June 03, 2026 |

ബിന്ദുവിൽ നിന്ന് സെബാസ്റ്റ്യൻ കൈവശപ്പെടുത്തിയ പണമെവിടെ?, അതിലൊരു പങ്ക് ലഭിച്ച ഉദ്യോ​ഗസ്ഥമാരുണ്ട്

ആർക്ക് വേണ്ടിയാണ് സെബാസ്റ്റ്യനെ സംരക്ഷിക്കുന്നത് ?

ദൂരുഹ സാഹചര്യത്തിൽ കാണാതായ മൂന്ന് സ്ത്രീകൾ ജൈനമ്മ, ബിന്ദു, ഐഷ. മൂന്ന് കേസുകളിലെയും അന്വേഷണം എത്തി നിന്നതാവട്ടെ പള്ളിപ്പുറത്തെ 68കാരൻ സി എം സെബാസ്റ്റ്യനിലും. വിചാരണകൾക്കും തെളിവെടുപ്പുകൾക്കുമൊടുവിൽ സെബാസ്റ്റ്യൻ കുറ്റക്കാരനെന്ന് തെളിഞ്ഞു. എന്തിനെന്ന ചോദ്യത്തിനും ഉത്തരം ലഭിച്ചു. ഇനിയും ആർക്ക് വേണ്ടിയാണ് സെബാസ്റ്റ്യനെ സംരക്ഷിക്കുന്നത് ?

ബിന്ദുവിന്റെ പേരിലുണ്ടായിരുന്ന ഭൂമി വ്യാജരേഖകള്‍ ചമച്ച് ക്രയവിക്രയം നടത്തിയെന്ന പേരില്‍ സെബാസ്റ്റ്യന്‍ റിമാന്‍ഡില്‍ പോയിരുന്നുവെങ്കിലും പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി. ആക്ഷേപങ്ങളും ആരോപണങ്ങളും നിലനിൽക്കുമ്പോഴും ചേർത്തല ടൗണിലൂടെ കൂസലില്ലാതെ സെബാസ്റ്റ്യൻ നടന്നു. സെബാസ്റ്റ്യന് ആദ്യഘട്ടത്തില്‍ ലോക്കല്‍ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും സഹായം കിട്ടിയിരുന്നുവെന്നത് ഇപ്പോഴും നിലനിൽക്കുന്ന പ്രധാന ആരോപണങ്ങളിൽ ഒന്നാണ്. ഈ ആരോപണങ്ങൾക്ക് വ്യക്തമായ തെളിവുകൾ നിരത്താൻ താൻ തയ്യാറാണെന്ന് വ്യക്തമാക്കി കൊണ്ടാണ് ബിന്ദുപത്മനാഭൻ കേസിലെ ആക്ഷൻ കൗൺസിൽ അം​ഗം കെ ആർ രൂപേഷ് രം​ഗത്ത് വന്നിരിക്കുന്നത്.

സെബാസ്റ്റ്യൻ കേസ് ആദ്യ ഘട്ടത്തിൽ അന്വേഷണം നടത്തിയിരുന്നത് ചേർത്തല ഡിവൈഎസ്പിയായിരുന്ന എ ജി ലാൽ ആയിരുന്നു. അദ്ദേഹമാണ് ഈ കേസ് അട്ടിമറിക്കാനായി നേതൃത്വം നൽകിയതെന്ന് കെ ആർ രൂപേഷ് അഴിമുഖത്തോട് പറഞ്ഞു. ഇതിനായി ഇയാൾ പണം ഉൾപ്പെടെ കൈപ്പറ്റിയിട്ടുണ്ട്. മോൻസൺ മാവുങ്കൽ കേസിൽ പ്രതിയായിരുന്ന സുരേന്ദ്രനാണ് ആ സമയത്തെ ചേർത്തല എസ് പി. ബിന്ദുകേസ് റിപ്പോർട്ട് ചെയ്യുന്ന സമയത്ത് തന്നെ ഇക്കാര്യങ്ങളെക്കുറിച്ച് ഒരു കൃത്യമായ വിവരം ലഭിച്ചിരുന്നു. ഇവിടെ ഒരു ഐപിഎസ് ദല്ലാളുണ്ട്, ലക്കി എന്നാണ് പേര്. ഇവർക്കിടയിലെ ഇടനിലക്കാരൻ ലക്കിയാണ്. എ ജി ലാലിന്റെയും ലക്കിയുടെയും ഡ്രൈവർമാർ ചേർന്നാണ് ഇക്കഴിഞ്ഞ ദിവസം എന്നെ ആക്രമിച്ചിരുന്നു. ഇക്കാര്യം മുൻകൂട്ടി കണ്ടുക്കൊണ്ട് ഞാൻ പരാതി നൽകിയിരുന്നു. എന്നാൽ ഡിപിജി ഉൾപ്പെടുന്ന അധികാര ശ്രേണിയിൽ വരെ ഇവർക്ക് ബന്ധമുണ്ട്. അതുകൊണ്ട് തന്നെ പരാതി നൽകിയാലും യാതൊരു പ്രയോജനവുമില്ലെന്ന് ഉറപ്പായിരുന്നു.

