പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റുമായ ഷീല ടോമി മലയാളത്തിലെ പ്രമുഖ എഴുത്തുകാരില്‍ ഒരാളാണ്. ഇസ്രയേലിന്റെ യുദ്ധക്കൊതിയില്‍ പലസ്തീന്‍ കണ്ണീര്‍കടലാകുമ്പോള്‍ ‘ആ നദിയോട് പേര് ചോദിക്കരുത്’ എന്ന ഷീല ടോമിയുടെ നോവല്‍ സമകാലിക സാഹചര്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. സ്വന്തം നാടായ വയനാടിന്റെ കുടിയേറ്റ, ആദിവാസി ജീവിതത്തെയും പ്രകൃതിയെയും തുറന്നുകാണിക്കുന്ന അവരുടെ നോവലാണ് വല്ലി. വല്ലി, ആ നദിയോട് പേര് ചോദിക്കരുത് എന്നീ പ്രശസ്തമായ നോവലുകള്‍ക്ക് ശേഷമുള്ള ചെറുകഥാ സമാഹാരമാണ് കിളിനോച്ചിയിലെ ശലഭങ്ങള്‍. മനുഷ്യബന്ധത്തെ എഴുത്തിലൂടെ വായനക്കാരിലേക്ക് എത്തിക്കുന്ന ഷീല ടോമി അഴിമുഖത്തിന് നല്‍കിയ പ്രത്യേക അഭിമുഖം.
പല കാലത്തെ അനുഭവങ്ങള്‍ കിളിനോച്ചിയിലെ ശലഭങ്ങളായി
നോവല്‍ എഴുത്തിലേക്ക് വരുന്നതിനും വളരെ മുന്നേ തന്നെ ചെറുകഥയായിരുന്നു എന്റെ ആത്മപ്രകാശനത്തിന് ഞാന്‍ കണ്ടെത്തിയ വഴി. ചുറ്റും കാണുന്ന ജീവിതങ്ങളുടെ ചവര്‍പ്പും മധുരവും സ്വപ്നങ്ങളും വ്യഥകളും എല്ലാം കഥകളിലൂടെ ആവിഷ്‌കരിക്കാന്‍ പലപ്പോഴും ശ്രമിച്ചുനോക്കി. അങ്ങനെ രണ്ട് നോവലുകള്‍ക്ക് മുന്‍പും പിന്‍പുമായി പല കാലത്തായി സംഭവിച്ച ചില കഥകളാണ് ‘കിളിനോച്ചിയിലെ ശലഭങ്ങള്‍’ എന്ന സമാഹാരത്തിലുള്ളത്. കോളേജ് കാലത്തിനു ശേഷം ജോലിയും കുടുംബവും കുട്ടികളുമായി ജീവിതത്തിന്റെ തിരക്കുകളില്‍ കുടുങ്ങിയപ്പോള്‍ എഴുത്ത് ഒട്ടുമേ പ്രാധാന്യത്തോടെ കണ്ടിരുന്നില്ല. അല്ലെങ്കില്‍ എഴുത്തുകാരിയാണെന്ന് ഞാന്‍ സ്വയം കരുതിയിരുന്നില്ല. നോവലെഴുത്തിന്റെ ലഹരിയിലേക്കും വേദനയിലേക്കും വീഴുവോളം എഴുത്ത് എനിക്ക് ഒരു തപസ്യയായിരുന്നില്ല. എന്നാല്‍ എഴുതാന്‍ സാധിക്കുമ്പോഴൊക്കെ ഞാന്‍ ആഹ്ലാദവും നിര്‍വൃതിയും അറിഞ്ഞിരുന്നു. അങ്ങനെ പല വര്‍ഷങ്ങളിലായി കുറെ കഥകള്‍ പിറന്നുവീണു. ചിലതൊക്കെ പറയണമെന്നും പലതിനോടും പ്രതികരിക്കണം എന്നും അദമ്യമായ ആഗ്രഹം വരുമ്പോള്‍ എഴുതിയതാണ് അതില്‍ പലതും.
