December 09, 2024 |
Share on

പൂര്‍ത്തിയാകാത്ത ക്ഷേത്രത്തിലോ പ്രാണ പ്രതിഷ്ഠ?

ചോദിക്കുന്നത് രാഷ്ട്രീയ എതിരാളികളല്ല, അയോധ്യയിലെ പുരോഹിതന്മാരാണ്

”ക്ഷേത്ര മകുടം പോലും ഇനിയും നിര്‍മിച്ചു കഴിഞ്ഞിട്ടില്ലാത്ത ഒരു ക്ഷേത്രത്തിന്റെ പ്രതിഷ്ഠാകര്‍മം എങ്ങനെയാണ് നടത്താന്‍ കഴിയുക?” ചോദ്യം ഉന്നയിക്കുന്നത് ബിജെപി സര്‍ക്കാറിന്റെ വിമര്‍ശകരോ പ്രതിപക്ഷമോ അല്ല. അയോധ്യയ്ക്കടുത്തുള്ള രാംകോട്ടിലെ ശ്രീരാമാശ്രമത്തിലെ പ്രധാന പുരോഹിതനായ 34 കാരന്‍ ജയറാം ദാസാണ്. അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിലും ഉദ്ഘാടനത്തിലുമുള്ള രാഷ്ട്രീയ മുതലെടുപ്പ് തുറന്നു കാണിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ആത്മീയ നേതാക്കള്‍ തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള അഭിപ്രായ ഭിന്നതകള്‍ കൂടതലായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ആര്‍എസ്എസ്-ബിജെപി പരിപാടിയെന്ന വിമര്‍ശനം ശക്തമാവുന്നത് ഹിന്ദു മത നേതാക്കളില്‍ നിന്നു തന്നെയാണെന്നതാണ് ഇതിലെ കൗതുകം. ഇനിയും നിര്‍മ്മണം പൂര്‍ത്തിയായിട്ടില്ലാത്ത ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനു പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യമാണെന്ന് മതനേതാക്കള്‍ തന്നെ തുറന്നു സമ്മതിക്കുന്നതായി ദി സ്‌ക്രോളിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിര്‍മാണത്തിലിരിക്കുന്ന ക്ഷേത്രത്തിന്റെ പ്രതിഷ്ഠ തീയതി നിശ്ചയിച്ചത് ദൈവശാസ്ത്രം അനുശാസിക്കുന്ന രീതിയിലല്ലെന്നാണ് ജയറാം ദാസ് സ്‌കോളിനോട് പറയുന്നത്. ക്ഷേത്രത്തിന്റെ ഉദ്ഘാടന തീയതി സംബന്ധിച്ചുളള അന്തിമ തീരുമാനത്തിലെത്തുന്നത് വരാണാസിയില്‍ നിന്നുള്ള മതനേതാക്കളും (ദര്‍ശകന്മാരും) ക്ഷേത്രനിര്‍മാണത്തിന്റെ ചുമതലയുള്ള ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിന്റെ സെക്രട്ടറി ചമ്പത് റായിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ്. വാരണാസിയിലെ ദര്‍ശകന്മാര്‍ ഈ തീരുമാനത്തിന്റെ പിന്നില്‍ മറ്റാരുടെയെങ്കിലും സ്വാധീനം ഉണ്ടായിട്ടുണ്ടാകാമെന്ന് അദ്ദേഹം പറയുന്നതായി സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ”ആരുടെ സമ്മര്‍ദപ്രകാരമാണ് തീയതി നിശ്ചയിക്കപ്പെട്ടതെന്ന് ബനാറസിലെ ജ്ഞാനികള്‍ക്ക് മാത്രമേ അറിയൂ. ജ്ഞാനികളായ മതനേതാക്കളുടെ ആചാരങ്ങള്‍ പോലും ബാഹ്യ സ്വാധീനങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്നുവെങ്കില്‍, മതഗ്രന്ഥങ്ങള്‍ക്ക് എന്താണ് പ്രാധന്യം? എന്ന് അദ്ദേഹം ചോദിക്കുന്നു. പ്രതിഷ്ഠ ചടങ്ങില്‍ കാര്‍മികത്വം വഹിക്കുന്ന പ്രധനമന്ത്രിക്ക് എന്തുകൊണ്ട് ചടങ്ങിന് വേണ്ടി ഏപ്രില്‍, മെയ് മാസങ്ങളിലോ അതിനു ശേഷമോ വരാന്‍ കഴിയാത്തതെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്”. ട്രസ്റ്റിന്റെ ക്ഷണം കാരണം ജനുവരിയില്‍ തന്നെ അദ്ദേഹമെത്തുന്നു. അപ്പോള്‍ ട്രസ്റ്റ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെങ്കില്‍, അത് ആ പാര്‍ട്ടിയുടെ ഒരു ഘടകമായി മാറുന്നു, ക്ഷേത്രം ആ പാര്‍ട്ടിയുടെ ക്ഷേത്രമായി മാറുന്നു.’ അദ്ദേഹം പറയുന്നു.


