വിമാന അപകടങ്ങളുമായി ബന്ധപ്പെട്ട് നിരന്തരം കേള്‍ക്കുന്ന പദമാണ് ആകാശച്ചുഴി അഥവാ ടര്‍ബുലന്‍സ്. ഇന്നലെ ലണ്ടനില്‍ നിന്നുള്ള സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ആകാശച്ചുഴിയില്‍ പെട്ടപ്പോള്‍ നഷ്ടമായത് ബ്രിട്ടീഷ് പൗരന്റെ ജീവനാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റ് ചികില്‍സയിലാണ്. ഇതോടെ യാത്രകള്‍ക്കായി വിമാനങ്ങളെ ആശ്രയിക്കുന്നവരുടെ പേടി സ്വപ്‌നങ്ങളിലൊന്നായി ആകാശച്ചുഴി എന്ന പദം മാറിക്കഴിഞ്ഞു. എന്നാല്‍ എന്തുകൊണ്ടാണ് സാങ്കേതിക വിദ്യ ഇത്രയൊക്കെ വളരുകയും അപകടങ്ങളില്ലാതെ ബഹിരാകാശം വരെ പോവാനും കഴിയുന്ന മനുഷ്യന് ആകാശച്ചുഴി എന്ന അപകട സാധ്യത നേരത്തെ അറിയാന്‍ സാധിക്കാത്തത്? ഞൊടിയിടയില്‍ മാറി മറിയുന്ന കാലാവസ്ഥയാണോ വെല്ലുവിളി? ആകാശച്ചുഴിയില്‍ പെടുന്ന വിമാനങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നത്?
കണക്കുകള്‍ നോക്കിയാല്‍ വിമാനം ആകാശച്ചുഴിയില്‍ പെട്ടുണ്ടാവുന്ന അപകടങ്ങള്‍ താരതമ്യേന കുറവാണ്. പ്രത്യേകിച്ച് അന്താരാഷ്ട്ര സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍. ഇതിന്റെ പ്രധാനകാരണം സാങ്കേതിക വിദ്യയുടെ വളര്‍ച്ചയാണ്. ആകാശച്ചുഴി സംബന്ധിച്ച മുന്നറിയിപ്പ് മുന്‍കൂറായി തന്നെ നല്‍കാന്‍ കഴിയുന്ന തലത്തിലേക്ക് ഇന്നത്തെ സാങ്കേതിക വിദ്യ വളര്‍ന്നുകഴിഞ്ഞു. പൈലറ്റുമാര്‍ക്കും വിമാന ജീവനക്കാര്‍ക്കും ഇത്തരം അപകടങ്ങളെ കുറിച്ച് വ്യക്തമായ ധാരണ പഠന സമയത്ത് തന്നെ നല്‍കുന്നുമുണ്ട്. അതിനാല്‍ തന്നെ യാത്രക്കിടെ വരുന്ന മുന്നറിയിപ്പുകള്‍ക്ക് അനുസരിച്ച് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് അടക്കം ധരിച്ച് സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തുന്നു. അപകടങ്ങളില്ലാതെ ആകാശച്ചുഴി കടക്കാന്‍ കൃത്യമായ പരിശീലനം നേടിയിട്ടുള്ള പൈലറ്റുമാര്‍ക്കും സാധിക്കുന്നു. അതേസമയം, ചെറിയ സ്വകാര്യ വിമാനങ്ങളും ബിസിനസ്സ് ജെറ്റുകളും ആകാശച്ചുഴിയില്‍ പെടുന്നതും ജീവഹാനിയോ ഗുരുതര പരിക്കുകളോ സംഭവിക്കുന്നതും ഇന്ന് പതിവാണ്. യുഎസ് നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബോര്‍ഡിന്റെ കണക്ക് പ്രകാരം കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ആഭ്യന്തര വിമാനങ്ങള്‍ക്ക് സംഭവിച്ച് അപകടങ്ങളില്‍ 100-ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡസന്‍ കണക്കിന് പേര്‍ക്കാണ് ജീവഹാനി സംഭവിച്ചിട്ടുള്ളതും. ഇതില്‍ മരണം റിപ്പോര്‍ട്ട് ചെയ്ത ഭൂരിപക്ഷം അപകടങ്ങളിലും വില്ലന്‍ ആകാശച്ചുഴി തന്നെയാണ്. യഥാര്‍ത്ഥത്തില്‍ വലിയ വിമാനങ്ങള്‍ ആകാശച്ചുഴിയില്‍ പെട്ടാലാണ് വന്‍ദുരന്തമുണ്ടാവാനുള്ള സാധ്യതയുള്ളത്. ആ സമയത്ത് സുരക്ഷാനിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ എന്തെങ്കിലും തരത്തിലുള്ള പാളിച്ചയുണ്ടായാല്‍ യാത്രികര്‍ക്ക് വലിയ അപകടങ്ങള്‍ സംഭവിക്കാം. സീറ്റ് ബെല്‍റ്റിടാതെ ഇരുന്നാല്‍ വിമാനത്തിനുള്ളതില്‍ പറന്ന് നടക്കുന്ന അവസ്ഥയുണ്ടാവാം. ബാഗേജുകള്‍ തലയില്‍ വീണുള്ള പരിക്ക്, വിമാനത്തിന്റെ കുലുക്കത്തിന് അനുസരിച്ച് വീഴുന്ന വസ്തുക്കള്‍ വന്ന് അടിച്ചുണ്ടാവുന്നവ, ഭക്ഷണസാധനങ്ങള്‍ കൊണ്ടുവരുന്ന ട്രോളി വന്നിടിച്ച് വരെ അപകടമുണ്ടാവമെന്ന് ചുരുക്കം.
വായുവിന്റെ മര്‍ദ്ദത്തിലും സഞ്ചാരവേഗത്തിലും പെട്ടെന്നുണ്ടാകുന്ന മാറ്റമാണ് ആകാശച്ചുഴിയ്ക്ക കാരണം. ഈ സമയം വിമാനം ഉയര്‍ന്ന തിരമാലകളില്‍ ഉലയുന്ന ബോട്ടിന്റെ അവസ്ഥയിലേക്ക് മാറും. വിമാനം കുലുങ്ങുന്നതായും മുകളിലേക്കും താഴേക്കും മാറി മാറി ഉലയുന്നതായും അനുഭവപ്പെടും. പലതരത്തിലുള്ള ആകാശച്ചുഴികളുണ്ട്. അതിന്റെ ശക്തിയിലുണ്ടാവുന്ന ഏറ്റകുറച്ചില്‍ അനുസരിച്ചായിരിക്കും അപകടസാധ്യതയും. ഇതനുസരിച്ച് ചെറിയതോതില്‍ വിമാനം കുലുങ്ങുന്നതില്‍ തുടങ്ങി ശക്തിയേറിയ രീതിയില്‍ എടുത്തിട്ട് അടിക്കുന്നതു പോലെയും അനുഭവപ്പെടാം. ഇടിമിന്നല്‍, പര്‍വതനിരകള്‍, ചില മേഘങ്ങളുടെ രൂപം എന്നിങ്ങനെയുള്ള കാലാവസ്ഥ- ഭൂമിശാസ്ത്രപരമായ വിഷയങ്ങളാണ് ഇതിന് കാരണമായി ചൂണ്ടികാണിക്കുന്നത്. എന്നാല്‍ പൈലറ്റുമാരെ ഞെട്ടിക്കുന്നത് മുന്നറിയിപ്പില്ലാതെ സംഭവിക്കുന്ന ക്ലിയര്‍ എയര്‍ ടര്‍ബുലന്‍സ് ആണ്. ഇതാണ് ആകാശച്ചുഴി ദുരന്തത്തിന് വഴിവയ്ക്കുന്നതും.
