നയപരമായും സൈനികമായും ദുരന്തമായ നടപടിയായി മാറിയ സുപ്രധാനമായ ഇന്ത്യാ – ശ്രീലങ്ക സമാധാന കരാര്‍ ഒപ്പ് വെച്ചത് 38 വര്‍ഷം മുന്‍പ് ഇതേ ദിവസം
1987ജൂലൈ 29 നാണ്
1987 ജൂലൈ അവസാന ആഴ്ചയിലെ ഒരു ദിവസം. അന്ന് ന്യൂഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ അശോകയിലെ പടുകൂറ്റന്‍ കെട്ടിടത്തിലെ 5ാം നിലയിലെ, റൂം നമ്പര്‍ 518 ലെ താമസക്കാരന്‍ ഒരു സുപ്രധാന അതിഥിയായിരുന്നു. ശ്രീലങ്കന്‍ തമിഴരുടെ അതീവ സങ്കീര്‍ണ്ണമായ, സിംഹളരുമായുള്ള വംശീയ വിദ്വേഷത്തിന് പരിഹാരം കാണാനായി കൊളംബോയിലെ നയതന്ത്രജ്ഞരുടെ നിര്‍ദേശപ്രകാരം പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി സംവദിക്കാന്‍ ജാഫ്‌നയില്‍ നിന്നെത്തിയ എല്‍.ടി.ടി.ഇയുടെ പരമോന്നതനായ നേതാവ് വേലുപ്പിള്ള പ്രഭാകരനായിരുന്നു ആ പ്രധാന അതിഥി. ആ ദിവസങ്ങളില്‍ പ്രഭാകരനുമായി ഒരു വട്ടം ചര്‍ച്ച നടത്തിയ പ്രധാനമന്ത്രി രാജിവ് ഗാന്ധിയുടെ സൗഹൃദ മനോഭാവത്തില്‍ തൃപ്തനും ആഹ്ലാദവാനുമായിരുന്നു പുലിനേതാവ് . എന്നാല്‍ താന്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് ഏറെ താമസിയാതെ അയാള്‍ തിരിച്ചറിഞ്ഞു. പിറ്റെന്നാള്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായുള്ള അടുത്ത കൂടിക്കാഴ്ചക്ക് കാത്തിരുന്ന പുലിനേതാവ് അന്ന് ടെലിവിഷനില്‍ ലൈവായി ഒരു പ്രധാന സംഭവം കണ്ട് തരിച്ചിരിരുന്നു. അയാള്‍ ഒരു പ്രധാന കാര്യം മനസിലാക്കി – താനും തന്റെ ജനതയും വഞ്ചിക്കപ്പെട്ടിരിക്കുന്നു. അപ്പോള്‍ അനേകായിരം മൈലുകള്‍ക്കകലെ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ശ്രീലങ്കന്‍ പ്രസിഡന്റ് ജൂലിയസ് ജയവര്‍ദ്ധനെയും സുപ്രധാനമായ ഇന്ത്യാ – ശ്രീലങ്ക കരാറില്‍ ഒപ്പു വെയ്ക്കുകയായിരുന്നു. ആ നിര്‍ണ്ണായക മുഹൂര്‍ത്തം വന്‍ പ്രാധാന്യത്തോടെ ഇന്ത്യയില്‍ ദൂരദര്‍ശന്‍ ലൈവ് കാണിച്ചു. അതോടെ ഇന്ത്യയോടുള്ള വേലുപ്പിള്ള പ്രഭാകരന്റെ ശത്രുത ആളിക്കത്തി. രാജീവ് ഗാന്ധി എല്‍ടിടിഇ-യുടെ നിതാന്ത ശത്രുവായി മാറുകയും ചെയ്തു. കരാറിന് മറ്റ് തമിഴ് വിമോചന സംഘടനകളോടൊപ്പം എല്‍ടിടിഇ സമ്മതം പ്രകടിപ്പിച്ചെങ്കിലും ആയുധങ്ങള്‍ അടിയറ വെയ്ക്കാന്‍ അവര്‍ക്ക് പൂര്‍ണ്ണമനസില്ലായിരുന്നു. ഈ കരാര്‍ നിലവില്‍ വന്നാല്‍ തങ്ങളുടെ സായുധ സമരം അവസാനിപ്പിക്കേണ്ടിവരുമെന്ന നിലപാട് ഒരിക്കലും പ്രഭാകരന് സമ്മതമായിരുന്നില്ല.
‘ആ അവസരത്തില്‍ ഡല്‍ഹിയിലെ അശോകാ ഹോട്ടല്‍ മുറിയില്‍ ചെന്ന് പ്രഭാകരനെ അഭിമുഖം ചെയ്ത ഇന്ത്യാ ടുഡെയിലെ പത്രപ്രവര്‍ത്തക അനിതാ പ്രതാപ് എഴുതി ‘ പ്രഭ്രാകരന്റെ സ്വരം എന്നെ തീര്‍ത്തും നിരാശപ്പെടുത്തി. രാജീവ് ഗാന്ധിയുടെ ഓഫീസില്‍ നിന്ന് പ്രസരിച്ച ശുഭാപ്തി വിശ്വാസത്തിന്റെ അലകള്‍ ഞങ്ങളെയെല്ലാം ഓരോ രീതിയില്‍ സ്വാധീനിച്ചിരുന്നു. പക്ഷേ, സ്വരത്തിലും ഭാവത്തിലും പ്രഭാകരന്‍ വിഷണ്ണനായി കാണപ്പെട്ടു. സമാധാനക്കരാര്‍ കൊണ്ടു പ്രശ്‌നം പരിഹരിക്കുമെന്ന് അദ്ദേഹം കരുതിയില്ല. തമിഴ് ഭൂരിപക്ഷ പ്രദേശങ്ങളിലേക്കയക്കുന്ന സമാധാനസേനാംഗങ്ങള്‍ തമിഴരുടെ അവകാശങ്ങള്‍ സംരക്ഷിക്കാത്ത പക്ഷം താന്‍ അവര്‍ക്കെതിരെ പോരാടുമെന്നും പറഞ്ഞു. അതൊരു മുന്നറിയിപ്പായി എന്റെ കാതില്‍ മുഴങ്ങി’, അനിതാ പ്രതാപ് തന്റെ നിഗമനങ്ങള്‍ റിപ്പോട്ടിന്റെ അവസാനം ഒരു നിരാശാജനകമായ ‘പ്രവചനത്തോടെ ഉപസംഹരിച്ചു. ‘ഈ കരാറുകൊണ്ട് ശ്വാശ്വത സമാധാനം കൈവരിക്കാനാവില്ല.’
അനിതാ പ്രതാപിന്റെ പ്രവചനം ശരിവെച്ചു കൊണ്ട് മൂന്നു മാസം തികയും മുന്‍പ് സമാധാനക്കരാറിന് അന്ത്യം കുറിച്ചു കൊണ്ട് ഐപിഎഫ്‌കെയുമായി എല്‍ടിടിഇ ജാഫ്‌നയില്‍ കൊടും യുദ്ധമാരംഭിച്ചു.

ഇന്ത്യാ- ശ്രീലങ്കാ സമാധാന കരാർ ഒപ്പ് വെയ്ക്കുന്നു. 1987 ജൂലൈ 29
പല കാരണങ്ങള്‍ക്കൊണ്ട് ദുര്‍ബലമായിപ്പോയ ഒന്നായിരുന്നു ഇന്ത്യ-ശ്രീലങ്ക സമാധാനക്കരാര്‍. ഒന്നിലധികം ബോസുമാര്‍ നടപ്പിലാക്കല്‍ പ്രക്രിയ നിയന്ത്രിച്ചു എന്നതാണ് പ്രധാനകാരണം. ഐപികെഎഫ്-ന് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഒരിക്കലും നല്‍കപ്പെട്ടില്ല. അവരാകട്ടെ എല്‍ടിടിഇ യെ ഒറ്റപ്പെടുത്തി. പിന്നിട് അവരോട് അടുപ്പം കാണിക്കുകയും അവരുടെ എതിരാളികളായ മറ്റ് തമിഴ് വിമോചന സംഘടനകളായ TELO, EPRLF, ENDLF തുടങ്ങിയവയെ സഹായിക്കുകയെന്ന ഡബിള്‍ ഗെയിം കളിക്കുകയായിരുന്നു. അത് കാരണം ഐപികെഎഫ്- ന് വിപരീത ഫലമാണ് ലഭിച്ചത്. നയപരമായും സൈനികമായും ഒട്ടേറെ ഇന്ത്യന്‍ സര്‍ക്കാരിന് പിഴവുകള്‍ വന്നതിനാല്‍ അമേരിക്കക്ക് വിയറ്റ്‌നാമിലും, സോവ്യറ്റ് യൂണിയന് അഫ്ഗാനിസ്ഥാനിലും നേരിട്ട തിരിച്ചടി ശ്രീലങ്കയില്‍ ഇന്ത്യക്കും കിട്ടി.
