മലയാളഭാഷയെയും സാഹിത്യത്തെയും മലയാളിയുടെ വായനാ ശീലത്തെയും ഭാവുകത്വപരമായി സ്വാധീനിക്കുന്നതില്‍ പരിഭാഷകള്‍ ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്. നിശബ്ദമായി അതേ പങ്ക് വഹിച്ചവരാണ് അവയുടെ പരിഭാഷകരും. കാല്‍ നൂറ്റാണ്ടായി ബംഗാളി സാഹിത്യ കൃതികള്‍ മൊഴിമാറ്റം ചെയ്ത് മലയാളികള്‍ക്ക് പകരുന്ന പരിഭാഷകനാണ് സുനില്‍ ഞാളിയത്ത്. മഹാ ശ്വേതാ ദേവിയുടെ ബഷായ് ടുഡു എന്ന കൃതിക്ക് സുനില്‍ ഞാളിയത്ത് വിവര്‍ത്തനത്തിനുള്ള 2021 ലെ കേന്ദ്ര സാഹിത്യ അവാര്‍ഡ് നേടി.
വിവര്‍ത്തനത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം നേടിയ വിവര്‍ത്തകനാണ് സുനില്‍ ഞാളിയത്ത്. ബംഗാളികളുടെ പ്രിയപ്പെട്ട ഗദ്യകാരനായ മലയാളി പത്രപ്രവര്‍ത്തകന്‍ വിക്രമന്‍ നായരുടെ പ്രശസ്തമായ കൃതി ‘പശ്ചിം ദിഗന്തേ പ്രദോഷ് കാലേ’ (പശ്ചിമ ചക്രവാളത്തില്‍ സന്ധ്യാനേരത്ത്) ആദ്യമായി മലയാളത്തില്‍ മൊഴിമാറ്റി വായനക്കാര്‍ക്ക് നല്‍കിയത് സുനില്‍ ഞാളിയത്താണ്. യൂറോപ്പിന്റെ ഭൂതവര്‍ത്തമാനങ്ങളിലൂടെ കടന്നുപോകുന്ന ആ യാത്രാവിവരണം വായനക്കാരെ പുതിയൊരു ദിശയിലേക്ക് കൊണ്ടുപോയി. ബംഗാളിയില്‍ അത് ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച കാലത്ത് വീര്‍പ്പടക്കിയാണ് ബംഗാളികള്‍ വായിച്ചത്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ സാമൂഹിക-സാംസ്‌കാരിക ജീവിതാവസ്ഥകളെ ആഴത്തില്‍ അനുഭവിക്കുകയും ചെയ്തതിന്റെ സത്യസന്ധമായ വാങ്മയ രേഖയാണോ പുസ്തകം. അതുകൊണ്ടു തന്നെ, മലയാള വായനക്കാര്‍ സ്വീകരിച്ച അസാധാരണ വിവര്‍ത്തന കൃതിയായി അത് മാറി.

രണ്ട് പതിറ്റാണ്ട് മുന്‍പ് തന്റെ 68-ാം വയസില്‍ അന്തരിച്ച, 1957 മുതല്‍ കല്‍ക്കട്ടയില്‍ പത്രപ്രവര്‍ത്തകനായിരുന്ന, ആലപ്പുഴ, അരൂക്കുറ്റിക്കാരന്‍ വിക്രമന്‍ നായരുടെ മറ്റൊരു പ്രശസ്ത സഞ്ചാരകുറിപ്പായ ‘ഒരു ലോകം പല കാലം’ സുനില്‍ ഞാളിയത്ത് മൊഴി മാറ്റിയത് ഈ കഴിഞ്ഞ മാസം കൊച്ചിയില്‍ പ്രകാശനം ചെയ്തു. 1990 കളില്‍ പത്ത് രാജ്യങ്ങളില്‍ വിക്രമന്‍ നായര്‍ സഞ്ചരിച്ചെഴുതിയതാണ് മനോഹര ഗദ്യമായ ഈ കുറിപ്പുകള്‍.
ടാഗോറിന്റെയും മഹാശ്വേതാ ദേവിയുടേതുമടക്കം 20 ഓളം കൃതികള്‍ ഇതിനകം വിവര്‍ത്തനം ചെയ്തു കഴിഞ്ഞു, ഇനിയും മികച്ച ബംഗാളി കൃതികള്‍ മൊഴി മാറ്റാന്‍ തേടിപ്പിടിക്കുകയെന്ന ദൗത്യവുമായി മലയാള വിവര്‍ത്തന സാഹിത്യത്തില്‍ ഇപ്പോഴും സജീവമായി സഞ്ചരിക്കുന്ന, സുനില്‍ ഞാളിയത്ത് ഈ ലോക വിവര്‍ത്തന ദിനത്തില്‍. വിവര്‍ത്തനത്തെ കുറിച്ചും, 25 വര്‍ഷം പിന്നിട്ട തന്റെ വിവര്‍ത്തനാനുഭവങ്ങളും, താന്‍ കടന്നുപോയ വഴികളെ കുറിച്ചും അഴിമുഖത്തിനോട് സംസാരിക്കുന്നു.
വിവര്‍ത്തനം എന്താണ്? നിശ്ചയിക്കപ്പെട്ട മാനദണ്ഡം എന്താണ്?
