June 26, 2026 |
Share on

ഇമ്രാന്‍ ഖാന്‍ എവിടെ, ജീവിച്ചിരിപ്പുണ്ടോ മരിച്ചോ?

അഭ്യൂഹങ്ങള്‍ തള്ളി പാക് സര്‍ക്കാര്‍

കഴിഞ്ഞ മൂന്നാഴ്ചയിലധികമായി മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ജീവിച്ചിരുപ്പുണ്ടോ, അതോ മരിച്ചോ എന്ന കാര്യം അവ്യക്തമായി തുടരുകയാണ്. ഇതിനിടെ ഇമ്രാന്‍ ഖാനെ കാണാന്‍ സഹോദരി ഉസ്മ ഖാനൂമിന് അഡിയാല ജയില്‍ അധികൃതര്‍ അനുമതി നല്‍കി.

ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് (പിടിഐ) ക്കും കുടുംബാംഗങ്ങളും ആഴ്ചകളായി തുടരുന്ന പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ജയില്‍ അധികൃതരുടെ അനുമതിയെന്ന് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ആഴ്ചതോറും കൂടിക്കാഴ്ചയ്ക്കുള്ള അനുമതി കോടതി നല്‍കിയിട്ടും, ഇമ്രാന്‍ ഖാന്റെ കുടുംബത്തിന് കഴിഞ്ഞ ആറ് ആഴ്ചകളായി അദ്ദേഹവുമായി ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ലെന്ന് മകന്‍ കാസിം ഖാന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

”അച്ഛന്‍ സുരക്ഷിതനാണോ, അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ, മരണപ്പെട്ടോ എന്ന് അറിയാന്‍ കഴിയാത്തത് ഒരുതരം മാനസിക പീഡനമാണ്. ഇന്ന് അദ്ദേഹത്തിന്റെ അവസ്ഥയെ കുറിച്ച് ഒരു വിവരവുമില്ല. പറയാന്‍ കഴിയാത്ത കാര്യം എന്തോ ഞങ്ങളില്‍ നിന്ന് മറച്ചുവയ്ക്കുന്നുണ്ടോ എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആശങ്ക” കാസിം ഖാന്‍ ആരോപിക്കുന്നു.

അഭ്യൂഹങ്ങള്‍ തള്ളി പാക് സര്‍ക്കാര്‍

ഇമ്രാന്‍ ഖാന്‍ മരിച്ചെന്നും, അഡിയാല ജയിലില്‍ നിന്ന് രഹസ്യമായി മറ്റൊരിടത്തേക്ക് മാറ്റിയെന്നുമുള്ള അഭ്യൂഹങ്ങള്‍ തള്ളിയിരിക്കുകയാണ് പാക് സര്‍ക്കാര്‍. മുന്‍ പ്രധാനമന്ത്രി ഇപ്പോഴും റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ തന്നെ തുടരുകയാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപതികരമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

അഡിയാല ജയിലില്‍ നിന്ന് ഇമ്രാന്‍ ഖാനെ സ്ഥലം മാറ്റിയതായി പറയുന്നതൊന്നും സത്യമല്ലെന്നും, അദ്ദേഹം ആരോഗ്യവാനാണെന്നും വൈദ്യസഹായം ലഭ്യമാക്കുന്നുണ്ടെന്നും റാവല്‍പിണ്ടി ജയില്‍ ഉദേ്യാഗസ്ഥര്‍ അറിയിച്ചതായി പാക് മാധ്യമമായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

റാവല്‍പിണ്ടിയില്‍ വന്‍ പ്രതിഷേധം

ഇമ്രാന്‍ ഖാന്റെ മരണവാര്‍ത്തകളും ആരോഗ്യാവസ്ഥയെക്കുറിച്ചും നിരന്തരമായ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെ, റാവല്‍പിണ്ടിയിലും ഇസ്ലാമാബാദിലും നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ഇതോടെ പൊതുസമ്മേളനങ്ങളും നിരോധിക്കപ്പെട്ടു. ജയിലില്‍ കഴിയുന്ന നേതാവിനെ സന്ദര്‍ശിക്കാന്‍ പ്രവേശനം ആവശ്യപ്പെട്ട് ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് (പിടിഐ) പ്രതിഷേധങ്ങള്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ നിയന്ത്രണം.