ഉദാഹരണമായി പീഡനത്തിന് ഇരയായ പെണ്‍കുട്ടികള്‍ നീതിപീഠത്തിന് മുമ്പില്‍ അവമതിക്കപ്പെടുന്ന ഒന്നിലേറെ സംഭവങ്ങള്‍ നടന്ന കാലത്താണ് ‘ബത്തൂലിയയില്‍നിന്ന് ഒരു സങ്കീര്‍ത്തനം’ എന്ന കഥ സംഭവിക്കുന്നത്. ബൈബിള്‍ പഴയനിയമത്തിലെ യൂദിത്തിന്റെ ആയുധം ഓരോ പെണ്‍കുട്ടിയും കൈയ്യില്‍ കരുതേണ്ടിവരുമോ എന്ന രോഷം കഥയുടെ രൂപമാര്‍ന്നു. എല്ലാ കേള്‍വികളേയും തത്വശാസ്ത്രങ്ങളേയും അപ്രസക്തമാക്കുന്ന അതിദാരുണമായ ഒരു രാഷ്ട്രീയക്കൊല നല്‍കിയ ആഘാതമാണ് ‘കാഴ്ച’യുടെ രൂപകമായത്. ഞാന്‍ എന്റെ അനുജന്റെ, സ്നേഹിതന്റെ, സഖാവിന്റെ, കാവല്‍ക്കാരനല്ലെന്ന് കയ്യൊഴിയുന്ന കാലത്തിന്റെ ഭീകരതയാണ് ‘കാഴ്ച’. ശ്രീലങ്കയില്‍ ആഭ്യന്തരയുദ്ധം വിനാശം വിതച്ച പുലിവേട്ടയുടെ കാലത്താണ് 2009 ല്‍ ‘കിളിനോച്ചിയിലെ ശലഭങ്ങള്‍’ എഴുതുന്നത്. ഹൗസ്ഹെല്‍പ്പുകളായി ജോലിചെയ്യുന്ന ശ്രീലങ്കന്‍ പെണ്‍കുട്ടികള്‍ അന്ന് ഞങ്ങള്‍ താമസിക്കുന്ന ഗള്‍ഫ് നഗരത്തില്‍ ധാരാളമുണ്ടായിരുന്നു. അങ്ങനെ കാവേരി ലക്ഷ്മിയുടെ കഥയിലൂടെ ആഭ്യന്തരയുദ്ധം താറുമാറാക്കിയ ഒരു നാടിനെക്കുറിച്ച് എഴുതുകയായിരുന്നു. സ്വന്തം മണ്ണും ദേശവും വിട്ടോടേണ്ടി വരുന്ന മനുഷ്യരുടെ കഥകള്‍ക്ക് അവസാനമില്ല. പലായനങ്ങള്‍ ഇന്നും തുടരുകയാണല്ലോ. രാജ്യനാമങ്ങള്‍ മാത്രമേ മാറുന്നുള്ളൂ. ഇന്നും ‘നൂറായിരം ബോധിവൃക്ഷക്കൊമ്പുകള്‍ അടര്‍ന്നുവീണുകൊണ്ടിരിക്കുകയാണ്’. അങ്ങനെ ഓരോ കഥയ്ക്ക് പിന്നിലും ഓരോ കഥയുണ്ട്. ഓരോ നിമിത്തമുണ്ട്. ഇതൊന്നുമല്ലാതെ പ്രണയത്തിന്റെ നോവുമായി ‘ബ്രഹ്‌മഗിരിയില്‍ മഞ്ഞുപെയ്യുമ്പോള്‍’, അകാലത്തില്‍ നഷ്ടപ്പെട്ട സ്നേഹിതന്റെ ഓര്‍മ്മയില്‍ ‘നിന്റെ ഓര്‍മ്മയ്ക്ക്’, നസറെത്തിലെ യുവാവുമായുള്ള, യേശുവുമായുള്ള എന്റെ സൗഹൃദത്തില്‍ നിന്ന് വിരിഞ്ഞ ‘തലീത്താ കൂം’ തുടങ്ങി വ്യക്തിപരമായ അനുഭൂതികളില്‍നിന്ന് പിറന്ന കഥകളുമുണ്ട്. ‘മെല്‍ക്വിയാഡിസിന്റെ പ്രളയപുസ്തകം’ പ്രകൃതിയെക്കുറിച്ചും പെണ്ണിനെക്കുറിച്ചുമുള്ള ഉത്കണ്ഠകള്‍ കഥയായി മാറിയതാണ്. ജോലി തേടി പോകുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ച് എഴുതിത്തുടങ്ങിയ കഥ മാര്‍കേസിന്റെ മാകൊണ്ട വരെ എത്തിയത് അവിചാരിതമായാണ്. ‘മൃണാളിനിയുടേയും താരയുടേയും കഥ’, ‘മകള്‍’, ഇതൊക്കെ പറയാന്‍ ഞാന്‍ നിമിത്തമായി എന്നുമാത്രം. അത് എങ്ങും എവിടെയും കേള്‍ക്കാവുന്ന പരശതം പെണ്‍മനസ്സുകളുടെ ശബ്ദമാണ്. രാത്രിയുടെ ഏകാന്തയാമത്തില്‍ കൊക്കൂണ്‍ പൊട്ടി ചിത്രശലഭങ്ങള്‍ പറന്നുയരുന്നത് സ്വപ്നം കാണുന്ന പ്രിയപ്പെട്ട പെണ്ണുങ്ങളുടെ കഥ. അവസാനം എഴുതിയ ‘മഹാ-ഭാരതവും കുറേ തസ്‌കരന്മാരും’ വ്യവസ്ഥിതിയുടെ വിചാരണ നടത്തുന്ന ഏറെ ആസ്വദിച്ചെഴുതിയ ഒരു ആക്ഷേപഹാസ്യമാണ്.
കുടിയേറ്റക്കാരിയുടെ എഴുത്താണ് വല്ലി
ഏറെ ശ്രദ്ധിക്കപ്പെടുകയും കേരളത്തിനു പുറത്തേക്ക് വയനാടിന്റെ സ്പന്ദനങ്ങള്‍ എത്തിക്കുകയും ചെയ്ത രചനയാണ് എന്റെ പ്രഥമ നോവല്‍ ‘വല്ലി’ എന്നത് എന്നെ വിനയാന്വിതയാക്കുന്നു. ഈയിടെ ബുക്കര്‍ ജേതാവ് ദീപാ ഭാസ്തി അവരുടെ മൂന്ന് പ്രിയപ്പെട്ട വിവര്‍ത്തനങ്ങളില്‍ ഒന്നായി വല്ലിയെ പരാമര്‍ശിച്ചത് വലിയ സന്തോഷമാണ്. വല്ലിക്ക് കിട്ടിയ എല്ലാ ബഹുമതികളും വയനാട് എന്ന പശ്ചിമഘട്ടദേശത്തിനും അവിടുത്തെ സാധാരണക്കാരായ മനുഷ്യര്‍ക്കും അര്‍ഹതപ്പെട്ടതാണ്. എനിക്ക് വല്ലിയിലെ കഥകള്‍ എല്ലാം തന്നത് എന്റെ നാടും പ്രിയപ്പെട്ട മനുഷ്യരുമാണ്. വല്ലിയില്‍ പ്രത്യേകമായ ഒരു ദാര്‍ശനിക പരിസരം സ്വാഭാവികമായി രൂപപ്പെട്ടു വന്നതാണ്. പ്രത്യേകം കല്‍പ്പനചെയ്ത് നിര്‍മ്മിച്ചതല്ല. അത്തരത്തിലുള്ള ഒരു രാഷ്ട്രീയപാരിസ്ഥിതിക ഭൂമികയാണ് വയനാട്. എന്നെ ഞാനാക്കിയ നാടിനെക്കുറിച്ച് എഴുതണമെന്നുതന്നെയായിരുന്നു എന്റെ ആഗ്രഹം. വയനാടിന്റെ മിത്തുകളും ചരിത്രവും നശിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിയും പച്ചയായ ജീവിതവുമെല്ലാം വരച്ചിടുന്ന ഒരു നോവല്‍. എഴുതിത്തുടങ്ങിയപ്പോള്‍ ചുറ്റുപാടുമുള്ള മനുഷ്യരും അവരുടെ ജീവിതങ്ങളും സങ്കടങ്ങളും ആഹ്ലാദങ്ങളും പ്രണയവും വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ആചാരങ്ങളും ഭാഷയും പോരാട്ടങ്ങളും എല്ലാം ഞാനറിയാതെ എഴുത്തിലേക്ക് ഒഴുകിവരികയായിരുന്നു.