ബൈബിളിന്റെ ആദ്യ ആധികാരിക ഇംഗ്ലീഷ് പതിപ്പായ കിംഗ്ജെയിംസ് എഡിഷന്റെ ആമുഖത്തില്‍ ഇപ്രകാരം പറയുന്നുണ്ട്, ”വിവര്‍ത്തനം, അത് ജനാലകള്‍ തുറന്നു വെളിച്ചത്തെ അകത്തേയ്ക്ക് കൊണ്ടുവരുന്നു. തോട് പൊട്ടിച്ചു അകക്കാമ്പ് തിന്നാന്‍ തരുന്നു. തിരശ്ശീലകള്‍ നീക്കി വിശുദ്ധ സ്ഥലങ്ങള്‍ നമുക്ക് കാണിച്ചു തരുന്നു. ജലസ്രോതസ്സുകളുടെ വായ തുറന്നു ജലം ഒഴുക്കി വിടുന്നു…” രണ്ടു ഭാഷകള്‍ തമ്മിലുള്ള അര്‍ത്ഥപൂര്‍ണ്ണമായ കൊടുക്കല്‍ വാങ്ങലിനെ വിവര്‍ത്തനമെന്ന് പൊതുവായി പറയാമെന്നു തോന്നുന്നു. സാഹിത്യ അക്കാദമിയും നാഷണല്‍ ബുക്ക് ട്രസ്റ്റും പോലുള്ള നമ്മുടെ ദേശീയ സ്ഥാപനങ്ങള്‍ പോലും പരിഭാഷയെ ‘ആദാന്‍ – പ്രദാന്‍’ എന്നാണല്ലോ അഭിസംബോധന ചെയ്യുന്നത്. എന്നാല്‍ പലപ്പോഴും അതൊരു ജുഗല്‍ബന്ധിയായി മാത്രം നിലനില്‍ക്കുന്നുമില്ല. മൂന്നാമതൊരു ഭാഷയുടെ സഹായവും വേണ്ടിവരുന്നു. ഉദാഹരണത്തിന് പല വിദേശഭാഷാ കൃതികളുടെയും ഇംഗ്ലീഷ് പരിഭാഷയില്‍ നിന്നാണ് മറ്റു ഭാഷകളിലേക്കുള്ള മൊഴിമാറ്റം സംഭവിക്കുന്നത്. അതില്‍ തെറ്റില്ല. കാരണം അങ്ങനെ മാത്രമാണ് ഏതൊരു കൃതിക്കും കൂടുതല്‍ ഭാഷകളിലേക്ക് പകര്‍ന്നാടാന്‍ സാധിക്കൂ. ഏതൊരു കൃതിക്കും ഒരു വിവര്‍ത്തനം ഉണ്ടാകുമ്പോള്‍ അതുവഴി ഒരു സാംസ്‌കാരിക വിനിമയം കൂടി സംഭവിക്കുന്നുണ്ട്. പലപ്പോഴും അത് അദൃശ്യമാണെന്നു മാത്രം. ഒരു കൃതി പരിഭാഷപ്പെടുത്താന്‍ നിശ്ചയിക്കപ്പെട്ട ഒരു മാനദണ്ഡം വേണമെന്ന അഭിപ്രായം എനിക്കില്ല. ഒരു കൃതിയുടെ ആത്മാവിനോട് വിവര്‍ത്തകന്/വിവര്‍ത്തകയ്ക്ക് നീതി പുലര്‍ത്താന്‍ കഴിയണം എന്നുമാത്രം. അതുമാത്രമായിരിക്കണം മാനദണ്ഡം. പലപ്പോഴും അത് നിര്‍വഹിക്കപ്പെടുന്നില്ല എന്ന ദുര്യോഗം പല വിവര്‍ത്തനങ്ങളും വായിക്കുമ്പോള്‍ ഈ കാലത്ത് നാം അനുഭവിക്കുന്നുമുണ്ട്. വിവര്‍ത്തനസിദ്ധാന്തങ്ങള്‍ ഉരുവിട്ടു ഹൃദിസ്ഥമാക്കിയതു കൊണ്ട് ഒരാള്‍ നല്ല വിവര്‍ത്തകനോ വിവര്‍ത്തകയോ ആയിത്തീരണം എന്നുമില്ല. ഇന്നും എന്നും വിവര്‍ത്തനസിദ്ധാന്തങ്ങള്‍ എനിക്കപരിചിതമാണ്.
വിവര്‍ത്തകന്റെ സ്വാതന്ത്ര്യം ഏത് വരെയാകാം?
മൂലരചനയോട് നീതി പുലര്‍ത്തിക്കൊണ്ട് പരിഭാഷപ്പെടുത്തുക എന്ന കര്‍ത്തവ്യമാണ് ഒരു വിവര്‍ത്തക/ന്‍ നിര്‍വഹിക്കേണ്ടത് എന്നു ഞാന്‍ കരുതുന്നു. ഭാഷാസൗന്ദര്യത്തിനുവേണ്ടി ചില മിനുക്കുപണികള്‍ ചെയ്യുന്നതില്‍ വിവര്‍ത്തകന്റെ/യുടെ സ്വാതന്ത്ര്യം ആരംഭിച്ചവസാനിക്കണം. പക്ഷെ അത് പൗഡര്‍ കോട്ടിംഗ് ആവാതെ ശ്രദ്ധിക്കുകയും വേണം. പലപ്പോഴും സ്വതന്ത്ര പരിഭാഷ എന്നെഴുതി കാണാറുണ്ട്. എന്താണ് അതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് എനിക്ക് മനസ്സിലായിട്ടില്ല. ഏതൊരു കളിക്കളത്തിലുമെന്നപോലെ ഓരോ കൃതിക്കുമുണ്ട് കൃത്യമായ ഒരു ബൗണ്ടറിലൈന്‍. അത് മനസ്സില്‍ കുറിച്ചുവച്ചുകൊണ്ട് വേണം വിവര്‍ത്തനത്തിന് മുതിരാന്‍.