ഇമ്രാന്‍ ഖാനെ കുറിച്ച് വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ പിടിഐ ഇസ്ലാമാബാദ് ഹൈക്കോടതിയിലും റാവല്‍പിണ്ടിയിലെ അഡിയാല ജയിലിനും പുറത്ത് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു. റാവല്‍പിണ്ടി ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. ഹസ്സന്‍ വഖാര്‍ ചീമ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച്, 2024-ലെ ക്രിമിനല്‍ നടപടിക്രമ നിയമത്തിലെ (പഞ്ചാബ് ഭേദഗതി) സെക്ഷന്‍ 144 ഡിസംബര്‍ 1 മുതല്‍ ഡിസംബര്‍ 3 വരെ പ്രാബല്യത്തില്‍ തുടരും. പൊതു സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

2023 ഓഗസ്റ്റ് മുതല്‍ ജയിലില്‍ കഴിയുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, 2022-ല്‍ അവിശ്വാസ പ്രമേയത്തിലൂടെ അധികാരത്തില്‍ നിന്ന് പുറത്തായതിന് ശേഷം അഴിമതി, ഭീകരവാദം ഉള്‍പ്പെടെ നിരവധി കേസുകളാണ് നേരിടുന്നത്.

സംസ്ഥാനത്തിന് ലഭിച്ച സമ്മാനങ്ങള്‍ നിയമവിരുദ്ധമായി വിറ്റുവെന്നാരോപിക്കപ്പെടുന്ന തോഷഖാന കേസ് ആയിരുന്നു അദ്ദേഹത്തിനെതിരെയുള്ള ആദ്യത്തെ കേസ്. ഇതിനു പിന്നാലെ, ഇമ്രാന്‍ ഖാനെതിരെ നിരവധി അഴിമതി കേസുകള്‍ ഫയല്‍ ചെയ്യപ്പെടുകയും, ഒരു രാഷ്ട്രീയക്കാരന് ലഭിച്ച ഏറ്റവും ദൈര്‍ഘ്യമേറിയ ജയില്‍ ശിക്ഷകളിലൊന്നായി കണക്കാക്കപ്പെടുന്ന 14 വര്‍ഷത്തെ തടവില്‍ അദ്ദേഹത്തെ ശിക്ഷിക്കുകയും ചെയ്തു.

അഡിയാല ജയിലിലാണ് ഖാന്‍ ഇപ്പോഴും തടവില്‍ കഴിയുന്നത്. ഇമ്രാന്‍ ഖാന് ആവശ്യമായ എല്ലാ വൈദ്യസഹായവും നല്‍കുന്നുണ്ടെന്നായിരുന്നു അഡിയാല ജയില്‍ അധികൃതര്‍ ആശങ്കകള്‍ക്കിടയിലും പറയുന്നത്.

ഇമ്രാന്‍ ഖാന്റെ മക്കളായ കാസിമും അദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ സുലൈമാന്‍ ഇസ ഖാനും, അമ്മ ജെമീമ ഗോള്‍ഡ്സ്മിത്തിനൊപ്പം ലണ്ടനിലാണ് താമസിക്കുന്നത്. ഇരുവരും പാകിസ്ഥാനിലെ രാജകീയ രാഷ്ട്രീയം ഒഴിവാക്കി അകലം പാലിച്ചാണ് കുറച്ച് നാളുകളായി ജീവിക്കുന്നത്.

പ്രതിഷേധത്തിന് പിന്നില്‍ ?

പാക് മുന്‍ പ്രധാനമന്ത്രി ആറ് ആഴ്ചയിലധികമായി പൊതുരംഗത്ത് നിന്ന് പൂര്‍ണമായും അപ്രത്യക്ഷനായിരിക്കുന്നത് രാജ്യമെമ്പാടും വലിയ ആശങ്കകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. ഈ കാലയളവില്‍, അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങള്‍ക്കോ, കുടുംബാംഗങ്ങള്‍ക്കോ പോലും അദ്ദേഹവുമായി നേരിട്ട് ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.