അയോധ്യയില്‍ വെളിപ്പെടുന്ന ഇന്ത്യ


ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഏറ്റവും വലിയ തുറുപ്പ് ചീട്ടാണ് അയോധ്യ രാമക്ഷേത്രം. ഈ അജണ്ട മുന്നോട്ട് കൊണ്ടുപോവുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിഷ്ഠ ചടങ്ങ് നിര്‍മാണം പൂര്‍ത്തിയാവും മുന്നേ തന്ന ജനുവരിയില്‍ സംഘടിപ്പിക്കാമെന്ന് തീരുമാനത്തിനു പിന്നിലെന്ന് വിമര്‍ശനം ശക്തമായിക്കൊണ്ടിരിക്കുകയാണ്. അടിസ്ഥാനപരമായി മതാചാരങ്ങള്‍ക്ക് വിരുദ്ധമായി നടത്തുന്ന ഉദ്ഘാടനത്തില്‍ മത നേതാക്കളുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഒരു കൂട്ടായ വിമുഖതയല്ല. ഒരു കൂട്ടം ആളുകള്‍ ഇതിനെ വിമര്‍ശിക്കുമ്പോഴും പല പുരോഹിതന്മാരും പ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിക്കാന്‍ അതീവ താല്‍പരരാണ്. രാമന്റെ പുരാണ രാജ്യം നിലനിന്നിരുന്ന ക്ഷേത്രനഗരത്തില്‍ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന്റെ അന്ത്യമെന്നോണം രാമക്ഷേത്രം ഉയരുമ്പോള്‍, ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളെ കണ്ടില്ലെന്ന് നടിക്കാന്‍ അവര്‍ തയ്യാറുമാണെന്നുമാണ് സ്‌ക്രോള്‍ പറയുന്നത്.

പ്രതിഷ്ഠ ചടങ്ങ് തീര്‍ച്ചയായും ഒരു രാഷ്ട്രീയ സംഭവമാണെന്ന അഭിപ്രായം ജയറാം ദാസിനു മാത്രമല്ല ഉള്ളത്. ഉദ്ഘാടന ചടങ്ങില്‍ പ്രധനമന്ത്രിക്കുപോലും, വ്യക്തിപരമായോ, അല്ലാതെയോ ഉള്ള ലക്ഷ്യങ്ങള്‍ ഉണ്ടെന്ന് മൈഥിലി ശരണ്‍ ദാസ് ചൂണ്ടികാണിക്കുന്നു. അയോധ്യക്കടുത്തു 118 വര്‍ഷം പഴക്കമുള്ള ശ്രീരാമ ജാനകി ക്ഷേത്രത്തിലെ പ്രധാന പുരോഹിതനാണ് ശരണ്‍ ദാസ്. ‘ഇത് വ്യക്തിപരമായ ലക്ഷ്യമല്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. മറിച്ച് സ്വതാത്പര്യത്തിന്റെ അടിസ്ഥനത്തിലാണ് ഇതെങ്കില്‍ ‘ഠാക്കൂര്‍ ജി”(ഹിന്ദു ദൈവമായ രാമന്‍) നല്‍കുന്ന അനന്തരഫലങ്ങള്‍ കൂടി ഏറ്റെവാങ്ങേണ്ടതായി വരും” 75 കാരനായ പ്രധാന പുരോഹിതന്‍ കൂട്ടിച്ചേര്‍ത്തു.