2021 ലെ കേന്ദ്ര സാഹിത്യ അവാർഡ് നേടിയ സുനിൽ ഞാളിയത്തിൻ്റെ വിവർത്തന ഗ്രന്ഥം
പണ്ടൊക്കെ വിവര്‍ത്തകന്‍ ആരാണ് എന്ന് നോക്കി മലയാള പുസ്തകങ്ങള്‍ വാങ്ങുന്ന ഒരു തലമുറ ഉണ്ടായിരുന്നു. ഉദാഹരണത്തിന് ഇടപ്പള്ളി കരുണാകരമേനോന്‍ ചെയ്ത ഡോസ്റ്റോവിസ്‌കി കൃതികള്‍. പിന്നീട് അതിന് മാറ്റം വന്നു. പലപ്പോഴും ആനുകാലികങ്ങളില്‍ ഖണ്ഡശ വന്ന് ശ്രദ്ധേയമായ ശേഷമാണ് അത് പുസ്തകമാകുന്നത്. ഇപ്പോള്‍ ആ പ്രതിഭാസം ഇല്ലാതെയായി. വായന കുറഞ്ഞതും ആനുകാലികങ്ങളുടെ തകര്‍ച്ചയുമാണോ ഇതിന് കാരണം?
പ്രതിഭാധനരായ എത്രയെത്ര പരിഭാഷകരെ ലഭിച്ച ഭാഷയാണ് നമ്മുടേത്. അവരൊക്കെയും നമ്മുടെ വായനയെയും സാംസ്‌കാരികജീവിതത്തെയും പരിഭാഷകള്‍ കൊണ്ട് നവീകരിക്കുകയും ധന്യമാക്കുകയും ചെയ്തു. അവരില്‍ പലരും വിസ്മൃതരായെങ്കിലും അവരുടെ പരിഭാഷകള്‍ ഇന്നും വായിക്കപ്പെടുന്നുണ്ട്. നാലപ്പാട്ട് നാരായണ മേനോന്‍ പരിഭാഷപ്പെടുത്തിയ വിക്തോര്‍ യൂഗോയുടെ ‘പാവങ്ങള്‍’, നിലീന അബ്രഹാം പരിഭാഷപ്പെടുത്തിയ താരാശങ്കര്‍ ബന്ദോപാദ്ധ്യായയുടെ ‘ആരോഗ്യനികേതനം’ എന്നിവയടക്കം എത്രയോ ശ്രേഷ്ഠമായ വിവര്‍ത്തനകൃതികള്‍ നമ്മുടെ ഭാഷയുടെ മുതല്‍ക്കൂട്ടായി മാറിയിരിക്കുന്നു.
എല്ലാക്കാലത്തും വിവര്‍ത്തനങ്ങള്‍ക്ക് വേണ്ടി താളുകള്‍ നീക്കിവച്ച മലയാളത്തിലെ ആനുകാലികങ്ങള്‍ വലിയൊരു സാംസ്‌കാരിക ദൗത്യമാണ് നിര്‍വഹിച്ചത്. ഇന്ത്യയിലെ ഒരു ഭാഷയിലും അത് സംഭവിച്ചിരിക്കാന്‍ ഇടയില്ല. കാമ്പിശ്ശേരിയുടെ പത്രാധിപത്യത്തില്‍ ജനയുഗവും എം ടിയുടെ പത്രാധിപത്യത്തില്‍ മാതൃഭൂമി വാരികയും തെളിയിച്ച ദീപശിഖാപ്രയാണം നമ്മുടെ ആനുകാലികങ്ങള്‍ ഇന്നും തുടരുന്നുണ്ട്. സാഹിത്യവും സാഹിത്യേതരവുമായ ശ്രദ്ധേയരചനകള്‍ക്ക് അവ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഇടം നല്‍കുന്നതില്‍ സുഭാഷ് ചന്ദ്രന്‍, സജി ജെയിംസ്, കെ പി മോഹനന്‍, പി വി കെ പനയാല്‍ തുടങ്ങിയ സമകാലികരായ പത്രാധിപന്മാര്‍ പിശുക്ക് കാട്ടുന്നില്ല എന്നത് അവരെ അവരുടെ പൂര്‍വസൂരികളുമായി കണ്ണിചേര്‍ക്കുന്നു. ഇതല്ല മറ്റു പല ഭാഷയിലെയും സ്ഥിതി. എഴുത്തുകാരുടെ അതിപ്രസരമുള്ള ഈ കാലത്തും എന്നുമെന്നപോലെ ഇന്നും നമ്മുടെ ആനുകാലികങ്ങളില്‍ വിവര്‍ത്തനങ്ങള്‍ക്ക് ഇടം ലഭിക്കുന്നുണ്ട് എന്നത് ചെറിയ കാര്യമല്ല.
വിവര്‍ത്തനം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള സാഹിത്യശാഖ ഏതാണ്?