മുപ്പത്തിയെട്ടു വര്‍ഷം മുന്‍പ് ഇത്ര ദിവസം, 1987 ജൂലൈ 29 ന് ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൊളംബോയില്‍ വെച്ച് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും അന്നത്തെ ശ്രീലങ്കന്‍ പ്രസിഡന്റ് ജെ.ആര്‍. ജയവര്‍ധനെയും തമ്മില്‍ ഇന്തോ-ശ്രീലങ്ക സമാധാന കരാര്‍ ഒപ്പുവച്ചു. ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് ശ്രീലങ്കയില്‍ ഇന്ത്യന്‍ സമാധാന സേന (IPKF) ഒരു ലക്ഷം ഭടന്മാരുമായി ജാഫ്‌നയില്‍ ചെന്നിറങ്ങിയത്.
കിഴക്കന്‍, വടക്കന്‍ പ്രവിശ്യകളില്‍ 1987 ഓഗസ്റ്റ് 15-ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥ പിന്‍വലിക്കും. നിലവില്‍ തീവ്രവാദ ഗ്രൂപ്പുകളുടെ കൈവശമുള്ള എല്ലാ ആയുധങ്ങളും ശ്രീലങ്കന്‍ സര്‍ക്കാര്‍ നിയോഗിക്കുന്ന അധികാരികള്‍ക്ക് സമ്മതിച്ച നടപടിക്രമങ്ങള്‍ക്കനുസൃതമായി കീഴടങ്ങും. വടക്കന്‍, കിഴക്കന്‍ പ്രവിശ്യകളിലെ നിയമ നിര്‍വ്വഹണത്തിനും സുരക്ഷ നിലനിര്‍ത്തുന്നതിനുമായി ശ്രീലങ്കന്‍ സര്‍ക്കാര്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഉപയോഗിക്കുന്ന അതേ സംഘടനകളെയും സംവിധാനങ്ങളെയും ഉപയോഗിക്കും. തമിഴ് ഭൂരിപക്ഷ മേഖലകളായ വടക്കന്‍, കിഴക്കന്‍ പ്രവിശ്യകള്‍ ഒരു തിരഞ്ഞെടുക്കപ്പെട്ട പ്രവിശ്യാ കൗണ്‍സില്‍ അടങ്ങുന്ന ഒരു ഭരണ യൂണിറ്റ് രൂപീകരിക്കും. അത്തരമൊരു യൂണിറ്റിന് ഒരു ഗവര്‍ണര്‍, ഒരു മുഖ്യമന്ത്രി, മന്ത്രിമാരുടെ ബോര്‍ഡ് എന്നിവ ഉണ്ടായിരിക്കും. ഇന്ത്യന്‍ സേനയുടെ മേല്‍നോട്ടത്തില്‍ സമാധനപരമായ തിരഞ്ഞെടുപ്പ് നടത്താന്‍ സംവിധാനമൊരുക്കും ഇതൊക്കെയായായിരുന്നു ഇന്ത്യാ – ശ്രീലങ്ക കരാറിന്റെ ‘പ്രധാന തീരുമാനങ്ങള്‍ .

IPKF സേന വാവുന്നിയ എയർ ബെയ്സിൽ
1983 ലെ ശ്രീലങ്കയിലെ തമിഴര്‍ക്കെതിരെയുള്ള സിംഹളര്‍ നടത്തിയ കറുത്ത ജൂലൈ എന്നറിയപ്പെടുന്ന വംശീയ കലാപത്തില്‍ കൊളാബോയില്‍ ആയിരത്തിലധികം തമിഴന്മാര്‍ നിഷ്ഠുരമായി കൊല്ലപ്പെട്ടു. തമിഴര്‍ കൂട്ടത്തോടെ കൊളംബോ വിട്ട് തമിഴ് മേഖലയായ കിഴക്കന്‍ ശ്രീലങ്കയിലെ ജാഫ്‌നയിലേക്ക് പാലയനം ചെയ്തതോടെ ഇന്ത്യ പ്രശ്‌നത്തില്‍ ഇടപെട്ടു. കുറെ അഭയാര്‍ഥികള്‍ ഇന്ത്യയിലും എത്തി. ശ്രീലങ്കന്‍ തമിഴരുടെ സാമ്പത്തിക അടിത്തറയടക്കമുള്ള നിലനില്‍പ്പ് തകര്‍ക്കാന്‍ തന്നെ ലക്ഷ്യമിട്ട് നടത്തിയ കലാപത്തില്‍ അന്നത്തെ സര്‍ക്കാരിന്റെ പിന്തുണ കലാപകാരികള്‍ക്ക് ഉണ്ട് എന്ന് വ്യക്തമായിരുന്നു. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ശ്രീലങ്കന്‍ പ്രസിഡന്റായ ജൂലിയസ് ജയവര്‍ദ്ധനയുമായി ‘ചര്‍ച്ചകള്‍ നടത്തുകയും തമിഴ്ക്കര്‍ക്കെതിരെയുള്ള ‘അക്രമങ്ങള്‍ ഇന്ത്യ കൈയ്യും കെട്ടി നോക്കി നില്‍ക്കുകയിയെല്ലായെന്നും പ്രഖ്യാപിച്ച് പരസ്യ നിലപാട് എടുക്കുകയും ചെയ്തു. അതിന് ശേഷം ഇന്ത്യ ആര്‍ എന്‍ ഡബ്യു(RAW) വഴി ശ്രീലങ്കന്‍ തമിഴ് വിമോചന സംഘടനകള്‍ക്ക് ധനസഹായവും ഇന്ത്യയില്‍ സായുധ സൈനിക പരിശിലനം നല്‍കുകയും ചെയ്തു. ഇതോടെയാണ് ഇന്ത്യ – ശ്രീലങ്കന്‍ ബന്ധം നിര്‍ണായക വഴിത്തിരിവിലെത്തുന്നത്.
ഇന്ത്യയുടെ ആ ഇടപെടല്‍ രണ്ടു രാജ്യങ്ങള്‍ക്കും ആപത്തുണ്ടാക്കി. അടുത്ത ദശകത്തില്‍ ദുരന്തങ്ങളുടെ ഒരു പരമ്പരയ്ക്ക് തന്നെ അത് വഴി വെച്ചു. ഇന്ത്യ അതിന് കനത്ത വില നല്‍കിയത് ഒരിക്കല്‍ കൂടി ഇന്ത്യയുടെ പ്രധാനമന്ത്രിയാകേണ്ടിയിരുന്ന രാജീവ് ഗാന്ധിയുടെ ജീവഹാനിയിലൂടെയും.
രാജീവ് ഗാന്ധി തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒരിക്കലും പാലിച്ചിലെന്ന ആരോപണത്തോടെയാണ് ഐപികെഎഫ്-നെതിരെ എല്‍.ടി.ടി.ഇ യുദ്ധമാരംഭിച്ചത്. തമിഴ് വംശജരുടെ വിഷമങ്ങള്‍ക്ക് പരിഹാരം കാണുക. ഇടക്കാല ഗവണ്‍മെന്റില്‍ എല്‍.ടി.ടി.ഇക്ക് പ്രാതിനിധ്യം നല്‍കുക, തമിഴ് പോലീസ് സേന രൂപീകരിക്കുക. തമിഴ് പുലികള്‍ക്ക് ഇന്ത്യ പ്രതിഫലം നല്‍കുക, ശ്രീലങ്കന്‍ തമിഴരുടെ പുനരിധിവാസം ഇന്ത്യന്‍ ചിലവില്‍ നടത്തുക തുടങ്ങിയവ പാലിച്ചില്ലെന്നായിരുന്നു പുലികളുടെ വാദം. അതോടെ സമാധാന ചര്‍ച്ചകളില്‍ നിന്ന് അവര്‍ പിന്‍വാങ്ങി.
ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈകമ്മീഷണറും മലയാളി വേരുകളുള്ള ജോതിന്ദ്രനാഥ് ദീക്ഷിത് എന്ന ജെ.എന്‍. ദീക്ഷിത്താണ് ഇന്ത്രാ ശ്രീലങ്കന്‍ സമാധന കരാറിന്റെ ചുക്കാന്‍ പിടിച്ചത്. 1985 മുതല്‍ 1989 വരെ ശ്രീലങ്കയിലെ ഇന്ത്യയുടെ ഹൈക്കമ്മീഷണറായിരുന്നു ജെ എന്‍ ദീക്ഷിത്. ഇന്തോ-ശ്രീലങ്കന്‍ കരാര്‍ തയ്യാറാക്കുന്നതിലും അത് നടപ്പിലാക്കുന്നതിനായി ഐപികെഎഫ്-നെ നിയോഗിച്ചതിലും പ്രധാന പങ്കുവഹിച്ചു. പത്തുവര്‍ഷത്തിന് ശേഷം അദ്ദേഹമെഴുതിയ Assignment Colombo എന്ന ഗ്രന്ഥത്തില്‍ തന്റെ നിഗമനങ്ങളും നിലപാടുകളും വിശദമാക്കിയിട്ടുണ്ട്.

ജെ. എൻ . ദീക്ഷിത്ത്
ജാഫ്‌നയ്ക്കു വേണ്ടിയുള്ള ഐപികെഎഫിന്റെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യക്കുണ്ടായ കനത്ത നാശനഷ്ടങ്ങള്‍ക്ക് ഐപികെഎഫിന്റെ ആദ്യ കമാന്‍ഡറായിരുന്ന മേജര്‍ ജനറല്‍ ഹര്‍കിരാത് സിങ്ങിനെ ദീക്ഷിത്ത് കുറ്റപ്പെടുത്തുന്നു.
‘1987 ജൂലൈയിലെ ഇന്തോ- ശ്രീലങ്കന്‍ കരാര്‍ നടപ്പാക്കുന്നത് ഉറപ്പാക്കാനാണ് ഇന്ത്യന്‍ സൈന്യം പോയത്, തമിഴരെയോ സിംഹളരെയോ നേരിടാനല്ല. ഇന്ത്യന്‍ സൈന്യം അവരുമായി പോരാടേണ്ടിവരുന്ന സാഹചര്യം സൃഷ്ടിച്ചത് പ്രധാനമായും എല്‍.ടി.ടി. ഇ-യാണ്. കൂടാതെ, ശ്രീലങ്കന്‍ മന്ത്രിമാരായ ലളിത് അതുലത്ത് മുതലി, പ്രധാനമന്ത്രിയായ പ്രേമദാസ എന്നിവരും കരാര്‍ അട്ടിമറിച്ചു.’ ദീക്ഷിത് എഴുതി.
‘രാജീവ് ഗാന്ധിയുടെ സാന്നിധ്യത്തില്‍ ഞാന്‍ അന്നത്തെ ഇന്ത്യന്‍ സൈനിക മേധാവി കൃഷ്ണസ്വാമി സുന്ദര്‍ജിയോട് പ്രത്യേകം ചോദിച്ചിരുന്നു, നമ്മുടെ സൈന്യം എല്‍.ടി.ടി. ഇയുമായി പോരാടേണ്ട ഒരു സാഹചര്യം നേരിടുകയാണെങ്കില്‍, നിങ്ങള്‍ എന്തുചെയ്യുമെന്ന്?. അദ്ദേഹം നമ്മുടെ ഇന്റലിജന്‍സ് ഏജന്‍സികളെ ഉദ്ധരിച്ച് പറഞ്ഞു, ‘എല്‍ടിടിഇയെക്കുറിച്ച് വിഷമിക്കേണ്ട, അവര്‍ നമ്മുടെ കുട്ടികളാണ്, അവര്‍ നമ്മളോട് യുദ്ധം ചെയ്യില്ല.’ തികച്ചും തെറ്റായ വിശകലനമായിരുന്നു അത്’.
ഐപികെഎഫ്-ന്റെ ആദ്യ കമാണ്ടറായ മേജര്‍ ജനറല്‍ ഹര്‍കിരാത് സിംഗിന്റെ മണ്ടത്തരം സൈന്യത്തിന് നാശം വരുത്തി. ശത്രുവിന് മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയ ശേഷം പൗര്‍ണ്ണമി നാളിലെ വെളിച്ചത്തില്‍ നിങ്ങള്‍ക്ക് ഹെലികോപ്റ്റര്‍ ആക്രമണം നടത്താനാവില്ല. മേജര്‍ ജനറല്‍ ഹര്‍കിരാത് സിംഗ് കഴിവില്ലാത്ത ഒരു ജനറല്‍ ആയിരുന്നു.’പലാലി വിമാനതാവളത്തിലേക്ക് അറസ്റ്റ് ചെയ്ത് കൊണ്ടുവന്ന എല്‍ടിടിഇ ക്കാരെ സംരക്ഷണ കസ്റ്റഡിയില്‍ എടുക്കാനും, ശ്രീലങ്കന്‍ അധികാരികളെ എല്‍.ടി.ടി.ഇ മേഖലയിലേക്ക് കടക്കാന്‍ അനുവദിക്കരുതെന്നും ഞാന്‍ പറഞ്ഞതാണ്.

ഇന്ത്യൻ സൈനിക മേധാവി – കൃഷ്ണ സ്വാമി സുന്ദർജിയും IPKF
കമാൻഡർ ഹർ കിരാത്ത് സിങ്ങും ( ഇടത്തേയറ്റം)
ആ സുഹൃത്ത് പറഞ്ഞു( ഹര്‍കിരാത്), ‘ഇല്ല, ഇല്ല, നിങ്ങള്‍ എന്റെ കമാണ്ട് ശൃംഖലയില്‍ ഉള്‍പ്പെടുന്നില്ല. ദയവായി എന്നോട് പറയരുത്. ആദ്യം നിങ്ങള്‍ അത് വിദേശകാര്യ മന്ത്രാലയത്തിന് അയയ്ക്കണം, അവര്‍ അത് പ്രതിരോധ മന്ത്രാലയത്തിന് അയയ്ക്കണം, അവര്‍ അത് സൈനിക ആസ്ഥാനത്തേക്ക് അയയ്ക്കണം, അവര്‍ അത് സതേണ്‍ കമാണ്ടിലേക്ക് അയയ്ക്കണം. പിന്നെ സതേണ്‍ കമാണ്ട് മദ്രാസിനോട് പറയണം. പിന്നെ അവര്‍ എന്നോട് പറയണം, അപ്പോള്‍ മാത്രമേ ഞാന്‍ നടപടിയെടുക്കൂ. ‘ഞാന്‍ പറഞ്ഞു, അപ്പോഴേക്കും എല്ലാം അവസാനിക്കും.
ഇല്ല, ഞാന്‍ അത് ചെയ്യില്ല,’ ഹര്‍കിരാത്ത് പറഞ്ഞു. അതിന്റെ ഫലമായി 17 പേരും കൊല്ലപ്പെട്ടു. എല്‍.ടി.ടി.ഇയോട് പോരാടേണ്ടി വന്നതിന്റെ ആരംഭം അവിടെ നിന്നാണ്. ആ മനുഷ്യന്റെ മണ്ടത്തരം കാരണം എല്‍.ടി.ടി.ഇക്ക് യുദ്ധം ചെയ്യാന്‍ ഒരു കാരണം ലഭിച്ചു.’