ഞങ്ങളുടെ കുടുംബം നാല്‍പ്പതുകളില്‍ വയനാട്ടിലേക്ക് കുടിയേറിയതാണ്. എന്റെ ചാച്ചനും അമ്മച്ചിയും അധ്യാപകരായിരുന്നെങ്കിലും വല്യപ്പച്ചനും ബന്ധുക്കളും എല്ലാം കൃഷിക്കാരായിരുന്നു. കഷ്ടപ്പാടുകളറിഞ്ഞും കണ്ടും വളര്‍ന്ന ബാല്യമായിരുന്നു. തീര്‍ച്ചയായും അതില്‍നിന്ന് തന്നെയാണ് എന്റെ രാഷ്ട്രീയവും രൂപപ്പെട്ടത്. വല്ലിയില്‍ കടന്നുവരുന്ന വയനാടന്‍ കര്‍ഷകരുടെ ദുരിതങ്ങളും ആദിമവാസികളുടെ ജീവിതവും പെടാപ്പാടുകളും ചെറുപ്പം മുതല്‍ കണ്ടറിഞ്ഞതാണ്. ഇന്നും മണ്ണിനു വേണ്ടി സമരം ചെയ്യുന്ന ആ മനുഷ്യര്‍ എനിക്ക് സുപരിചിതരും സമീപസ്ഥരുമാണ്. മദ്യമടക്കമുള്ള പ്രലോഭനങ്ങള്‍ നല്‍കി ഇന്നും ഇഞ്ചിപ്പാടത്തും മറ്റും പണിയാളരായി അവരെ നിലനിര്‍ത്താന്‍ കുടിയേറ്റക്കാര്‍ അറിഞ്ഞും അറിയാതെയും കാരണമാകുന്നുണ്ട്. ഒരു കുടിയേറ്റക്കാരി നാടിനെ എഴുതുമ്പോള്‍ ഇടം നഷ്ടപ്പെട്ട കാടിന്റെ മക്കളോട് പരമാവധി നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഒരു ക്രിസ്ത്യന്‍ കുടിയേറ്റ ഗ്രാമത്തില്‍ നടക്കുന്ന കഥയാവുമ്പോള്‍ ബൈബിള്‍ അവരുടെ ജീവിതത്തില്‍ ആഴത്തില്‍ ഇടപെടാതിരിക്കില്ല.
സത്യാനന്തര കാലത്ത് നിന്നും ആക്ഷേപഹാസ്യത്തിലേക്ക്
അങ്ങനെ പ്രത്യേക കാരണമൊന്നുമില്ലാതെ സത്യാനന്തരകാലത്തെ സാമൂഹ്യ പരിതസ്ഥിതിയോട് ഹാസ്യരൂപത്തില്‍ പ്രതികരിക്കുന്ന ഒരു കഥ വരികയായിരുന്നു. പുരുഷ കഥാകൃത്തുക്കള്‍ മാത്രമല്ല നമ്മുടെ എഴുത്തുകാരികള്‍ ചിലപ്പോഴെങ്കിലും ആക്ഷേപഹാസ്യവും നര്‍മ്മവും സമര്‍ത്ഥമായി ഉപയോഗിക്കാറുണ്ട്. ചന്ദ്രമതി ടീച്ചറുടെ പല കഥകളിലും ആക്ഷേപഹാസ്യം കാണാം. നിര്‍മ്മലയുടെ ‘മഞ്ഞില്‍ ഒരുവള്‍’ കാന്‍സര്‍ രോഗിയുടെ അവസ്ഥ നര്‍മ്മരൂപേണ ആഖ്യാനം ചെയ്യുന്നു. സന്ധ്യാമേരിയുടെ ‘മരിയ വെറും മരിയ’ എന്ന നോവലിന്റെ കാതല്‍ തന്നെ അതിലെ നര്‍മ്മമാണ്. മീരയുടെ ‘ഘാതകനിലും’ ചിലയിടങ്ങളില്‍ നല്ല ഹാസ്യമുണ്ട്. തസ്‌കരന്‍മാരുടെ കഥയില്‍ ബേപ്പൂര്‍ സുല്‍ത്താനും ഗാന്ധിജിയും ഡി എന്ന നഗരത്തിലെ ബിഷപ്പും എല്ലാം ഒരുമിക്കുന്ന ഒരു രാത്രി നിങ്ങള്‍ കാണും.