വിവര്‍ത്തനത്തിനു വഴങ്ങാത്ത ഏതെങ്കിലും സാഹിത്യശാഖയുണ്ടെന്നു തോന്നുന്നില്ല. പ്രശ്‌നം വിവര്‍ത്തകരുടെതാണ് എന്നു കരുതുന്നു. എന്റെ കാര്യം തന്നെ പറയാമല്ലോ. ഗദ്യവിവര്‍ത്തനമാണ് ഞാനേറെയും ചെയ്തിട്ടുള്ളത്. കവിതകള്‍ വിരലില്‍ എണ്ണാവുന്നവ മാത്രം. കവിതയുടെ കാര്യത്തില്‍ എവിടെയോ ഒരു ആത്മവിശ്വാസക്കുറവ് പരുങ്ങി നില്‍ക്കുന്നുണ്ട്. അതുകൊണ്ട് വലിയ ശ്രമങ്ങള്‍ നടത്തിയിട്ടില്ല. സച്ചിദാനന്ദന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, എന്‍.കെ.ദേശം എന്നിവരുടെ കവിതാ പരിഭാഷകള്‍ എന്നിലെ വായനക്കാരനെ ഓരോ തവണയും കോരിത്തരിപ്പിക്കാറുണ്ട്. എന്‍.കെ.ദേശം നിര്‍വഹിച്ച ‘ഗീതാഞ്ജലി’യുടെ പരിഭാഷ അപാരമായ ഭാഷാസൗന്ദര്യം കൊണ്ട് വേറിട്ടു നില്‍ക്കുന്നു. ‘ഗീതാഞ്ജലി’യുടെ പരിഭാഷയാണല്ലോ അദ്ദേഹത്തെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിവര്‍ത്തന പുരസ്‌കാരത്തിനര്‍ഹനാക്കിയതും.
മലയാളത്തില്‍ താങ്കള്‍ ഏറ്റവും ആദരിക്കുന്ന വിവര്‍ത്തന ഗ്രന്ഥം?
മനോഹരമായ ഒരുപാട് വിവര്‍ത്തന കൃതികള്‍ കൊണ്ട് സമ്പന്നമായ ഭാഷയാണ് മലയാളം. ഈ ചോദ്യം ഉന്നയിക്കുമ്പോള്‍ മനസ്സില്‍ മിന്നിത്തെളിയുന്ന ധാരാളം കൃതികളുണ്ട്, എഴുത്തുകാരും വിവര്‍ത്തകരുമുണ്ട്. ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള മലയാള വിവര്‍ത്തനകൃതികള്‍ നോക്കുമ്പോള്‍ മുന്‍കൈ ബംഗാളി കൃതികള്‍ക്കാണ്. ‘യയാതി’ പോലുള്ളവയെ മറന്നുകൊണ്ടല്ല ഇത് പറയുന്നത്. ടാഗോറും ബിഭൂതിഭൂഷണും ബിമല്‍ മിത്രയും മാണിക്-താരാശങ്കര്‍-മഹാശ്വേത ത്രയവുമെല്ലാം മലയാളി വായനക്കാരുടെ മനസ്സില്‍ സ്ഥിര പ്രതിഷ്ഠ നേടിയെടുത്തവരാണ്. നൂറുകണക്കിന് കൃതികളെ മനസ്സിലിട്ടു ആറ്റിക്കുറുക്കിയാല്‍ കിട്ടുന്ന പേരുകള്‍ രണ്ടാണ് ‘ആരോഗ്യനികേതനും’ ‘പാവങ്ങളു’മാണവ.

ജ്ഞാനപീഠ ജേതാവും കന്നഡ സാഹിത്യകാരനുമായ ചന്ദ്രശേഖര കമ്പാറിൽ നിന്നും കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്കാരം സ്വീകരിക്കുന്നു (2022)
രണ്ടുപേര്‍ ചേര്‍ന്ന് ഒരു കൃതി വിവര്‍ത്തനം ചെയ്യുമ്പോള്‍ അതിന്റെ ഏകരൂപം മൊഴിമാറ്റത്തില്‍, ഭാഷയില്‍ ശരിയാകുമോ? ലാറി കോളിന്‍സ്-ലാപ്പിയര്‍ എഴുതിയ ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ പരിഭാഷപ്പെടുത്തിയ ചന്ദ്രശേഖര വാര്യര്‍-ടി.കെ.ജി. നായര്‍, പേള്‍ എസ്. ബക്കിന്റെ ‘നല്ല ഭൂമി’ പരിഭാഷപ്പെടുത്തിയ വി.എ. കേശവന്‍ നായര്‍- എം.പി. ശങ്കുണ്ണി നായര്‍ സഖ്യം എന്നിവരൊക്കെ വിജയിച്ച നല്ല ഉദാഹരണങ്ങളാണ്.
രണ്ടുപേര്‍ ചേര്‍ന്ന് ഒരു ഒറിജിനല്‍ രചന നിര്‍വഹിക്കാമെങ്കില്‍ പരിഭാഷയുമാവാം. പരിഭാഷപ്പെടുത്തുന്ന കൃതിയെ സര്‍ഗാത്മകമായി ഇരുവര്‍ക്കും സമീപിക്കാന്‍ സാധിക്കണം എന്നുമാത്രം. ഇരു വിവര്‍ത്തകരും തമ്മില്‍ ഒരു കെമിസ്ട്രി രൂപപ്പെടണം. എന്നാല്‍ വാണിജ്യതാല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി ഒരു കൃതിയെ പൊളിച്ച് പലര്‍ക്കായി വീതിച്ചു നല്‍കി പരിഭാഷപ്പെടുത്തി ഉടനടി വിപണിയിലെത്തിക്കുന്ന ദുഷ്പ്രവണതകള്‍ മലയാളത്തിലും സംഭവിച്ചിട്ടുണ്ട്. അങ്ങനെ സംഭവിക്കുമ്പോള്‍ പരിഭാഷ നിര്‍ജ്ജീവമാകും. പാരായണ ക്ഷമത നഷ്ടപ്പെടും. രണ്ടളവുള്ള ചെരിപ്പിട്ടു നടക്കുന്ന അവസ്ഥയിലാവും വായനക്കാര്‍.
Also Read : ദേശാന്തരങ്ങള്‍ കടന്നൊഴുകുന്ന മനുഷ്യനദി
ഏറെ പ്രശസ്തമായ ‘പശ്ചിം ദിഗന്തേ പ്രദോഷ് കാലേ’ ഉള്‍പ്പെടെ വിക്രമന്‍നായര്‍ കൃതികളെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത് താങ്കളാണല്ലോ. മലയാളിയായ പ്രശസ്ത ബംഗാളി പത്രപ്രവര്‍ത്തകന്റെ രചനകളെ വിവര്‍ത്തനം ചെയ്യുമ്പോള്‍ എന്തിനാണ് പരിഗണന നല്‍കിയത്? ഒരു സാഹിത്യകൃതി പരിഭാഷപ്പെടുത്തുമ്പോള്‍ സ്വീകരിക്കുന്ന അതേ രീതി തന്നെയാണോ നോണ്‍-ഫിക്ഷനിലും അവലംബിച്ചത് ?

ജീവിച്ചിരുന്ന കാലത്ത് അര്‍ഹിക്കുന്ന വിധത്തില്‍ നാം തിരിച്ചറിയാതെ പോയ അസാമാന്യ പ്രതിഭയായിരുന്നു വിക്രമന്‍ നായര്‍. പ്രതിഭയുടെ ധൂര്‍ത്ത് വിക്രമന്‍ നായരുടെ ജീവിതത്തിലും എഴുത്തിലും നമുക്ക് കാണാന്‍ കഴിയും. കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയ്ക്കുശേഷം കിഴക്കന്‍ യൂറോപ്പിലൂടെ വിപുലമായി സഞ്ചരിച്ച് തയ്യാറാക്കിയ പുസ്തകമാണ് ‘പശ്ചിം ദിഗന്തേ പ്രദോഷ് കാലേ’. അത് ബംഗാളിയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച കാലത്ത് വീര്‍പ്പടക്കിയാണ് ബംഗാളികള്‍ വായിച്ചത്. അന്ന് ബംഗാളില്‍ ഇടതുമുന്നണി വെന്നിക്കൊടി പാറിച്ചു നില്‍ക്കുന്ന സമയം കൂടിയാണ്. കേവലം ഒരു യാത്രാവിവരണം മാത്രമായിരുന്നില്ല ആ കൃതി. കമ്യൂണിസത്തിന്റെ തകര്‍ച്ചയെ വസ്തുനിഷ്ഠമായി അപഗ്രഥിക്കുകയും അതോടൊപ്പം കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ സാമൂഹിക-സാംസ്‌കാരിക ജീവിതാവസ്ഥകളെ ആഴത്തില്‍ അനുഭവിക്കുകയും ചെയ്തതിന്റെ സത്യസന്ധമായ വാങ്മയ രേഖയാണീ പുസ്തകം. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നായര്‍-ദാ തന്നെയാണ് ഈ കൃതിയുടെ വിവര്‍ത്തനം തുടങ്ങിവച്ചത്. പക്ഷെ അപ്പോഴേയ്ക്കും അദ്ദേഹം അര്‍ബുദരോഗബാധിതനായിക്കഴിഞ്ഞിരുന്നു. പിന്നീട് നായര്‍-ദാ ആവശ്യപ്പെട്ട പ്രകാരം ഭാഷാന്തരം ഞാനേറ്റെടുക്കുകയാണ് ചെയ്തത്. മാതൃഭൂമി തന്നെയാണ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചതും. മലയാള ഭാഷയിലെ ഏറ്റവും മികച്ച യാത്രാവിവരണ കൃതികളിലൊന്നാണ് ‘പശ്ചിം ദിഗന്തേ പ്രദോഷ് കാലേ’. വിവര്‍ത്തന രംഗത്ത് ചുവടുറപ്പിക്കാന്‍ പ്രേരിപ്പിച്ച, വിവര്‍ത്തകന്‍ എന്ന നിലയ്ക്ക് വലിയ വിസിബിലിറ്റി നല്‍കിയ കൃതിയാണത്. ഈയിടെ പ്രസിദ്ധീകരിച്ച ‘ഒരു ലോകം പല കാലം’ നായര്‍-ദാ പലപ്പോഴായി പത്ത് രാജ്യങ്ങളിലൂടെ നടത്തിയ സഞ്ചാരക്കുറിപ്പുകളുടെ സമാഹാരമാണ്. അതിശയിപ്പിക്കുന്ന ദീര്‍ഘവീക്ഷണവും അത്യുജ്ജ്വലമായ മാനവികതാബോധവുമാണ് നായര്‍-ദായുടെ എഴുത്തിന്റെ അടയാളവാക്യവും ആത്മസൗന്ദര്യവും. രണ്ടു കൃതികളും പരിഭാഷപ്പെടുത്താന്‍ നല്ലപോലെ റഫര്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. ഏറെ ആത്മസംതൃപ്തിയോടെയാണ് രണ്ടു പരിഭാഷകളും പൂര്‍ത്തിയാക്കിയത്.