എന്നാല്‍ ഒട്ടും തയ്യാറെടുപ്പില്ലായിരുന്നു, വേണ്ടത്ര സജ്ജീകരണങ്ങളുമില്ലായിരുന്നു, അതായിരുന്നു ഐപികെഎഫ്-ന്റെ ശ്രീലങ്കയിലെ അവസ്ഥ. ഐപികെഎ് ന്റെ നിയോഗിക്കപ്പെട്ട ആദ്യ ഓഫീസര്‍മാരില്‍ ഒരാളായ കേണല്‍ ജോണ്‍ ടെയ്ലര്‍ (റിട്ട.) പറയുന്നത്, ഒരു കൈ പിന്നില്‍ കെട്ടിയാണ് ഞങ്ങള്‍ക്ക് യുദ്ധം ചെയ്യേണ്ടി വന്നത്. ശ്രീലങ്കയില്‍ ഇത്രയും വലിയ ഒരു ഓപ്പറേഷനില്‍ വിജയിക്കണമെങ്കില്‍, ഒരു സൈന്യത്തിന് മികച്ച ബുദ്ധിശക്തി, പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനുമുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യം, മികച്ച ലോജിസ്റ്റിക് പിന്തുണ എന്നിവ ഉണ്ടായിരിക്കണമെന്ന് സൈനിക പശ്ചാത്തലമുള്ള ആര്‍ക്കും മനസ്സിലാകും.
മറ്റ് തീവ്രവാദ സംഘടനകളുടെ മേല്‍ എല്‍ടിടിഇയുടെ ആധിപത്യത്തെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയാമായിരുന്നു, പക്ഷേ അവരുടെ നൂതന തന്ത്രങ്ങള്‍, വിഭവസമൃദ്ധി, വമ്പിച്ച ബഹുജന പിന്തുണ, ഏറ്റവും പ്രധാനമായി, അവരുടെ മികച്ച ഇന്റലിജന്‍സ് ശൃംഖല എന്നിവയെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു.
‘വിവരങ്ങള്‍ കൈമാറുന്നതിനുള്ള അവരുടെ സൂക്ഷ്മവും എന്നാല്‍ മാരകവുമായ വിജയകരമായ രീതികളുടെ രണ്ട് ചെറിയ ഉദാഹരണങ്ങള്‍ ടെയ്‌ലര്‍ പറയുന്നു. ഐപികെഎഫ്- ന്റെ ഒരു സൈനിക പട്രോളിംഗ് സംഘം അവരുടെ ക്യാമ്പില്‍ നിന്നോ പോസ്റ്റില്‍ നിന്നോ പോകുമ്പോഴെല്ലാം, അടുത്തുള്ള ക്ഷേത്രമോ പള്ളിയോ പട്രോളിംഗില്‍ എത്ര സൈനികര്‍ ഉണ്ടെന്ന് സൂചിപ്പിക്കാന്‍ എണ്ണം സൂചിപ്പിക്കുന്ന മണി മുഴക്കും. പട്രോളിംഗിലെ അംഗങ്ങളുടെ എണ്ണം എല്‍ടിടിഇ കൃത്യമായി മനസിലാക്കും.’ എണസ്റ്റ് ഹെമിംഗ്വേയുടെ ക്ലാസിക് നോവലിന്റെ മണികള്‍ മുഴങ്ങുന്നത് ആര്‍ക്ക് വേണ്ടി എന്ന തലവാചകം പോലെ- ആര്‍ക്ക് വേണ്ടിയാണ് ഇവിടെ മണി മുഴക്കുന്നത് എന്ന സത്യം പിന്നീടാണ് ഞങ്ങള്‍ മനസ്സിലാക്കിയത്.

IPKF ജാഫ്നയിൽ
ഒരു ഗ്രാമത്തിലൂടെയോ ടൗണ്‍ഷിപ്പിലൂടെയോ ഐപികെഎഎഫ് വാഹനവ്യൂഹം കടന്നുപോകുമ്പോള്‍, ഒരു കൊച്ചുകുട്ടിയോ പെണ്‍കുട്ടിയോ തെരുവിന്റെ അറ്റം വരെ ഓടി പട്രോളിംഗിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറും. അടുത്ത സന്ദേശവാഹകന്‍ സൈക്കിളില്‍ ആയിരിക്കും. അങ്ങനെ സന്ദേശം മുന്നോട്ട് പോകും. ഓരോ 150 മീറ്ററിലും സന്ദേശവാഹകര്‍ മാറിമാറി വരും. അവരെ തടഞ്ഞാലും, ആണ്‍കുട്ടിക്കോ പെണ്‍കുട്ടിക്കോ വഴിയുടെ തന്റെ ഭാഗം മാത്രമേ അറിയൂ. അന്തിമ ലക്ഷ്യസ്ഥാനം ആര്‍ക്കും അറിയില്ലായിരുന്നു. നമ്മളുടെ ഓരോ സൈനിക നടപടിക്കും, ലഭിച്ച പരിതാപകരമായ ഇന്റലിജന്‍സ് തിരിച്ചടിയായി’ ജോണ്‍ ടെയ്‌ലര്‍ പറയുന്നു.
‘മറ്റ് തീവ്രവാദ സംഘടനകളുടെ മേല്‍ എല്‍ടിടിഇയുടെ ആധിപത്യത്തെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയാമായിരുന്നു, പക്ഷേ അവരുടെ നൂതന തന്ത്രങ്ങള്‍, വിഭവസമൃദ്ധി, വമ്പിച്ച ബഹുജന പിന്തുണ, ഏറ്റവും പ്രധാനമായി, അവരുടെ മികച്ച ഇന്റലിജന്‍സ് ശൃംഖല എന്നിവയെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു.’ നമ്മുടെ സൈനിക കമാണ്ടര്‍മാര്‍ക്ക് ഒരിക്കലും സ്വതന്ത്രമായ നിയന്ത്രണം നല്‍കിയിരുന്നില്ല. എപ്പോഴും ‘ഡല്‍ഹിയില്‍ നിന്നുള്ള ഉത്തരവുകള്‍’ ആയിരുന്നു നിയന്ത്രിച്ചിരുന്നത്. നമുക്ക് ശരിയായ ഭൂപടങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ആവശ്യത്തിന് പാചക ഉപകരണങ്ങളോ റേഡിയോ സെറ്റുകളോ പോലും നമുക്ക്ഉണ്ടായിരുന്നില്ല’.
എന്നാല്‍ ജെ. എന്‍. ഭീക്ഷിത് കുറ്റപ്പെടുത്തിയ ഐപികെഎഎഫ് ന്റെ ആദ്യത്തെ കമാണ്ടറായ മേജര്‍ ജനറല്‍ ഹര്‍കിരത് സിംഗ് പറയുന്നത് ഇങ്ങനെ, ‘അവിടെ ഞങ്ങള്‍ പലപ്പോഴും നിസ്സഹായകരായിരുന്നു. എന്തെന്നാല്‍ ശത്രുവിനേയും മിത്രത്തേയും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. എല്‍ടിടിഇ മനുഷ്യ കവചമായി ഉപയോഗിച്ചത് കുട്ടികളെയാണ്. മാത്രമല്ല തോക്കില്‍ മുനയില്‍ കാര്യസിദ്ധി നേടിയിരുന്നു. ഞങ്ങളുടെ ജീവനും വിലപ്പെട്ടതാണ്. ലാന്റ് മൈനുകളും അപകടകരമായ കെണികളും ദൂരെ ഇരുന്നു കൊണ്ടു പ്രാവര്‍ത്തികമാക്കാനായി എല്‍ടിടിഇ ഉപയോഗിച്ചിരുന്നത്.
എന്റെ അഭിപായത്തില്‍ എല്‍ടിടിഇ യും കൊളംബോയിലുള്ള ശ്രീലങ്കന്‍ അധികാരികളും ഐപികെഎഎഫ്- നെ കരിവാരി പൂശാന്‍ പലതന്ത്രങ്ങളും പയറ്റിയിരുന്നു. ഐപികെഎഎഫ്-ന് മാനഹാനി വരുത്തിനായി ചില ഇന്ത്യന്‍ അധികാരികള്‍ പോലും ശ്രീലങ്കയോട് കൂട്ടു ചേര്‍ന്ന് കിണഞ്ഞു പരിശ്രമിക്കുന്നതിനെക്കുറിച്ച് ഞാനൊരിക്കല്‍ ചൂണ്ടിക്കാട്ടുക മാത്രമല്ല. താക്കീതും നല്‍കിയിരുന്നു.

