June 04, 2026 |

‘കംപാര്‍ട്ട്‌മെന്റിലോ പ്ലാറ്റ്‌ഫോമിലോ പൊലീസ് ഉണ്ടായിരുന്നില്ല, എന്നെ അപമാനിച്ചയാള്‍ കൂസലില്ലാതെ യാത്ര തുടര്‍ന്നു’

ഭയം നിറഞ്ഞ കംപാര്‍ട്ടുമെൻ്റുകള്‍,
പാളം തെറ്റിയ സുരക്ഷ സംവിധാനം

‘അന്നൊരു വെള്ളിയാഴ്ചയായിരുന്നു. സമയം രാത്രി 9 മണിയോട് അടുത്തിരിക്കണം. എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോൾ വേ​ഗം ഇറങ്ങാനുള്ള ധൃതിയിലായിരുന്നു ഞാൻ. 4 മണിക്ക് പാലക്കാട് നിന്നും എടുത്ത പാലരുവി എക്സ്പ്രസിലാണ് എറണാകുളത്തെത്തിയത്. ട്രെയിൻ മിസ് ആകുമെന്ന് പേടിച്ച്, കയറുമ്പോൾ ഭക്ഷണം കഴിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പ്ലാറ്റ്ഫോമിലിറങ്ങി നേരെ റെസ്റ്റോറൻ്റിലേക്ക് ഓടാനുള്ള തിടുക്കത്തിലായിരുന്നു.

ഇറങ്ങുന്ന നേരത്ത് ടോയ്ലറ്റിൽ പോയി തിരിച്ച് സീറ്റിലിരിക്കാൻ വന്ന ഒരു മധ്യവയസ്കൻ എൻ്റെ പുറകിലൂടെ പാസ് ചെയ്ത് പോയി. മോശമായ രീതിയിൽ അയാൾ എന്നെ സ്പർശിച്ചപ്പോൾ ഞാൻ വല്ലാതെ മരവിച്ചുപോയി. പെട്ടെന്ന് ധൈര്യം സംഭരിച്ച് അയാൾക്ക് നേരെ ഒച്ചയെടുക്കുകയും ദേഷ്യപ്പെടുകയും ചെയ്തു. എന്നാൽ എൻ്റെ ചോദ്യങ്ങൾക്ക് മറുപടി തരാതെ ഒന്നും സംഭവിച്ചിട്ടില്ലാത്ത തരത്തിൽ അയാൾ സീറ്റിൽ പോയിരുന്നു. ട്രെയിനിലുണ്ടായിരുന്ന മറ്റ് യാത്രക്കാർ എന്നോട് കാര്യമെന്തെന്ന് ചോദിക്കുക പോലും ചെയ്തില്ല. ട്രെയിനിനുള്ളിൽ ഞാൻ ടിടിആറിനെ തിരക്കി. ആരെയും കണ്ടില്ല. വേ​ഗം പ്ലാറ്റ്ഫോമിലിറങ്ങി പൊലീസ് ഉദ്യോ​ഗസ്ഥർ അവിടെയുണ്ടോയെന്ന് എല്ലായിടവും നോക്കി. അവിടെയും ആരുമുണ്ടായിരുന്നില്ല. എന്നോട് മോശമായി പെരുമാറിയ വ്യക്തി അഭിമാനത്തോടെ ട്രെയിനിലിരുന്ന് യാത്ര തുടർന്നു. എനിക്കുണ്ടോയ മോശം അനുഭവത്തിൻ്റെ വിഷമം സഹിക്കാനാകാതെ ആരോടും പറയാനാകാതെ ഞാൻ എൻ്റെ മുറിയിലേക്ക് പോയി’….

