ഹോളിവുഡ് ചിത്രം ‘ടോപ്പ് ഗണ്‍’ ലൂടെ ലോകപ്രശസ്തമായ എഫ്-14 ടോംകാറ്റ് യുദ്ധവിമാനങ്ങള്‍ ഇന്നും സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ലോകത്തിലെ ഏക രാജ്യമാണ് ഇറാന്‍. ഗ്രുമ്മന്‍ എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത, ഇരട്ട എഞ്ചിനും സാഹചര്യത്തിനനുസരിച്ച് മാറ്റാന്‍ കഴിയുന്ന വിംഗുകളുമുള്ള ഈ സൂപ്പര്‍സോണിക് വിമാനം ഒരുകാലത്ത് ആകാശത്തെ അജയ്യമായ ശക്തിയായിരുന്നു.
ഒരുകാലത്ത് യുഎസ് വിമാനവാഹിനിക്കപ്പലുകളിലെ കരുത്തനായിരുന്ന ഈ പോര്‍വിമാനം ഇന്ന് ഇറാന്റെ വ്യോമപ്രതിരോധത്തിന്റെ ഭാഗമായി തുടരുന്നു. വ്യോമയുദ്ധങ്ങളില്‍ എഫ്-14 വിമാനങ്ങള്‍ തങ്ങളുടെ മികവ് പലതവണ തെളിയിച്ചിട്ടുണ്ട്. അത്യന്തം ശക്തമായ റഡാര്‍ സംവിധാനവും, എഫ്-14 വിമാനങ്ങള്‍ക്ക് മാത്രം വഹിക്കാന്‍ കഴിയുന്ന എഐഎം-54 ഫീനിക്സ് എന്ന ദീര്‍ഘദൂര എയര്‍-ടു-എയര്‍ മിസൈലുമാണ് ഈ വിമാനത്തിന്റെ പ്രധാന കരുത്ത്. ദൂരപരിധി ഏറിയ കപ്പല്‍ വിരുദ്ധ മിസൈലുകള്‍ വഹിക്കുന്ന തന്ത്രപരമായ ബോംബറുകളില്‍ നിന്ന് അമേരിക്കന്‍ വിമാനവാഹിനിക്കപ്പലുകളെയും അവയുടെ സന്നാഹങ്ങളെയും സംരക്ഷിക്കുക എന്നതായിരുന്നു എഫ്-14-ന്റെ പ്രാഥമിക ദൗത്യം. എങ്കിലും, കാലപ്പഴക്കം കണക്കിലെടുത്ത് യുഎസ് സൈന്യം ഈ യുദ്ധവിമാനങ്ങളെ പിന്നീട് സര്‍വീസില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു.
അന്താരാഷ്ട്ര ഉപരോധങ്ങള്‍ മൂലം ദശാബ്ദങ്ങളായി സ്‌പെയര്‍ പാര്‍ട്‌സുകള്‍ ലഭിക്കാത്തത് ഇറാന്റെ വ്യോമസേനയെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇത് മറികടക്കാന്‍ ‘കാനിബലൈസേഷന്‍’എന്ന രീതിയാണ് ഇറാന്‍ പിന്തുടരുന്നത്. അതായത്, ലഭ്യമായ കുറച്ച് വിമാനങ്ങളെങ്കിലും പറത്താന്‍ വേണ്ടി, നിലവിലുള്ള മറ്റ് വിമാനങ്ങള്‍ പൊളിച്ചുമാറ്റി അവയിലെ ഭാഗങ്ങള്‍ ഉപയോഗിക്കുന്നു. വിമാനഭാഗങ്ങള്‍ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ ശ്രമിച്ചെങ്കിലും അതില്‍ പൂര്‍ണ്ണ വിജയം നേടാന്‍ ഇറാന് കഴിഞ്ഞിട്ടില്ല.
