യൂത്ത് കോണ്‍ഗ്രസ് നേതാവ് വി എസ് സുജിത്തിനെ സ്‌റ്റേഷനില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചതായി ഉന്നതര്‍ക്ക് വ്യക്തമായിട്ടും മര്‍ദ്ദകരായ പൊലീസുകാരെ ശിക്ഷിച്ചത് ‘ സ്ഥലം മാറ്റം നല്‍കി. സുജിത്ത് നല്‍കിയ പരാതിയില്‍ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ പൊലീസുകാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. പൊലീസ് മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. എന്നിട്ടും മറ്റൊരു നടപടിയും എടുക്കാതെ നാല് പൊലീസുകാരെയും നാല് സ്റ്റേഷനുകളിലേക്ക് മാറ്റുക മാത്രമാണ് മേല്‍തലത്തില്‍ നിന്നും നടന്നത്. എന്നാല്‍ തനിക്ക് നേരിടേണ്ടി വന്ന ക്രൂരതകള്‍ മറക്കാന്‍ തയ്യാറാകാതെ സുജിത്ത് നടത്തിയ നിയമപോരാട്ടമാണ്, കോടതി നേരിട്ട് ഇടപ്പെട്ട് കുറ്റക്കാരായ നാല് പൊലീസുകാര്‍ക്കുമെതിരേ കേസ് എടുക്കുന്നതിലേക്ക് എത്തിച്ചത്.
രണ്ടര വര്‍ഷത്തോളമായി സുജിത്ത് സ്വീകരിച്ച ധീരമായ നിലപാടാണ് പൊലീസ് മര്‍ദ്ദനത്തിന്റെ മറ്റൊരു ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം പുറത്തു കൊണ്ടുവന്നത്. തന്നെ മര്‍ദ്ദിക്കുന്നത് സ്റ്റേഷനിലെ സിസിടിവിയില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് സുജിത്തിന് അറിയാമായിരുന്നു. ഈ ദൃശ്യങ്ങള്‍ പുറത്തു കൊണ്ടുവരാനാണ് സുജിത്ത് പോരാടിയത്. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് സുജിത്ത് ആദ്യം നല്‍കിയ വിവരാവകരാശ അപേക്ഷ പൊലീസ് ആദ്യം തള്ളിക്കളയുകയായിരുന്നു. ഇതോടെ സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ സുജിത്ത് അപ്പീല്‍ നല്‍കി. കമ്മീഷന്‍ സുജിത്തിന് അനുകൂല നിലപാടെടുത്തു. എന്നാല്‍ പൊലീസ് അപ്പോഴും ദൃശ്യങ്ങള്‍ നല്‍കാന്‍ തയ്യാറായിരുന്നില്ല. ഇതോടെ വിവരാവകാശ കമ്മീഷന്‍ ഇരുകക്ഷികളെയും നേരിട്ട് വിളിച്ചു വരുത്തിയ ശേഷം ദൃശ്യങ്ങള്‍ സുജിത്തിന് കൈമാറാന്‍ കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. അതോടെയാണ് തൃശൂര്‍ ജില്ല പൊലീസ് സൂപ്രണ്ടിന്റെ ഓഫിസില്‍ നിന്നും മര്‍ദ്ദന ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് സുജിത്തിന് ലഭിക്കുന്നത്.