Also read; ഒരു നിഗൂഢ വൃദ്ധന്റെ കഥ

ഇരുവർക്കുമിടയിലുള്ള ബന്ധം തെളിയിക്കുന്ന വ്യക്തമായ തെളിവുകൾ എന്റെ കൈവശമുണ്ട്. സൈബാസ്റ്റ്യന് വേണ്ടി ഒരു പ്രമുഖ വ്യവസായി നിലക്കൊള്ളുന്നുണ്ടെന്ന് ഞാൻ പല തവണയായി സൂചിപ്പിച്ചിരുന്നു. അതാണ് ലക്കി. ഇയാൾ ഐപിഎസ് ഉദ്യോ​ഗസ്ഥന്മാർക്കിടയിലെ ബിനാമിയാണ്. റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ ലക്കിയാണ് ഐപിഎസ് ഉദ്യോ​ഗസ്ഥരുടെ കള്ളപ്പണം വെളുപ്പിച്ച് നൽകുന്നത്. ഇങ്ങനെയാവാം അയാൾ ഉദ്യോ​ഗസ്ഥ വൃന്ദത്തിനിടയിൽ ഒരു സ്വാധീനമുണ്ടാക്കിയെടുത്തത്. ഇയാളുടെ കീഴിൽ നിരവധി ബിനാമി കമ്പനികളുണ്ട്. സെൻകുമാറിന്റെ മകനുമായും മുൻ ഡിജിപി ചന്ദ്രശേഖരന്റെ ഭാര്യയുമായെല്ലാം ഇയാൾക്ക് ഇടപാടുകളുണ്ട്.

ബിന്ദു തിരോധാനക്കേസ് റിപ്പോർട്ട് ചെയ്ത അതേ വർഷം തന്നെയാണ് ഞാൻ ആക്ഷൻ കൗൺസിൽ രൂപീകരിക്കുന്നത്. കേസിന്റെ പല ഘട്ടങ്ങളിലായി സെബാസ്റ്റ്യന്റെ ബിനാമി ബന്ധങ്ങൾ ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു. എത്ര പേർക്കാണ് സെബാസ്റ്റ്യനുമായി ബന്ധമുള്ളതെന്ന് അടക്കമുള്ള കാര്യങ്ങൾ വ്യക്തമാക്കി കൊണ്ടായിരുന്നു പരാതി നൽകിയത്. ആക്ഷൻ രൂപീകരിച്ച സമയം മുതൽക്കേ തന്നെ ഭീഷണിയുണ്ട്. സെബാസ്റ്റ്യൻ കേസ് മുഖ്യധാരയിലേക്ക് വന്നതോടെ എനിക്ക് മേൽ സമ്മർദ്ദം ചെലുത്താനുള്ള ശ്രമങ്ങളും ശക്തമാക്കിയിട്ടുണ്ട്. പല ആളുകളെക്കൊണ്ട് പല തവണയായി ഭീഷണിയായി മുന്നോട്ട് വന്നിരുന്നു.

