June 03, 2026 |
Share on

ഒരു നിഗൂഢ വൃദ്ധന്റെ കഥ

ചേര്‍ത്തലയിലെ സീരിയല്‍ കില്ലര്‍ എന്ന് കുപ്രസിദ്ധി നേടിയ സിഎം സെബാസ്റ്റ്യന്‍ ആരാണ്?

അന്ന് തിങ്കളാഴ്ച്ചയായിരുന്നു. രാവിലെയുള്ള ജോലികള്‍ തീര്‍ത്ത് പുറത്തിറങ്ങി ധന്യ സുസൂക്കി ആക്സസ് സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്തു. വീട്ടില്‍ നിന്നും വലത്തേക്ക് തിരിഞ്ഞു എഴുന്നൂറ് മീറ്ററോളം പോയാല്‍ ചേന്നം പള്ളിപ്പുറം പഞ്ചായത്ത് ഓഫിസിലെത്തും. പതിവ് മാറ്റി ധന്യ വണ്ടി ഇടത്തോട്ടു തിരിച്ചു.

ഏകദേശം അറുന്നൂറ് മീറ്റര്‍ വണ്ടിയോടിച്ചെത്തിയപ്പോള്‍ സമയം ഒമ്പതരയായിരുന്നു. സ്‌കൂട്ടര്‍ നിര്‍ത്തി ഇറങ്ങുമ്പോള്‍, മെംബറെ കണ്ട് ചിലരൊക്കെ അടുത്തെത്തി. അവര്‍ക്ക് അറിയേണ്ടത് ഒരേകാര്യം തന്നെ. ചിരിയിലും ഒന്നോ രണ്ടോ വാക്കുകളിലും മറുപടിയൊതുക്കി ധന്യ മുന്നോട്ടു നടന്നു. കൂടുതല്‍ പറയാന്‍ കാര്യങ്ങള്‍ ഇപ്പോഴും വ്യക്തമായിട്ടില്ലോ, ധന്യ മനസില്‍ പറഞ്ഞു. ജനസേവനത്തിന് ഇറങ്ങിയശേഷം പലവിധ വിഷയങ്ങളില്‍ ഇടപ്പെടാറുണ്ടെങ്കിലും ഇങ്ങനെ ആദ്യമാണ്. പഞ്ചായത്ത് പ്രസിഡന്റും മറ്റു രണ്ട് മെംബര്‍മാരും അവിടെ ഉണ്ടെന്നതായിരുന്നു ആശ്വാസം.

മഴ മാറി നിന്ന ദിവസമായതിനാല്‍ അന്തരീക്ഷം പൊള്ളിക്കിടക്കുകയാണ്. പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ഒഴിഞ്ഞ വെള്ളക്കുപ്പികള്‍ ചൂടിന്റെ കാഠിന്യത്തിന് തെളിവായിരുന്നു. പള്ളിപ്പുറത്തെ ചൊരിമണലില്‍ കനലുകളെരിഞ്ഞു. സമയം ഉച്ചയായിരിക്കുന്നു. വാര്‍ഡ് മെംബറുടെ ഉത്തരവാദിത്തത്തോടെ അതിനിടയില്‍ പലകാര്യങ്ങളിലും ധന്യക്ക് സഹകരിക്കേണ്ടി വന്നിരുന്നു.

സമയം പന്ത്രണ്ടേ മുക്കാല്‍. ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്ന ഒരു 68 കാരന്റെയടുത്തേക്ക് ധന്യ ചെന്നു.

”മെംബര്‍ രാവിലെ തന്നെ എത്തിയാരുന്നോ?’

അയാള്‍ സാധാരണ മട്ടില്‍ ചോദിച്ചു

”ഇവര്‍ വിളിച്ചതുകൊണ്ട്…”

‘അടുത്ത തവണയും ഇവിടല്ലേ നില്‍ക്കുന്നത്? ഞാന്‍ വോട്ട് ചെയ്യാന്‍ വരും.’

അയാള്‍ സാവധാനമാണ് സംസാരിച്ചത്.

‘പുറത്തു പറമ്പൊക്കെ നന്നായി കിളച്ചിട്ടുണ്ട്, വല്ല ജാതി തൈയോ തെങ്ങിന്‍ തൈയോ കിട്ടിയാല്‍ കൊണ്ടുവരണം’, അയാള്‍ പുറത്തേക്ക് നോക്കി പറഞ്ഞു.

അവരുടെ ശ്രദ്ധ തെറ്റിച്ചുകൊണ്ട് ശക്തമായ എന്തോ തറയില്‍ തട്ടുന്ന ശബ്ദം. ജെസിബി ഗ്രാനൈറ്റ് പാളികള്‍ ഇളക്കുകയാണ്.

‘എത്ര രൂപ മുടക്കിയിട്ടതാണെന്നോ?

നിരാശ നിറഞ്ഞ ആത്മഗതം

*****

രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ്.

ശനിയാഴ്ച്ച ഉച്ചവരെ കാര്യങ്ങളൊക്കെ സാധാരണമായിരുന്നു. ആ ഫോണ്‍ കോള്‍ വരുന്നതു വരെ.

”മെംബറേ പൊലീസ് ജീപ്പ് വന്നിട്ടുണ്ടല്ലോ?” വിളിച്ചവരുടെ ശബ്ദത്തില്‍ ആകാംക്ഷയുണ്ടായിരുന്നുവെങ്കിലും ധന്യക്ക് അസാധാരണമായി ഒന്നും തോന്നിയില്ല. എന്തെങ്കിലും കാര്യമുണ്ടായിട്ടായിരിക്കും പൊലീസ് വന്നത്.

മൊബൈല്‍ പിന്നെയും തുടര്‍ച്ചയായി ശബ്ദിച്ചു. വിളിച്ചവരെല്ലാം അതേ കാര്യമാണ് പറയുന്നത്. ഒന്നല്ല, പൊലീസ് ജീപ്പുകള്‍ ഒന്നിലധികം വന്നിട്ടുണ്ടെന്ന് അറിഞ്ഞതോടെ ആകാംക്ഷയായി. സ്വന്തം വാര്‍ഡാണ്, അസ്വഭാവികമായി എന്തെങ്കിലും നടന്നോ? പഞ്ചായത്തില്‍ ഇരുന്നിട്ട് ഇരുപ്പ് ഉറയ്ക്കുന്നില്ല. മറ്റൊരു മെംബറോട് കാര്യം പറഞ്ഞു. രണ്ടുപേരും ഒരുമിച്ച് പുറത്തേക്കിറങ്ങി.

അവര്‍ എത്തുമ്പോള്‍ നിറയെ പൊലീസുകാരാണ്. നാട്ടുകാരെ തടഞ്ഞിരിക്കുകയാണ്. പഞ്ചായത്ത് മെംബര്‍മാര്‍ ആണെന്ന് പറഞ്ഞപ്പോള്‍ ധന്യയെയും കൂടെയുണ്ടായിരുന്ന വ്യക്തിയെയും ഗേറ്റ് കടന്നു പോകാന്‍ അനുവദിച്ചു. കോട്ടയത്ത് നിന്നെത്തിയ ക്രൈം ബ്രാഞ്ച് സംഘമാണ്. പറമ്പിലാകെ പരിശോധനയാണ്. ചില സ്ഥലങ്ങളില്‍ കാലുകൊണ്ട് ശക്തമായി ചവിട്ടി നോക്കുന്നുണ്ട്. ചില സംശയങ്ങള്‍ എന്നല്ലാതെ കൂടുതലൊന്നും ഉദ്യോഗസ്ഥര്‍ പറയുന്നില്ല. കുറച്ച് സമയം കൂടി അവിടെ നിന്നശേഷം ധന്യ പഞ്ചായത്ത് ഓഫിസിലേക്ക് തിരിച്ചു പോയി. എത്തി അധികനേരമായില്ല, ഫോണ്‍ ശബ്ദിച്ചു. പൊലീസാണ്. ”മെംബര്‍ ഇവിടെ വരെ വരണം”.

സമയം കളയാതെ സ്ഥലത്തെത്തി. പരിശോധന അപ്പോഴും തുടരുന്നുണ്ട്.

മെംബര്‍ ഇവിടെയുണ്ടാകണം. ഞങ്ങള്‍ക്ക് എന്തൊക്കെയോ ദുരൂഹതകള്‍ തോന്നുന്നുണ്ട്. പരിശോധിക്കുമ്പോള്‍ ഇവിടുത്തെ ജനപ്രതിനിധിയെന്ന നിലയില്‍ മെംബര്‍ കൂടെയുണ്ടാകുന്നത് നല്ലതായിരിക്കും” ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.

പറമ്പ് ആകെ പുല്ല് പിടിച്ചു കിടക്കുകയാണ്. പൊലീസുകാര്‍ നാലു വശവും നിന്ന് പത്തല് കൊണ്ട് കുത്തി കുത്തി നോക്കുകയാണ്. പകല്‍ ഇരുണ്ട് തുടങ്ങി. പരിശോധന തുടരുകയാണ്. എല്ലാത്തിനും സാക്ഷിയെന്ന പോല്‍ ധന്യയും. വൈകാതെ തന്നെ അത് സംഭവിച്ചു. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ധന്യയെ വിളിച്ചു. പറമ്പിലൊരിടത്ത് എന്തോ കത്തിച്ചതുപോലെ, മുകളില്‍ ഓലയിട്ട് മൂടയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിച്ചത് എന്താണെന്ന് ധന്യക്ക് ആദ്യം മനസിലായില്ല. കത്തിയ വിറകിന്റെ കഷ്ണങ്ങളായിരിക്കുമെന്ന് കരുതി.

”അസ്ഥിക്കഷ്ണങ്ങളാണ്’, ഉദ്യോഗസ്ഥര്‍ തിരുത്തി.

പട്ടിയുടെയോ പൂച്ചയുടെയോ ആയിരിക്കുമോ? അല്ലാതെ ആരുടെ? കുറേക്കാലമായി ഇവിടെയാരും താമസമില്ല, അടുത്ത കാലത്തൊന്നും ആരും മരിച്ചിട്ടുമില്ല, പിന്നെ? ധന്യ സ്വയം ചോദിച്ചുകൊണ്ടിരുന്നു.

അപ്പോഴേക്കും ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ അങ്ങോട്ട് എത്തിയിരുന്നു. അവരുടെ പരിശോധനയില്‍ കാര്യം വ്യക്തമായി;

‘മനുഷ്യാസ്ഥികളാണ്’.

ഓരോ മണല്‍ത്തരിയായി എടുത്തു മാറ്റുന്നതു പോലെ പൊലീസ് അതീവ ശ്രദ്ധയോടെ ചികയാന്‍ തുടങ്ങി. ഏകദേശം നൂറ്റിയാറോളം ചെറു ചെറു അസ്ഥിക്കഷ്ണങ്ങള്‍ അവര്‍ക്ക് കിട്ടി.

*****

ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മനുഷ്യാസ്ഥികള്‍ പെറുക്കിയെടുത്ത ചൊങ്ങുംതറ പുരയിടത്തിലേക്കാണ് രണ്ട് ദിവസത്തിനപ്പുറം ധന്യ വീണ്ടും എത്തിയത്. ധന്യയുടെ മുന്നിലിരുന്ന് കുശലം പറഞ്ഞ 68 കാരനാണ് ‘അമ്മാവന്‍’. ചേര്‍ത്തലയിലെ സീരിയര്‍ കില്ലര്‍ എന്ന് കേരളം കരുതുന്ന സിഎം സെബാസ്റ്റ്യന്‍.

കോട്ടയം ക്രൈം ബ്രാഞ്ച് തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോഴായിരുന്നു അമ്മാവന്‍, അടുത്ത തവണയും വോട്ട് ചെയ്യാന്‍ വരുമെന്ന് വളരെ സാധാരണമായി ധന്യയോട് പറഞ്ഞത്. പറമ്പില്‍ നടത്തിയ പരിശോധനയുടെ ഭാഗമായി പൊലീസുകാര്‍ കുഴിച്ച കുഴികള്‍ കണ്ടാണ് അയാള്‍ ജാതി തൈയോ തെങ്ങിന്‍ തൈയോ കൊണ്ടു വന്നു വയ്ക്കണമെന്ന് ധന്യയോട് പറഞ്ഞത്. ആരുടെയെങ്കിലും ശരീരം മറവ് ചെയ്തിട്ടുണ്ടോയെന്നറിയാന്‍ മുറിയിലെ ഗ്രാനൈറ്റ് പൊട്ടിച്ചപ്പോഴാണ്, എത്ര രൂപ മുടക്കിയതാണെന്ന് അയാള്‍ നിരാശപ്പെട്ടത്.

ധന്യയെ മാത്രമല്ല, ആ നാട്ടുകാരെയെല്ലാം സെബാസ്റ്റ്യന്‍ ഞെട്ടിച്ചു. അവര്‍ക്ക് അറിയാവുന്ന ‘അമ്മാവന്‍’ ഇങ്ങനെയൊരാള്‍ അല്ലായിരുന്നു. ആരെ കണ്ടാലും ചിരിച്ച് സംസാരിക്കുന്ന, സഹായങ്ങള്‍ ചെയ്യുന്ന, നല്ല വൃത്തിയില്‍ വേഷം ധരിച്ചു നടക്കുന്ന ഒരു സാധാരണക്കാരന്‍. അവിടെ നിന്നാണ് ആളുകള്‍ക്ക് അയാള്‍ സൈക്കോപാത്തായ ഒരു സീരിയല്‍ കില്ലറായി മാറുന്നത്.

****

പറമ്പില്‍ നിന്നും കിട്ടിയ അസ്ഥി കഷ്ണങ്ങളോ, ഗ്രാനൈറ്റ് തറയോ അമ്മാവനെതിരായ മതിയായ തെളിവുകള്‍ നല്‍കിയില്ലെങ്കിലും, സത്യത്തെപ്പോല്‍ കട്ടിയേറിയ രക്തത്തുള്ളികള്‍ ചൊങ്ങുംതറ വീടിന്റെ പിന്‍വശത്തെ ശുചിമുറിയില്‍ തെറിച്ചിരുന്നു.

ഫോറന്‍സിക് പരിധോനയില്‍ രക്തത്തുള്ളികള്‍ ഏറ്റുമാനൂര്‍ സ്വദേശി ജെയ്നമ്മയുടെതാണെന്നു തെളിഞ്ഞു.

പത്തൊമ്പത് മാസങ്ങള്‍ക്ക് മുമ്പ്, ധ്യാനം കൂടാനായി വീട്ടില്‍ നിന്നിറങ്ങിയ ജെയ്നമ്മയുടെ രക്തം അതിരുമ്പുഴയില്‍ നിന്നും ഏകദേശം 35 കിലോമീറ്റര്‍ അകലെയുള്ള പള്ളിപ്പുറത്തെ ചൊങ്ങുംതറ വീടില്‍ എങ്ങനെ?

ഈ ചോദ്യമാണ് സെബാസ്റ്റ്യന്‍ എന്ന വയോവൃദ്ധന്റെ ജീവിതത്തിലെ ദുരൂഹതകള്‍ പുറത്തു കൊണ്ടുവരുന്നത്.

who is sebastian , cherthala missing cases

സി എം സെബാസ്റ്റ്യന്‍

ജെയ്‌നമ്മ പുറപ്പെട്ടത് മരണത്തിലേക്കോ?
ഏറ്റുമാനൂര്‍ അതിരമ്പുഴ കാലായില്‍ വീട്ടില്‍ ജെയ്ന്‍ മാത്യു എന്ന 48 കാരി ജെയ്നമ്മ 2024 ഡിസംബര്‍ 23 ന് വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ അതൊരു തിരിച്ചുവരവില്ലാത്ത യാത്രയാണെന്ന് അറിയില്ലായിരുന്നു. കടുത്ത വിശ്വാസിയായിരുന്ന ജെയ്നമ്മ ധ്യാനകേന്ദ്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ഒന്നില്‍ കൂടുതല്‍ ദിവസങ്ങള്‍ ധ്യാനകേന്ദ്രങ്ങളില്‍ ചെലവഴിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു.

എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ജെയ്നമ്മ മടങ്ങി വരാതായതോടെ ഭര്‍ത്താവ് മാത്യു ലോക്കല്‍ പൊലീസില്‍ പരാതി നല്‍കി. ഏറ്റുമാനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തുമ്പൊന്നും കിട്ടാതെ വന്നതോടെ കോട്ടയം ക്രൈം ബ്രാഞ്ച് ജെയ്നമ്മയെ തിരക്കിയിറങ്ങി.

കാണാതായ സ്ത്രീയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസിന് വഴി തെളിച്ചത്. ജെയ്നമ്മയുടെ ഫോണ്‍ ലൊക്കേഷന്‍ അവസാനമായി കാണിച്ചത് ചേര്‍ത്തല പള്ളിപ്പുറത്തായിരുന്നു. മുമ്പും പലതവണ പള്ളിപ്പുറം ടവര്‍ ലൊക്കേഷനില്‍ ഫോണ്‍ ഉണ്ടായിരുന്നതായി കണ്ടെത്തി. ജെയ്നമ്മയ്ക്ക് പള്ളിപ്പുറവുമായി എന്തോ ബന്ധമുണ്ടെന്ന് അന്വേഷണ സംഘം സംശയിച്ചു.

പള്ളിപ്പുറത്തുള്ള ഒരു ലേഡീസ് ഹോസ്റ്റലില്‍ ആയിരുന്നു ക്രൈം ബ്രാഞ്ച് സംഘം ആദ്യമെത്തിയത്. അമ്പത് വയസിന് അടുത്ത് പ്രായമുള്ള ഏതെങ്കിലും സ്ത്രീ അവിടെ താമസിച്ചിരുന്നോ എന്ന് അറിയണമായിരുന്നു. അവര്‍ പറഞ്ഞ പ്രായത്തിലുള്ള മൂന്നു സ്ത്രീകള്‍ അവിടെ താമസിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതില്‍ ജെയ്നമ്മയില്ലായിരുന്നു.

തുടര്‍ന്ന് അന്വേഷണ സംഘം പള്ളിപ്പുറത്തെ ഒരു ക്രിസ്ത്യന്‍ ദേവാലയത്തിലെ വികാരിയുടെ സഹായം തേടി. ജെയ്നമ്മയുടെ ഫോട്ടോ കാണിച്ചിട്ടും വികാരിക്ക് ആളെ മനസിലായില്ല. പളളിയുടെ കീഴിലുള്ള വിശ്വാസികളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഈ ഫോട്ടോ ഷെയര്‍ ചെയ്തിട്ടും ആര്‍ക്കും തിരിച്ചറിയാനായില്ല.

ജെയ്നമ്മയുടെ തിരോധാനത്തില്‍ അന്വേഷണം ആരംഭിച്ചശേഷം ഒരിക്കല്‍ അവരുടെ ഏറ്റവും അടുത്ത ബന്ധുവിന് ജെയ്നമ്മയുടെ നമ്പറില്‍ നിന്നും ഒരു മിസ്ഡ് കോള്‍ വന്നു. തിരിച്ചു വിളിച്ചിട്ട് കിട്ടിയതുമില്ല. ബന്ധുക്കള്‍ വിവരം അന്വേഷണ സംഘത്തെ അറിയിച്ചു. ജെയ്നമ്മയുടെ ഫോണില്‍ നിന്നു വന്ന കോളിന്റെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ നടത്തിയ അന്വേഷണം ഇരാറ്റുപേട്ടയില്‍ ക്രൈം ബ്രാഞ്ചിനെ എത്തിച്ചു. അവിടെ ഏതെങ്കിലും മൊബൈല്‍ റീ ചാര്‍ജ് കടയില്‍ നിന്നും ആ നമ്പറില്‍ റീ ചാര്‍ജ് ചെയ്തിട്ടുണ്ടോയെന്നറിയണം. നൈനാര്‍പള്ളിക്ക് സമീപത്തുള്ള ഒരു മൊബൈല്‍ ഷോപ്പില്‍ നിന്നും ജെയ്നമ്മയുടെ നമ്പറിലേക്ക് റീ ചാര്‍ജ് ചെയ്തിട്ടുണ്ടെന്ന് മനസി ലായി. റീ ചാര്‍ജ് ചെയ്ത വ്യക്തിയുടെ മുഖം ഷോപ്പിലെ സിസിടിവിയില്‍ വ്യക്തമാകുകയും ചെയ്തു. അത് ജെയ്നമ്മയായിരുന്നില്ല, സെബാസ്റ്റ്യനായിരുന്നു.

jainamma missing case

ജെയ്‌നമ്മ

പരിശോധനയില്‍ പള്ളിപ്പുറത്ത് സെബാസ്റ്റ്യന്റെ വീടിരിക്കുന്ന ടവര്‍ ലൊക്കേഷനില്‍ പലതവണ ജെയ്നമ്മയുടെ ഫോണ്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമായതോടെ സെബാസ്റ്റ്യന്റെ മേലുള്ള സംശയം ബലപ്പെട്ടു. ചേര്‍ത്തല പൊലീസുമായി ബന്ധപ്പെട്ടപ്പോള്‍ സെബാസ്റ്റ്യന്റെ ചരിത്രം വ്യക്തമായി.

ജെയ്നമ്മ കേസ് അറിഞ്ഞ നാട്ടുകാര്‍ക്ക് അമ്മാവന്‍ ഇതില്‍ എങ്ങനെ പ്രതിയായി എന്ന് ആദ്യം അത്ഭുതമായിരുന്നു. സെബാസ്റ്റ്യന് ഏറ്റുമാനൂരുമായി ബന്ധം വരുന്നത് വിവാഹത്തിലൂടെയാണ്. മധ്യവയസ് പിന്നിട്ടശേഷമാണ് സെബാസ്റ്റ്യന്‍ വിവാഹം കഴിക്കുന്നത്. 2008-ല്‍ പള്ളിപ്പുറം തിരുന്നല്ലൂര്‍ പളളിയില്‍ ആഘോഷമായി നടന്ന വിവാഹം. കുടുംബ ജീവിതം ആരംഭിച്ചതോടെ സെബാസ്റ്റിയന്‍ ഏറ്റുമാനൂര്‍ ഭാര്യ വീട്ടിലായി താമസം. അതോടെ പള്ളിപ്പുറത്തെ കുടുംബ വീട് അടച്ചിട്ടു. അനിയന്‍ ഭാര്യയ്ക്കൊപ്പം വിദേശത്ത് സ്ഥിരതാമസമാക്കിയതോടെ ആള്‍താമസം ഇല്ലാതെ ചൊങ്ങുംതറ വീടും പുരയിടവും കാടുകയറി.

പള്ളിപ്പുറം ഗ്രാമവും പാലക്കാട് തറവാടും
ഇന്ന് ദൂരൂഹമായ പലതിന്റെ ഉത്തരം പുതഞ്ഞു കിടക്കുന്ന മണ്ണാണെങ്കിലും ചൊങ്ങുംതറ വീടും, രണ്ടേകാല്‍ ഏക്കര്‍ വരുന്ന പുരിയിടവും ആ നാടിന്റെ ചരിത്രത്തോട് ചേര്‍ന്നു കിടക്കുന്നതാണ്.

കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല ദ്വീപാണ് പള്ളിപ്പുറം. ആലപ്പുഴ ജില്ലയില്‍ ചേര്‍ത്തല താലൂക്കില്‍, കിഴക്കുഭാഗത്ത് വൈക്കം കായല്‍ എന്നും പടിഞ്ഞാറ് വയലാര്‍ കായല്‍ എന്നും അറിയപ്പെടുന്ന വേമ്പനാട് കായലിന്റെ രണ്ട് ശാഖകളാല്‍ ചുറ്റിക്കിടക്കുന്ന, ആറോളം പാലങ്ങള്‍ കൊണ്ട് പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ഒരു വലിയ ദ്വീപ്. ഇത് പിന്നീട് പള്ളിപ്പുറം, പാണാവള്ളി, തൈക്കാട്ടുശ്ശേരി, അരൂക്കൂറ്റി പഞ്ചായത്തുകളായി വിഭജിക്കപ്പെട്ടു.

vayalar kayal

തൈക്കാട്ടുശ്ശേരിയും പാണാവള്ളിയുമാണ് പള്ളിപ്പുറത്തിന്റെ അതിരുകള്‍ പങ്കിടുന്ന പഞ്ചായത്തുകള്‍. കിഴക്കേ കായല്‍ കടന്നാല്‍ കോട്ടയം ജില്ലയില്‍ ഉള്‍പ്പെടുന്ന വൈക്കം. ബോട്ടിറങ്ങി നേരേ ചെന്നാല്‍ വൈക്കം മഹാദേവ ക്ഷേത്രം. തെക്ക് ഭാഗത്ത് ചേര്‍ത്തല മുന്‍സിപ്പാലിറ്റി. പടിഞ്ഞാറ് കായലിനിപ്പുറം കേരളത്തിന്റെ വിപ്ലവ മണ്ണായ വയലാര്‍. ചരിത്രത്തിന്റെ തിരയിളക്കം ഈ കായലുകള്‍ ഇന്നും പേറുന്നുണ്ട്. വൈക്കം ക്ഷേത്ര പ്രവേശന സമരം വിജയമായതിനെ തുടര്‍ന്ന് ഗാന്ധി രണ്ടാം വട്ടവും വൈക്കത്ത് എത്തിയത് വയലാര്‍ കായലിലൂടെ സഞ്ചരിച്ചാണ്. തകഴിയില്‍ നിന്നും ചേര്‍ത്തലയില്‍ എത്തി സമ്മേളനത്തില്‍ പങ്കെടുത്തശേഷം ചേര്‍ത്തലയില്‍ നിന്നും ബോട്ട് മാര്‍ഗം വൈക്കത്തേക്ക് പോയത് വയലാര്‍ കായലിലൂടെയായിരുന്നു. അതുപോലെ, ശ്രീനാരായണ ഗുരു വയലാറുള്ള കളവംകോടം ക്ഷേത്രത്തില്‍ കണ്ണാടി പ്രതിഷ്ഠ നടത്താന്‍ എത്തിയതും വയലാര്‍ കായലിലൂടെയായിരുന്നു. വയലാര്‍ കായലിന് മറ്റൊരു ചരിത്രം പറയാനുള്ളത് വിശുദ്ധ പദവിയിലേക്ക് പരിഗണിക്കുന്ന വൈദികന്‍ ജോസഫ് സി പഞ്ഞിക്കാരനുമായി ചേര്‍ന്നാണ്. സിറോ മലബാര്‍ സഭയുടെ പ്രസിദ്ധീകരണമായ സത്യദീപം മാസിക ആരംഭിക്കുന്നതിന് മുമ്പ് സത്യം, ദീപം എന്നീ പേരുകളില്‍ രണ്ട് ബോട്ട് സര്‍വീസുകള്‍ കൊച്ചിയില്‍ നിന്നു ചേര്‍ത്തലയിലേക്കു വയലാര്‍ കായലിലൂടെ അദ്ദേഹം നടത്തിയിരുന്നു.

തോമാശ്ലീഹ കേരളത്തില്‍ വന്നു സ്ഥാപിച്ച പളളിയായി കരുതപ്പെടുന്നതാണ് ചേര്‍ത്തല കൊക്കോതമംഗലം പള്ളി. അവിടെ സ്ഥാപിച്ച കുരിശ് തെറിച്ച് കായലില്‍ വീണെന്നും അതൊഴുകി ഒരു ദ്വീപില്‍ വന്നടിഞ്ഞെന്നും ഐതിഹ്യമുണ്ട്. കുരിശ് കിട്ടിയ ദ്വീപ് സെന്റ്. തോമസ് ദ്വീപായി പള്ളിപ്പുറത്തിന്റെ അടയാളമായി ഇന്നുമുണ്ട്. അതുപോലെ ചരിത്ര പ്രസിദ്ധമായ പള്ളിപ്പുറം പള്ളി. വിശുദ്ധനായ ചാവറ കുരിയാക്കോസ് ഏലിയാസ് അച്ചന്‍ പള്ളിപ്പുറം പള്ളിയില്‍ വൈദിക വിദ്യാര്‍ത്ഥിയായും പിന്നീട് അവിടുത്തെ വൈദികനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള സര്‍വകലാശാലയുടെ തെക്കേ അറ്റത്തുള്ള അവസാനത്തെ കോളേജ് ആയ എന്‍എസ്എസ് കോളേജും പള്ളിപ്പുറത്തിന്റെ അഭിമാനസ്തംഭമാണ്.

പഞ്ചാര മണല്‍ കുന്നുകള്‍ നിറഞ്ഞ പള്ളിപ്പുറത്തിന് ഇത്തരത്തില്‍ നിരവധി ചരിത്രകഥകള്‍ പറയാനുണ്ട്. മണ്ണ് തന്നെയായിരുന്നു ആ നാടിന്റെ പ്രധാന വരുമാന മാര്‍ഗം. ഒരുകാലം വരെ ചേര്‍ത്തലയിലും പാണവള്ളി, തൈക്കാട്ടുശ്ശേരി, വയലാര്‍ മേഖലകളില്ലൊം സമയ സൂചികയായി പള്ളിപ്പുറത്തെ ഇഷ്ടിക ഫാക്ടറികളിലെ ചൂളം വിളി മുഴങ്ങുമായിരുന്നു. കായലുകള്‍ ചുറ്റപ്പെട്ടതിനാല്‍ മത്സ്യബന്ധനം, കക്കാ വാരല്‍ എന്നിവയും പ്രധാന വരുമാന മാര്‍ഗമായിരുന്നു. കൃഷിയും ജീവിതമാര്‍ഗമായിരുന്നു. തെങ്ങായിരുന്നു പ്രധാനം. തേങ്ങയുടെ തൊണ്ട് വെള്ളത്തില്‍ കുതിര്‍ത്തിട്ട്, തല്ലിപ്പിരിച്ച് കയറാക്കുന്നത് പള്ളിപ്പുറം, ചേര്‍ത്തല, വയലാര്‍ മേഖലകളിലെല്ലാം സ്ത്രീ-പുരുഷന്മാരുടെ പ്രധാന തൊഴിലായിരുന്നു.

ചരിത്രവും ഐതിഹ്യങ്ങളും ചുറ്റിപ്പിണഞ്ഞു കിടക്കുന്ന പള്ളിപ്പുറത്ത്, തരകന്മാര്‍, കടവന്മാര്‍, മാന്താനത്തുകാര്‍ തുടങ്ങി പല ജന്മികുടുംബങ്ങളും ഉണ്ടായിരുന്നു. കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ജില്ലയായ ആലപ്പുഴയുടെ ഭാഗമായ പള്ളിപ്പുറത്തും മനുഷ്യര്‍ തിങ്ങിനിറഞ്ഞു ജീവിച്ചിരുന്നു. എങ്കിലും ആകെ ഭൂമിയുടെ വലിയൊരു അളവും കൈവശം വച്ചിരുന്നത് അവിടുത്തെ നായര്‍, ക്രിസ്ത്യന്‍ ജന്മികളായിരുന്നു.

പള്ളിപ്പുറത്തെ ക്രിസ്ത്യന്‍ പ്രമാണിമാരില്‍ ഉള്‍പ്പെട്ടവരായിരുന്നു പാലക്കാട് തറവാട്. പാലക്കാട് ഔസേപ്പച്ചന്‍ ഭാരിച്ച ഭൂസ്വത്തിന് അവകാശിയായിരുന്നു. പാലക്കാട് തറവാട് അഞ്ചേക്കര്‍ പുരയിടത്തിലായിരുന്നു നിന്നിരുന്നത്. അര്‍ദ്ധ ഭൂപ്രഭു എന്നു വിളിക്കാം. പള്ളിപ്പുറത്ത് കൂടാതെ വയലാറും വൈക്കത്തുമൊക്കെ അവര്‍ക്ക് മണ്ണുണ്ടായിരുന്നു. ഔസേപ്പച്ചന് നാല് മക്കളായിരുന്നു. അവരില്‍ മൂന്നാമനായിരുന്നു മാത്യു എന്ന മത്തപ്പന്‍. മണ്ണ് തന്നെയായിരുന്നു മാത്യുവിനും ഉണ്ണാനുള്ള വക ഉണ്ടാക്കി കൊടുത്തിരുന്നത്. തെങ്ങായിരുന്നു പ്രധാന കൃഷി. തേങ്ങാവെട്ടും തൊണ്ട് മൂടലും ഉണ്ടായിരുന്നു. മാത്യുവിന് ഭാഗം വച്ച് കിട്ടിയ രണ്ടേകാല്‍ ഏക്കറില്‍ അയാള്‍ ഒരു വീടു വച്ചു.

who is sebastian , cherthala missing cases

ചൊങ്ങുംതറ വീട്

ചേര്‍ത്തല-അരൂക്കുറ്റി-എറണാകുളം റൂട്ടില്‍, പള്ളിപ്പുറം എന്‍എസ്എസ് കോളേജ് ജംഗ്ഷന്(കോളേജ് കവല) അടുത്ത സ്റ്റോപ്പ് ആയ ഗുരുപുരത്ത്(പുന്നച്ചുവടവ്) നിന്നും പടിഞ്ഞാറേക്ക് ഒന്നര കിലോമീറ്ററോളം, ടാര്‍ ചെയ്ത പഞ്ചായത്ത് റോഡിലൂടെ പോയാല്‍ ചേന്നം പള്ളിപ്പുറം പഞ്ചായത്തില്‍ ഒമ്പതാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന, മാത്യുവിന്റെ ചൊങ്ങുംതറ(പാലക്കാട്) വീട്ടിലെത്താം.

