ്ര സർക്കാർ പണം ചെലവഴിക്കുന്നുണ്ടോ? റെയിൽവേ സുരക്ഷ ഫണ്ട് എങ്ങനെയൊക്കെയാണ് സർക്കാർ വിനിയോഗിക്കുന്നതെന്നും കൃത്യമായി വിനിയോഗിക്കുന്നുണ്ടെങ്കിൽ എന്തു കൊണ്ടാണ് തുടർച്ചയായി സുരക്ഷാ ലംഘനങ്ങൾ സംഭവിക്കുന്നതെന്നുമാണ് ഉയരുന്ന ചോദ്യം.
2025 -26 ലെ കേന്ദ്ര ബജറ്റിൽ ഇന്ത്യൻ റെയിൽവേയ്ക്കായി 2,52,000 കോടി വകയിരുത്തിയിരുന്നു. 2023-24 ലെ കേന്ദ്ര ബജറ്റിൽ ഇന്ത്യൻ റെയിൽവേയ്ക്കായി 2.4 ലക്ഷം കോടി രൂപയുടെ മൂലധന ചെലവ് വകയിരുത്തിയിരുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2013-14 ലെ സാമ്പത്തിക വർഷത്തിൽ വകയിരുത്തിയ തുകയിലേക്കാൾ ഒൻപത് മടങ്ങ് കൂടുതലായിരുന്നു ഈ തുക. 2016-17 ൽ 45,231.63 കോടിയാണ് കേന്ദ്ര ബജറ്റിൽ റെയിൽവേയ്ക്ക് അനുവദിച്ച് നൽകിയിരുന്നത്. നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പരിപാലനം, പുതിയ പദ്ധതികൾ തുടങ്ങിയ കാര്യങ്ങൾക്കായാണ് ബജറ്റ് തുക പ്രധാനമായും വിനിയോഗിക്കുന്നത്.
പുതിയ ട്രാക്കുകൾ സ്ഥാപിക്കുക, നിലവിലുള്ള ട്രാക്കുകൾ പുതുക്കി പണിയുക, കോച്ചുകൾ നവീകരിക്കുക തുടങ്ങിയ കാര്യങ്ങളാണ് പുതിയ പദ്ധതികളിൽ ഉൾപ്പെടുന്നത്. നിയമപ്രകാരം ഇന്ത്യയിലെ ആകെയുള്ള 1,14,907 കിലോമീറ്റർ ട്രാക്കുകളിൽ പ്രതിവർഷം ഏകദേശം 4,500 കിലോമീറ്റർ ട്രാക്കുകൾ പുതുക്കേണ്ടതുണ്ട്. അതേസമയം, 2016-17 മുതൽ 2022-23 വരെയുള്ള റെയിൽവേയുടെ വാർഷിക റിപ്പോർട്ടുകൾ പ്രകാരം റെയിൽവേ ഇത് പൂർത്തിയാക്കിയിട്ടില്ല. അതായത് ട്രെയിൻ അപകടങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴും ട്രെയിൻ ട്രാക്കുകൾ പുതുക്കി പണിയാതെ കിടക്കുകയാണ്. 2016-17 മുതൽ 2021-22 വരെ പുതിയ പാളങ്ങൾ സ്ഥാപിക്കുന്നതിനായി 80,740.03 കോടി ചെലവഴിച്ചുവെന്നാണ് കണക്കുകളിൽ സൂചിപ്പിക്കുന്നത്. ട്രാക്ക് പുതുക്കലിനായി 54,587.85 കോടിയും ചെലവഴിച്ചു. റെയിൽവേ പാളങ്ങൾ പുതുക്കി പണിയുന്നതിനായി അനുവദിച്ച തുക റെയിൽവേ എന്ത് ചെയ്തു എന്നത് ഇപ്പോഴും ചോദ്യം മാത്രമായി നിൽക്കുന്നു.
ലക്ഷകണക്കിന് മനുഷ്യരുടെ ജീവനും സ്വത്തിനും പ്രാധാന്യം കൊടുക്കേണ്ടതിനാൽ യാത്രക്കാരുടെ കാര്യത്തിൽ അതീവസുരക്ഷ മുൻകരുതലുകളും റെയിൽവേ സ്വീകരിക്കേണ്ടതാണ്. എന്നാൽ അത്തരം സുരക്ഷ മുൻകരുതലുകളൊന്നും പാലിക്കപ്പെടുന്നില്ലായെന്ന് തന്നെയാണ് സമീപകാല സംഭവങ്ങളും മുൻകാല റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്.