പേര് വെളിപ്പെടുത്താൻ ആ​ഗ്രഹിക്കാത്ത ട്രെയിൻ യാത്രക്കാരിയായ ഒരു വിദ്യാർത്ഥിനിയുടെ അനുഭവമാണിത്. വര്‍ക്കലയില്‍ ഓടുന്ന ട്രെയിനിൽ നിന്നും പെൺകുട്ടിയെ മദ്യലഹരിയിലായ യുവാവ് ചവിട്ടി തള്ളിയിട്ടെന്ന വാർത്ത കേട്ടാണ് ഇന്ന് കേരളം ഉണർന്നത്. തിരുവനന്തപുരത്തേയ്ക്കുള്ള കേരള എക്‌സ്പ്രസില്‍ നിന്നാണ് യാത്രക്കാരിയെ തള്ളിയിട്ടത്. വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തിലാണ് ചവിട്ടിയതത്രേ. വളരെ നിസാരമായാണ് പ്രതി സംഭവത്തിൽ പൊലീസിന് ന്യായീകരണം നൽകിയത്. യാത്രക്കാരുടെ സുരക്ഷയ്ക്കായി ഇന്ത്യൻ റെയിൽവേ ഫണ്ട് ചെലവാക്കുന്നുണ്ടെന്ന് പറയുമ്പോഴും ട്രെയിനിൽ സ്ത്രീകൾ ഇപ്പോഴും സുരക്ഷിതരാണോയെന്ന ചോദ്യത്തിൽ സ്ത്രീകൾക്ക് ട്രെയിൻ യാത്രകൾ ട്രോമയാണെന്നാണ് മോശം അനുഭവമുണ്ടായ പെൺകുട്ടികൾ അഴിമുഖത്തോട് പറഞ്ഞത്.

ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നവരെ പിടികൂടാനും പരിശോധിക്കാനുമൊക്കെ ഉത്സാഹം കാണിക്കുന്ന റെയിൽവേ പൊലീസ് ഇത്തരം സന്ദർഭങ്ങളിൽ സ്ത്രീകളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കൂടി കാണിക്കണം, തനിക്കുണ്ടായ മോശം അനുഭവം പറഞ്ഞ പെൺകുട്ടി കൂട്ടിച്ചേർത്തു.

ഇത് ഒരാളുടെ മാത്രം അനുഭവമല്ല, സുരക്ഷയെന്നത് ഒരാൾ മാത്രം ഉന്നയിക്കുന്ന ആവശ്യവുമല്ല. ഇന്ത്യൻ റെയിൽവേയ്ക്ക് ബജറ്റിൽ രണ്ട് ലക്ഷം കോടി
നൽകുമ്പോൾ യാത്രക്കാരുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി കോടികൾ
മാറ്റിവെക്കുന്നുണ്ട്. എന്നിട്ടും എന്തുകൊണ്ട് തങ്ങൾ ആക്രമിക്കപ്പെടുകയും അപകട ഘട്ടങ്ങളിൽ ഒറ്റയ്ക്കായി പോവുകയും ചെയ്യുന്നുവെന്നാണ് യാത്രക്കാരായ സ്ത്രീകൾ ചോദിക്കുന്നത്.

‘ട്രെയിൻ യാത്രയ്ക്കിടയിൽ നമുക്കെന്തെങ്കിലും ആവശ്യം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിനെ ബന്ധപ്പെടാനുള്ള മാ​ർ​ഗങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. എന്നാൽ യാത്രക്കിടയിൽ പല സ്ഥലങ്ങളിലും നെറ്റ്വർക്കിൻ്റെ പ്രശ്നം നമ്മൾ അഭിമുഖീകരിക്കുന്നുണ്ട്. അങ്ങനെയുള്ള സന്ദർഭങ്ങളിൽ ഫോണിലൂടെ വിവരങ്ങൾ അറിയിക്കാനുള്ള സാധ്യത വളരെ കുറവാണ്. എത്ര പേർ നമുക്ക് ചുറ്റുമുണ്ടെന്ന് പറഞ്ഞാൽ കൂടി ആരും അത് ശ്രദ്ധിക്കണമെന്നില്ല. ഇന്ന് രാത്രി കാലങ്ങളിൽ ജോലി കഴിഞ്ഞ് ട്രെയിനുകളിൽ യാത്ര ചെയ്ത് പോകുന്ന സ്ത്രീകളുടെ എണ്ണം വളരെ കൂടുതലാണ്. ഒരിക്കൽ പകൽ സമയത്ത് യാത്രയ്ക്കിടെ ലേഡീസ് കമ്പാർട്ട്മെൻ്റിൽ ഒരു ഓഫീസറെ ഞാൻ കണ്ടിരുന്നു. എന്നാൽ രാത്രി കാലങ്ങളിൽ ഇവർ അവിടെയുണ്ടോ എന്നത് എനിക്കറിയില്ല. അങ്ങനെയില്ലെങ്കിൽ യാത്രക്കാരായ സ്ത്രീകളുടെ അവസ്ഥ വളരെ മോശമായിരിക്കും. ഒന്നും ചെയ്യാനാകെ വന്നാൽ അപകടച്ചങ്ങല വലിച്ചിറങ്ങാനുള്ള ഒരു മാ​ർ​ഗമാണ് മുന്നിലുള്ളത്.

