UPDATES

സയന്‍സ്/ടെക്നോളജി

അശ്ലീലതയും അക്രമവും നിറഞ്ഞ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കും

‘കോപൈലറ്റി’നെതിരേ മൈക്രോസോഫ്റ്റ് എഞ്ചിനീയറുടെ മുന്നറിയിപ്പ്

                       

മൈക്രോസോഫ്റ്റിന്റെ ‘കോപൈലറ്റ് ഡിസൈനർ’ എ ഐ ഇമേജ് ജനറേഷൻ ടൂൾ ഉപയോഗിച്ച് ലൈംഗീകവും അക്രമാസക്തവുമായ ഉള്ളടക്കങ്ങൾ നിർമ്മിക്കാൻ സാധിക്കുമെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റിലെ സോഫ്റ്റ് വെയർ എഞ്ചിനീയർ ഷെയ്ൻ ജോൺസ് ഫെഡറൽ ട്രേഡ് കമ്മീഷനും മൈക്രോസോഫ്റ്റ് ഡയറക്ടർ ബോർഡിനും കത്തയച്ചു.

ലോകത്തിലെ ഏറ്റവും മികച്ച വിവരസാങ്കേതികവിദ്യ കമ്പനികളിൽ ഒന്നായ മൈക്രോസോഫ്റ്റിലെ  എ ഐ ഇമേജ് ജനറേറ്റർ കോപൈലറ്റ് ഡിസൈനർ, അക്രമാസക്തവും ലൈംഗികത നിറഞ്ഞതുമായ ചിത്രങ്ങൾ സൃഷ്ടിക്കാനിടയുണ്ട് എന്ന് ചൂണ്ടിക്കാണിച്ചാണ് ഷെയ്ൻ ജോൺസ് ഫെഡറൽ ട്രേഡ് കമ്മീഷനും മൈക്രോസോഫ്റ്റിൻ്റെ ഡയറക്ടർ ബോർഡിനും കത്തയച്ചത്. ഇമേജ് ജനറേറ്ററിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് മൈക്രോസോഫ്റ്റ് മാനേജ്‌മെൻ്റിന് മുന്നറിയിപ്പ് നൽകാനുള്ള തൻ്റെ ആവർത്തിച്ചുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതായും ഷെയ്ൻ ജോൺസ് കത്തിൽ പറയുന്നുണ്ട്. ഉപഭോക്താക്കൾക്ക് അനുയോജ്യമല്ലാത്തതും ദോഷകരവുമായ ചിത്രങ്ങൾ കോപൈലറ്റ് ഡിസൈനർ നിർമ്മിക്കുന്നുണ്ടെന്ന് കമ്പനിക്ക് അറിയാമെന്നും ഷെയ്ൻ കത്തിൽ വിശദമാക്കുന്നു.

കത്ത് ഷെയ്ൻ ജോൺസ് ലിങ്ക്ഡ്ഇനിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആരോപണത്തിന് പിറകെ മൈക്രോസോഫ്റ്റ് വക്താവ് കമ്പനി സുരക്ഷാ പ്രശ്‌നങ്ങൾ അവഗണിച്ചുവെന്ന ഷെയ്ൻ ജോൺസിന്റെ വാദം നിഷേധിച്ച് രംഗത്തെത്തി. കൂടാതെ കമ്പനിയുടെ ജനറേറ്റീവ് എ ഐ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാനായി ശക്തമായ റിപ്പോർട്ടിംഗ് ചാനലുകൾ ഉണ്ടെന്ന് പ്രസ്താവിക്കുകയും ചെയ്തു.

നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി ഉള്ളടക്കങ്ങൾ സൃഷ്‌ടിക്കാൻ കഴിയുന്ന ഓപ്പൺ എ ഐ-യുടെ ഡാൽ -ഇ 3 ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സിസ്റ്റത്തിന്റെ കോപൈലറ്റ് ഡിസൈനർ എന്ന എഐ ഇമേജ് ജനറേഷൻ ടൂളിലെ പ്രശ്‌നങ്ങളാണ് ഷെയ്ൻ തന്റെ കത്തിലൂടെ വെളിവാക്കുന്നത്. കമ്പനി ഈ പ്രശ്‍നം പരിഹരിക്കുന്നതിന് ഉചിതമായ തീരുമാനം കൈക്കൊള്ളുന്നത് വരെ കോപൈലറ്റ് ഡിസൈനർ പൊതു ഉപയോഗത്തിൽ നിന്ന് നീക്കം ചെയ്യണം എന്നും ഷെയ്ൻ ആവശ്യപ്പെടുന്നുണ്ട്.