2023 ഏപ്രില്‍ അഞ്ചിനായിരുന്നു സംഭവം നടക്കുന്നത്. പൊതുസ്ഥലത്തെ മദ്യപാനവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാനെത്തിയ പൊലീസ് കാണിപ്പയ്യൂരില്‍ നിന്നും മൂന്നു യുവാക്കളെ കസ്റ്റഡിയില്‍ എടുക്കാന്‍ ശ്രമിച്ചത്, സമീപത്ത് താമസിച്ചിരുന്ന സുജിത്ത് തടഞ്ഞു. ഇതോടെയാണ് പൊലീസുകാര്‍ സുജിത്തിനെ കസ്റ്റഡിയില്‍ എടുത്തു സ്റ്റേഷനില്‍ കൊണ്ടു പോകുന്നത്. മദ്യപിച്ചു പ്രശ്‌നമുണ്ടാക്കിയെന്നാരോപിച്ചാണ് സുജിത്തിനെ കൊണ്ടു പോയത്. കുന്നംകുളം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്നു അന്ന് സുജിത്ത്. എസ് ഐ നുഹ്‌മാന്‍,സിപിഒമാരായ സജീവന്‍, എസ് സന്ദീപ്,സീനിയര്‍ സിപിഒ ശശീന്ദ്രന്‍ എന്നിവരാണ് സ്റ്റേഷനില്‍ എത്തിച്ച് സുജിത്തിനെ മനസാക്ഷിയെ ഞെട്ടിക്കുന്ന വിധം തല്ലിച്ചതച്ചത്.
സുജിത്തിനെ സ്‌റ്റേഷനിലേക്ക് കൊണ്ടു പോകും വഴി ജീപ്പില്‍ വച്ചു തന്നെ മര്‍ദ്ദനം ആരംഭിച്ചിരുന്നു. മുണ്ട് കൈയില്‍ പിടിച്ച് അടിവസ്ത്രം മാത്രം ധരിച്ച നിലയിലാണ് സ്റ്റേഷന്റെ മുറ്റത്ത് ജീപ്പില്‍ നിന്നും സുജിത്തിനെ ഇറക്കുന്നത്. പുറത്തു വന്ന സിസിടിവി ദൃശ്യങ്ങളില്‍ എത്രത്തോളം ക്രൂരമായാണ് സുജിത്തിനെ പൊലീസുകാര്‍ തല്ലിച്ചതച്ചതെന്്‌ന വ്യക്തമാണ്. മുഖത്തും കൈയിലും മാറി മാറി നാലു പൊലീസുകാരും തല്ലി. പിന്നെ ആ ചെറുപ്പക്കാരനെ കുനിച്ചു നിര്‍ത്തി മുതുകില്‍ തല്ലി. നിലത്തുവീണ സുജിത്തിനെ അവിടെ കിടത്തിയാണ് ചുറ്റും നിന്ന പൊലീസുകാര്‍ തല്ലുന്നത്. ഏതാണ്ട് 13 മിനിട്ടോളം അവര്‍ വളഞ്ഞിട്ട് ആക്രമിക്കുന്നുണ്ട്. ഇതിനിടയില്‍ പൊലീസുകാര്‍ അസഭ്യം വിളിച്ചു പറയുന്നുണ്ട്, ദയനീയമായി സുജിത്ത് കരയുന്നതും ദൃശ്യങ്ങളിലുണ്ട്.
ജാമ്യം ഇല്ലാ വകുപ്പ് ചുമത്തി റിമാന്‍ഡ് ചെയ്യാനായിരുന്നു പൊലീസിന്റെ പദ്ധതി. എന്നാല്‍ വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതോടെ പൊലീസുകാരുടെ തന്ത്രം പൊളിഞ്ഞു. കോടതി അന്ന് തന്നെ സുജിത്തിന് ജാമ്യവും അനുവദിച്ചു. ഇത്രയും ക്രൂരത നടന്നിട്ടും, തെളിവുകള്‍ ഉണ്ടായിട്ടും മര്‍ദ്ദകരായ പൊലീസുകാരെ സംരക്ഷിക്കാനാണ് വകുപ്പ് ശ്രമിച്ചത്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം എന്നു തന്നെയാണ് സുജിത്ത് ഇപ്പോഴും പറയുന്നത്. Kerala police brutality: Youth Congress leader brutally assaulted at police station
Content Summary; Kerala police brutality: Youth Congress leader brutally assaulted at police station
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.