രണ്ടാകേല്‍ ഏക്കറോളം വരുന്ന പുരയിടത്തില്‍, സ്ഥായിഗൃഹത്തില്‍ നിന്നും വാരത്തള്ളായി നിര്‍മിച്ചിരിക്കുന്ന പഴയ മാതൃകയിലുള്ള വീട്. ആ വീടിന്റെ ഇപ്പോഴത്തെ അവസ്ഥയിപ്രകാരമാണ്; ഇളം പച്ച പുറം ചുമരുകള്‍. ഓടുമേഞ്ഞ മേക്കൂട്. ചിമ്മിനിയുണ്ട്. മൂന്നു മുറികള്‍, ഒരു ഇടനാഴി, അടുക്കള, അടുക്കളയോട് ചേര്‍ന്ന് ഇരുമ്പ് ഗ്രില്ല് പിടിപ്പിച്ച ഷീറ്റ് വാരം. ടൈല്‍സ് പാകിയ കോലായം. മരപ്പലകയില്‍ തീര്‍ത്ത ജനല്‍ പാളികള്‍. വാരത്തോട് ചേര്‍ന്ന് കിണര്‍. വീടിന് പിന്നിലുള്ള ഒരപ്പുര കാലപ്പഴക്കത്തില്‍ തകര്‍ന്നിരിക്കുന്നു. വീടിന്റെ പിന്‍ഭാഗത്തായി ഒരു ശുചി മുറി പുറത്തേക്ക് തള്ളി പണികഴിപ്പിച്ചിട്ടുണ്ട്. കോലായത്തോട് ചേര്‍ന്ന് മെറ്റല്‍ വിരിച്ചിരിക്കുന്നു. പുറം പറമ്പ് മുഴുവന്‍ കുറ്റിച്ചെടികളും, വള്ളിപ്പടര്‍പ്പുകളും, പലതരം മരങ്ങളും, കിഴക്ക് വടക്ക്, തെക്ക് പടിഞ്ഞാറ്, പടിഞ്ഞാറ് ഭാഗങ്ങളിലായി ആഴമുള്ള കുഴിക്കുളങ്ങള്‍, ചിലതില്‍ മുട്ടപ്പായല്‍ മൂടിയിരിക്കുന്നു, ചിലത് ഇലകള്‍ വീണ് വെള്ളം കറുത്തിരിക്കുന്നു, പറമ്പില്‍ ഇടയ്ക്കിടയ്ക്ക് പള്ളിപ്പുറത്തെ പഞ്ചാരമണല്‍ തെളിഞ്ഞു കാണാം.

നാട്ടില്‍ ഏറെ സമ്മതനായിരുന്നു മത്തപ്പന്‍. ആര്‍ക്കും ദോഷം പറയാനില്ലാത്ത മനുഷ്യന്‍. തികഞ്ഞ ദൈവവിശ്വാസി. മത്തപ്പന് മക്കള്‍ ആറു പേര്‍; മൂന്നാണും മൂന്നു പെണ്ണും. അതില്‍ ഒരാള്‍ സെബാസ്റ്റ്യന്‍.

ജോസ് ആയിരുന്നു മത്തപ്പന്റെ മൂത്തമകന്‍. മാനസികമായ ചില ബുദ്ധിമുട്ടുകള്‍ കാണിച്ചിരുന്ന ജോസിലൂടെയായിരുന്നു ചൊങ്ങുംതറ കുടുംബത്തിലെ താളം തെറ്റുന്നത്. ജോസ് ഇന്നില്ല. അവസാനകാലത്ത് ഏതോ ധ്യാനകേന്ദ്രത്തിലായിരുന്നു. ജോസിന് നേരെ ഇളയതാണ് സെബാസ്റ്റ്യന്‍. സെബാസ്റ്റ്യന് താഴെ ഒരാണ് കൂടി. മൂന്നു സഹോദരിമാരും.

പെണ്‍ മക്കളെ മൂന്നുപേരെയും വിവാഹം കഴിപ്പിച്ചയച്ചശേഷമായിരുന്നു മാത്യുവിന്റെ മരണം. അപ്പന്റെയും അമ്മയുടെയും മരണശേഷം തറവാട്ടില്‍ സെബാസ്റ്റ്യനും അനിയനും മാത്രമായി. സെബാസ്റ്റ്യന്റെ പഠനം പത്താംക്ലാസ് കൊണ്ട് അവസാനിച്ചുവെന്നാണ് വിവരം. അനിയന്‍ തുടര്‍ന്നും പഠിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി. അദ്ദേഹത്തിന്റെ ഭാര്യ വിദേശത്ത് ജോലി നോക്കുന്നു. ഏകദേശം പത്ത് വര്‍ഷം ഭാര്യയ്ക്കൊപ്പം വിദേശത്ത് തന്നെയായിരുന്നു അദ്ദേഹവും. അതിനുശേഷം കുറച്ചു മാസങ്ങള്‍ വിദേശത്തും, ബാക്കി പാലക്കാട്ടു വീടിന്റെ തെക്കേ മുറിയിലുമായാണ് അനിയന്റെ ജീവിതം. വിവാഹം കഴിഞ്ഞ് ഏറ്റുമാനൂരുള്ള ഭാര്യ വീട്ടിലേക്ക് മാറുന്നതു വരെ സെബാസ്റ്റ്യന്‍ തനിച്ചായിരുന്നു ഏറിയകാലവും തറവാട്ടില്‍.

ഭൂപ്രഭുക്കനില്‍ നിന്നും ബസ് ക്ലീനറിലേക്ക്
പളളിപ്പുറത്തെ ഭൂപ്രഭുക്കന്മാരായിരുന്നു പാലക്കാട് തറവാട്ടുകാരെങ്കിലും, മാത്യുവിന് തന്റെ മക്കളെക്കൊണ്ട് തറവാടിന്റെ പാരമ്പര്യത്തിന് തുടര്‍ച്ചയുണ്ടാക്കാനുള്ള ഭാഗ്യം കിട്ടിയില്ല. കൃഷി ലാഭകരമല്ലാതായതോടെ മണ്ണില്‍ നിന്നുള്ള ആദായം കുറഞ്ഞു. ഇളയ മകന്‍ സര്‍ക്കാര്‍ ജീവനക്കാരനായതല്ലാതെ, മൂത്ത രണ്ട് ആണ്‍ മക്കളും അപ്പന്റെ പ്രതീക്ഷകള്‍ കാത്തില്ല.

സ്‌കൂള്‍ വിദ്യാഭ്യാസത്തിനപ്പുറം ഇല്ലാതിരുന്ന സെബാസ്റ്റ്യന്‍ ബസിലെ ജോലി ഉള്‍പ്പെടെ പലതും ചെയ്തു. പാലക്കാട്ടെ ചെറുക്കന്‍ ബസിലെ ക്ലീനറായി പോകുന്നത് നാട്ടുകാര്‍ക്ക് അമ്പരപ്പായിരുന്നു. ബസ് ജീവനക്കാരില്‍ നിന്നും ലോറി ഡ്രൈവര്‍, പിന്നീട് ചില വീടുകളില്‍ കാര്‍ ഡ്രൈവര്‍, വസ്തു കച്ചവടക്കാരന്‍ അങ്ങനെ പലതും.

ചേര്‍ത്തല-തവണക്കടവ്, അരുക്കൂറ്റി റൂട്ടില്‍ ഓടുന്ന ബസില്‍ നിരവധി കൊല്ലം ജീവനക്കാരനായിരുന്ന സെബാസ്റ്റ്യന്‍ പിന്നീട് ഡ്രൈവറായി. ബസില്‍ നിന്നിറങ്ങിയശേഷം കാര്‍ ഓടിക്കാന്‍ തുടങ്ങി. ചില വീടുകളില്‍ കാര്‍ ഡ്രൈവറായി. ചേര്‍ത്തല കനാലിന് പടിഞ്ഞാറ്(ഇരുമ്പുപാലം ഇറങ്ങി തെക്കോട്ട് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലേക്ക് പോകുന്ന റോഡില്‍) പണ്ട് കാര്‍ സ്റ്റാന്‍ഡ് ഉണ്ടായിരുന്നു. അവിടെ സെബാസ്റ്റ്യനും ഒരു അംബാസഡറുമായി ഉണ്ടായിരുന്നു. ബസും കാറും കഴിഞ്ഞ് സെബാസ്റ്റ്യന്‍ വളയം പിടിച്ചത് ലൈലാന്‍ഡ് ലോറിയുടെതായിരുന്നു. ഗ്രാവലും പൂഴിയും ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കലായിരുന്നു പണി.

പള്ളിപ്പുറം പണ്ട് വലിയ മണ്‍കൂനകളായിരുന്നു. പൊരിവെയിലത്ത് ചുട്ടുപൊള്ളിക്കിടക്കുന്ന പഞ്ചാര മണല്‍ കൂനകളായിരുന്നു പള്ളിപ്പുറത്തിന്റെ അടയാളം. സിലിക്ക മണലിന്റെ വില മനസിലാക്കും വരെ ആ മണ്‍കൂനകള്‍ തലപൊക്കി നിന്നിരുന്നു. എന്നാല്‍ മണ്ണില്‍ മനുഷ്യന്റെ ലാഭക്കണ്ണ് പതിഞ്ഞതോടെ പള്ളിപ്പുറത്തേക്ക് ലോറികള്‍ പാഞ്ഞു. സെബാസ്റ്റ്യന്റെ ലോറിയിലും സിലിക്ക മണല്‍ കയറി. നൂറിനും ഇരുന്നൂറിനും നാട്ടുകാരില്‍ നിന്നും മണ്ണെടുത്ത്, അഞ്ഞൂറിനും ആയിരത്തിനും മറിച്ചു കൊടുക്കും.

ഇതൊന്നും സെബാസ്റ്റ്യന്റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്താന്‍ സഹായിച്ചിരുന്നില്ല.

കുബേരനായി മാറിയ അമ്മാവന്‍
എന്നാല്‍ 2017 ല്‍ സെബാസ്റ്റ്യന്‍ ഒരു കേസില്‍ കുടങ്ങി. ‘അമ്മാവന്‍’ കേസില്‍ പെട്ടതിലല്ല, ആ കേസ് ആയിരുന്നു നാട്ടുകാരെ ഞെട്ടിച്ചത്. ജീവിക്കാന്‍ ബസ് ക്ലീനര്‍ തൊട്ട് ടാക്സി ഡ്രൈവര്‍ വരെയുള്ള വേഷമണിഞ്ഞ സെബാസ്റ്റ്യനെ പൊലീസ് അറസ്റ്റ് ചെയ്തത്, കൊള്ളപ്പലിശക്കാര്‍ക്കെതിരേ നടക്കുന്ന ഓപ്പറേഷന്‍ കുബേരയുടെ പേരിലായിരുന്നു.

ഉയര്‍ന്ന പലിശയും, അതീടാക്കാന്‍ വളഞ്ഞ വഴിയും നോക്കുന്നവര്‍ക്കെതിരേ സര്‍ക്കാര്‍ തലത്തില്‍ തുടങ്ങിയ നിയമ നടപടിയായിരുന്നു ഓപ്പറേഷന്‍ കുബേര. പണം വാങ്ങിയൊരാള്‍ നല്‍കിയ പരാതിയില്‍ സെബാസ്റ്റ്യന്റെ വീട്ടില്‍ റെയ്ഡ് നടന്നു. പണമിടപാടിന്റെ പല രേഖകളും കണ്ടെത്തി. കേസ് ചാര്‍ജ് ചെയ്തു. 2018 ല്‍ ഈ കേസ് കോടതിയിലെത്തി. സെബാസ്റ്റ്യനെ റിമാന്‍ഡ് ചെയ്തു. ‘അമ്മാവന്‍’ ആദ്യമായി ജയില്‍ പോകുന്നത് അപ്പോഴാണ്.

അധികം വൈകാതെ ജാമ്യത്തില്‍ ഇറങ്ങി. പരാതിക്കാരന്‍ വരെ സെബാസ്റ്റ്യന് അനുകൂലമായി മൊഴി നല്‍കി. കുബേര കേസിന്റെ വിചാരണ ഇപ്പോഴും നടക്കുന്നുണ്ട്.

”മാസം ഏഴും എട്ടും ലക്ഷം രൂപ വരെ പലിശ പിരിച്ചെടുക്കുമായിരുന്നു സെബാസ്റ്റ്യന്‍” അയാളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിവുണ്ടായിരുന്ന ഒരു വ്യക്തി പറഞ്ഞു. കൗതുകം തോന്നും സെബാസ്റ്റ്യന്‍ പണം കൈകാര്യം ചെയ്തിരുന്ന രീതി കേള്‍ക്കുമ്പോള്‍.