വിക്രമൻ നായരുടെ പ്രശസ്ത കൃതി സുനിൽ ഞാളിയത്ത് മലയാളത്തിൽ മൊഴിമാറ്റം ചെയ്തത്. (2008)
പതിമൂന്നു പേര്‍ ചേര്‍ന്നാണ് ഷെര്‍ലക്ക് ഹോംസ് കഥകള്‍ ഡി.സി. ബുക്‌സ് എണ്‍പതുകളില്‍ ബുക്ക് ക്ലബ്ബ് വഴി ഓരോന്നായി പുറത്ത് കൊണ്ടുവന്നത്. പൊതുവെ നല്ല വിവര്‍ത്തനങ്ങള്‍ ആയിരുന്നു. മുട്ടത്ത് വര്‍ക്കി മുതല്‍ സെബാസ്റ്റ്യന്‍ പോള്‍ വരെയുള്ളവര്‍ വിവര്‍ത്തകര്‍. പിന്നീട് ഇത് സമ്പൂര്‍ണ്ണ കൃതികളായി വന്നപ്പോഴും ഭാഷയില്‍ ഒരു ഏകീകരണ സ്വഭാവം ഉണ്ടായിരുന്നു. ഒരു പക്ഷേ ജനറല്‍ എഡിറ്ററായ അയ്യപ്പപ്പണിക്കര്‍ പരിശോധിച്ചിരിക്കാം എന്നതാവാം കാരണം. വിവര്‍ത്തനം ചെയ്ത ശേഷം ഒരു എഡിറ്റിങ്ങ് ആവശ്യമാണോ? ഇപ്പോള്‍ അങ്ങനെ ചെയ്യാറുണ്ടോ?
നല്ല വിവര്‍ത്തനമാണ് എന്ന അഭിപ്രായം വായനക്കാരില്‍ നിന്നു ലഭിക്കുമ്പോഴും എന്റെ ഉള്ളിലെ സന്ദേഹി സദാ ഉണര്‍ന്നിരിക്കുന്നുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. വളരെ അടുത്ത സുഹൃത്തുക്കള്‍ക്ക് വായിക്കാന്‍ കൊടുക്കുകയും അവരുടെ അഭിപ്രായം ആരായുകയും ചെയ്യുന്നത് എന്റെ പതിവാണ്. പലപ്പോഴും അവരാണ് എന്റെ ലിറ്റററി എഡിറ്റര്‍മാര്‍. വിവര്‍ത്തനം മാത്രമല്ല ഏതൊരു കൃതിയും ഒരു ലിറ്റററി എഡിറ്ററുടെ കൈകളിലൂടെ കടന്നുപോകുന്നത് നല്ലതാണ് എന്ന പക്ഷക്കാരനാണ് ഞാന്‍. സമീപകാലത്ത് മലയാളത്തില്‍ ആഘോഷിക്കപ്പെട്ട പല കൃതികളും വായിക്കുമ്പോള്‍ ഒരു ലിറ്റററി എഡിറ്ററുടെ സാന്നിധ്യം ഉണ്ടായിരുന്നെങ്കില്‍ എന്ന് എന്നിലെ വായനക്കാരന്‍ ആഗ്രഹിച്ചു പോയിട്ടുണ്ട്. ലിറ്റററി എഡിറ്റിങ്ങ് എന്ന ശാഖ മലയാളത്തില്‍ വളര്‍ന്നു വരേണ്ടതുണ്ട്. ലിറ്റററി എഡിറ്റിങ്ങിനെ കത്രികപ്പൂട്ടായി കരുതാതെ ഏതൊരു കൃതിക്കും കൂടുതല്‍ സൗന്ദര്യം പകരുന്ന ഒരു കോസ്‌മെറ്റിക് ട്രീറ്റ്‌മെന്റ് ആയി കണ്ടാല്‍ മതി.
മലയാളത്തില്‍ ഏറ്റവും അധികം വിവര്‍ത്തനങ്ങള്‍ വന്ന ഒരു ക്ലാസ്സിക്കാണ് ഡ്രാക്കുള. കെ.വി. രാമകൃഷ്ണന്‍ 65 വര്‍ഷം മുന്‍പ് ആദ്യമായി മലയാളത്തില്‍ മൊഴിമാറ്റം നടത്തി. പിന്നീട് കോട്ടയം പുഷ്പനാഥ്, നീലകണ്ഠന്‍ പരമാര, എം.പി. സദാശിവന്‍ വരെ അരഡസന്‍ പേരെങ്കിലും അത് വീണ്ടും വിവര്‍ത്തനം ചെയ്തിട്ടുണ്ട്. എങ്കിലും കെ.വി. രാമകൃഷ്ണന്റെ പരിഭാഷയാണ് മികച്ചത് എന്നൊരു അഭിപ്രായം ഉണ്ട്. പക്ഷേ, എം.പി. സദാശിവന്റെ ഭാഷ കുറെക്കൂടി വായനക്കാര്‍ക്ക് സുഖം തരുന്നു. ആനി തയ്യില്‍ വിവര്‍ത്തനം ചെയ്ത ആദ്യത്തെ മോണ്ടി ക്രിസ്റ്റോ 30 വര്‍ഷത്തിന് ശേഷം NBS വീണ്ടും ഇറക്കിയപ്പോള്‍ പേജ് കുറയ്ക്കാന്‍ എഡിറ്റ് ചെയ്തു വികലമാക്കി. കാലത്തിനനുസരിച്ച് പരിഭാഷക്ക് സമകാലീന സ്വഭാവം വേണോ?