പ്രധാനമന്ത്രി പദവിയിലിരുന്ന വ്യക്തി പൊതുജനമധ്യത്തില്‍ ഇത്രയധികം കാലം വിട്ടുനില്‍ക്കുന്നത് സംബന്ധിച്ച് പാകിസ്ഥാനില്‍ ഇതിനോടകം വ്യാപകമായ ഊഹാപോഹങ്ങള്‍ക്കും കാരണമായിട്ടുണ്ട്.

ഏതെങ്കിലും തരത്തിലുള്ള ഒരു വധശ്രമത്തിന് ഇമ്രാന്‍ ഖാന്‍ ഇരയായോ, അതോ വെളിപ്പെടുത്താത്ത ഏതെങ്കിലും സാഹചര്യത്തില്‍ കസ്റ്റഡിയില്‍ കഴിയുകയാണോ എന്ന ചോദ്യങ്ങളും രാജ്യത്ത് വ്യാപകമായി ഉയരുകയാണ്.

കോടതിയലക്ഷ്യം ഫയല്‍ ചെയ്ത് സഹോദരി

ഇമ്രാന്‍ ഖാനെ കാണുന്നതില്‍ നിന്ന് തന്നെ തടഞ്ഞുവെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ സഹോദരി അലീമ ഖാന്‍ നവംബര്‍ 28 ന് ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. അഡിയാല ജയില്‍ സൂപ്രണ്ടിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ, മുഖ്യമന്ത്രി അഫ്രീദിയുടെ സാന്നിധ്യത്തിലാണ് അലീമ ഖാന്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ജയില്‍ അധികൃതര്‍ ഇസ്ലാമാബാദ് ഹൈക്കോടതി ഉത്തരവ് ലംഘിച്ചതായും ഹര്‍ജിയില്‍ ആരോപിക്കുന്നു. 2024 മാര്‍ച്ച് 24 ന് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, ഇമ്രാന്‍ ഖാന് ആഴ്ചയില്‍ രണ്ട് തവണ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരുന്നു. നിയമപരമായി അനുവദിച്ച ഈ സന്ദര്‍ശന ഷെഡ്യൂള്‍ ലംഘിക്കപ്പെട്ടതായും അതിനാല്‍, കോടതിയുടെ മുന്‍ ഉത്തരവ് ഉടന്‍ പുനഃസ്ഥാപിക്കണമെന്നും സഹോദരി ആവശ്യപ്പെട്ടു.

കഴിഞ്ഞയാഴ്ച അഡിയാല ജയിലിന് പുറത്ത് നടത്തിയ പ്രതിഷേധത്തിനിടെ ഇമ്രാന്‍ ഖാന്റെ സഹോദരിമാര്‍ക്ക് നേരെ പഞ്ചാബ് പോലീസ് ആക്രമണം നടത്തിയതായും ആരോപിക്കപ്പെടുന്നു. തങ്ങളുടെ സഹോദരന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകളിലാണ് പ്രതിഷേധം നടത്തിയതെന്നും, റോഡുകള്‍ തടയുകയോ നിയമം ലംഘിക്കുകയോ ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു. മുന്നറിയിപ്പോ, പ്രകോപനമോ ഇല്ലാതെ, തെരുവ് വിളക്കുകള്‍ പെട്ടെന്ന് ഓഫ് ചെയ്ത് പഞ്ചാബ് പോലീസ് ആക്രമണം നടത്തിയെന്നാണ് സഹോദരിമാരുടെ ആരോപണം.

”71 വയസ്സുള്ള, എന്റെ മുടിയില്‍ പിടിച്ചു വലിച്ചു, നിലത്തേക്ക് ശക്തമായി വലിച്ചെറിഞ്ഞു. റോഡിന് കുറുകെ വലിച്ചിഴച്ചു, എനിക്ക് പറ്റിക്കുകള്‍ പറ്റി.” പോലീസ് മറ്റ് സ്ത്രീകളെ അടിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തുവെന്നും സഹോദരിമാര്‍ ആരോപിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Content Summary: Is former Pakistan Prime Minister Imran Khan alive?

Leave a Reply

Your email address will not be published. Required fields are marked *

×