രാമന്റെ വിഗ്രഹത്തെ ആരാധിക്കാനായി അയോധ്യയില്‍ എത്തിയിരുന്ന വിശ്വാസികള്‍ നാല് വര്‍ഷം മുമ്പുവരെ ഇടുങ്ങിയ പാതയില്‍ വരിയില്‍ നില്‍ക്കേണ്ടി വന്നിരുന്നു. കര്‍ശനമായ പോലീസ് പരിശോധനകള്‍ക്ക് ശേഷം വിശ്വാസികളെ ആ ഇടുങ്ങിയ വഴികളിലൂടെ കടത്തിവിടും. വഴിക്കിരുവശങ്ങളിലുമായി ഉയരമുള്ള ലോഹം കാണാനാവും. ഈ വഴി അവരെ നയിക്കുന്നത് ബാബറി മസ്ജിദിന്റെ മധ്യ താഴികക്കുടം നിലനിന്നിരുന്ന സ്ഥലത്തേക്കാണ്. തുണിയും ആസ്ബറ്റോസും കൊണ്ടുണ്ടാക്കിയ ഒരു ചെറിയ കൂടാരത്തിന് കീഴിലായിരുന്നു അന്ന് രാമവിഗ്രഹം ഉണ്ടായിരുന്നത്. ഇപ്പോള്‍, ക്ഷേത്രത്തിലേക്ക് 50 മീറ്റര്‍ വീതിയുള്ള റോഡുണ്ട്, പരമ്പരാഗത ഹിന്ദു ഡിസൈനുകളാല്‍ അലങ്കരിച്ച മതിലുകളാല്‍ അതിര്‍ത്തിയും കാണാനാവും. സുരക്ഷാ പരിശോധനകള്‍ കുറച്ചുകൂടി കര്‍ശനമായി. രാമ വിഗ്രഹം താല്‍ക്കാലികമായി വലുതും ഉറപ്പുള്ളതുമായ ഒരു താല്‍ക്കാലിക സ്ഥലത്താണ് സ്ഥാപിച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ വടക്കു പടിഞ്ഞാറു ഭാഗങ്ങളില്‍ നിന്നും നോക്കിയാല്‍ എത്ര ശതമാനമാണ് പണി പൂര്‍ത്തിയായിരിക്കുന്നതെന്ന ഏകദേശ രൂപം ലഭിക്കുമെന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2022 മുതല്‍ ഇവിടെ ജോലി ചെയ്തുകൊണ്ടിരിക്കുന്ന കര്‍ണാടകയില്‍ നിന്നുള്ള മൂന്ന് എഞ്ചിനീയര്‍മാര്‍, ക്ഷേത്രത്തിന്റെ തറയും ഒന്നാം നിലയും തയ്യാറായതായി പറയുന്നു. 161 അടി ഉയരത്തില്‍ നിര്‍മിക്കുന്ന രണ്ടാം നിലയും ശിഖരവും പൂര്‍ത്തിയാകാന്‍ ഇനിയും ഒന്നര വര്‍ഷമെടുക്കും. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് ഏകദേശം രണ്ട് വര്‍ഷം കൂടി വേണ്ടിവരുമെന്നാണ് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ എന്‍ഡിടിവിക്കു നല്‍കിയ അഭിമുഖത്തില്‍ ചമ്പത് റായ് പറഞ്ഞത്.

ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്ററില്‍ താഴെ മാത്രം അകലെയുള്ള ഹനുമാന്‍ഗര്‍ഹിയിലെ യുവ പുരോഹിതന്‍ തന്റെ സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് ക്ഷേത്രം സന്ദര്‍ശിക്കുന്നത്. സ്‌ക്രോളിനോട് പേര് വെളിപ്പെടുത്താന്‍ തയ്യാറല്ലാത്ത അദ്ദേഹത്തിന് ഈ പ്രതിഷ്ഠ ചടങ്ങ് വോട്ടിനു വേണ്ടി മാത്രമാണെന്ന് ഉറപ്പിച്ചു പറയാന്‍ സാധിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ 100 അടി പോലും ഇതുവരെ പൂര്‍ത്തിയാക്കാത്ത ഒരു ക്ഷേത്രത്തിന്റെ ഇത്രയും വിപുലമായ ഉദ്ഘാടനം വോട്ടിനല്ലാതെ മറ്റേറ്റെന്തിനാണ്. ഭാഗികമായി നിര്‍മ്മിച്ച ക്ഷേത്രത്തിന്റെ പ്രാണ്‍-പ്രതിഷ്ഠ ഹിന്ദുമതത്തിലെ പാരമ്പര്യത്തിന് നിരക്കുന്നതല്ലെന്ന് അക്കമിട്ടു പറയുന്നത് ഉത്തരാഖണ്ഡിലെ ജ്യോതിഷ് പീഠത്തിന്റെ ശങ്കരാചാര്യ അല്ലെങ്കില്‍ മഠാധിപതി അവിമുക്തേശ്വരാനന്ദ സരസ്വതിയാണ്.

