കള്ളക്കേസിൽ കുടുക്കി ചങ്കിടിച്ച് കലക്കുന്ന ഇടിയൻ പൊലീസ്. കേരളത്തിലെ പൊലീസ് സേനയെക്കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം മനസിലേക്ക് വരുന്ന ചിത്രം ഇതാവും. കസ്റ്റഡി മർദനങ്ങളുടെയും പൊലീസ് അതിക്രമങ്ങളുടെയും വാർത്തകൾ വീണ്ടും ചർച്ചയാവുന്നതോടെ പൊലീസുകാർക്ക് രണ്ടിടി കിട്ടിയാലും തെറ്റില്ലെന്ന പക്ഷമാണ് ജനങ്ങൾക്ക്. കാലിക്കറ്റ് സർവ്വകലാശാലയിൽ വച്ച് നടന്ന വിദ്യാർത്ഥി സംഘർഷത്തിൽ ഐആർബി ഉദ്യോഗസ്ഥൻ വിനോദ് ചന്ദ്രന് നേരെയുണ്ടായ അതിക്രമവും വായിക്കപ്പെട്ടത് ഇങ്ങനെയാണ്.
”ഇടതു കണ്ണ് അടഞ്ഞ നിലയിലാണ്. രണ്ട് വലിയ മുറിവുകൾ. കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. ചുമയ്ക്കുമ്പോൾ കണ്ണ് പുറത്തേക്ക് തള്ളി വരും. ഞരമ്പുകൾ മുറിഞ്ഞു പോയിരിക്കുന്നു. രക്തം കട്ട പിടിച്ചിരിക്കുന്നു”. ഐആർബി ഉദ്യോഗസ്ഥൻ വിനോദ് ചന്ദ്രന്റെ അവസ്ഥയെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥനായ ഉമേഷ് വള്ളിക്കുന്ന് കുറിച്ച വാക്കുകളാണിത്.
മധുരയിലെ ആശുപത്രിയിലെത്തി ഇതെല്ലാം ചികിത്സിച്ച് ഭേദപ്പെട്ട ശേഷമേ കണ്ണിന് സർജറി ചെയ്യാൻ സാധിക്കൂ. സർജറിയിൽ കാഴ്ച തിരിച്ചു കിട്ടുമോ എന്ന് ഉറപ്പുമില്ല.
പൊലീസ് ഉദ്യോഗസ്ഥരും യുഡിഎസ്എഫ് ( യുണൈറ്റഡ് ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫ്രണ്ട്) പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയാണുണ്ടായതെന്ന് തേഞ്ഞിപ്പാലം സി ഐ പ്രിയൻ എസ് കെ അഴിമുഖത്തോട് പറഞ്ഞു. സംഘർഷത്തെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ യുഡിഎസ്എഫ് പ്രവർത്തകർ കല്ലെറിയുകയും ആ ആക്രമണത്തിൽ ഐആർബി ഉദ്യോഗസ്ഥനായ വിനോദ് ചന്ദ്രന്റെ കണ്ണിന് ഗുരുതരമായി പരിക്കേൽക്കുകയുമാണ് ഉണ്ടായത്. വിനോദ് ചന്ദ്രന്റെ കാഴ്ചയ്ക്ക് കാര്യമായ തകരാർ സംഭവിച്ചതായാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നതെന്ന് പ്രിയൻ എസ് കെ വ്യക്തമാക്കി.
തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിലെ എസ് ഐ വിപിൻ പിള്ളയ്ക്കും മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. നിലവിൽ കേസിൽ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കൂടുതൽ അറസ്റ്റുണ്ടായേക്കും. കാമ്പസിനകത്ത് നിലയുറപ്പിച്ചിരുന്ന യുഡിഎസ്എഫ് പ്രവര്‍ത്തകരെ അനുനയിപ്പിച്ച് പുറത്താക്കാന്‍ നടത്തിയ ശ്രമം സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു.
”വെറും 10 മീറ്റർ അകലത്തിൽ നിന്നായിരുന്നു യുഡിഎസ്എഫ് പ്രവർത്തകർ കല്ലെറിഞ്ഞത്. കണ്ണിന്‍റെ കാഴ്ചശക്തി നഷ്‌ടപ്പെടുന്ന സ്ഥിതിയിലാണ് നിലവിൽ വിനോദ് ചന്ദ്രൻ. ഇടതു കണ്ണിന് അഞ്ച് ശതമാനം മാത്രമേ കാഴ്ച ശക്തിയുള്ളുവെന്നാണ് മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നത്. എത്ര മികച്ച ചികിൽസ നടത്തിയാലും അത് പരമാവധി 20 ശതമാനത്തിൽ എത്താനേ സാധ്യതയുള്ളുവെന്നാണ് വിവരം”.