ഇനി ചാറ്റ് ജിപിടി നിര്‍മിക്കും കൂടുതല്‍ മികവോടെ ചിത്രങ്ങള്‍


കമ്പനി നൽകിയിട്ടുള്ള വിലക്കുകൾ മറികടക്കാൻ തനിക്കായെന്നും ദോഷകരമായ ഉള്ളടക്കങ്ങൾ നിർമ്മിക്കാൻ സാധിച്ചുവെന്നും ഷെയ്ൻ ജോൺസ് പറയുന്നു. മൈക്രോസോഫ്റ്റിന്റെ കോപൈലറ്റ് ഡിസൈനർ ഉൾപ്പടെ വിവിധ എ ഐ ടൂളുകളിൽ ഉപയോഗിച്ചിട്ടുള്ളത് ഡാൽ-ഇ എ ഐ മോഡലാണ്. ആർക്കും എപ്പോഴും എവിടെയിരുന്നുകൊണ്ടും സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുന്ന എ ഐ ഉല്പന്നം എന്ന നിലയിലാണ് മൈക്രോസോഫ്റ്റ് കോപൈലറ്റ് ഡിസൈനറിനെ വിപണനം ചെയ്യുന്നത്. എന്നാൽ കമ്പനി നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്നും അപകടസാധ്യതകൾ വെളിപ്പെടുത്തുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്നും ഷെയ്ൻ ജോൺസ്‌ വാദിക്കുന്നു.

ഡിസംബറിൽ താൻ പ്രസിദ്ധീകരിച്ച ലിങ്ക്ഡ്ഇൻ പോസ്റ്റ് നീക്കം ചെയ്യാൻ മൈക്രോസോഫ്റ്റിൻ്റെ കോർപ്പറേറ്റ് നിയമ സംഘം സമ്മർദ്ദം തന്നിൽ ചെലുത്തിയെന്നും ജോൺസ് ആരോപിക്കുന്നുണ്ട്. സുരക്ഷാ കാരണങ്ങളാൽ ഡാൽ-ഇ 3 യുടെ ലഭ്യത താൽക്കാലികമായി നിർത്തിവയ്ക്കാൻ ഓപ്പൺ എ ഐയുടെ ഡയറക്ടർ ബോർഡിനോട് താൻ ആവശ്യപ്പെട്ടുണ്ടെന്നും ഷെയ്ൻ പറയുന്നുണ്ട്. ഉപഭോക്താക്കൾക്ക് അനുയോജ്യമല്ലാത്തതും ദോഷകരവുമായ ചിത്രങ്ങൾ കോപൈലറ്റ് ഡിസൈനർ നിർമ്മിക്കുന്നുണ്ടെന്ന് അറിഞ്ഞുകൊണ്ടാണ് കമ്പനി പ്രവർത്തിക്കുന്നതെന്നും  ഷെയ്ൻ കത്തിൽ മൈക്രോസോഫ്റ്റിനെതിരെ ആഞ്ഞടിക്കുന്നുണ്ട്. കൂടാതെ മൈക്രോസോഫ്റ്റ് കോ പൈലറ്റ് ഡിസൈനറിൽ നിലനിൽക്കുന്ന ഇത്തരം വെല്ലുവിളികളെ കുറിച്ച് ഉപഭോക്താക്കളുടെ അറിവിലേക്കായുള്ള വെളിപ്പെടുത്തലുകളും അനിവാര്യമായ മുന്നറിയിപ്പുകൾ നൽകുന്നില്ലെന്നും ഷെയ്ൻ ചൂണ്ടി കാട്ടി.

വലിയ തോതിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ഇമേജ് ജനറേറ്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് സാധിക്കുമെന്നതിനാൽ ഡാൽ-ഇ 3 ഉപയോഗിച്ച് ലൈംഗിക ചുവയുള്ള ചിത്രങ്ങളോ താരങ്ങളുടെ അശ്ളീല ചിത്രങ്ങളോ നിർമിക്കാൻ സാധിക്കാത്തതരത്തിലാണ് ഓപ്പൺ എ ഐ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നായിരുന്നു വാദം. 2023 സെപ്തംബർ 20 ന് ഓപ്പൺ എ ഐ ഡാൽ-ഇ ഇമേജ് ജനറേറ്ററിന്റെ പുതിയ പതിപ്പ് ചാറ്റ് ജി.പി.ടി വഴി പരിക്ഷണാർത്ഥം പുറത്തിറക്കിയ വേളയിലാണ് ഓപ്പൺ എ ഐ അവകാശ വാദം ഉന്നയിച്ചത്.

Share on

മറ്റുവാര്‍ത്തകള്‍