June 26, 2026 |
Share on

ഗൗരിയമ്മയെ പിന്നില്‍ നിന്നും കുത്തിയത് ആര്?

കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിരോധാഭാസങ്ങളിൽ ഒന്ന്‌

1987-ലെ ആവേശഭരിതമായ ആ നാളുകൾ… കേരളത്തിന്റെ തെരുവുകളിൽ ഒരേയൊരു മുദ്രാവാക്യം മാത്രം അലയടിച്ചുയർന്നു: “കേരം തിങ്ങും കേരളനാട് കെ.ആർ. ഗൗരി ഭരിച്ചീടും!” വിപ്ലവനായികയുടെ കരുത്തിൽ ഇടതുപക്ഷം അധികാരം പിടിച്ചെടുക്കുമെന്ന് ഉറപ്പിച്ച കാലം. വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ എൽ.ഡി.എഫ്. വൻ ഭൂരിപക്ഷത്തോടെ അധികാരമുറപ്പിച്ചു. കേരളം കണ്ട ആദ്യത്തെ വനിതാ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ നാടൊരുങ്ങി നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു ‘ട്വിസ്റ്റ്’ സംഭവിക്കുന്നത്.

അണിയറയിൽ തിരക്കഥകൾ മാറിമറിഞ്ഞു. മുഖ്യമന്ത്രിയായി എല്ലാവരും പ്രതീക്ഷിച്ച ഗൗരിയമ്മയ്ക്ക് പകരം ഇ.കെ. നായനാർ എന്ന പേര് പെട്ടെന്ന് ഉയർന്നുവന്നു. എവിടെ നിന്നായിരുന്നു ആ തീരുമാനം? പുരുഷാധിപത്യത്തിനും ജാതി വ്യവസ്ഥയ്ക്കുമെതിരെ ഘോരഘോരം പ്രസംഗിക്കുന്ന ഒരു പ്രസ്ഥാനത്തിനുള്ളിൽ തന്നെ അന്തർലീനമായി കിടന്ന ആ പഴയ ബോധങ്ങളാണോ ഗൗരിയമ്മയുടെ കസേര തെറിപ്പിച്ചത്? അതോ വിപ്ലവത്തിന്റെ ആചാര്യനായ ഇ.എം.എസ്. നമ്പൂതിരിപ്പാട് തന്നെയാണോ ആ ചരടുവലികൾക്ക് പിന്നിൽ? ചരിത്രത്തിന്റെ ഏടുകളിൽ ഇന്നും ഉത്തരമില്ലാതെ അവശേഷിക്കുന്ന, എന്നാൽ ഓരോ രാഷ്ട്രീയ പ്രേമിയെയും ഒരുപോലെ കൗതുകപ്പെടുത്തുന്ന ആ അധികാരക്കൈമാറ്റത്തിന്റെ കഥ പരിശോധിക്കാം.

​കേരള രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിത ആരെന്ന ചോദ്യത്തിന് ചരിത്രം നൽകുന്ന ഒരേയൊരു ഉത്തരം കെ.ആർ. ഗൗരിയമ്മ എന്നാണ്. ആണധികാരത്തിന്റെ കോട്ടകൾ തകർത്തെറിഞ്ഞ്, പുരുഷാധിപത്യം കൊടികുത്തി വാണിരുന്ന ഒരു കാലഘട്ടത്തിൽ ചുവപ്പുകൊടിയേന്തി തെരുവിലിറങ്ങിയ ഗൗരിയമ്മ കേരളത്തിന്റെ ‘വിപ്ലവ സിംഹം’ തന്നെയായിരുന്നു. ഭരണാധികാരി എന്ന നിലയിലും വിപ്ലവകാരി എന്ന നിലയിലും ഗൗരിയമ്മ കാട്ടിയ ആർജ്ജവം ഇന്നും പകരം വെക്കാനില്ലാത്തതാണ്. ജന്മിത്തത്തിന്റെ വേരറുത്ത ഭൂപരിഷ്കരണ നിയമത്തിന് പിന്നിലെ ബുദ്ധിയും കരുത്തും ഗൗരിയമ്മയുടേതായിരുന്നു. പുന്നപ്ര-വയലാർ സമരത്തിന്റെ തീച്ചൂളയിൽ നിന്നും വളർന്നു വന്ന ആ ജീവിതം പോരാട്ടങ്ങളുടെ കനൽവഴികളിലൂടെയാണ് സഞ്ചരിച്ചതത്രയും.