ഇപ്പോൾ ലേഡീസ് കമ്പാർട്ട്മെൻ്റിൽ പോലും പുരുഷന്മാർ ഇടിച്ചുകയറുന്ന ഒരു അവസ്ഥയാണ്. അത് നിയന്ത്രിക്കാൻ പോലും അവിടെ ആരുമുണ്ടാകാറില്ല. മാത്രമല്ല, മറ്റ് കമ്പാർട്ട്മെൻ്റുകളെ പോലെ ജനറൽ കമ്പാർട്ട്മെൻ്റിൽ ടിടിആർ വന്ന് ചെക്ക് ചെയ്യുന്ന രീതിയും വളരെ അപൂർവ്വമാണ്. തിക്കി തിരക്കി നിൽക്കുന്ന കമ്പാർട്ട്മെൻ്റിൽ വെച്ച് എന്തെങ്കിലും സംഭവിച്ചാൽ ഒരു സ്ത്രീക്ക് എന്തു ചെയ്യാനാകും?’, സ്ഥിരമായി ട്രെയിൻ യാത്ര ചെയ്യുന്ന മറ്റൊരു പെൺകുട്ടി അഴിമുഖത്തോട് പ്രതികരിച്ചു.

ട്രെയിനിൽ കയറിയിരുന്നാൽ ഇറങ്ങുന്നത് വരെ പേടിയാണെന്നും ചിലരുടെ നോട്ടം അസഹനീയമാണെന്നും മറ്റൊരു പെൺകുട്ടി പറയുന്നു. രാത്രിയാണെങ്കിൽ ഞാൻ കഴിവതും ട്രെയിൻ യാത്ര ഒഴിവാക്കാൻ ശ്രമിക്കാറുണ്ട്. പേടിയായിട്ടാണ്. സ്വന്തം കാര്യം നോക്കി ഓടുന്ന ആളുകളല്ലാതെ പൊലീസ് ഉദ്യോ​ഗസ്ഥർ ഒന്നും തന്നെ പ്ലാറ്റ്ഫോമുകളിൽ സ്ഥിരമായി ഉണ്ടാകാറില്ല, പെൺകുട്ടി അഴിമുഖത്തോട് പറഞ്ഞു.

ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് നൽകുന്ന അടിസ്ഥാന അവകാശമാണ് സുരക്ഷ. സ്ത്രീകളുടെ യാത്ര സുരക്ഷിതമാക്കാതെ, ഇന്ത്യയുടെ ഗതാഗത സംവിധാനം പൂർണ്ണമാകില്ല. മുടക്കുന്ന പണത്തിനൊപ്പം കാര്യക്ഷമമായ നടപടികൾ ഉണ്ടാകുമ്പോൾ മാത്രമേ, ട്രെയിൻ യാത്രയിൽ സ്ത്രീകൾ സുരക്ഷിതരാണെന്ന് പറയാൻ കഴിയുകയുള്ളൂ.

Content Summary: Attacks against women in railway station; Female passengers share their experiences

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×