2023ലെ ഒഡീഷ ട്രെയിൻ ദുരന്തത്തിന് പിന്നാലെ റെയിൽവേ സുരക്ഷയ്ക്ക് ഉപയോഗിക്കേണ്ട ഫണ്ടിൽ തിരിമറി നടത്തിയെന്ന സിഎജി റിപ്പോർട്ട് വന്നിരുന്നു. ഒഡീഷയിലെ മൂന്നിടത്തായി കൂട്ടിയിടിച്ച ട്രെയിൻ ദുരന്തത്തിൽ 288 പേർ മരിക്കുകയും 900ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതോടെയൊണ് ഇതിലേക്ക് അന്ന് കൂടുതൽ അന്വേഷണം വന്നിരുന്നത്. റെയിൽവേ സുരക്ഷയ്ക്ക് അനുവദിച്ചിരിക്കുന്ന കോടികൾ ഉപയോഗിച്ച് മസാജിംഗ് മെഷിനുകളും വിന്റർ ജാക്കറ്റുകളും മൺപാത്രങ്ങളുമൊക്കെയാണ് ഉദ്യോഗസ്ഥർ വാങ്ങുന്നതെന്നാണ് അന്നത്തെ റിപ്പോർട്ടിൽ കണ്ടെത്തിയത്. 2017-18 കാലത്തെ യൂണിയൻ ബഡ്ജറ്റിൽ അവതരിപ്പിച്ച രാഷ്ട്രീയ റെയിൽ സൻരക്ഷ കോഷ്(ആർ ആർ എസ് കെ ) പ്രത്യേക ഫണ്ടിൽ നിന്നാണ്(ഡെഡിക്കേറ്റഡ് ഫണ്ട്) കോടികളുടെ അഴിമതിയും നടത്തിയിരിക്കുന്നതെന്നും തെളിഞ്ഞിരുന്നു.
റെയിൽവേയ്ക്ക് ഇപ്പോഴും വലിയ തോതിൽ ജീവനക്കാരുടെ കുറവ് നേരിടേണ്ടി വരുന്നു. രാജ്യത്തെ ഏറ്റവും വലിയ തൊഴിൽദാതാവായ റെയിൽവേയ്ക്ക് 12 ലക്ഷത്തിലധികം ജീവനക്കാരുണ്ടെന്ന് പറയപ്പെടുമ്പോഴും ഏകദേശം 3 ലക്ഷം നോൺഗസറ്റഡ് ഒഴിവുകൾ നിലനിൽക്കുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ലോക്കോ പൈലറ്റുകൾ, എഞ്ചിനീയർമാർ, ടെക്നീഷ്യന്മാർ, സ്റ്റേഷൻ മാസ്റ്റർമാർ, ടിക്കറ്റ് കളക്ടർമാർ തുടങ്ങിയവരാണ് ഇതിൽ ഉൾപ്പെടുന്നത്.
ആവശ്യത്തിന് ജീവനക്കാർ പോലുമില്ലാതെ എന്ത് വിശ്വസിച്ചാണ് യാത്രക്കാർ ട്രെയിനിൽ യാത്ര ചെയ്യേണ്ടത്. ഇന്നലെ കേരള എക്സ്പ്രസിൽ ഒരു പെൺകുട്ടിക്ക് നേരെയുണ്ടായ വധശ്രമത്തെ ഇന്ത്യൻ റെയിൽവേയ്ക്ക് എങ്ങനെ ന്യാസീകരിക്കാൻ കഴിയും? അടുത്തിടെയാണ് ഒരു ടിടിആറിനെ അന്യസംസ്ഥാന തൊഴിലാളിയായ ഒരാൾ ട്രെയിനിനുള്ളിൽ വെച്ച് കൊലപ്പെടുത്തിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ബജറ്റിൽ അനുവദിക്കുന്ന തുകയ്ക്ക് ഒരു കുറവുമില്ലാതെ നൽകിവരുന്നു. അപ്പോഴും അപകടങ്ങളും സുരക്ഷാ വീഴ്ചയും തുടരുകയാണ്.
Content Summary: Indian Railways losing track of safety: Where has the ₹2.5 lakh crore budget gone?