സെബാസ്റ്റ്യന്റെ കൈയിലോ കക്ഷത്തിലോ എപ്പോഴും ഒരു സഞ്ചിയുണ്ടാകും. ടെക്സ്‌റ്റൈല്‍ ഷോപ്പുകളില്‍ നിന്നു നല്‍കുന്ന തരം സഞ്ചി. അതില്‍ പലതും സെബാസ്റ്റ്യന്‍ സൂക്ഷിച്ചു, പണവും!

സെബാസ്റ്റ്യനോട് ഒരാള്‍ കടം ചോദിച്ചാല്‍ അപ്പോള്‍ തന്നെ കൊടുക്കുന്ന ശീലമുണ്ടായിരുന്നില്ല. ”അയാള്‍ ഒരു എടിഎം ആയിരുന്നുവെന്ന് ഞങ്ങള്‍ക്കറിയാം. കൈയിലുള്ള സഞ്ചിയില്‍ എപ്പോഴും കാശ് കാണും. എന്നാല്‍ നമ്മള്‍ 500 രൂപ കടം ചോദിച്ചെന്നിരിക്കട്ടെ, ഇല്ലെന്നേ സെബാസ്റ്റ്യന്‍ പറയൂ. നമ്മളെ വിശ്വസിപ്പിക്കാന്‍ ഷര്‍ട്ടിന്റെയും പാന്റിന്റെയും പോക്കറ്റുകള്‍ വരെ പുറത്തിട്ട് കാണിക്കും. പിന്നെ പറയും, നാളെ ഇന്ന സമയത്ത് വാ, നോക്കട്ടെ എന്ന്. അതേ സമയത്ത് ചെന്നാല്‍ ചോദിച്ച പണം തരും’-സെബാസ്റ്റ്യന്റെ പരിചയക്കാരന്റെ വാക്കുകള്‍. സെബാസ്റ്റ്യന്‍ പരിചയക്കാര്‍ക്ക് ഒരിക്കലും വഴിവിട്ട് പണം നല്‍കിയിരുന്നുമില്ല.

ഈ കഥകളൊക്കെ നാട്ടുകാര്‍ അറിയുന്നത് വളരെ വൈകിയായിരുന്നു. അവരുടെയെല്ലാം ചോദ്യം ഇതായിരുന്നു; ഇത്രയും പണം സെബാസ്റ്റ്യന് എങ്ങനെ കിട്ടി? വണ്ടിയോടിക്കല്‍ കഴിഞ്ഞ് വസ്തു കച്ചവടക്കാരനായിട്ടായിരുന്നു പിന്നീടുള്ള സെബാസ്റ്റ്യന്റെ വേഷം. ആ ഇടപാടുകളില്‍ നിന്നും മാസം പത്ത് ലക്ഷത്തോളം രൂപ പലിശ പിരിക്കുന്ന തരത്തില്‍ അയാള്‍ക്ക് സമ്പന്നനാകാന്‍ കഴിയുമോ? ഒരിക്കല്‍ സെബാസ്റ്റ്യന്റെ വീട്ടില്‍ ഇന്‍കം ടാക്‌സ് റെയ്ഡ് നടന്നതായി പറയുന്നുണ്ട്. അത് യഥാര്‍ത്ഥ ഇന്‍കംടാക്‌സുകാര്‍ അല്ലായിരുന്നുവെന്നും, ജോര്‍ജ്കുട്ടി കെയര്‍ ഓഫ് ജോര്‍ജ്കുട്ടി എന്ന മലയാളം സിനിമയില്‍ തിലകന്റെ വീട്ടില്‍ ഇന്‍കംടാക്‌സ് ഓഫിസറായി മാള വരുന്നതുപോലെ, ചില വ്യാജന്മാരായിരുന്നുവെന്നും, ആ ‘ റെയ്ഡിന്’ പിന്നില്‍ ഒരു വക്കീലിന്റെ ബുദ്ധിയായിരുന്നുവെന്നും അടക്കം പറച്ചിലുമുണ്ട്.

അത് ശരിയോ തെറ്റോ എന്നറിയില്ല. എന്നാല്‍ സെബാസ്റ്റിയന്റെ കൈയില്‍ ഇഷ്ടം പോലെ പണം ഉണ്ടായിരുന്നു. അതെങ്ങനെ കിട്ടി?

ആ ചോദ്യം നാട്ടുകാര്‍ക്കിടയില്‍ നില്‍ക്കെയാണ്, 2017 ല്‍ പട്ടണക്കാട് പൊലീസ് ഒരു കേസ് രജിസ്റ്റര്‍ ചെയ്തത്. കേരളത്തില്‍ ചര്‍ച്ചയായി മാറിയ കേസ്. ചേര്‍ത്തല കടക്കരപ്പള്ളി(മാടയ്ക്കല്‍) സ്വദേശി ബിന്ദു പത്മനാഭന്‍ എന്നൊരു സ്ത്രീയുടെ പേരിലുണ്ടായിരുന്ന ഭൂസ്വത്തുക്കള്‍ ആരോ വ്യാജരേഖകള്‍ ചമച്ച് തട്ടിയെടുത്തെന്നായിരുന്നു കേസ്. ആ കേസിനെ കൂടുതല്‍ ശ്രദ്ധേയമാക്കിയത്, ബിന്ദു പത്മനാഭന്റെ ദുരൂഹമായ കാണാതാകല്‍ ആയിരുന്നു.

bindu padmanabhan

ബിന്ദു പത്മനാഭന്‍

ബിന്ദുവിന് എന്തു സംഭവിച്ചു?
‘പീടിക്കപ്പറമ്പ് വീട് ഏതോ അന്യമതസ്ഥന്‍ വാങ്ങിയെന്നു കേട്ടപ്പോള്‍ ഞങ്ങളെല്ലാവരും ഞെട്ടി’

ബിന്ദു പത്മനാഭന്റെ അടുത്ത ബന്ധുവിന്റെ വാക്കുകളാണ്. ബിന്ദുവിനെ കാണാനില്ലെന്ന കാര്യം ബന്ധുക്കള്‍ പലരും അറിഞ്ഞത് പത്രവാര്‍ത്തകളിലൂടെയായിരുന്നു.

ചേര്‍ത്തല നഗരത്തില്‍ നിന്നും നാല് കിലോമീറ്റര്‍ പടിഞ്ഞാറാണ് മാടയ്ക്കല്‍. ഇവിടെ നിന്നും ഏഴ് മിനിട്ടോളം യാത്ര ചെയ്താല്‍ അര്‍ത്തുങ്കല്‍, തൈക്കല്‍ തീരദേശ മേഖലകളിലെത്താം. മാടയ്ക്കലാണ് ബിന്ദു പത്മനാഭന്റെ വീട്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു പത്മനാഭന്‍. രണ്ട് മക്കള്‍; ബിന്ദുവും സഹോദരന്‍; പ്രവീണും. ഭാരിച്ച ഭൂസ്വത്ത് പത്മനാഭന് കുടുംബ ഓഹരിയായി കിട്ടിയിരുന്നു. അതുകൂടാതെയായിരുന്നു അയാള്‍ പിന്നീട് സമ്പാദിച്ചതെല്ലാം.

നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു ബിന്ദു. ഒരു ചാര്‍ട്ടേഡ് അകൗണ്ടന്റിനെ കൊണ്ട് മകളെ വിവാഹം കഴിപ്പിക്കണം എന്നായിരുന്നു ബിന്ദുവിന്റെ അമ്മയുടെ ആഗ്രഹം. എംബിഎ പഠിക്കാനായി അവര്‍ ബിന്ദുവിനെ ബാംഗ്ലൂര്‍ക്ക് അയച്ചു.

സമ്പന്നതയുടെ നടുവില്‍ നിന്നു പീടിക്കപറമ്പ് വീടിനെ ദൗര്‍ഭാഗ്യങ്ങള്‍ പിന്തുടരാന്‍ തുടങ്ങി. പ്രവീണിന്റെ മദ്യ ബിസിനസില്‍ തകര്‍ച്ച നേരിട്ടു. ഭാഗം കിട്ടിയ വസ്തുക്കള്‍ വില്‍ക്കേണ്ട ഗതികേടിലെത്തി. നാട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ അയാള്‍ രാജ്യം വിട്ടു. പത്മനാഭന്റെ ഭാര്യ അംബികാദേവിയുടെ കാന്‍സര്‍ കുടുംബത്തിലെ മറ്റൊരു ദുരന്തമായി.

2002 മേയില്‍ അംബികാദേവി മരിച്ചു. അതോടെ പത്മനാഭന്‍ ഒറ്റപ്പെട്ടു. മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രവീണ്‍ വിദേശത്തേക്ക് പോയിരുന്നു. ബിന്ദു പഠിക്കാനായി ബാംഗ്ലൂരിലും. സര്‍വ സൗഭാഗ്യങ്ങളോടെയും ജീവിച്ച പത്മനാഭന്‍ ഭാര്യയുടെ മരണത്തിന് പിന്നാലെ പൂര്‍ണമായി തളര്‍ന്നു. ഭാര്യ മരിച്ച് മൂന്നു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഹൃദയാഘാതം അയാളുടെയും ജീവനെടുത്തു. ബന്ധുക്കളായവരോടെല്ലാം അകന്ന് കഴിഞ്ഞിരുന്ന പത്മനാഭന്‍ ഒടുവില്‍ അവരില്‍ ഒരാളുടെ വീട്ടില്‍ കിടന്നായിരുന്നു അന്ത്യശ്വാസം വലിച്ചത്.

അമ്മയുടെ കാര്യത്തിലെന്നപോലെ, അച്ഛന്റെ മരണസമയത്തും പ്രവീണിന് നാട്ടിലെത്താന്‍ സാധിച്ചില്ല. എന്നാല്‍ അച്ഛന്റെ മരണമറിഞ്ഞ് ബിന്ദു നാട്ടിലെത്തി. അപ്പോഴേക്കും ബന്ധുക്കള്‍ക്കെല്ലാം അവള്‍ പുതിയൊരാളായിരുന്നു. അച്ഛന്റെ മരണാനന്തര ചടങ്ങുകളെല്ലാം മകള്‍ ഭംഗിയായി നടത്തി. അക്കാര്യത്തില്‍ ബന്ധുക്കള്‍ക്കെല്ലാം അവരോട് മതിപ്പ് തോന്നിയെങ്കിലും, ബിന്ദുവിന്റെ രീതികളും സ്വഭാവ മാറ്റവും അംഗീകരിക്കാനാകുന്നതായിരുന്നില്ല. ബന്ധുക്കളോട് അധികം അടുക്കാന്‍ ബിന്ദു തയ്യാറായില്ല. പലപ്പോഴും റോഡിലൂടെ നടന്നു പോകുന്ന ബിന്ദുവിനെ സമീപത്ത് താമസിക്കുന്ന ബന്ധുക്കള്‍ കാണാറുണ്ട്. വസ്ത്രധാരണത്തിലൊന്നും ശ്രദ്ധിക്കാതെ, ഒറ്റയ്ക്ക് പറഞ്ഞോണ്ടു പോകുന്ന ബിന്ദുവില്‍ എന്തൊക്കെയോ അസ്വഭാവികതകള്‍ അവര്‍ കണ്ടു. എന്നിട്ടും ആരുമൊന്നും ചോദിച്ചില്ല. അതിനവര്‍ പറയുന്ന കാരണം, എത്രയോ കാലങ്ങളായി അവര്‍(പത്മനാഭന്റെ വീട്ടുകാര്‍)ഞങ്ങളോടുള്ള സംസര്‍ഗ്ഗം നിര്‍ത്തിയിട്ടെന്നായിരുന്നു.