ജാഫ്നയിൽ ക്ലൈമോർ മൈൻ വെച്ച് LTTE
തകർത്ത ഇന്ത്യൻ ടാങ്കുകൾ
ഐപികെഎഎഫ്-ന്റെ ശ്രീലങ്കയില്‍ സംഭവിച്ച അടിസ്ഥാനപരമായ പിഴവിനെ കുറിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു; ‘യുദ്ധം തുടങ്ങിയ സമയം തന്നെയാണ് പിഴവിന് അടിസ്ഥാനം. മണ്‍സൂണിന്റെ മധ്യകാലഘട്ടമായിരുന്നു അത്. മണ്‍സൂണ്‍ കഴിഞ്ഞ് യുദ്ധം തുടങ്ങിയിരുന്നെങ്കില്‍ ഇത്രയും മോശമാവുമായിരുന്നില്ല.’ പാരാ കാമാണ്ടോസ് എന്ന സ്‌പെഷ്യല്‍ ടീം ഞങ്ങള്‍ക്കുണ്ടായിരുന്നു. ആക്രമിക്കേണ്ട സ്ഥലങ്ങളിലെക്ക് ചോപ്പര്‍ (ഹെലികോപ്റ്റര്‍) ഉപയോഗിച്ച് അവരെ ഇറക്കി വിടുകയാണ് പതിവ്. പ്രഭാകരന്റെ വാസസ്ഥലം ജാഫ്‌ന മെഡിക്കല്‍ കോളേജിനടുത്താണെന്ന് ഇത്തരമൊരു ആക്രമണത്തില്‍ നിന്നാണ് ഞങ്ങള്‍ക്കു മനസിലാലായത്. എന്നിട്ടും ഞങ്ങള്‍ക്ക് പ്രഭാകരനെ പിടി കൂടാനായില്ല. ഞങ്ങള്‍ അവിടെ എത്തുമ്പോഴേക്കും പ്രഭാകരന്‍ രക്ഷപ്പെട്ടിരുന്നു.
ഹൈക്കമാന്റ് സംഭവിച്ചതിന്റെയെല്ലാം ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ട്. ഗ്രൗണ്ട് ഫോഴ്‌സിനെ കുറ്റപ്പെടുത്തിയിട്ട് എന്ത് കാര്യം? മേജര്‍ ജനറല്‍ ഹര്‍കിരത് സിംഗ് 1991 ല്‍ ഒരു അഭിമഖത്തില്‍ പറഞ്ഞു. ചുരുക്കത്തില്‍ ഇന്ത്യയിലെ നയതന്ത്രതലവും സൈനിക തലവും പരസ്പരം പഴിചാരിയെന്നതാണ് ശീലങ്കയിലെ ഇന്ത്യന്‍ ഇടപെടലിന്റെ ബാക്കി പത്രം.
1987 ഒക്ടോബര്‍ 10 ന്, ഐപികെഎഎഫ് ഒരു വലിയ സൈനിക ആക്രമണം ആരംഭിച്ചു. എല്‍ടിടി-യെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ജാഫ്‌ന ഉപ്പിലെ കൊക്കുവിലില്‍ അമ്പതിലധികം തമിഴ് സിവിലിയന്മാരെ വെടിവച്ചു കൊന്നു. 1987 അവസാന മാസങ്ങളിലും 1988 ല്‍ ആദ്യവും നടന്നത്, എല്‍.ടി.ടി.ഇയുടെ വ്യാഖ്യാനത്തില്‍ തമിഴ് ജനതയ്ക്കെതിരായ ഒരു ‘ദയയില്ലാത്ത യുദ്ധം’ ആയിരുന്നു അത്. തമിഴ് ഹൃദയഭൂമിയായ ജാഫ്നയ്ക്കുവേണ്ടിയുള്ള യുദ്ധം ഉപദ്വീപിനെ ഒരു കൊലക്കളമാക്കി മാറ്റി. പുലികളെ വേഗത്തില്‍ തകര്‍ക്കാന്‍ ദൃഢനിശ്ചയിച്ച ഐ.പി.കെ.എഫ്, ‘ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ഏറ്റവും ക്രൂരമായ രീതിയില്‍ ലഭ്യമായ എല്ലാ വെടിവയ്പ്പ് ശക്തിയും’ അഴിച്ചുവിട്ടു. സാധാരണക്കാര്‍ ആക്രമണത്തില്‍ കുടുങ്ങി.
എല്‍.ടി.ടി.ഇയുടെ പ്രത്യാക്രമണത്തില്‍ ഇന്ത്യന്‍ സൈനികര്‍ തങ്ങളുടെ രോഷം ജനങ്ങളോട് പ്രകടിപ്പിച്ചു. ‘സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരപരാധികളായ സാധാരണക്കാരെ ഏറ്റവും ക്രൂരമായ രീതിയില്‍ കൂട്ടക്കൊല ചെയ്തു. വീടുകള്‍ നശിപ്പിക്കപ്പെട്ടു, ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടു, കടകള്‍ കൊള്ളയടിക്കപ്പെട്ടു,’ എല്‍.ടി.ടി.ഇ പിന്നിട് ആരോപിച്ചു. ആക്രമണം ആരെയും വെറുതെ വിട്ടില്ല. അവര്‍ ശക്തമായ ഇന്ത്യാ വിരുദ്ധ’ പ്രചരണം അഴിച്ച് വിട്ടു.

LTTE ഒളിപ്പോരാളി IPKF യുദ്ധക്കാലത്ത്
തമിഴ് സ്ത്രീകള്‍ക്ക് നേരെയാണ് ഏറ്റവും മോശമായ പീഡനങ്ങള്‍ നടന്നത്: ‘നൂറുകണക്കിന് തമിഴ് സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്തു, അവരില്‍ ഭൂരിഭാഗവും ലൈംഗിക അതിക്രമത്തിന് ശേഷം കൊല്ലപ്പെട്ടു,’ എന്ന് എല്‍ടിടിഇ ആരോപിച്ചു. ഈ ക്രൂരത, ‘ജനങ്ങളുടെ വികാരങ്ങളെ ആഴത്തില്‍ മുറിവേല്‍പ്പിച്ചു’, ഇന്ത്യയോടുള്ള തമിഴ് ജനതയുടെ ആദ്യകാല സൗഹാര്‍ദ്ദം വെറുപ്പായി മാറി. ‘ഐപികെഎഫ്’ ഇപ്പോള്‍ ‘ഇന്നസെന്റ് പീപ്പിള്‍സ് കില്ലിംഗ് ഫോഴ്സ്’ എന്നായി മാറിയെന്ന് ജാഫ്‌നയില്‍ പുലികള്‍ പ്രചരിപ്പിച്ചു.
1987 ഒക്ടോബര്‍ 21-ന് രാത്രി, ഇന്ത്യന്‍ സൈന്യം ജാഫ്‌നയിലെ ഒരു ആശുപത്രിയിലേക്ക് ഇരച്ചുകയറി. മുന്‍ ദിവസത്തെ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ സാധാരണക്കാര്‍ അവിടെയുണ്ടായിരുന്നു. ആശുപത്രി കെട്ടിടത്തിലേക്ക് അതിക്രമിച്ചുകയറിയ ഇന്ത്യന്‍ സൈന്യം ഗ്രനേഡുകള്‍ എറിയുകയും ജീവനക്കാര്‍ക്കും രോഗികള്‍ക്കും നേരെ വിവേചനരഹിതമായി വെടിയുതിര്‍ക്കുകയും ചെയ്തപ്പോള്‍ 21 മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 68 സാധാരണക്കാര്‍ കൊലപ്പെട്ടു. റെയ്ഡിന് മുമ്പ് കെട്ടിടത്തിന് നേരെ പീരങ്കികള്‍ ഷെല്ലാക്രമണം നടത്തിയിരുന്നു.
ശ്രീലങ്കയില്‍ ഐപികെഎഎഫ് നടത്തിയ ഓപ്പറേഷന്‍ എല്‍ടിടിഇ വന്‍ രീതിയില്‍ ഇന്ത്യക്കെതിരെ പ്രചാരണായുധമാക്കി. തമിഴ് വംശജര്‍ക്കെതിരെ ഐപികെഎഫ് നടത്തിയ കൊടും ക്രൂരതകള്‍ ‘The Satanic Force ‘ എന്ന പേരില്‍ ഫോട്ടോകളും വിവരണങ്ങളും ചേര്‍ന്ന് ഒരു പുസ്തകം തന്നെ എല്‍ടിടിഇ പുറത്തിറക്കി. ഈ പുസ്തകത്തില്‍ ഊന്നി പറയുന്ന കാര്യം ശ്രീലങ്കയിലെ കുഴപ്പങ്ങള്‍ക്കെല്ലാം കാരണം രാജീവ് ഗാന്ധിയാണ് എന്നാണ്.