‘മഹാ-ഭാരതവും കുറെ തസ്‌കരന്മാരും’ ആദ്യം നേര്‍ച്ചപ്പെട്ടിയില്‍ കിടക്കുന്ന ഒരു അഞ്ഞൂറ് രൂപാ നോട്ടിന്റെ റൂട്ട് മാപ്പായി ഒരു മിനിക്കഥയുടെ രൂപത്തില്‍ എഴുതിയതാണ്. ആയിടെയാണ് സുഹൃത്തായ ഒരു വികാരിയച്ചന്‍ നേര്‍ച്ചപ്പെട്ടിയിലെ പണം മോഷ്ടിച്ച ഒരു പാവപ്പെട്ട കപ്യാരുടെ കാര്യം പറയുന്നത്. അക്കാര്യം കേട്ടപ്പോള്‍ ‘പൊന്‍കുരിശു തോമാ’ മനസ്സിലേക്ക് വരികയും പിന്നാലെ ബേപ്പൂര്‍ സുല്‍ത്താനും ഗാന്ധിജിയും ഡി എന്ന നഗരത്തിലെ ബിഷപ്പും എല്ലാം ഒരുമിക്കുന്ന ഒരു രാത്രി കടന്നുവരികയും ചെയ്തു. വര്‍ത്തമാനകാലത്തെ പല പൊറാട്ടുനാടകങ്ങളെയും കഥയില്‍ മാറിനിന്ന് നോക്കിക്കാണുകയാണ്. ബഷീറിയന്‍ കഥാപാത്രങ്ങളെ അവരുടെ പരിസരത്തില്‍ തന്നെ നിലനിര്‍ത്തി ഇന്നിലേക്ക് കൊണ്ടുവന്ന് ഒരു സാഹസം കാണിച്ചു. ‘കര്‍ത്താവിനെന്തിനാ പൊന്‍ കുരിശ്’ എന്ന ചോദ്യത്തിന്റെ വര്‍ത്തമാന പരിപ്രേക്ഷ്യം ‘മാതാവിനെന്തിനാ പൊന്‍ കിരീടം എന്നും’ ‘വെള്ളി മെഴുകുതിരിക്കാലുകള്‍ എന്തിനെന്നും’ ഒക്കെ ചിന്തിപ്പിച്ചു. അത് ഒരു കഥയായി ഗാന്ധിജിയെ വധിച്ചവനെ ആരാധിക്കുന്ന സമകാലീന ഇന്ത്യന്‍ അവസ്ഥയിലും ചെന്നുമുട്ടി.
മനുഷ്യ സ്‌നേഹത്തിന്റെ അരുവിയായി ഒഴുകുന്ന നദി
പ്രവാസം നല്‍കിയ നോവലാണ് ‘ആ നദിയോട് പേരു ചോദിക്കരുത്’. രണ്ടു ദശകക്കാലം ഞാന്‍ പ്രവാസിയായിരുന്നു. ജോലി ചെയ്ത അറബ് നഗരത്തിലെ സാംസ്‌കാരിക ചുറ്റുപാടുകള്‍ എനിക്ക് പുതിയ ലോകങ്ങള്‍ തുറന്നു തന്നു. അത് കഥ പറച്ചില്‍ സങ്കീര്‍ണ്ണമാക്കിയോ എന്നെനിക്കറിയില്ല. വായനക്കാരന് അപരിചിതമായ ലോകങ്ങള്‍ പരിചയപ്പെടുമ്പോള്‍ തോന്നിയ സങ്കീര്‍ണ്ണതയാവാം. ജൂത, മുസ്ലീം, ക്രിസ്ത്യന്‍ വിശുദ്ധഭൂമിയിലെ സങ്കീര്‍ണ്ണമായ രാഷ്ട്രീയ ചരിത്രവും സാഹചര്യങ്ങളും ഫിക്ഷനില്‍ അടയാളപ്പെടുത്താന്‍ നേര്‍രേഖയിലെ ആഖ്യാനമല്ല സ്വീകരിച്ചിരിക്കുന്നത്. പലപ്പോഴും ജൂതര്‍ എല്ലാം സയനിസ്റ്റുകളാണെന്നും പലസ്തീനികള്‍ മുസ്ലീം തീവ്രവാദികളാണെന്നുമുള്ള അപകടം പിടിച്ച പൊതുബോധത്തിന്റെ അടിമകളാണ് പലരും. അതിനെ പൊളിച്ചെഴുതുക എന്ന ആഗ്രഹവുമുണ്ടായിരുന്നു ഈ നോവല്‍ എഴുതുമ്പോള്‍. അതില്‍ എത്രമാത്രം വിജയിച്ചെന്നത് വായനക്കാര്‍ തീരുമാനിക്കട്ടെ. മനുഷ്യ സ്നേഹത്തിന്റെ നദിയാണ് ഇതിന്റെ അന്തര്‍ധാര എന്ന് വായനക്കാര്‍ കണ്ടെത്തുന്നത് സന്തോഷം തരുന്നു.