ആരുമറിയാതെ മാഞ്ഞുപോയ ബിന്ദു
പിന്നെയവര്‍ ബിന്ദുവിനെ കാണാതെയായി. ബാംഗ്ലൂര്‍ക്ക് തിരിച്ചു പോയെന്ന് കരുതി. വര്‍ഷങ്ങള്‍ കടന്നു പോയി. 1999 ല്‍ വിദേശത്ത് പോയ പ്രവീണ്‍ നാട്ടിലെത്തുന്നത് 2012 ലാണ്. ഇതിനിടയില്‍ സഹോദരിയും സഹോദരനും തമ്മില്‍ ഫോണില്‍ പോലും ബന്ധപ്പെട്ടിരുന്നില്ല. പല തവണ ശ്രമിച്ചിട്ടും ബിന്ദുവിനെ ഫോണില്‍ കിട്ടിയില്ലെന്നാണ് പ്രവീണ്‍ പറയുന്നത്. അച്ഛന്‍ എല്ലാ സ്വത്തുക്കളും സഹോദരിയുടെ പേരിലാണ് എഴുതിവച്ചിരുന്നത്. അതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ നേരിടാതിരിക്കാനാകാം ബിന്ദു സംസാരിക്കാത്തതെന്നു കരുതിയതായി പ്രവീണ്‍ പറയുന്നു. ആദ്യ വരവില്‍ പ്രവീണിന് ബിന്ദുവിനെ കാണാന്‍ കഴിഞ്ഞില്ല.

ബിന്ദു തന്നെ കാണാന്‍ കൂട്ടാക്കാത്തതല്ല, സഹോദരിക്ക് എന്തോ സംഭവിച്ചു എന്ന് പ്രവീണിന് തോന്നിത്തുടങ്ങന്നത് 2016 ലാണ്. ഒരു മരണ വീട്ടില്‍ വച്ച് കണ്ടത് ബിന്ദു തന്നെയാണോ എന്ന് സംശയം ഉണ്ടെന്ന് ബന്ധുക്കളില്‍ ഒരാള്‍ വിളിച്ചു പറയുന്നിടത്താണ് പ്രവീണിന്റെ അന്വേഷണം ആരംഭിക്കുന്നത്.

ബിന്ദുവിന്റെ കഥയില്‍ സെബാസ്റ്റിയന്റെ വേഷം തെളിഞ്ഞു വരുന്നതും അവിടം തൊട്ടാണ്.

ആദ്യമായി നാട്ടില്‍ വന്ന സമയത്ത്, സെബാസ്റ്റിയന്‍ എന്നൊരാളുടെ സഹായത്തോടെ ബിന്ദു സ്വത്തുക്കള്‍ പലതും വിറ്റതായി പ്രവീണ്‍ കേട്ടിരുന്നു. ബിന്ദുവിനെപ്പോലൊരാള്‍ക്കൊപ്പം മരണ വീട്ടില്‍ വന്നയാളുടെ പേരും സെബാസ്റ്റ്യന്‍ എന്നാണെന്ന് അറിഞ്ഞതോടെ പ്രവീണിന്റെ സംശയം ബലപ്പെട്ടു. അതിനു പിന്നാലെയാണ് എറണാകുളത്തുള്ള ചില റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ പ്രവീണിനെ സമീപിക്കുന്നത്. നാട്ടിലെ സ്വത്തുക്കള്‍ വിറ്റ് കൊച്ചി പാടിവട്ടത്ത് ബിന്ദു വാങ്ങിയ 10 സെന്റ് സ്ഥലം മുക്ത്യാര്‍ ഉപയോഗിച്ച് സെബാസ്റ്റ്യന്‍ വിറ്റു എന്നും, എന്നാല്‍ മുക്ത്യാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബിന്ദു എന്ന പേരില്‍ വന്നത് മറ്റൊരു സ്ത്രീയായിരുന്നുവെന്നുമാണ് ബ്രോക്കര്‍മാര്‍ പ്രവീണിനെ അറിയിച്ചത്. രജിസ്ട്രാര്‍ ഓഫിസില്‍ ഉണ്ടായിരുന്ന ഒരാള്‍ക്ക് ഈ സ്ത്രീയെ അറിയാമായിരുന്നുവെന്നും ബ്രോക്കര്‍മാര്‍ പറഞ്ഞു.

2017 ല്‍ വീണ്ടും നാട്ടില്‍ എത്തിയപ്പോള്‍ പ്രവീണിന്റെ മനസില്‍ പല ചോദ്യങ്ങളുമുണ്ടായിരുന്നു. അവയ്ക്കുള്ള ഉത്തരത്തിനായി അയാള്‍ സെബാസ്റ്റ്യനെ തിരക്കിയിറങ്ങി. പള്ളിപ്പുറത്തെ വീട്ടില്‍ പലവട്ടം ചെന്നിട്ടും കാണാന്‍ സാധിച്ചില്ല. നാല് മാസം കാത്തിരിക്കേണ്ടി വന്നു പ്രവീണിന് സെബാസ്റ്റ്യനെ കണ്ടുമുട്ടാന്‍.

തന്റെ സഹോദരി എവിടെയാണെന്നായിരുന്നു പ്രവീണിന് അറിയേണ്ടിയിരുന്നത്. അടുത്തിടയും ബിന്ദു ഇവിടെ വന്നു പോയതാണല്ലോ എന്നായിരുന്നു സെബാസ്റ്റ്യന്റെ മറുപടി. പ്രവീണിനെ വിശ്വസിപ്പിക്കാന്‍ സാക്ഷികളെ വരെ ഏര്‍പ്പാടാക്കിയിരുന്നു. അന്ന് സെബാസ്റ്റ്യന് വേണ്ടി പ്രവീണിനു മുന്നില്‍ സാക്ഷി പറഞ്ഞവരില്‍ ഒരാളായിരുന്നു ഓട്ടോ ഡ്രൈവര്‍ മനോജ്. മനോജ് പറഞ്ഞത്, ബിന്ദു അടുത്തിടെയും ഇവിടെ വന്നിരുന്നുവെന്നും താനാണ് കൊണ്ടുവന്ന് വിട്ടതെന്നുമാണ്. ഓട്ടോക്കൂലിക്ക് പുറമെ 500 രൂപ കൂടുതല്‍ തന്നുവെന്നും പറഞ്ഞു മനോജ് കഥയ്ക്ക് വിശ്വാസ്യതയുണ്ടാക്കി. ബിന്ദു വന്നുപോകുന്നതിന്റെ പേരില്‍ ഏതോ സ്ത്രീ വിളിച്ചു വഴക്കുണ്ടാക്കിയതിന്റെ ഫോണ്‍ സംഭാഷണവും കേള്‍പ്പിച്ച് ബിന്ദു ഇവിടെ തന്നെയുണ്ടെന്ന് സെബാസ്റ്റ്യന്‍ പ്രവീണിന് മുന്നില്‍ ഉറപ്പിക്കുകയായിരുന്നു.

എന്നാല്‍ പ്രവീണിന്റെ മനസില്‍ മുളപൊട്ടിയിരുന്ന സംശത്തിന്റെ വിത്തുകളുടെ വേരുണങ്ങിയിരുന്നില്ല. ബിന്ദുവിന്റെ ഫോണ്‍ നമ്പര്‍ കൊടുക്കാന്‍ സെബാസ്റ്റ്യന്‍ വിസമ്മതിച്ചതോടെ, അയാള്‍ പലതും ഒളിക്കുന്നുണ്ടെന്ന് പ്രവീണിന് ബോധ്യമായി. സെബാസ്റ്റ്യന്‍ കാണിച്ച അതിബുദ്ധിയും വിനയായി. ചേര്‍ത്തലയിലെ ഒരു ബാങ്കില്‍ പ്രവീണിന്റെ പേരില്‍ ബിന്ദു 50 ലക്ഷം നിക്ഷേപിച്ചിട്ടുണ്ടെന്നായിരുന്നു സെബാസ്റ്റ്യന്‍ പറഞ്ഞത്. എന്നാല്‍ അങ്ങനെയൊരു അകൗണ്ട് ഇല്ലെന്ന് പ്രവീണ്‍ തിരക്കിയറിഞ്ഞു. കള്ളത്തരങ്ങള്‍ക്കു മേല്‍ കള്ളത്തരങ്ങളാണ് സെബാസ്റ്റ്യന്‍ പറയുന്നതെന്ന് ഉറപ്പിച്ചാണ് 2017 സെപ്തംബറില്‍ ബിന്ദുവിനെ കാണാനില്ലെന്നും സ്വത്തുവകകള്‍ തട്ടിയെടുത്തുവെന്നും കാണിച്ച് ആഭ്യന്തര സെക്രട്ടറിക്ക് പ്രവീണ്‍ പരാതി കൊടുക്കുന്നത്. താമസിയാതെ പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നു തുടങ്ങി. പരാതി കൊടുത്ത് മൂന്നു മാസങ്ങള്‍ക്ക് ശേഷം ബിന്ദു തിരോധാനത്തില്‍ പട്ടണക്കാട് പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.

ബിന്ദുവിനെ വര്‍ഷങ്ങളായി കാണാനില്ലെന്നും, അവരുടെ പേരിലുണ്ടായിരുന്ന വീടും ഭൂമിയുമെല്ലാം തട്ടിയെടുക്കപ്പെട്ടിരിക്കുന്നുവെന്നും ബന്ധുക്കള്‍ അറിയുന്നത് പ്രവീണിന്റെ പരാതിക്ക് ശേഷമാണ്. ഈ പരാതി വരുമ്പോഴേക്കും ബിന്ദു അപ്രത്യക്ഷമായിട്ട് ഏകദേശം പത്തുവര്‍ഷം ആയിട്ടുണ്ടാകും.

ബിന്ദു കേസില്‍ അമ്മാവന്‍ അറസ്റ്റിലായെങ്കിലും നാട്ടുകാര്‍ക്ക് അത്ര വലിയ സംഭവമായി തോന്നിയിരുന്നില്ല. പള്ളിപ്പുറത്തെ മറ്റു ചിലരെയും ആ കേസില്‍ പൊലീസ് പിടിച്ചു കൊണ്ടു പോയിരുന്നു. പിന്നീട് ഇവരെല്ലാവരും പുറത്തു വരികയും ചെയ്തു. അമ്മാവന്റെ കല്യാണം ബിന്ദു കേസിന് ശേഷമായിരുന്നു. കല്യാണം കഴിഞ്ഞതോടെ അമ്മാവന്‍ ഏറ്റുമാനൂരുള്ള ഭാര്യവീട്ടിലേക്ക് താമസം മാറ്റിയതോടെ ബിന്ദു കേസ് നാട്ടുകാര്‍ മറന്നു. അമ്മാവന്‍ വല്ലപ്പോഴും ചൊങ്ങുംതറ വീട്ടില്‍ വന്നു പോകുന്നുണ്ടെന്ന് അറിയാമെന്നതല്ലാതെ ആ വീടുമായോ അവിടുള്ളവരുമായോ നാട്ടുകാര്‍ക്ക് വലിയ ബന്ധമൊന്നും ഉണ്ടായതുമില്ല.

2025 ഓഗസ്റ്റ്, ബിന്ദുവിനെ കാണാനില്ലെന്ന് സഹോദരന്‍ പരാതി നല്‍കി എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം ആലപ്പുഴ ക്രൈം ബ്രാഞ്ച് ചേര്‍ത്തല മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചിരിക്കുന്നത് ബിന്ദു പത്മനാഭന്‍ കൊല്ലപ്പെട്ടിരിക്കുന്നു എന്നാണ്. പ്രതിയായി അവര്‍ സംശയിക്കുന്നത് സെബാസ്റ്റ്യനെയാണ്. ജെയ്നമ്മ കൊല്ലപ്പെട്ടിരിക്കുന്നു എന്ന് കോട്ടയം ക്രൈം ബ്രാഞ്ച് ഉറപ്പിക്കുന്നു, ഇപ്പോള്‍ ആലപ്പുഴ ക്രൈം ബ്രാഞ്ച് പറയുന്നു ബിന്ദുവും കൊല ചെയ്യപ്പെട്ടിരിക്കുന്നു. രണ്ട് കേസിലും കുറ്റാരോപിതന്‍ സെബാസ്റ്റ്യന്‍.