പുഴയുടെ ഒഴുക്കില്‍പ്പെട്ട് മിനുസപ്പെടുന്ന കല്ലുകള്‍ പോലെയാണ് ഏതൊരു ഭാഷയും. കൊടുക്കല്‍ വാങ്ങലുകളിലൂടെ, നിരന്തര വിനിമയങ്ങളിലൂടെ എല്ലാ ഭാഷകളും നവീകരിക്കപ്പെടുന്നുണ്ട്. സ്വാഭാവികമായും അര നൂറ്റാണ്ട് മുന്‍പ് എഴുതപ്പെട്ട ഒരു കൃതി വിവര്‍ത്തനം ചെയ്യുമ്പോള്‍ ഇന്ന് നിലനില്‍ക്കുന്ന വായനക്കാര്‍ക്ക് വേണ്ടിയാണ് അത് ചെയ്യുന്നത്. ആ നിലയ്ക്ക് അതിന് സമകാലീന സ്വഭാവം കൈവരും. പക്ഷെ അത് കൃതിയുടെ സത്തയെ ചോദ്യം ചെയ്യുന്ന നിലയ്ക്ക് ആവുന്നത് അപകടകരമാണ്, അശാസ്യവുമല്ല.
മലയാളത്തില്‍ പൊതുവെ വിവര്‍ത്തകര്‍ എന്നും സാഹിത്യ പന്തികളില്‍ പിന്‍നിരയില്‍ മാത്രം ഇരിപ്പിടം കിട്ടുന്ന, പ്രസാധകരുടെ കുടിയാന്‍മാരാണ്. പുസ്തകച്ചട്ടയില്‍ ഒരു വരിയിലൊതുങ്ങുന്നു അവരുടെ അംഗീകാരം. സാഹിത്യോത്സവങ്ങളിലൊന്നും വിവര്‍ത്തകര്‍ക്ക് വലിയ പ്രാധാന്യം കിട്ടാറില്ല. ഇതിനെ എങ്ങനെ നോക്കിക്കാണുന്നു?
മലയാളഭാഷയെയും സാഹിത്യത്തെയും മലയാളിയുടെ വായനാ ശീലത്തെയും ഭാവുകത്വപരമായി സ്വാധീനിക്കുന്നതില്‍ പരിഭാഷകള്‍ ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്. എന്നാല്‍ ആ മേഖലയ്ക്ക് അതുല്യ സംഭാവനകള്‍ നല്‍കിയ പലരെയും അവര്‍ ജീവിച്ചിരുന്ന കാലത്ത് അവരര്‍ഹിക്കുന്ന ആദരം നല്‍കാന്‍ നമുക്കായിട്ടില്ല. പരിഭാഷാകൃതികള്‍ സ്വീകരിക്കുന്നതില്‍ കാണിച്ചിട്ടുള്ള ഉദാരത അത് സാധ്യമാക്കിയവര്‍ക്ക് നേരെ പ്രകടിപ്പിക്കാന്‍ നാം പലപ്പോഴും വിമുഖരായിരുന്നു. ഈയടുത്ത കാലം വരെ പുറംചട്ടയില്‍ വിവര്‍ത്തകന്റെ/യുടെ പേര് നല്‍കാന്‍ പോലും പല പ്രസാധകരും കൂട്ടാക്കിയിരുന്നില്ല. വിവര്‍ത്തകന്‍ എന്ന നിലയ്ക്ക് വ്യക്തിപരമായി എനിക്കൊട്ടും സ്ട്രഗിള്‍ ചെയ്യേണ്ടി വന്നിട്ടില്ലെങ്കിലും പലരുടെയും സ്ഥിതി മറിച്ചാണ്.
ആധുനിക ബംഗാളി സാഹിത്യം ഇപ്പോള്‍ എവിടെയെത്തി നില്‍ക്കുന്നു? ബംഗാളി ഭാഷയുമായി വളരെ അടുപ്പമുള്ള താങ്കള്‍ എങ്ങനെ അത് വിലയിരുത്തുന്നു?
എല്ലാ മേഖലയിലുമെന്നപോലെ ധാരാളം മഹാമേരുക്കള്‍ വിളയാടിയ ഒരു സാഹിത്യലോകമാണ് ബംഗാളില്‍ നമുക്ക് കാണാന്‍ കഴിയുക. പുതിയ സഹസ്രാബ്ദത്തോടെ ഒരു വേലിയിറക്കം സംഭവിച്ചെങ്കിലും ഇന്ന് പുതിയ ധാരാളം എഴുത്തുകാര്‍ കടന്നുവരുന്നുണ്ട്. അവര്‍ പരീക്ഷണനിരീക്ഷണങ്ങളിലൂടെ സ്വന്തം പാത തെളിച്ചെടുക്കുകയും ചെയ്യുന്നുണ്ട്.