“കേരം തിങ്ങും കേരളനാട് കെ ആർഗൗരി ഭരിച്ചീടും ” എന്ന മുദ്രാവാക്യം 1987-ലെ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിന്റെ മുക്കിലും മൂലയിലും മുഴങ്ങിക്കേട്ടിരുന്നു. ഇ.എം.എസിന് ശേഷം കേരളം ഭരിക്കേണ്ടത് ഗൗരിയമ്മ തന്നെയായിരുന്നു. കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾ, പ്രത്യേകിച്ച് സ്ത്രീകൾ അത് വല്ലാതെ ആഗ്രഹിച്ചിരുന്നു. എന്നാൽ ചരിത്രം അവർക്ക് കാത്തുവെച്ചത് മറ്റൊന്നായിരുന്നു , കപ്പിനും ചുണ്ടിനും ഇയിൽ മുഖ്യ മന്ത്രി കസേര നഷ്ടപ്പെടുക എന്നതായിരുന്നു അവരുടെ നിയോ​ഗം. അർഹതപ്പെട്ട മുഖ്യമന്ത്രി പദം ഗൗരിയമ്മയ്ക്ക് എന്തുകൊണ്ട് നഷ്ടപ്പെട്ടു എന്ന ചോദ്യം ഇന്നും കേരള രാഷ്ട്രീയത്തിൽ ഉയർന്നു കേൾക്കാം . ആരാണ് ആ അവസരം നഷ്ടപ്പെടുത്തിയത്? പരോക്ഷമായ പാർട്ടി നിലപാടുകളും, അന്നത്തെ ചില രാഷ്ട്രീയ സമവാക്യങ്ങളും ഗൗരിയമ്മയെ മുഖ്യമന്ത്രി കസേരയിൽ നിന്നും അകറ്റി നിർത്തിയെന്ന് പല രാഷ്ട്രീയ നിരീക്ഷകരും വിശ്വസിക്കുന്നു.

സ്ത്രീ എന്ന നിലയിൽ അവരെ ഒതുക്കാൻ ശ്രമിച്ചോ അതോ പാർട്ടിയിലെ കരുത്തുറ്റ പുരുഷ നേതാക്കൾക്കിടയിൽ അവരുടെ ശബ്ദം ബോധപൂർവ്വം അമർത്തപ്പെട്ടോ എന്ന ചർച്ചകൾ ഇന്നും പ്രസക്തമാണ്. കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിൽ ഒരു വനിത ഇരുന്നിരുന്നുവെങ്കിൽ ചരിത്രം മാറുമായിരുന്നു എന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. ഗൗരിയമ്മയെപ്പോലെ ഭരണനൈപുണ്യമുള്ള, ജനകീയ അടിത്തറയുള്ള ഒരു നേതാവിനെ തഴഞ്ഞത് ആധുനിക കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിരോധാഭാസങ്ങളിൽ ഒന്നാണ്

കേരള രാഷ്ട്രീയത്തിലെ ‘പെൺകരുത്തിന്റെ’ പര്യായമായ കെ.ആർ. ഗൗരിയമ്മയുടെ മുഖ്യമന്ത്രി പദം നഷ്ടമായതിനെക്കുറിച്ച് ഗൗരവകരമായ ചില നിരീക്ഷണങ്ങൾ ചരിത്രകാരന്മാരും രാഷ്ട്രീയ നിരീക്ഷകരും മുന്നോട്ടുവെക്കുന്നുണ്ട്. 1987-ലെ തെരഞ്ഞെടുപ്പ് കാലത്ത് സി.പി.എം തന്നെ പ്രചാരണായുധമാക്കിയ “കേരളനാട് ഗൗരി ഭരിക്കും” എന്ന മുദ്രാവാക്യം അക്ഷരാർത്ഥത്തിൽ നടപ്പിലാകാത്തതിന് പിന്നിൽ പാർട്ടിക്കുള്ളിലെ തന്നെ സംഘടിതമായ ചില നീക്കങ്ങളായിരുന്നു പ്രധാന കാരണം. ഗൗരിയമ്മയുടെ തന്നെ ആത്മകഥയായ ‘ആത്മകഥ: കെ.ആർ. ഗൗരിയമ്മ’ എന്ന പുസ്തകത്തിൽ പാർട്ടിക്കുള്ളിലെ പുരുഷാധിപത്യ പ്രവണതകളെക്കുറിച്ച് അവർ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഒരു സ്ത്രീ മുഖ്യമന്ത്രിയാകുന്നതിനോട് അന്നത്തെ പാർട്ടി നേതൃത്വത്തിലെ വലിയൊരു വിഭാഗത്തിന് മാനസികമായ പൊരുത്തക്കേടുകൾ ഉണ്ടായിരുന്നുവെന്ന് പുസ്തകം അടിവരയിട്ടു പറയുന്നു.