ബിന്ദു കൊല്ലപ്പെട്ടെങ്കില്‍ എങ്ങനെ?
ബിന്ദു കൊല്ലപ്പെട്ടതായി ചേര്‍ത്തല മജിസ്‌ട്രേറ്റ് കോടതിയെ ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘം അറിയിക്കുന്നതിനും ദിവസങ്ങള്‍ക്ക് മുമ്പ് മാധ്യമങ്ങളില്‍ ബിന്ദു കൊല്ലപ്പെട്ടതാണ് എന്ന വാര്‍ത്തകള്‍ വന്നിരുന്നു. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ശശികലയാണ് ബിന്ദു കൊല്ലപ്പെട്ടുവെന്ന് ഉറപ്പിച്ചു പറഞ്ഞത്. കൂട്ടാളികളുമായി ചേര്‍ന്ന് പള്ളിപ്പുറത്തുള്ള വീട്ടിലെ ശുചിമുറിയില്‍ വച്ച് സെബാസ്റ്റ്യന്‍ തന്നെയാണ് ബിന്ദുവിനെ കൊന്നതെന്നാണ് ശശികല പറയുന്നത്.

ഒരു സ്ഥലക്കച്ചവടക്കാരനുമായുള്ള(ഇയാള്‍ സെബാസ്റ്റ്യന്റെ സുഹൃത്തായിരുന്നു) ഫോണ്‍ സംഭാഷണത്തിലാണ് ബിന്ദുവിന്റെ കൊലപാതകത്തെ കുറിച്ച് ശശികല പറയുന്നത്. ബിന്ദു ജീവിച്ചിരിപ്പില്ലെന്നും, അവരെ നേരത്തെ തന്നെ നല്ല ആണ്‍പിള്ളേര്‍ കൊന്നു കളഞ്ഞു എന്നും സെബാസ്റ്റ്യന്റെ മറ്റൊരു സുഹൃത്ത് തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ്, ഫോണ്‍ സംഭാഷണത്തിനിടയില്‍ ശശികല പറയുന്നത്. ബിന്ദുവിനെ കൊന്നു കളഞ്ഞു എന്നു തന്നോട് പറഞ്ഞ വ്യക്തിയും സെബാസ്റ്റ്യനും ചേര്‍ന്നാണ് കൊലപാതകം നടത്തിയത് എന്നാണ് ശശികലയുടെ ആരോപണം. പള്ളിപ്പുറത്തെ വീട്ടിലെ കുളിമുറിയില്‍ വച്ച് തലയ്ക്കടിച്ചാണ് ബിന്ദുവിനെ കൊലപ്പെടുത്തിയതെന്നും ഒരുകാലത്ത് സെബാസ്റ്റ്യന്റെ സുഹൃത്തായിരുന്ന ശശികല പറയുന്നു.

കണ്ണൂര്‍ സംഘം ബിന്ദുവിനെ കൊണ്ടുപോയോ?
ബിന്ദു തിരോധനം അന്വേഷിക്കാന്‍ തുടങ്ങിയതിന് പിന്നാലെ സെബാസ്റ്റ്യന്‍ ചേര്‍ത്തലയില്‍ നിന്ന് അപ്രത്യക്ഷനായിരുന്നു. സെബാസ്റ്റ്യന്‍ പോയത് കണ്ണൂരിലേക്കായിരുന്നു എന്നാണ് അയാളെക്കുറിച്ച് അറിയാവുന്ന ചില കേന്ദ്രങ്ങള്‍ നല്‍കിയ വിവരം. കണ്ണൂരിലുള്ള ഒരു ഗ്യാങ് സെബാസ്റ്റ്യന് സംരക്ഷണം ഒരുക്കാന്‍ ഉണ്ടായിരുന്നു. ഇതേ സംഘം തന്നെയാണ് ബിന്ദുവിനെ കൊണ്ടു പോയതെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. അവര്‍ ബിന്ദുവിനെ കണ്ണൂരില്‍ താമസിപ്പിച്ചശേഷം കുടകിലേക്ക് കൊണ്ടുപോയെന്നും, അവിടെവച്ച് ബിന്ദു അവസാനിച്ചിരിക്കാമെന്നും ചില അനുമാനങ്ങളുണ്ട്. പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഒരു വ്യക്തി പറഞ്ഞതിങ്ങനെയാണ്; ബിന്ദു പണ്ടേ കുടകിലെ ഏലത്തോട്ടത്തില്‍ വളമായിട്ടുണ്ട്.

സെബാസ്റ്റ്യന്‍ എങ്ങനെ ബിന്ദുവിലേക്ക് എത്തി?
പള്ളിപ്പുറത്ത് നിന്നും 13 കിലോമീറ്ററോളം ദൂരമുണ്ട് മാടയ്ക്കലേക്ക്. ബിന്ദുവുമായി സെബാസ്റ്റ്യന്‍ അടുക്കുന്നതിന് മൂന്നു വഴികളാണ് പറഞ്ഞു കേള്‍ക്കുന്നത്. തന്റെ സ്വത്തുക്കള്‍ ബിന്ദു വില്‍ക്കാന്‍ തുടങ്ങിയതോടെ, വസ്തു കച്ചവടക്കാരനായി സെബാസ്റ്റിയന്‍ എത്തുന്നു. ബിന്ദുവിന്റെ വീട്ടിലെ കാര്‍ ഓടിക്കാന്‍ ഡ്രൈവറായി എത്തുന്നു, ചേര്‍ത്തല മനോരമക്കവലയ്ക്ക് കിഴക്ക് (മുന്‍പ് ഉണ്ടായിരുന്ന ഭവാനി തിയേറ്ററിന് സമീപത്തായി) ഒരു കടയില്‍ വച്ച് ബിന്ദുവിനെ സെബാസ്റ്റ്യന്‍ കണ്ടു മുട്ടുന്നു. ഇതില്‍ ഏത് വഴിയാണ് അവര്‍ അടുത്തതെന്നതില്‍ അവ്യക്തതയുണ്ട്.

സെബാസ്റ്റ്യനെ ബിന്ദു പൂര്‍ണമായി വിശ്വസിച്ചിരുന്നു. അതിന് പ്രധാന കാരണം സെബാസ്റ്റ്യന്‍ നല്‍കിയ വിവാഹവാഗ്ദാനം ആയിരിക്കുമെന്നാണ് അനുമാനം.

സുമുഖനായിരുന്നു സെബാസ്റ്റ്യന്‍. പരിചയപ്പെടുന്നവര്‍ക്ക് നല്ല വിനയമുള്ള വ്യക്തിയെന്ന് തോന്നിപ്പിക്കുന്ന പെരുമാറ്റം. അലക്കി തേച്ച വസ്ത്രങ്ങള്‍ മാത്രം ധരിച്ചിരുന്നു. പാന്റ്സും ഷര്‍ട്ടുമായിരുന്നു പ്രധാന വേഷം. ഇടയ്ക്ക് മുണ്ട്. കൈകള്‍ വീശി കുണുങ്ങി കുണുങ്ങി(ആന നടക്കുന്നതുപോലെ എന്ന് ചിലര്‍) വളരെ സാവധാനത്തിലായിരുന്നു നടപ്പ്.

മാനസികമായ അസ്വസ്ഥതകള്‍ കാണിച്ചിരുന്ന ബിന്ദുവിനെ, ആളുകളെ വശത്താക്കാന്‍ പ്രത്യേക കഴിവുണ്ടായിരുന്ന സെബാസ്റ്റ്യന് വളരെ വേഗം വരുതിയിലാക്കാന്‍ കഴിഞ്ഞിരിക്കണം. സമീപത്തുള്ള ഒരു വീട്ടില്‍ വന്ന് ബിന്ദു തന്റെ വിവാഹം കഴിഞ്ഞുവെന്ന് പറഞ്ഞതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. പിന്നീട് ബിന്ദു തന്നെ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു. സെബാസ്റ്റ്യന്‍ ബിന്ദുവിനെ വിവാഹം കഴിച്ചിരുന്നോ എന്ന സംശയവും ബിന്ദുവിന്റെ നാട്ടുകാരില്‍ ചിലര്‍ക്കുണ്ട്.

ബാങ്കില്‍ നിന്നെടുത്തതും, ഭൂമി വിറ്റ് നേടിയതുമെല്ലാമായി ബിന്ദുവില്‍ നിന്നും സെബാസ്റ്റ്യന്‍ കൈക്കലാക്കിയതായി പറയുന്നത് ഏകദേശം അഞ്ചു കോടി രൂപയാണെന്നും, ഈ പണമാണ് സെബാസ്റ്റ്യന്‍ പലിശയ്ക്ക് കൊടുത്തതെന്നുമാണ് സ്ഥിരീകരിക്കാത്ത വിവരം.

whos sebastian, cherthala missing cases 7

ശുചിമുറിയില്‍ കണ്ടെത്തിയ രക്തക്കറകള്‍ മാര്‍ക്ക് ചെയ്തിരിക്കുന്നു

ഓട്ടോ സുഹൃത്തുക്കള്‍
‘സെബാസ്റ്റ്യന്‍ കോടതിക്കവലയില്‍ വന്നിറങ്ങും. കുറച്ചു നേരം അവിടെ നിന്നശേഷം കിഴക്ക് ബിവേറേജില്‍ ചെന്ന് അര ലിറ്റര്‍ വാങ്ങും. പിന്നെ പടിഞ്ഞാറേക്ക് പോകും, ഓട്ടോക്കാരെ ആരെയെങ്കിലും വിളിക്കും, ഏതെങ്കിലും കടയില്‍ ചെന്ന് രണ്ട് ഗ്ലാസ് വാങ്ങി അവിടെ വച്ചു ഒന്നോ രണ്ടോ പെഗ് അടിക്കും. കൂടെയാരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കും. പിന്നെ ഓട്ടോയില്‍ കയറി പവര്‍ ഹൗസിന്റെ അടുത്തേക്ക് പോകും, അവിടെ കുറെ ചങ്ങാതിമാരുണ്ട്. ബാക്കിയടി അവിടെയിരുന്നാണ്. സെബാസ്റ്റ്യനെ പരിചയമുള്ള ചേര്‍ത്തലക്കാരില്‍ ഒരാള്‍ പറഞ്ഞതാണ്. സ്വന്തമായി കാറുണ്ടെങ്കിലും(രണ്ട് കാറുകള്‍ ഉണ്ടെന്ന് ചിലര്‍ പറയുന്നു. ഒരു മാരുതി റിറ്റ്സ് ആണ് ഉള്ളതെന്നു വേറെ ചിലരും) ഓട്ടോയിലാണ് കൂടുതലും സഞ്ചാരം. ‘ബസ് ജീവനക്കാരനായിരുന്നതുകൊണ്ട് ഏറ്റുമാനൂര്‍ ഭാര്യ വീട്ടില്‍ പോകുന്നതിനും വരുന്നതിനും ടിക്കറ്റ് എടുക്കണ്ടായിരുന്നു. ഇവിടെ വന്നാല്‍ ഓട്ടോ വിളിക്കും, അത് പുള്ളിക്ക് രണ്ടെണ്ണം അടിക്കാനുള്ള സൗകര്യം കൂടി നോക്കിയാരിക്കും”; ചേര്‍ത്തല സ്വദേശി പറയുന്നു. ഓട്ടോയില്‍ സഞ്ചരിക്കുമ്പോഴും ഓട്ടോക്കാര്‍ക്ക് സെബാസ്റ്റ്യന്റെ രഹസ്യങ്ങളൊന്നും അറിയില്ലായിരുന്നു. എല്ലാ കളിയുടെയും അവസാനഭാഗങ്ങളില്‍ മാത്രം വരുന്നവരായിരുന്നു ഓട്ടോക്കാര്‍. പൊലീസ് ചോദ്യം ചെയ്താലും കൂടുതലൊന്നും കിട്ടില്ല. പണമിടപാടിനു മാത്രമല്ല, താന്‍ എന്നെങ്കിലും പിടിയിലാകുമെന്നും അങ്ങനെ വന്നാല്‍ ജാമ്യത്തില്‍ ഇറക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യാനും ഓട്ടോക്കാരില്‍ ചിലരെ സെബാസ്റ്റ്യന്‍ തയ്യാറാക്കി നിര്‍ത്തിയിരുന്നു. ജാമ്യക്കാരെ കണ്ടെത്താനും അവര്‍ക്ക് പണം കൊടുക്കാനും ഓട്ടോക്കാരെ ഏല്‍പ്പിച്ചിരുന്നു. സെബാസ്റ്റ്യന്റെ പണം കൊണ്ട് ഓട്ടോ ഓടിച്ചു നടന്നവരില്‍ ചിലരിപ്പോള്‍ ഔഡി കാറില്‍ നടക്കുന്നുണ്ടെന്നും പട്ടണത്തില്‍ സംസാരമുണ്ട്.