IPKF ൻ്റെ ക്രൂരത വിവരിക്കുന്ന ദി സത്താനിക്ക് ഫോഴ്സ്
അതിനിടെ ഇന്ത്യയിലും ശീലങ്കയിലും ഭരണമാറ്റമുണ്ടായി. ഒരു അന്യരാജ്യത്ത് ഇടപെട്ട് ഇന്ത്യന്‍ സേനക്ക് നേരിട്ട അപമാനവും, ആള്‍ നാശവും നാശനഷ്ടങ്ങളും ഇന്ത്യയില്‍ കൊടുംവിമര്‍ശനത്തിനിരയായി.
ഇന്ത്യയിലെ പുതിയ പ്രധാനമന്ത്രി വി.പി. സിങ്ങ് ഐപികെഎഫ്-നെ ശ്രീലങ്കയില്‍ നിന്ന് പിന്‍വലിക്കാന്‍ തീരുമാനിച്ചു. ശ്രീലങ്കയില്‍ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റ പ്രേമദാസ ഇന്ത്യാ- ശീലങ്ക കരാറിനെ ശക്തമായി എതിര്‍ത്ത നേതാവായിരുന്നു. അയാള്‍ പുലികള്‍ക്ക് ഐപികെഎഫിനെതിരായ് യുദ്ധം ചെയ്യാന്‍ പണവും ആയുധങ്ങളും നല്‍കി സഹായിച്ചു. കൂടാതെ സിംഹള ഇടതു പക്ഷ പാര്‍ട്ടിയായ ജനതാ വിമുക്തി പെരുമന (JVP) ഒരു അന്യരാജ്യത്തെ സൈന്യം തങ്ങളുടെ രാജ്യത്ത് പ്രവേശിച്ചതിനെ ശക്തമായി എതിര്‍ത്ത് മധ്യശീലങ്കയില്‍ കലാപം അഴിച്ച് വിട്ടു. തെക്ക് ജെ.വി.പി കലാപം. വടക്ക് എല്‍ടിടിഇ യുടെ കൊടുംയുദ്ധം. അതോടെ ശ്രീലങ്ക കലാപഭൂമിയായി മാറി.

ക്ലൈമോർ മൈൻ
ഒരു അന്യരാജ്യത്ത് തമിഴ് ജനതയുടേയും ശ്രീലങ്കന്‍ ഭരണകൂടത്തിന്റെ ശത്രുവായി ഐപികെഎഫ് മാറി. ലോകത്തിലെ നാലാമത്തെ സൈനിക ശക്തിയായ ഇന്ത്യന്‍ സൈന്യത്തിന്റെ സേനാവിഭാഗമായ ഐപികെഎഫ്- നെ കുറച്ചൊന്നുമല്ല എല്‍ടിടിഇ വെള്ളം കുടിപ്പിച്ചത്. ഐപികെഎഫിന്റെ അക്രമണം രൂക്ഷമായപ്പോള്‍ പ്രഭാകരന്‍ എല്‍ടിടിഇ പടയുമായി. വന്നിയിലെ കൊടുംകാടുകളിലേക്ക് പിന്‍വലിഞ്ഞു .
എങ്കിലും ഇന്ത്യന്‍ സേനാ വിഭാഗത്തിന് കനത്ത നാശനഷ്ടം വിതയ്ക്കാന്‍ എല്‍ടിടിഇ- ക്ക് കഴിഞ്ഞു.
ഐപികെഎഫ്-ന് ശ്രീലങ്കയിലെ പുലികളുമായുള്ള പോരാട്ടം ഒരു ഭീകരാനുഭവമായിരുന്നു. ജാഫ്‌നയില്‍ എത്തിയ ആദ്യ ഘട്ടത്തില്‍ ഒരു ശ്രീലങ്കന്‍ കേണലുമായി സംസാരിച്ച ഐപികെഎഫ് ന്റെ മേജറിന് ശ്രീലങ്കന്‍ കേണല്‍ മൈനുകളിലും സ്‌ഫോടക വസ്തുക്കളിലും എല്‍ടിടിഇ-ക്കുള്ള വൈദഗ്ധ്യത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ സൈന്യത്തിന് നാഗാലാന്റിലും മിസോറാമില്ലുമുള്ള ഒളിപ്പോരുകാര്‍ക്കെതിരെ പൊരുതിയ അനുഭവ സമ്പത്തുണ്ടെന്ന് പറഞ്ഞ് ഇന്ത്യന്‍ മേജര്‍ ആ മുന്നറിയിപ്പ് തള്ളിക്കളഞ്ഞു.
‘എന്നാല്‍ നിങ്ങള്‍ ഇവിടെ നേരിടുന്ന ഓരോ പുലിക്കും ശാസ്ത്രത്തില്‍ നല്ല പരിജ്ഞാനമുണ്ടെന്നതാണ് പ്രശ്‌നം’, ആ ശ്രീലങ്കന്‍ കേണല്‍ പറഞ്ഞു.
അടുത്ത ആഴ്ച തന്നെ എല്‍ടിടിഇ യുടെ സ്‌ഫോടക സംവിധാനം ഉപയോഗിച്ച് പുലികള്‍ തുടര്‍ച്ചയായി മൂന്ന് ഇന്ത്യന്‍ സൈനിക വാഹനങ്ങള്‍ നശിപ്പിച്ചത്തോടെ ഐപികെഎഫുകാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയ ശ്രീലങ്കന്‍ കേണലിന്റെ ഉപദേശം തേടി പാഞ്ഞു. ‘
സ്‌ഫോടക വസ്തുക്കള്‍ അനായാസേന കൈകാര്യം ചെയ്യാനുള്ള പുലികളുടെ പാടവം ആദ്യ തന്നെ വ്യക്തമായി. ഐപികെഎഫ്- ന്റെ കൊല്ലപ്പെട്ട 60% സൈനികര്‍ മൈന്‍ പൊട്ടിത്തെറിച്ചോ സ്‌ഫോടക വസ്തുക്കള്‍ പാകിയ കെണിയില്‍പ്പെട്ടോ ആണ് കൊല്ലപ്പെട്ടത്. ജാഫ്‌നയിലേക്കുള്ള മാര്‍ഗങ്ങളിലെല്ലാം പുലികള്‍ മൈന്‍ പാകി മരണക്കെണിയൊരുക്കി.
മെറ്റല്‍ ഡിക്റ്റര്‍ വഴി കണ്ടു പിടിക്കാന്‍ പറ്റാത്ത, ഒരു തുണ്ട് ലോഹം പോലും ഇല്ലാത്ത സ്‌ഫോട്ക വസ്തുക്കള്‍ അടങ്ങിയ മൈനുകള്‍ അവര്‍ പൊള്ളയായ തെങ്ങും തടികളില്‍ ഒളിപ്പിച്ചു വച്ചു. പീരങ്കി ഘടിപ്പിച്ച 15 ടണ്‍ ടി – 22 ടാങ്കുകള്‍ പോലും തകര്‍ക്കാന്‍ ശേഷിയുള്ള മൈനുകളായിരുന്നു അത്. ഈ മൈനുകള്‍ പതിയിരുന്നു പൊട്ടിക്കുന്നതില്‍ പുലികള്‍ വിദഗ്ധരായിരുന്നു. നിരനിരയായ് കടന്നുപോകുന്ന മറ്റ് വാഹനങ്ങള്‍ കടത്തി വിട്ട് പുലികള്‍ കാത്തിരിക്കും. തകര്‍ക്കേണ്ട കവചിത സൈനിക വാഹനം ഒളിപ്പിച്ച മൈനിനരികില്‍ എത്തിയാല്‍ അടുത്തു മറഞ്ഞിരിക്കുന്ന എല്‍ടിടിഇ ഒളിപ്പോരാളി മൈനിന്റെ സ്വിച്ചമര്‍ത്തുന്നു. സങ്കീര്‍ണമായ വൈദ്യുത ശ്യംഖലയിലൂടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഏതെങ്കിലും വീടുമായി മൈന്‍ ബന്ധിപ്പിച്ചിരിക്കും.