ജയറാം ദാസ് പറയുന്നതനുസരിച്ച്, രാമക്ഷേത്ര ട്രസ്റ്റ് മതപരമായ ആചാരങ്ങളെ അവഗണിക്കുക മാത്രമല്ല ചെയ്തിരിക്കുന്നത്. ഏക്കര്‍ കണക്കിന് ഭൂമി ഏറ്റെടുത്തിട്ടും ഒന്നോ രണ്ടോ ഏക്കറില്‍ ഒരു ചെറിയ ക്ഷേത്രം മാത്രമാണ് അവര്‍ നിര്‍മ്മിച്ചതെന്ന വിമര്‍ശനവുമുണ്ട്. രാംകോട്ടിലെ ക്ഷേത്ര സമുച്ചയം 107 ഏക്കറാണ്, എന്നാല്‍ ട്രസ്റ്റിന്റെ വെബ്സൈറ്റ് അനുസരിച്ച്, ക്ഷേത്രത്തിന്റെ യഥാര്‍ത്ഥ ബില്‍റ്റ്-അപ്പ് ഏരിയ 1.3 ഏക്കര്‍ മാത്രമാണ്. ജയറാം ദാസ് മാത്രമല്ല ഈ ആശങ്ക പ്രകടിപ്പിക്കുന്നത്; രാമന്റെ പട്ടാഭിഷേകവുമായി ബന്ധപ്പെട്ട പ്രാദേശിക ഐതിഹ്യങ്ങളുമായി ബന്ധപ്പെട്ട സമീപത്തെ രത്ന സിംഹാസന്‍ ക്ഷേത്രത്തിലെ പ്രധാന പൂജാരി അരുണ്‍ ദാസും സമാനമായ ഒരു കാഴ്ചപ്പാട് പങ്കിടുന്നുണ്ട്.

ഈ ആശങ്കകള്‍ക്കും, സംശയങ്ങള്‍ക്കിടയിലും മറ്റൊരു കൂട്ടം പുരോഹിതര്‍ ക്ഷേത്രത്തിന്റെ പ്രതിഷ്ഠയില്‍ സന്തുഷ്ടരാണ്. 63 കാരനായ അശോക് ദാസ് ബിഹാറില്‍ നിന്ന് മൂന്ന് വയസ്സുള്ളപ്പോഴാണ് അയോധ്യയിലെത്തുന്നത്. ഇപ്പോള്‍ രാം കി പൗരിക്കടുത്തുള്ള ശേശവതാര്‍ ലക്ഷ്മണ ക്ഷേത്രത്തിലെ പ്രധാന പുരോഹിതനാണ് അശോക് ദാസ്. ക്ഷേത്രം പൂര്‍ണമായി പണിതതിന് ശേഷമായിരുന്നു പ്രതിഷ്ഠ ചടങ്ങ് നടന്നതെങ്കില്‍ അത് അഭികാമ്യമായിരിക്കുമെന്ന് അദ്ദേഹം പറയുന്നുണ്ട്. അതെ സമയം, പൂര്‍ത്തിയാക്കതെ പ്രതിഷ്ഠ ചടങ്ങു നടക്കുന്നതില്‍ പ്രത്യേകിച്ചു കുഴപ്പങ്ങളൊന്നും അദ്ദേഹത്തിന് തോന്നുന്നില്ലെന്നും പറയുന്നു. സമാനമായി ചടങ്ങില്‍ രാഷ്ട്രീയമില്ലെന്ന് രാംകോട്ടിലെ സുദാമ ഭവനിലെ പ്രധാന പുരോഹിതന്‍ പ്രേം നാരായണ്‍ ദാസും(36) വിശ്വസിക്കുന്നു. പ്രാണ്‍-പ്രതിഷ്ഠകള്‍ സംഭവിക്കുന്നത് റാംജി ആഗ്രഹിക്കുന്നത് കൊണ്ടാണ്, അദ്ദേഹം പറഞ്ഞു. ‘മോദിജിയും യോഗിജിയും ആ ആഗ്രഹത്തിന്റെ വാഹനങ്ങള്‍ മാത്രമാണ്.’

Advertisement
×