‘ഇനി എങ്ങു പോകും ഞാനും മക്കളും! ജന്‍മദേശമുണ്ട് നിങ്ങള്‍ക്കൊക്കെ. ഞങ്ങള്‍ക്ക് മണ്ണില്ല. രാജ്യവുമില്ല. നാടില്ലാത്തവരുടെ വിഷമം നിങ്ങള്‍ക്കറിയില്ല.” എന്റെ പലസ്തീന്‍കാരി സുഹൃത്ത് എന്നോട് അവളുടെ ജീവിത കഥ പറയുകയായിരുന്നു. അവരെക്കുറിച്ച് ഒരു ചെറുകഥയെഴുതാന്‍ തുടങ്ങിയപ്പോള്‍ ഒരു കഥയെന്നല്ല ആയിരം നോവലുകളില്‍ ഒതുക്കാനാവില്ല അവളുടെ ജനത്തിന്റെ തീരാനോവുകള്‍ എന്നുതോന്നി. ലോകത്ത് അനേകം ദശകങ്ങളായി കത്തിനില്‍ക്കുന്ന ഒരു വിഷയത്തെയാണ് ‘ആ നദിയോട് പേരു ചോദിക്കരുത്’ എന്ന നോവലിലൂടെ അഭിമുഖീകരിക്കാന്‍ ഒരുങ്ങിയത്. ജന്മദേശത്ത് പോലും അഭയാര്‍ഥികളായി ജീവിക്കേണ്ടിവരുന്ന എല്ലാം നഷ്ടമായ മനുഷ്യര്‍ക്കൊപ്പം നില്‍ക്കാനുള്ള ഒരു എളിയ ശ്രമമായി ആ നോവല്‍ പിറന്നു. 2021 ലാണ്, ഇന്നത്തെ യുദ്ധം അല്ല അധിനിവേശം പൊട്ടിപ്പുറപ്പെടുന്നതിനും രണ്ടു വര്‍ഷം മുമ്പാണ്, നോവല്‍ എഴുതിത്തുടങ്ങിയത്. ജോലി തേടി കടല്‍ കടക്കുന്ന ഒരു മലയാളി നേഴ്സിന്റെ കഠിന യാത്രകള്‍ അടയാളപ്പെടുത്തി ഞാന്‍ പലസ്തീനില്‍ എത്തിപ്പെടുകയായിരുന്നു. സാമ്രാജ്യത്വ ശക്തികള്‍ രൂപപ്പെടുത്തിയെടുത്ത അവരുടെ ദുര്‍ഘടം പിടിച്ച മതരാഷ്ട്രീയത്തിലും.