ഒളിപ്പോരു നടത്തുന്ന തമിഴ് പുലികളുടെ ഇരിപ്പിടം. ക്ലൈമോർ മൈനുമായി തമിഴ് പുലിപ്പാരാളി
ഈ കാരണത്താല്‍ ഒളിത്താവളത്തിലെ പുലികളെ കണ്ടെത്താനോ മൈന്‍ നിര്‍വീര്യമാക്കാനോ സാധിക്കാതെ പോകുന്നു. മനുഷ്യവേധ കുതിര ലാടരൂപത്തിലുള്ള ക്ലേ മോര്‍ മൈനുകള്‍ ജാഫ്‌നക്കുള്ള വഴിയരികിലുള്ള വീടിന്റെ ചുമരുകളില്‍ ഒളിപ്പിച്ച് വെച്ച് എല്‍ടിടിഇ ഗറില്ലകള്‍ അവ പൊട്ടിച്ചു. ഗുര്‍ഖാ റെജിമെന്റിലെ ഒരു സൈനിക മേധാവി തന്റെ സഹപ്രവര്‍ത്തകനായ അനില്‍ ദീപക് ഗാര്‍ഡനറുടെ ഒരു കാല്‍ ഇത്തരം ക്ലൈമോര്‍ സ്‌ഫോടനത്തില്‍ അപ്പാടെ ചിന്നി തകര്‍ന്ന സംഭവം ഓര്‍ക്കുന്നു.” ‘ഞങ്ങള്‍ കഴിവിന്റെ പരമാവധി ശ്രമിച്ചു. പക്ഷെ, മൈനുകള്‍ കണ്ടെത്താനോ അവ നീര്‍വീര്യമാക്കാനോ കഴിഞ്ഞില്ല. അവസാനം ഉപദ്വീപിലെ വൈദ്യുതി അപ്പാടെ വിഛേദിക്കാന്‍ തീര്‍ച്ചയാക്കി. അതോടെ മരണ സഖ്യ പെട്ടെന്ന് കുറഞ്ഞു’.
പക്ഷേ, സ്ഥിരമായി വൈദ്യുതി വിഛേദിക്കാന്‍ സാധിക്കില്ലായിരുന്നു. തുടര്‍ന്നും നടന്ന ചോരക്കളിയില്‍ ഐപികെഎഫ് വലഞ്ഞു എന്ന് മാത്രമല്ല, ആള്‍ നാശവുമനുഭവിച്ചു. ജാഫ്‌നയിലേക്കുള്ള വഴിയിലെ കലുങ്കുകള്‍ കടന്നു പോകുന്ന ഐപികെഫ് വാഹന വ്യൂഹനങ്ങളെ തകര്‍ക്കാന്‍ പുലികള്‍ മരണക്കെണിയൊരുക്കി. ഒരു പാലമോ കലുങ്കോ ഐപികെഎഫ് വാഹന വ്യൂഹം കടക്കും മുന്‍പ് ഒരു സ്‌ക്വാഡിനെ വിട്ട് അവക്കിടയില്‍ മൈനുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുമായിരുന്നു. ഇത് മനസിലാക്കിയ പുലികള്‍ കലുങ്കിനടിയിലുള്ള വഴികളില്‍ മൈനുകള്‍ പാകി കൂടാതെ നാഴിക കല്ലുകള്‍ക്കടിയിലും മൈനുകള്‍ കുഴിച്ചിട്ടു. സ്‌ക്വാഡിന്റെ കമാണ്ടറോ സംഘത്തിലെ തമിഴ് അറിയാവുന്ന സൈനികനോ നാഴികക്കല്ലില്‍ എഴുതിയത് വായിച്ചറിയാന്‍ അടുത്തെത്തുമ്പോള്‍ ഒളിഞ്ഞിരിക്കുന്ന മൈന്‍ അവരുടെ മുഖത്തേക്ക് പൊട്ടിത്തെറിച്ച് കൊല്ലപ്പെടുന്നു.
ഉയരമുള്ള തെങ്ങില്‍ എറുമാടം കെട്ടി പതിയിരിക്കുന്ന പുലികള്‍ ഐപികെഎഫ് സൈനിക വ്യൂഹത്തെ നട്ടം തിരിച്ചു. ഐപികെഎഫ് വ്യൂഹങ്ങളില്‍ ഓഫീസര്‍മാരെ തെരഞ്ഞ് പിടിച്ചു വെടി വെച്ച് വീഴ്ത്താനുള്ള എല്‍ടിടിഇ ഒളിപ്പോരാളികളുടെ അപാര ബുദ്ധിയില്‍ ഐപികെഎഫ് സേനകള്‍ തരിച്ചിരുന്നു പോയി. അതോടെ ഓഫിസര്‍മാര്‍ അവരെ തിരിച്ചറിയാനുള്ള ഔദ്യോഗിക ചിഹ്നങ്ങള്‍, തൊപ്പിയും മറ്റും ഒഴിവാക്കണമെന്ന് ഉന്നത സൈനിക ഉദ്യോഗസ്ഥന്മാര്‍ നിര്‍ദേശിച്ചു.
‘ഞങ്ങള്‍ നാഗന്‍മാരെയും മിസോകളേയും, സുവര്‍ണ്ണ ക്ഷേത്രത്തിലെ സിഖുകാരേയും നേരിട്ടു. എന്നാല്‍ ഇവരൊന്നും ഹീനകൃത്യത്തിലും കാപട്യത്തിലും ധൈര്യത്തിലും തമിഴ് പുലികള്‍ക്കൊപ്പം വരില്ല’ ഇന്‍ഫന്റി റെജിമെന്റിലെ അനുഭവ സമ്പത്തുള്ള ഒരു സൈനികന്‍ പറഞ്ഞു.
ആദ്യ വട്ട പോരാട്ടത്തില്‍ പങ്കെടുത്ത മേജര്‍ വര്‍ഗീസിന്റെ ദുരന്തം ഞെട്ടിക്കുന്നതായിരുന്നു. ഇന്‍ഫ്രന്റ്‌റി റെജിമെന്റിലെ തമിഴ് അറിയാവുന്ന എക സേനാംഗമായ മേജര്‍ വര്‍ഗീസ് ഓപ്പറേഷനിടയില്‍ സംഭീതരായ സ്ത്രീകള്‍ താമസിക്കുന്ന ഒരു വീട്ടില്‍ അവരെ ആശ്വസിപ്പിക്കാനായി കടന്നു ചെന്നു. പെട്ടെന്ന് അവിടെയുണ്ടായിരുന്ന ഒരു വൃദ്ധ പെട്ടെന്ന് ഒരു കൈത്തോക്ക് എടുത്ത് വര്‍ഗീസിന് നേരെ വെടി വെച്ചു. അതോടെ വടക്കു കിഴക്കന്‍ ശീലങ്കയിലെ സ്ത്രീകളെ ലാഘവത്തോടെ കാണരുതെന്ന് ഐപികെഎഫുകാര്‍ പഠിച്ചു.