ഏറെക്കാലമായി വിവര്‍ത്തനരംഗത്ത് തുടരുന്ന ആളാണ് താങ്കള്‍. തുടക്കം, കാരണം, പ്രചോദനം? ഇഷ്ടപ്പെട്ട താങ്കളുടെ വിവര്‍ത്തനം, അനുഭവങ്ങള്‍…? വിവര്‍ത്തനം ചെയ്യാന്‍ ആഗ്രഹിച്ച കൃതി…?
പത്രപ്രവര്‍ത്തനമായിരുന്നു എന്റെ ഇഷ്ടമേഖല. കൂടുതല്‍ പഠിച്ചതും ഏറെക്കാലം ഇംഗ്ലീഷിലും മലയാളത്തിലും പയറ്റിയതും അതുതന്നെ. പക്ഷെ ഒരു മുഴുവന്‍ സമയ തൊഴിലായി പത്രപ്രവര്‍ത്തനം സ്വീകരിക്കാന്‍ ജീവിത സാഹചര്യങ്ങള്‍ അനുവദിച്ചില്ല. അറിവുവച്ച കാലം മുതല്‍ക്കുതന്നെ വീട്ടില്‍ സാമ്പത്തിക അരക്ഷിതാവസ്ഥ നിലനിന്നിരുന്നു. ഞാന്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ വര്‍ഷമാണ് ഡാഡി കല്‍ക്കത്തയില്‍ നടത്തിയിരുന്ന അച്ചടിശാല സാമ്പത്തിക പരാധീനതകളെത്തുടര്‍ന്ന് അടച്ചുപൂട്ടിയത്. പിന്നെ എന്തെങ്കിലുമൊരു സ്ഥിരജോലി നേടുകയെന്നതായി ലക്ഷ്യം. പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ എല്‍ ഐ സി യില്‍ ജോലി ലഭിച്ചു. അതിപ്പോഴും തുടരുന്നു. തികച്ചും യാദൃശ്ചികമായാണ് വിവര്‍ത്തനരംഗത്ത് എത്തിപ്പെട്ടത്. അതിനോട് ഞാന്‍ ‘മാതൃഭൂമി’യോടു കടപ്പെട്ടിരിക്കുന്നു. ആദ്യമായി കഥയും നോവലും യാത്രാവിവരണവുമൊക്കെ ആവശ്യപ്പെട്ടതും പ്രസിദ്ധീകരിച്ചതും മാതൃഭൂമി പ്രസിദ്ധീകരണങ്ങളും മാതൃഭൂമി ബുക്‌സുമാണ്. 2000ലാണ് ആദ്യമായി ‘ചൂതാട്ടം’ എന്ന സ്‌പോര്‍ട്‌സ് നോവല്‍ മാതൃഭൂമി സ്‌പോര്‍ട്‌സ് മാസിക ആവശ്യപ്പെട്ടിട്ട് ഭാഷാന്തരപ്പെടുത്തിയത്. 2004 ല്‍ ‘പശ്ചിം ദിഗന്തേ പ്രദോഷ് കാലേ’ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം. മടി കൂടപ്പിറപ്പായതുകൊണ്ട് പലപ്പോഴും പ്രസാധകര്‍ ആവര്‍ത്തിച്ചു ആവശ്യപ്പെടുമ്പോള്‍ മാത്രമാണ് ചെയ്തുകൊടുക്കുക. ഇതുവരെ ഇരുപതോളം കൃതികള്‍ ഭാഷാന്തരപ്പെടുത്തി. എല്ലാം ബംഗാളിയില്‍ നിന്നാണ് ചെയ്തത്. ജനിച്ചു വളര്‍ന്ന നാടായതുകൊണ്ട് വിവര്‍ത്തനത്തിനായി ബംഗാളി പുസ്തകങ്ങള്‍ കൈയിലെടുക്കുമ്പോള്‍ ബംഗാളിനെ തൊടുന്ന ഫീലാണെനിക്ക്, അപ്പോഴൊക്കെയും കല്‍ക്കത്തക്കാലം കണ്മുന്നില്‍ തെളിയും. ടാഗോറിന്റെ ‘ചോഖേര്‍ ബാലി’യും വിക്രമന്‍ നായരുടെ കൃതികളും അതിഭയങ്കരമായി ആസ്വദിച്ചാണ് ചെയ്തത്.

വിദൂരസ്വപ്നങ്ങളില്‍പ്പോലും ഇല്ലാതിരുന്ന വിവര്‍ത്തനപുരസ്‌കാരങ്ങള്‍ പലപ്പോഴായി തേടിവന്നു. അകലെ നിന്നു ആരാധനയോടെ കണ്ട പലരുമായും അടുത്തിടപഴകാന്‍ അവസരമുണ്ടായി. ആത്മസൌഹൃദം ഉടലെടുത്തു.സമയമനുവദിച്ചാല്‍ സുനില്‍ ഗംഗോപാധ്യായയുടെ ഇതിഹാസമാനമുള്ള ചില നോവലുകള്‍ ചെയ്യണമെന്നുണ്ട്. വിവര്‍ത്തനത്തിലേക്ക് കാലൂന്നിയിട്ടു കാല്‍നൂറ്റാണ്ടു തികയുകയാണ് ഈ വര്‍ഷം. തിരിഞ്ഞുനോക്കുമ്പോള്‍ എല്ലാമൊരു വിസ്മയംപോലെ.
Content Summary: Interview with Sunil Naliyath
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.