ഈയിടെ മലയാള നോവല്‍ രാജ്യത്തിനു പുറത്തുനിന്നുള്ള കഥകള്‍ കണ്ടെടുക്കുന്നുണ്ട്. ബെന്യാമിന്‍, നിര്‍മ്മല, ഹരിത സാവിത്രി, സോണിയ റഫീക്ക്, സോണിയ ചെറിയാന്‍, അനില്‍ ദേവസ്സി, ജുനൈദ് അബൂബക്കര്‍ തുടങ്ങി അനവധിപേര്‍ തൊഴില്‍തേടിയെത്തിയ വിദേശപരിസരങ്ങളും രാഷ്ട്രീയസാമൂഹിക അവസ്ഥകളും നോവലില്‍ കൊണ്ടുവന്നിട്ടുണ്ട്. ഡോ: ഖദീജ മുംതാസിന്റെ ബര്‍സ അക്കൂട്ടത്തില്‍ ആദ്യകാലത്ത് പിറന്ന നോവലാണ്. മുഖ്യധാരയില്‍ ശ്രദ്ധിക്കപ്പെടുന്നില്ലെങ്കിലും ഗള്‍ഫ് മേഖലയിലെ ഒരുപാടുപേരുടെ അനുഭവങ്ങള്‍ കഥയിലും നോവലിലും പുതിയ ഇടങ്ങള്‍ കൊണ്ടുവരുന്നുണ്ട്. പറയുവാന്‍ പേരുകള്‍ ഒരുപാടുണ്ട്.
മനുഷ്യാനുഭവങ്ങളെ പ്രതിനിധീകരിക്കുന്ന കഥാപാത്രങ്ങള്‍
നോവലിന്റെ ശീര്‍ഷകം തന്നെ പലസ്തീന്‍ വിപ്ലവകവി മഹമൂദ് ദാര്‍വീഷിനോടുള്ള ആദരവാണ്. അദ്ദേഹത്തിന്റെ ‘പാസ്പോര്‍ട്ട്’ എന്ന കവിതയിലെ വരികളിലൊന്നിന്റെ രൂപാന്തരം. പലസ്തീന്‍ സാഹിത്യം നമുക്ക് തുറന്നുതരുന്ന അത്യന്തം സംഘര്‍ഷപൂരിതമായ മനുഷ്യാനുഭവങ്ങള്‍ യുദ്ധങ്ങള്‍ കാണാത്ത നമുക്ക് അചിന്ത്യമാണ്. പേര് അല്ലെങ്കില്‍ ഐഡന്റിറ്റി നോവലില്‍ പലയിടത്തും പ്രശ്നവല്‍ക്കരിക്കുന്നുണ്ട്. ഒരാളുടെ ഐഡന്റിറ്റിയാല്‍ മാത്രം അയാള്‍ കുറ്റവാളിയാക്കി മുദ്രകുത്തപ്പെടുന്ന ഭീകരത പലസ്തീനില്‍ മാത്രമല്ല ഇന്ത്യയിലും ലോകത്ത് പലയിടങ്ങളിലും നാം കാണുന്നു. ആ അര്‍ത്ഥത്തില്‍ റൂത്ത്, സഹല്‍, അഷേര്‍, ആബാ, സാറാ, എസ്തേര്‍ എന്നിവരെല്ലാം വെറും കഥാപാത്രങ്ങളേക്കാള്‍ സാര്‍വലൗകികമായ മനുഷ്യാനുഭവങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്. നോവല്‍ അവരുടെയെല്ലാം വ്യക്തിപരമായ യാത്ര എന്നതിനേക്കാള്‍ ചരിത്രവും മിത്തും അധിനിവേശരാഷ്ട്രീയവും അവരുടെ ജീവിതങ്ങളില്‍ നിരന്തരം നടത്തുന്ന ക്രൂരമായ ഇടപെടലുകളുമാണ്. നോവല്‍ എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ആസാമിലെ പൗരത്വ പ്രശ്നമായിരുന്നു വാര്‍ത്തകള്‍ നിറയെ. മണിപ്പൂരില്‍, കശ്മീരില്‍, നിരാലംബരായ മനുഷ്യരെ നാം കാണുന്നു. രാജ്യത്ത് പലയിടങ്ങളിലായി വിദ്വേഷം ആളിക്കത്തുന്നു. അധിനിവേശത്തിന്റെ ബുള്‍ഡോസറുകള്‍ പലയിടങ്ങളിലും ഉരുളുകയാണല്ലോ.