വേലുപ്പിള്ള പ്രഭാകരൻ വന്നിയിലെ കാടുകളിലെ ഒളിത്താവളത്തിൽ
1990 ഒക്ടോബറില്‍ ഇന്ത്യ ഭരിച്ചിരുന്ന വി.പി.സിംഗ് ദേശീയ മുന്നണി മന്ത്രിസഭക്ക് നല്‍കിയ പിന്‍തുണ പിന്‍വലിക്കുമെന്ന് ബി.ജെ. പി. ഭീഷണി മുഴക്കുന്ന കാലമായിരുന്നു അത്. ഡല്‍ഹിയിലെ ഈ രാഷ്ട്രീയ പ്രകമ്പനങ്ങള്‍ ശ്രീലങ്കയിലെ എല്‍. ടി. ടി. ഇ കേന്ദ്രത്തിലുമെത്തി. വളരെ പ്രാധാന്യമര്‍ഹിക്കുന്ന ആ വിഷയം വിശകലനം ചെയ്യാന്‍ ജാഫ്‌നയിലെ കൊടുംകാട്ടിലെ ഒളിത്താവളത്തില്‍ എല്‍. ടി. ടി. ഇ നേതാവ് പ്രഭാകരന്‍ തന്റെ ഉന്നത നേതാക്കളുമായി സമ്മേളിച്ചു. കോണ്‍ഗ്രസിന്റെ വന്‍ വിജയത്തോടെ വീണ്ടും രാജീവ് ഗാന്ധി അധികാരത്തില്‍ തിരിച്ചുവരുമെന്ന് ഉറപ്പായിരിക്കുമെന്ന് അപ്പോഴത്തെ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വെച്ച് അവര്‍ കണക്കു കൂട്ടി. അത് എല്‍. ടി.ടി.ഇ. ക്ക് ഒട്ടും ഹിതകരല്ലായിരുന്നു. അങ്ങിനെ സംഭവിച്ചാല്‍ വീണ്ടും രാജീവ് ഗാന്ധി ശ്രീലങ്കയിലേക്ക് ഐപികെഎഫ് നെ അയക്കുമെന്നും അതിന് മുന്‍പ് തമിഴ്‌നാട്ടിലെ എല്‍.ടി.ടി.ഇ ശ്യംഖലയെ വേരോടെ പിഴുതെറിയുമെന്ന വസ്തുത വന്‍ ഭീഷണിയായി പുലിത്തലവനെ അലട്ടി. ഇത് തടയാന്‍ ഒരു പരിഹാരമേയുള്ളൂ, അധികാരത്തില്‍ വരും മുന്‍പ് രാജീവ് ഗാന്ധിയെ വധിക്കുക. പ്രധാനമന്ത്രിയല്ലാത്ത, സുരക്ഷാ സംവിധാനമില്ലാത്ത രാജീവിനെ ഇലക്ഷന്‍ പ്രചരണത്തില്‍ വധിക്കാന്‍ എളുപ്പത്തില്‍ സാധിക്കുമെന്ന തിരിച്ചറിവ് പുലിത്തലവന് ആ ക്രൂരമായ തീരുമാനമെടുക്കാന്‍ പ്രേരണയായി. രാജീവ് ഗാന്ധിയുടെ നിഷ്ഠുരമായ വധത്തിന്റെ എല്‍ടിടിഇ-യുടെ പദ്ധതികളുടെ തുടക്കം ഇതായിരുന്നു.
1987 ജൂലൈ മുതല്‍ 1990 മാര്‍ച്ച് വരെ ഈഴം പുലികളും ഐപികെഎഫ്-മായി കൊടും യുദ്ധം തന്നെ നടന്നു. ഒടുവില്‍ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്ന് പോലും നേടാന്‍ കഴിയാതെ ശ്രീലങ്കയില്‍ സമാധാനം സ്ഥാപിക്കുന്നതിന് പകരം അങ്ങേയറ്റം ക്രൂരമായ ഒരു രക്തച്ചൊരിച്ചിലിന്റെ ചരിത്രം എഴുതി ചേര്‍ത്ത് ഐപികെഎഫ് നാണം കെട്ട് ശ്രീലങ്കയില്‍ നിന്ന് പിന്‍വാങ്ങി. 1500 സൈനികര്‍ കൊല്ലപ്പെടുകയും 800 ഓളം പേര്‍ അംഗവിഹീനരായും മാറിയ, കോടിക്കണക്കിന് രൂപയുടെ നഷ്ടവും വരുത്തി വെച്ച സര്‍വ്വാബദ്ധമായിരുന്നു ശ്രീലങ്കയിലെ ഇന്ത്യന്‍ ഇടപെടല്‍.

ശ്രീലങ്ക വിടുന്ന IPKF ഭടന്മാരും സൈനിക മേധാവി കൽക്കത്തും ട്രിങ്കോ മാലി തുറമുഖത്ത് (1990 ഏപ്രിൽ)
1990 മാര്‍ച്ച് 24 ന് ഐപികെഎഫ് ന്റെ അവസാന സൈനിക സംഘം ശ്രീലങ്ക വിട്ടു.
അതിന് സാക്ഷിയായ അനിതാ പ്രതാപ് എഴുതുന്നു.
‘രണ്ടായിരം ഇന്ത്യന്‍ ഭടന്മാരുടെ അവസാനത്തെ സംഘം (ശ്രീലങ്കയില്‍ നിന്ന് യാത്രയാകുന്നത് കാണാന്‍ ശ്രീലങ്കന്‍ ക്യാബിനറ്റിലെ മന്ത്രി രഞ്ചന്‍ വിജരത്‌നയോടൊപ്പം ട്രിങ്കോമാലി കടല്‍പ്പാലത്തില്‍ നിന്നിരുന്ന ചുരുക്കം ചില ഇന്ത്യക്കാരില്‍ ഞാനുമുണ്ടായിരുന്നു. ദുഃഖകരവും നാണം കെട്ടതുമായ ഒരു ഒഴിഞ്ഞ് പോക്ക്. ദ്വീപില്‍ വന്നിറങ്ങിയപ്പോള്‍ ലഭിച്ച ആഘോഷ പൂര്‍ണമായ സ്വീകരണത്തിന് നേരെ വിപരീതം. അന്ന് ആയിരക്കണക്കിന് തമിഴര്‍ തെരുവുകളില്‍ അണി നിരന്ന് പുഷ്പവൃഷ്ടി ചൊരിഞ്ഞാണ് ഇന്ത്യന്‍ സൈന്യത്തെ വരവേറ്റത്. ശ്രീലങ്കയിലെ ഇടപെടല്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള ഏറ്റവും വലിയ അബദ്ധമായിരുന്നു. ഇന്ത്യന്‍ സമാധാന സംരക്ഷണ സേന ഇന്ത്യ വിട്ടു പോകുന്നതിന് ഒരു ദിവസം മുന്‍പ് പ്രശസ്ത ചരിത്രകാരിയായ ബാബറാ ടച്ച് മാനിന്റെ ‘വിഡ്ഢിത്തത്തിന്റെ പ്രയാണം; ട്രോയ് മുതല്‍ വിയറ്റ്‌നാം വരെ'( The March of Folly: From Troy to Vietnam- by Barbara Tuchman.) എന്ന പുസ്തകം ചൂണ്ടികാണിച്ച് ഒരു ഇന്ത്യന്‍ മേജര്‍ ജനറല്‍ എന്നോട് പറഞ്ഞു.’ അതിന്റെ കൂടെ നമുക്ക് ശ്രീലങ്കയേയും ഉള്‍പ്പെടുത്താം’.
ഇന്ത്യന്‍ സൈന്യത്തിനേറ്റ അപമാനം തീര്‍ന്നില്ല. ഐപികെഎഫ് സൈനിക ട്രൂപ്പ് ശ്രീലങ്ക വിട്ട് മദ്രാസ് തുറമുഖത്ത് എത്തിയപ്പോള്‍ അവരെ സ്വീകരിക്കാന്‍ വിസമ്മതിച്ച് തമിഴ് നാട് മുഖ്യമന്ത്രിയും സംസ്ഥാന ഭരണവും അവര്‍ക്ക് നല്‍കിയ സ്വീകരണം ബഹിഷ്‌കരിച്ചു. ‘അത് അനാവശ്യമായ ഒരു പ്രവൃത്തിയാണെന്ന് ഞാന്‍ കരുതുന്നു. അപ്പോള്‍ അന്നത്തെ പ്രതിരോധ മന്ത്രി രാജാ രാമണ്ണ ഡല്‍ഹിയില്‍ നിന്നും മറ്റുള്ളവര്‍ ഡല്‍ഹിയില്‍ നിന്നും വന്നു. സംസ്ഥാന ഗവര്‍ണര്‍ ഡോ പി .സി അലക്‌സാണ്ടര്‍ അവിടെ ഉണ്ടായിരുന്നു. പക്ഷേ അത് ഒരു മോശം അനുഭവമായി. ശ്രീലങ്കയിലല്ല നമ്മുടെ സൈന്യം അപമാനിക്കപ്പെട്ടത് ഇന്ത്യയിലാണ്. ഐപികെഎഫ് ന്റെ കമാണ്ടര്‍ ലഫ്റ്റന്റ് ജനറല്‍ എ.എസ്. കല്‍ക്കത്ത് ഇതേ കുറിച്ച് പറഞ്ഞു. ഇന്ത്യയുടെ വിയറ്റ്‌നാം എന്ന് പിന്നിട് സൈനിക വിദ്ഗധര്‍ പേരിട്ട് വിളിച്ച ശ്രീലങ്ക എല്ലാ കാലത്തും ഇന്ത്യക്ക് തലവേദനയായി തുടരുന്നു. The IPKF-LTTE conflict and the flawed India-Sri Lanka Accord
Content Summary; The IPKF-LTTE conflict and the flawed India-Sri Lanka Accord
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.