യുദ്ധവിമാനങ്ങളുടെ ഭാഗങ്ങള്‍ റിവേഴ്സ് എഞ്ചിനീയറിംഗിലൂടെ തദ്ദേശീയമായി നിര്‍മ്മിക്കാന്‍ ഇറാന്‍ ശ്രമിച്ചെങ്കിലും അതില്‍ പൂര്‍ണ്ണ വിജയം നേടാന്‍ ഇറാന് കഴിഞ്ഞിട്ടില്ല. നിലവില്‍ ഇറാന്റെ കൈവശം എത്ര എഫ്-14 വിമാനങ്ങള്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ടെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഇറാന്റെ ആയുധശേഖരത്തിലുള്ള ഈ വിമാനങ്ങള്‍ അവയുടെ പഴയകാല പ്രതാപത്തിന്റെ നിഴല്‍ മാത്രമാണെന്നും, പേര്‍ഷ്യന്‍ ഗള്‍ഫിലെത്തുന്ന അമേരിക്കന്‍ സൈനിക സന്നാഹങ്ങള്‍ക്ക് മുന്നില്‍ ഇവ വലിയ വെല്ലുവിളിയല്ലെന്നുമാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തല്‍.
1970കളില്‍ ഇറാന്‍ അമേരിക്കയുടെ മിഡില്‍ ഈസ്റ്റിലെ കരുത്തുറ്റ സഖ്യകക്ഷിയായിരുന്ന കാലത്താണ് 79 എഫ്-14 യുദ്ധവിമാനങ്ങള്‍ അമേരിക്ക ഇറാന് കൈമാറിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള പ്രതിരോധ സൗഹൃദത്തിന്റെ അടയാളമായിരുന്നു ഈ ഇടപാട്. എന്നാല്‍ 1979-ലെ ഇറാനിയന്‍ വിപ്ലവത്തോടെ ഈ ബന്ധത്തില്‍ വിള്ളല്‍ വീണു. വിപ്ലവത്തിലൂടെ ഇറാന്റെ അവസാനത്തെ ഷാ ആയിരുന്ന മുഹമ്മദ് റെസ പഹ്ലവി പുറത്താക്കപ്പെടുകയും, അയത്തുള്ള റുഹുള്ള ഖൊമേനി അധികാരമേല്‍ക്കുകയും ചെയ്തതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം പൂര്‍ണ്ണമായും തകര്‍ന്നു. ഇതോടെ വിമാനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ നല്‍കുന്നത് അമേരിക്ക നിര്‍ത്തലാക്കി.
വ്യോമയുദ്ധങ്ങളില്‍ തങ്ങളുടെ കരുത്ത് തെളിയിച്ചിട്ടുള്ള എഫ്-14 വിമാനങ്ങള്‍ നിരവധി ശത്രുവിമാനങ്ങളെ ആകാശത്ത് വെടിവെച്ചു വീഴ്ത്തിയിട്ടുണ്ട്. 1989 ജനുവരി 4-ന് ലിബിയന്‍ തീരത്ത് നടന്ന ഏറ്റുമുട്ടലില്‍ യുഎസ്എസ് ജോണ്‍ എഫ്. കെന്നഡിയില്‍ നിന്ന് പറന്നുയര്‍ന്ന രണ്ട് എഫ്-14 വിമാനങ്ങള്‍ ലിബിയയുടെ രണ്ട് മിഗ്-23 വിമാനങ്ങളെ മിനിറ്റുകള്‍ക്കുള്ളില്‍ വെടിവെച്ചിട്ട വിജയം ചരിത്രപരമായിരുന്നു. ഇതിലൊന്നിനെ എഐഎം-7 മിസൈല്‍ ഉപയോഗിച്ചും, രണ്ടാമത്തേതിനെ എഐഎം-9 ഹീറ്റ് സീക്കിംഗ് മിസൈല്‍ ഉപയോഗിച്ചുമാണ് തകര്‍ത്തത്.
Content Summary: F-14 Tomcat: the fading legacy and the battle for survival