കേരളത്തിന് പുറത്തേക്കുള്ള വായനയുടെ വഴി
‘വല്ലി’ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത് ഡോ: ജയശ്രീ കളത്തിലും ‘ആ നദിയോട് പേരു ചോദിക്കരുത്’ വിവര്‍ത്തനം ചെയ്തത് മിനിസ്തി എസ് ഐഎഎസും ആയിരുന്നു. രണ്ടു പേരും ധിഷണാശാലികളായ വിവര്‍ത്തകരും എഴുത്തുകാരും രണ്ടു ഭാഷയിലും പ്രാവീണ്യമുള്ളവരും കൃത്യമായ രാഷ്ട്രീയ നിലപാടുകള്‍ സൂക്ഷിക്കുന്നവരുമാണ്. വിവര്‍ത്തനത്തിനിടയില്‍ ഞങ്ങള്‍ക്കിടയില്‍ ഒരുപാട് ആശയവിനിമയങ്ങള്‍ നടന്നു. വളരെ രസകരമായിരുന്നു വിവര്‍ത്തനകാലം. മൂലകൃതിയോട് പരമാവധി നീതിപുലര്‍ത്തുന്നുണ്ട് രണ്ടുപേരുടെയും തര്‍ജ്ജമ. ജയശ്രീ, വല്ലി വായിച്ച് ഇഷ്ടമായി വിവര്‍ത്തനത്തിന് സമീപിച്ചപ്പോള്‍ വലിയ ആഹ്ലാദം തോന്നി. ജയശ്രീയുടെ വിവര്‍ത്തനത്തിലൂടെ വല്ലി ജെസിബി അവാര്‍ഡ് അടക്കം നിരവധി ഷോര്‍ട്ട് ലിസ്റ്റുകളില്‍ ഇടം നേടി. ഇസ്രയേല്‍ അധിനിവേശ വാര്‍ത്തകള്‍ക്കൊപ്പമാണ് മിനിസ്തിയുടെ കൈയില്‍ ‘ആ നദിയോട് പേരു ചോദിക്കരുത്’ എത്തുന്നത്. തന്റെ വലിയ ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും ഏറ്റവും വേഗത്തില്‍ രണ്ടുമാസത്തിനുള്ളില്‍ പരിഭാഷ ചെയ്തു മിനിസ്തി. കേരളത്തിന് പുറത്ത് വലിയൊരു വായനാസമൂഹത്തിലേക്ക് നോവല്‍ യാത്ര തുടങ്ങിക്കഴിഞ്ഞു.
പലസ്തീന്‍ പറയുന്നത്
ഗസ യുദ്ധത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ഭൂമിക മാത്രമല്ല. അമേരിക്കയുടെയും ഇസ്രയേലിന്റെയും ആയുധ പരീക്ഷണശാലയാണിന്ന്. ഇനി അവരുടെ നിര്‍മ്മാണ കമ്പനികള്‍ക്കും ടൂറിസ സ്വപ്നങ്ങള്‍ക്കും വേണ്ടി അവര്‍ തകര്‍ത്തെടുക്കുന്ന നാട്. സൂസന്‍ നഥാന്‍ എന്ന ഇസ്രയേലി ജേണലിസ്റ്റ് ഒരിക്കല്‍ എഴുതി. ‘സദാ തോക്കിന്‍ കുഴലിന് മുന്നില്‍ ജീവിക്കേണ്ടി വരുമ്പോഴും ലോകം മുഴുവന്‍ നിങ്ങള്‍ക്കെതിരാകുന്നുവെങ്കില്‍, നിങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ മറ്റാരുമില്ല എന്ന അവസ്ഥ വരുമെങ്കില്‍ നിങ്ങള്‍ തീവ്രവാദികളായി മാറും നിശ്ചയം. ‘ഒന്നര വര്‍ഷംകൊണ്ട് ഇസ്രയേല്‍ കൊന്നൊടുക്കിയ നിരപരാധികള്‍ എഴുപതിനായിരം. കുഞ്ഞുങ്ങള്‍ ഇരുപതിനായിരം. എല്ലാം നഷ്ടമായി പലായനം ചെയ്യുന്നതോ ദശലക്ഷങ്ങള്‍. പല ദേശങ്ങളിലൂടെ കടന്നുപോകുന്ന നദിയെപ്പോലെയാണല്ലോ അഭയാര്‍ഥികള്‍. ഒരു ദേശവും സ്വന്തമല്ലാത്തവര്‍. അവര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ലോകം മുന്നോട്ടു വരുന്നില്ലെങ്കില്‍ മറ്റെന്ത് പ്രതീക്ഷിക്കാന്‍! Interview with malayalam writer sheela tomy
Content Summary: Interview with malayalam writer sheela tomy
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.