പാർട്ടിക്കുള്ളിലെ ആധികാരിക ശബ്ദമായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നിലപാടുകൾ ഗൗരിയമ്മയ്ക്ക് തിരിച്ചടിയായെന്ന് രാഷ്ട്രീയ നിരീക്ഷകനായ ഭാസുരചന്ദ്രനെപ്പോലെയുള്ളവർ വിലയിരുത്തിയിട്ടുണ്ട്. വിപ്ലവകരമായ തീരുമാനങ്ങൾ എടുക്കുന്നതിലും കർക്കശമായ ഭരണശൈലി നടപ്പിലാക്കുന്നതിലും ഗൗരിയമ്മ കാട്ടിയിരുന്ന ആർജ്ജവം പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾക്ക് ഭയമുണ്ടാക്കിയിരുന്നു. പാർട്ടിക്ക് നിയന്ത്രിക്കാൻ കഴിയുന്ന ഒരു ഭരണാധികാരി വേണമെന്ന ചിന്തയാണ് ഗൗരിയമ്മയെ മാറ്റിനിർത്തി ഇ.കെ. നായനാരെ മുഖ്യമന്ത്രിയാക്കാൻ അന്നത്തെ നേതൃത്വത്തെ പ്രേരിപ്പിച്ചത്. അന്നത്തെ പാർട്ടി സെക്രട്ടറി വി.എസ്. അച്യുതാനന്ദനും ഈ തീരുമാനത്തിന് ഒപ്പമായിരുന്നുവെന്ന് പിൽക്കാല ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. ​ഗൗരിയമ്മയും വി എസിന്റെ സാനിധ്യത്തെ കുറിച്ച് പിന്നീട് പറഞ്ഞിരുന്നു.

സി.പി.ഐ നേതാവായിരുന്ന ടി.വി. തോമസുമായുള്ള അവരുടെ ദാമ്പത്യം രാഷ്ട്രീയ ഭിന്നതകൾ കാരണം തകർന്നെങ്കിലും, സി.പി.എമ്മിലെ ചിലർ അവരെ എപ്പോഴും ഒരു ‘സി.പി.ഐ സഹയാത്രിക’ എന്ന നിലയിലുള്ള സംശയത്തോടെ നോക്കിയിരുന്നുവെന്ന് ഗൗരിയമ്മ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ജാതിവിരുദ്ധ പോരാട്ടങ്ങളിലും ഭൂപരിഷ്കരണത്തിലും മുൻപന്തിയിൽ നിന്ന ഒരു ഈഴവ വനിത കേരളത്തിന്റെ ഭരണത്തലപ്പത്ത് വരുന്നത് തടയാൻ അന്നത്തെ സവർണ്ണാധിപത്യ മനോഭാവമുള്ള ചില നേതാക്കൾ ശ്രമിച്ചുവെന്ന ആരോപണവും ശക്തമാണ്. ,

അതേ സമയം ,​ഗൗരിയമ്മ പ്രധാനമായും കുറ്റപ്പെടുത്തിയത് ഇം എം സിനെ തന്നെയായിരുന്നു. തനിക്ക് മുഖ്യമന്ത്രി കസേര നഷ്ടപ്പെടാൻ പ്രധാന കാരണം ഇ.എം.എസ്. ആണെന്ന് ഗൗരിയമ്മ നേരിട്ട് ആരോപിച്ചിട്ടുണ്ട്. തനിക്ക് ഭരണശേഷി പോരെന്നും താൻ അത്ര “സ്മാർട്ട്” അല്ലെന്നും അദ്ദേഹം കരുതിയിരുന്നതാകാം എന്ന് അവർ പിന്നീട് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഗൗരിയമ്മ മുഖ്യമന്ത്രിയായാൽ പാർട്ടിക്ക് അതീതമായ നിലപാടുകൾ സ്വീകരിക്കുമെന്നും അത് അച്ചടക്ക ലംഘനത്തിന് കാരണമാകുമെന്നും പാർട്ടി നേതൃത്വത്തിലെ ചിലർ ഭയപ്പെട്ടിരുന്നു. ഗൗരിയമ്മയുടെ കർക്കശമായ സ്വഭാവവും പെട്ടെന്ന് വഴങ്ങാത്ത രീതിയും ഇതിന് കാരണമായി പറയപ്പെടുന്നു.പാർട്ടിക്കുള്ളിലെ വിഭാഗീയതയും ചില സാമുദായിക പരിഗണനകളും തന്നെ തഴയാൻ കാരണമായെന്ന് അവർ വിശ്വസിച്ചിരുന്നു. ഗൗരിയമ്മയ്ക്ക് പകരം ഇ.കെ. നായനാരെയാണ് അന്ന് പാർട്ടി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.: തിരഞ്ഞെടുപ്പ് ജയിച്ചുകഴിഞ്ഞപ്പോൾ മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ചർച്ചകളിൽ തന്നെ പൂർണ്ണമായും മാറ്റിനിർത്തിയെന്നും, തന്നെ മോഹിപ്പിച്ച ശേഷം അധികാരം തട്ടിമാറ്റുകയാണുണ്ടായതെന്നും അവർ വേദനയോടെ പറഞ്ഞിട്ടുണ്ട്. ജീവിതത്തിന്റെ അവസാനകാലം വരെ ഈ അവഗണന ഗൗരിയമ്മയെ വേദനിപ്പിച്ചിരുന്നു എന്നതാണ് സത്യം.

Content Summary: Why K.R. Gauri Amma was denied the Kerala CM chair in 1987

Leave a Reply

Your email address will not be published. Required fields are marked *

×