പര്‍വതങ്ങള്‍ക്ക് മുകളിലൂടെയുള്ള വായുപ്രവാഹം പോലുള്ളവയില്‍ പൊടുന്നനെ മാറ്റം സംഭവിക്കാറുണ്ട്. അന്തരീക്ഷ വായുവിന്റെ പ്രവാഹത്തിലുണ്ടാകുന്ന ശക്തമായ വ്യതിയാനമാണ് അവിടെ സംഭവിക്കുക. അത് കണ്ണുകള്‍ കൊണ്ട് കാണാനോ പെട്ടെന്ന് തിരിച്ചറിയാനോ സാധിക്കില്ലെന്ന് അയാട്ടയുടെ ഫ്‌ലൈറ്റ് ആന്‍ഡ് ടെക്‌നിക്കല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ സ്റ്റുവര്‍ട്ട് ഫോക്‌സ് പറയുന്നു. ഇത്തരം എയര്‍പോക്കറ്റ് അല്ലെങ്കില്‍ എയര്‍ഗട്ടറില്‍ പെടുന്ന വിമാനത്തിന്റെ നിയന്ത്രണം നഷ്ടമാവാന്‍ സാധ്യത കൂടുതലാണ്. വിമാനം തകര്‍ന്ന് വീഴുന്ന അവസ്ഥയ്ക്കുള്ള കാരണവും ഇതാണെന്ന് അദ്ദേഹം ചൂണ്ടികാണിക്കുന്നു.
ആകാശച്ചുഴിയ്ക്ക് പേരുകേട്ട ഇടങ്ങളിലൊന്നാണ് ബംഗാള്‍ ഉള്‍ക്കടല്‍. ഇത്തരം ഇടങ്ങളില്‍ പൈലറ്റുമാര്‍ക്ക് ആകാശച്ചുഴി പോലുള്ള വിഷയങ്ങള്‍ തിരിച്ചറിയുന്നതിന് പരിമിതികളുണ്ട്. പ്രധാന കാരണം ഞൊടിയിടയില്‍ മാറുന്ന വായു പ്രവാഹവും കാലാവസ്ഥയുമാണെന്ന് മുന്‍ വാണിജ്യ പൈലറ്റും ബക്കിംഗ്ഹാംഷെയര്‍ ന്യൂ യൂണിവേഴ്‌സിറ്റിയിലെ വ്യോമയാന അധ്യാപകനുമായ മാര്‍ക്കോ ചാന്‍ പറയുന്നു. സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അപകടത്തില്‍ പെട്ടത് ഇടിമിന്നലുകള്‍ക്ക് കുപ്രസിദ്ധമായ ഇന്റര്‍ ട്രോപ്പിക്കല്‍ കണ്‍വേര്‍ജന്‍സ് സോണിനുള്ളിലാണെന്നത് ചൂണ്ടികാട്ടിയാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. പൈലറ്റുമാരുടെ നാവിഗേഷന്‍ ഡിസ്പ്ലേയില്‍ ഇടിമിന്നല്‍ സാധ്യത മുന്നറിയിപ്പ്ലഭിക്കും. എന്നാല്‍ ആ സമയത്തുണ്ടാവുന്ന കൊടുങ്കാറ്റ് ക്ലസ്റ്ററിനെ കൂടി വിമാനത്തിന് പൂര്‍ണ്ണമായി മറികടക്കാന്‍ കഴിയണം. നിര്‍ഭാഗ്യവശാല്‍ അത് എല്ലായിപ്പോഴും സംഭവിക്കണമെന്നില്ല. കാരണം ആ സമയത്തുണ്ടാവുന്ന കാറ്റിന്റെ വ്യാപന ശേഷി 50 നോട്ടിക്കല്‍ മൈലിലധികം ആണ്. ആ പരിധിയ്്ക്ക് പുറത്തേക്ക് വിമാനത്തെ എത്തിക്കുക വെല്ലുവിളി ആണ്. ഇതേസാഹചര്യമാണ് ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറയുന്നു.
English Summary; Turbulence on a flight from London to Singapore; What causes air turbulence and is the climate crisis making it worse?