UPDATES

ഓഫ് ബീറ്റ്

ഉത്തരക്കടലാസില്‍ പ്രണയകഥകളും പ്രിന്‍സിപ്പാളിനും അധ്യാപകര്‍ക്കും ചീത്തവിളിയും

സൈക്യാട്രിസ്റ്റിന്റെ സര്‍ട്ടിഫിക്കറ്റും ആയിരം രൂപ പിഴയും ശിക്ഷ വിധിച്ച് ഗുജറാത്ത് സര്‍വകലാശാല

                       

സൂറത്തിലെ വീര്‍ നര്‍മദ സൗത്ത് ഗുജറാത്ത് സര്‍വകലാശാല അമ്പരപ്പിക്കുന്ന ചില ശിക്ഷകള്‍ അതിന്റെ കീഴില്‍ പഠിക്കുന്ന ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരിക്കുകയാണ്. സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിരിക്കുന്ന കോളേജുകളിലെ രണ്ടും മൂന്നും വര്‍ഷ ബി.എ, ബി.കോം വിദ്യാര്‍ത്ഥികള്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. വിധിച്ചിരിക്കുന്ന ശിക്ഷകള്‍ ഇവയാണ്; കുറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ ഓരോരുത്തരും ആയിരം രൂപ വീതം ഫൈന്‍ അടയ്ക്കുക, മാനസികാരോഗ്യം ശരിയാണെന്ന് തെളിയിക്കുന്ന സൈക്യാട്രിസ്റ്റിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുക! സര്‍ട്ടിഫിക്കറ്റില്‍ പ്രസ്തുത വിദ്യാര്‍ത്ഥിയുടെ മാനസികാരോഗ്യം സ്ഥിരതയുള്ളതാണെന്നും, ഭാവിയില്‍ യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ എഴുതുന്നതിന് തടസമില്ലെന്നും ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം!

എന്തിനാണ് ഇമ്മാതിരി ശിക്ഷകള്‍ എന്നല്ലേ! കാരണം പറയാം,

ഒക്ടോബറില്‍ യൂണിവേഴ്‌സിറ്റി പരീക്ഷ നടത്തിയിരുന്നു. ആ പരീക്ഷയില്‍ ശിക്ഷാവിധേയരായ വിദ്യാര്‍ത്ഥികള്‍ എഴുതിയ ഉത്തരക്കടലാസുകള്‍ പരിശോധിച്ചവര്‍ ഞെട്ടി. തങ്ങളുടെ സഹൃത്തുക്കളുടെ പ്രണയബന്ധങ്ങളും, അശ്ലീലകഥകളും കോളേജ് പ്രിന്‍സിപ്പാളിനെയും പ്രൊഫസര്‍മാരെയും തെറിവിളിച്ചുമൊക്കെയായിരുന്നു അവര്‍ ഉത്തരക്കടലാസ് എഴുതി നിറച്ചിരുന്നു.

ഉത്തരക്കടലാുകള്‍ പരിശോധിച്ചവര്‍ ഇക്കാര്യങ്ങള്‍ വൈസ് ചാന്‍സലര്‍ ഡോ. കിഷോര്‍ സിംഗ് ചവഡ അധ്യക്ഷനായ യൂണിവേഴ്‌സിറ്റി ഫാക്ട്-ഫൈന്‍ഡിംഡ് കമ്മിറ്റിക്ക് മുമ്പായി റിപ്പോര്‍ട്ടായി സമര്‍പ്പിച്ചു. ഒക്ടോബര്‍ 11 ന് കിട്ടിയ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം കമ്മിറ്റി ആരോപണവിധേയരായ ആറ് വിദ്യാര്‍ത്ഥികളെയും വിളിപ്പിച്ചു. തുടര്‍ന്ന് അവരുടെ കുറ്റസമ്മതം ഓഡിയോ ആയും വീഡിയോ ആയും റെക്കോര്‍ഡ് ചെയ്തു. ഇനിയിത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ കമ്മിറ്റി മുമ്പാകെ സത്യം ചെയ്യുകയും ചെയ്തു.

സൂറത്തിലെ വിവിധ കോളേജുകളിലായി പഠിക്കുന്ന ആര് ആണ്‍ വിദ്യാര്‍ത്ഥികളായിരുന്നു കുറ്റക്കാര്‍. ഇന്ത്യന്‍ എക്‌സ്പ്രസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ചാവഡയോട് ഈ വിഷയത്തില്‍ പ്രതികരണം ആരാഞ്ഞിരുന്നു. ഫൈന്‍ അടപ്പിക്കാനും മാനസികാരോഗ്യവിദഗ്ധന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വി സി സ്ഥിരീകരിച്ചിട്ടുണ്ട്. ഓരോരുത്തരും പിഴത്തുകയും സര്‍ട്ടിഫിക്കറ്റും അതാത് കോളേജ് പ്രിന്‍സിപ്പാളുമാരെ ഏല്‍പ്പിക്കണമെന്നാണ് കമ്മിറ്റിയംഗമായ ഡോ. സ്‌നേഹല്‍ ജോഷി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്.

Share on

മറ്റുവാര്‍ത്തകള്‍