കാലങ്ങളായി നി​ഗൂഡത സൂക്ഷിക്കുന്ന വ്യക്തിയാണ് സെബാസ്റ്റ്യനെന്ന് പലപ്പോഴും തോന്നിയിരുന്നു. ഈ സംശയത്തെ സാധൂകരിക്കുന്ന തരത്തിൽ പല കഥകളും ആ കാലത്ത് തന്നെ ചേർത്തല ടൗണിൽ പ്രചരിക്കുന്നുണ്ടായിരുന്നു. ജൈനമ്മ, ഐഷ, ബിന്ദു കേസുകൾക്ക് പുറമേ മറ്റു പല ദുരൂഹ മരണങ്ങളും ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്തിരുന്നു. സെബാസ്റ്റ്യനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മനോജ് എന്ന ഓട്ടോ ഡ്രൈവറും , ജയദേവനുമെല്ലാം ദുരൂഹ സാഹചര്യത്തിലാണ് കൊല്ലപ്പെട്ടത്. ക്രൈം ബ്രാഞ്ച് നിരീക്ഷണത്തിലുള്ള സതീശന്റെ ചേട്ടനാണ് ജയദേവൻ. എഫ്സിഐ ഉദ്യോ​ഗസ്ഥനായിരുന്നു ജയദേവൻ. സതീശന്റെ ലോഡ്ജായിരുന്നു സെബാസ്റ്റ്യന്റെയും കൂട്ടാളികളുടെയും പ്രധാനത്താവളം. മോൻസൺ മാവുങ്കൽ നോക്കി നടത്തിയിരുന്നത് സതീശന്റെ ഈ ലോഡ്ജ് ആയിരുന്നു. ഒരു സുപ്രഭാതത്തിൽ ജയദേവനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചേർത്തലയിലെ ഒരു ബാറിൽ വച്ച് ജയദേവനും സെബാസ്റ്റ്യനും മദ്യപിക്കുന്നത് കണ്ടവരുണ്ട്.

തിരോധാനക്കേസുകളെയും കൊലപാതകങ്ങളെയും ഫോക്കസ് ചെയ്തുക്കൊണ്ടാണ് കേസന്വേഷണം പുരോ​ഗമിക്കുന്നത്. എന്നാൽ ബിനാമി കേസുകളെ സംബന്ധിച്ച് സമ​ഗ്ര അന്വേഷണം വേണമെന്നതാണ് എന്റെ പ്രധാന ആവശ്യം. ഈ സ്ത്രീകളുടെ പക്കൽ നിന്ന് സെബാസ്റ്റ്യൻ കൈക്കലാക്കിയ പണമെവിടെ പോയി. അതിലൊരു പങ്ക് പല കേന്ദ്രങ്ങളിലേക്കായി വീതിച്ച് നൽകിയിട്ടുണ്ട്. സെബാസ്റ്റ്യന് ഇവരാരുമായി നേരിട്ട് ബന്ധമില്ല. ഇടപാടുകളെല്ലാം ദല്ലാളുകൾ മുഖേനയാണ്. കേസ് അട്ടിമറിക്കാൻ നീക്കം നടത്തിയവർക്ക് ഒരു വലിയ തുക ലഭിച്ചിട്ടുണ്ട്. സമാന്തരമായി ഒരു പൊലീസ് സംവിധാനം പ്രവർത്തിക്കുന്നുണ്ടെന്നതിന് എന്റെ കൈവശം തെളിവുകളുണ്ട്.

Also read; ജെയ്‌നമ്മ തിരോധാനം; ലേഡീസ് ഹോസ്റ്റലിലും പള്ളി വാട്‌സ് ആപ്പ് ഗ്രൂപ്പിലും തിരഞ്ഞു, റീ ചാര്‍ജ്‌ ഷോപ്പിലെ സിസിടിവിയില്‍ തെളിഞ്ഞു

content summary: Where is the money Sebastian took from Bindu? According to K. R. Rupesh, some officials also received a share of it

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×