പൊലീസുകാർക്ക് നേരെയുണ്ടാവുന്ന സംഘർഷങ്ങൾ പലപ്പോഴും ചർച്ച ചെയ്യാതെ വിടുന്നതായി തോന്നിയിട്ടുണ്ട്. അവർക്ക് അടി കിട്ടേണ്ടതാണെന്ന കാഴ്ച്ചപ്പാടാണ് പലപ്പോഴും പലരും സ്വീകരിക്കുന്നത്. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ കണ്ണിന് പൂർണ്ണമായി കാഴ്ച നഷ്ടപ്പെടുന്നുവെന്ന സാഹചര്യമുണ്ടായിട്ടും അത് മുഖവിലയ്ക്കെടുക്കാത്തത് ഇങ്ങനെയൊരു ചിന്ത മനസിലുള്ളത് കൊണ്ടാവുമല്ലോ. ഐആർബി ബെറ്റാലിയനിൽ നിന്ന് അന്നത്തെ ഡ്യൂട്ടിയ്ക്ക് വേണ്ടി എത്തിയതായിരുന്നു വിനോദ് ചന്ദ്രൻ. വിനോദിന്റെ കാഴ്ച ശക്തിയുടെ കാര്യത്തിൽ ആശങ്കയുണ്ടെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്നും തേഞ്ഞിപ്പാലം സിഐ കൂട്ടിച്ചേർത്തു.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ടുണ്ടായ തർക്കമായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. തർക്കം രൂക്ഷമായതോടെ യുഡിഎസ്എഫ് പ്രവർത്തകർ ബാലറ്റ് എടുത്തുക്കൊണ്ട് പോവുകയാണുണ്ടായത്. പ്രശ്നം ഗുരുതരമാവാതിരിക്കാൻ കോളേജ് പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടായെങ്കിലും ഫലം കണ്ടില്ല. തുടർന്നാണ് പൊലീസിനെ അറിയിക്കുന്നത്. ബാലറ്റ് എടുത്തുക്കൊണ്ട് പോയതോടെ എസ്എഫ്ഐ പ്രവർത്തകരും യുഡിഎസ്എഫ് പ്രവർത്തകരും തമ്മിൽ പ്രശ്നങ്ങൾ ആരംഭിച്ചിരുന്നു. ഇരു വിഭാഗങ്ങളെയും സ്ഥലത്ത് നിന്ന് പൊലീസ് ഓടിച്ച് വിടുകയാണുണ്ടായത്. കാമ്പസിനത്ത് നിന്ന് യുഡിഎസ്എഫ് പ്രവർത്തകരെ ഓടിച്ച് വിട്ടെങ്കിലും അവർ പുറത്ത് കൊടിയും മറ്റുമായി വന്ന് കുത്തിയിരുന്നു. ലാത്തി വീശുന്നതിന് മുമ്പേ തന്നെ പൊലീസിന് നേരെ കല്ലേറുണ്ടാവുകയും വിനോദ് ചന്ദ്രൻ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.
ക്യാമ്പസിനകത്ത് നടന്ന സംഭവത്തിന്റെ അടിസ്ഥാനത്തിൽ കോളേജ് അധികൃതരുടെ പരാതിയിൽ കേസെടുത്തിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടാവുന്ന ഇത്തരം ആക്രമണങ്ങൾ ചർച്ച ചെയ്യപ്പെടുന്നില്ല എന്നതാണ് വസ്തുതയെന്ന് സി ഐ പ്രിയൻ എസ് കെ കൂട്ടിച്ചേർത്തു.
പൊലീസ് ഉദ്യോഗസ്ഥർ സമരക്കാരോട് സംസാരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത ആക്രമണമുണ്ടാവുന്നത്. ഇതിനിടയിൽ വിനോദ് ചന്ദ്രൻ ഹെൽമെറ്റിന്റെ ചില്ല് പൊക്കിയിരുന്നു. കല്ല് നേരെ വന്ന് കണ്ണിൽ പതിക്കുകയും മുറിവേൽക്കുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥനായ ഉമേഷ് വള്ളിക്കുന്ന് അഴിമുഖത്തോട് വ്യക്തമാക്കി.
കണ്ണിലെ രണ്ട് പ്രധാന ഞരമ്പുകളാണ് കല്ലേറിൽ പൊട്ടിയിരിക്കുന്നത്. കണ്ണ് പുറത്തേക്ക് തള്ളിയ അവസ്ഥയിലാണുള്ളത്. മധുരയിലെ ആശുപത്രിയിലെത്തി തുടർ ചികിത്സകൾ നടത്തിയാലെ കൂടുതൽ വിവരങ്ങൾ നൽകാൻ സാധിക്കൂവെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ശസ്ത്രക്രിയ നടത്തിയാലും പൂർണ്ണമായ കാഴ്ച തിരികെ ലഭിക്കുമോയെന്ന കാര്യത്തിൽ സംശയമാണ്. പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുന്നതിന് സമരക്കാർ തടസം നിന്നതായി ഉമേഷ് വള്ളിക്കുന്ന് വ്യക്തമാക്കി.
കുന്നംകുളം കസ്റ്റഡി മർദനം ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് പൊലീസ് സേനയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പൊലീസ് സേന ധരിച്ചിരിക്കുന്നത് ഒരു മാന്യതയുടെ മുഖംമൂടി മാത്രമാണെന്നും ഇപ്പോഴും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ടെന്ന ചിന്തയും ജനങ്ങൾക്ക് മേൽ വന്ന് കഴിഞ്ഞു. അതോടെ പൊലീസ് തങ്ങളുടെ എതിർപക്ഷത്ത് തന്നെയാണെന്ന് അവർ ഉറപ്പിച്ചു. അതിനിടയിൽ നടന്ന രാഷ്ട്രീയ മുതലെടുപ്പും ഫലം കണ്ടു. സ്വന്തം വകുപ്പിന്റെയും പൊതുജനത്തിന്റെയും പിന്തുണ ലഭിക്കാത്ത ഒരു വിഭാഗമാണ് പൊലീസ്. ഈ ആക്രമണങ്ങൾ പിന്തുണയ്ക്കപ്പെടും.
അതിക്രമം കാണിക്കുന്ന ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥർക്ക് വേണ്ടി എതിർപ്പും വെറുപ്പും ഏറ്റു വാങ്ങേണ്ടി വരുന്നത് ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരാണെന്നും ഉമേഷ് വള്ളിക്കുന്നിന്റെ വാക്കുകൾ.
content summary: MSF attack at Calicut University leaves IRB officer blinded society remains indifferent to violence against police
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.