സെബാസ്റ്റ്യന്റെ പണമിടപാടിന്റെ ഇടനിലക്കാരാക്കിയിരുന്ന ഓട്ടോക്കാരില്‍ ഒരാളായിരുന്നു പള്ളിപ്പുറം സ്വദേശി മനോജ്. ഇതേ മനോജാണ് തന്റെ സഹോദരിയെക്കുറിച്ച് തിരക്കിയെത്തിയ പ്രവീണിനു മുന്നില്‍ സെബാസ്റ്റ്യന് വേണ്ടി ബിന്ദുവിന്റെ കാര്യത്തില്‍ സാക്ഷി പറഞ്ഞത്. സെബാസ്റ്റ്യനുമായി ബന്ധപ്പെട്ട കേസില്‍ ആലപ്പുഴ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാന്‍ വിളിച്ചതിനു പിന്നാലെ മനോജ് ആത്മഹത്യ ചെയ്തു. മനോജിന്റെ ഓട്ടോയില്‍ ബിന്ദുവും സെബാസ്റ്റ്യനും സ്ഥിരമായി യാത്ര ചെയ്തിരുന്നു. മനോജ് വഴിയും സെബാസ്റ്റ്യന്‍ വന്‍തുക പലിശയ്ക്ക് കൊടുത്തിരുന്നു. മനോജ് ആത്മഹത്യ ചെയ്തതിന് പിന്നില്‍ സെബാസ്റ്റ്യന്റെ പണത്തെ കുറിച്ചുള്ള വിവരങ്ങള്‍ പറയേണ്ടി വരുമോയെന്നുള്ള ഭയമായിരിക്കാം എന്നാണ് സെബാസ്റ്റ്യന്റെ പരിചയക്കാരില്‍ ഒരാള്‍ പറഞ്ഞത്.

ബിന്ദു കേസ് ആദ്യഘട്ടത്തില്‍ അട്ടിമറിക്കപ്പെട്ടോ?
ബിന്ദു കൊല്ലപ്പെട്ടുവെന്ന് അന്വേഷണ സംഘം കോടതിയില്‍ പറയുന്നതോടെയാണ് ബിന്ദു തിരോധാനം കൊലക്കേസായി മാറുന്നത്. സെബാസ്റ്റ്യനെതിരേ കൊലക്കുറ്റം ചുമത്താനാണ് തീരുമാനം. ബിന്ദുവിന്റെ തിരോധാനുമായി ബന്ധപ്പെട്ട് എഫ്ഐആര്‍ ഇട്ടിട്ടുണ്ടെങ്കിലും, സെബാസ്റ്റ്യനെതിരേ തെളിവുകളൊന്നും ഇതുവരെ കണ്ടെത്താന്‍ അന്വേഷണ സംഘത്തിനായിരുന്നില്ല. ആ കേസില്‍ സെബാസ്റ്റ്യന്‍ സംശയിക്കപ്പെട്ടിരുന്നു എന്നു മാത്രം. പലയിടങ്ങളിലായി ബിന്ദുവിന്റെ പേരിലുണ്ടായിരുന്ന ഭൂമി വ്യാജരേഖകള്‍ ചമച്ച് ക്രയവിക്രയം നടത്തിയെന്ന പേരില്‍ സെക്ഷന്‍ 457, 458, 420 വകുപ്പുകള്‍ പ്രകാരമുള്ള കേസുകളായിരുന്നു ഇതുവരെയുണ്ടായിരുന്നത്. സെബാസ്റ്റ്യന്‍ റിമാന്‍ഡില്‍ പോയിരുന്നുവെങ്കിലും പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി.

സെബാസ്റ്റ്യന് ആദ്യഘട്ടത്തില്‍ ലോക്കല്‍ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും സഹായം കിട്ടിയിരുന്നുവെന്നത് ഇപ്പോഴും നിലനില്‍ക്കുന്ന ആക്ഷേപമാണ്. ശശികല പറയുന്നത്, ബിന്ദു കൊല്ലപ്പെട്ടുവെന്നും അതില്‍ സെബാസ്റ്റ്യനും മറ്റു രണ്ടുപേര്‍ക്കും പങ്കുണ്ടെന്നും ഈ വിവരങ്ങള്‍ മൂന്നു വര്‍ഷം മുമ്പേ പൊലീസിനോടും ക്രൈം ബ്രാഞ്ചിനോടും പറഞ്ഞിട്ടും അവര്‍ ഗൗരവമായി എടുത്തില്ലെന്നുമാണ്. താന്‍ നല്‍കിയ തെളിവുകളും ഫോണ്‍ രേഖകളുമൊന്നും പരിശോധിച്ചില്ല. കാര്യക്ഷമമായി അന്വേഷിച്ചിരുന്നുവെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ തെളിയേണ്ട കേസ് ആയിരുന്നു ബിന്ദുവിന്റെത് എന്നാണ് ശശികല പറയുന്നത്.

ചേര്‍ത്തലയില്‍ അക്കാലത്തുണ്ടായിരുന്ന രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ 25 ലക്ഷവും അഞ്ചു ലക്ഷവും വീതം സെബാസ്റ്റ്യനില്‍ നിന്നും പണം വാങ്ങിയിരുന്നതായി ചേര്‍ത്തലയിലെ നിയമവൃത്തങ്ങളില്‍ പാട്ടാണ്. പണം ഉണ്ടെങ്കില്‍ എന്ത് കേസ് എന്നാണ്, ജാമ്യത്തില്‍ പുറത്തിറങ്ങിയശേഷം ഒരു പരിചയക്കാരനോട് സെബാസ്റ്റിയന്‍ പറഞ്ഞത്.

വ്യാജരേഖ കേസില്‍ സെബാസ്റ്റ്യനെ കൂടാതെ ജയ എന്ന മുന്‍ എല്‍ ഐ സി ഏജന്റ്, ആധാരം എഴുത്തുകാരന്‍, വസ്തു ബ്രോക്കര്‍ എന്നിവവരും പ്രതികളാണ്. ജയ അഥവ മിനിയെ സെബാസ്റ്റ്യന്‍ ഈ കളിയിലേക്ക് കൊണ്ടുവന്നത് പണം വാഗ്ദാനം ചെയ്തായിരുന്നു. ചേര്‍ത്തലയില്‍ എല്‍ഐസി ഏജന്റായിരുന്ന ജയയെയാണ് സെബാസ്റ്റ്യന്‍ ബിന്ദുവായി അവതരിപ്പിച്ചത്. രേഖകളില്‍ ബിന്ദുവായി ഒപ്പിട്ടതെല്ലാം ജയയായിരുന്നു. ബിന്ദുവിന് എന്തു സംഭവിച്ചെന്ന് തനിക്കറിയില്ലെന്നും, പണം കിട്ടിയതുകൊണ്ടാണ് താന്‍ കൂടെ നിന്നതെന്നുമാണ് ജയയുടെ വാദം. ഇവര്‍ക്ക് സെബാസ്റ്റ്യനുമായി വളരെ അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്ന് ചേര്‍ത്തലയില്‍ പലരും ഉറപ്പിച്ചു പറയുന്നുണ്ട്.

ബിന്ദു കേസില്‍ ഈ വര്‍ഷമാദ്യം സെബാസ്റ്റ്യനെ നാര്‍കോ പരിശോധനയ്ക്ക് വിധേയനാക്കാന്‍ ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ആരോഗ്യാവസ്ഥ ചൂണ്ടിക്കാണിച്ചുള്ള സെബാസ്റ്റ്യന്റെ പരാതി പരിഗണിച്ച് കോടതി നാര്‍കോ പരിശോധനയ്ക്ക് അനുമതി നിഷേധിച്ചു. എന്നാല്‍ ബിന്ദു കേസ് ഉയര്‍ന്നു വന്ന സമയത്ത് നാര്‍കോ പരിശോധന പോലുള്ള ശാസ്ത്രീയ വഴികള്‍ അന്നത്തെ അന്വേഷണ സംഘം തേടിയിരുന്നില്ല. ഈ കേസുമായി തുടക്കം മുതല്‍ പരിചയമുള്ള, നിയമവൃത്തത്തിലുള്ള ചിലര്‍ പറയുന്ന ഗൗരവമേറിയൊരു കാര്യമുണ്ട്; ബിന്ദു കൊല്ലപ്പെട്ടിട്ടുണ്ടെങ്കില്‍, ചുരുങ്ങിയത് 16 കൊല്ലം മുമ്പെങ്കിലും അത് നടന്നിട്ടുണ്ട്.

ജെയ്‌നമ്മ, ബിന്ദു, പിന്നെ ഐഷയും സിന്ധുവും
ജെയ്‌നമ്മ, ബിന്ദു; ഇവരുടെ തിരോധാനങ്ങളില്‍ മാത്രമല്ല സെബാസ്റ്റ്യന്‍ സംശയിക്കപ്പെടുന്നത്. ചേര്‍ത്തലക്കാരായ ഐഷ, സിന്ധു എന്നീ സ്ത്രീകളുടെ അപ്രത്യക്ഷമാകലുകള്‍ക്ക് പിന്നിലും അമ്മാവന്റെ പേരുണ്ട്. വാരനാട് സ്വദേശിയായ റിട്ടയേര്‍ഡ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥയായിരുന്നു 57 കാരിയായ ഐഷ. 2012 ലാണ് ഐഷയെ കാണാതാകുന്നത്. പഞ്ചായത്ത് വകുപ്പില്‍ ജീവനക്കാരിയായിരുന്ന ഐഷ അമ്പലപ്പുഴയിലായിരുന്നു താമസം. വിരമിച്ചശേഷമാണ് 2011 ല്‍ ചേര്‍ത്തല ശാസ്താംകവലയില്‍, സഹോദരന്റെ വീടിന് സമീപത്തായി മൂന്നു സെന്റ് സ്ഥലം വാങ്ങി താമസം തുടങ്ങിയത്. തനിച്ചായിരുന്നു. 2012 മേയ് 13 നാണ് ഐഷയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കുന്നത്.

ഐഷ മരിച്ചു എന്നായിരുന്നു ആദ്യം കരുതിയത്. ജെയ്നമ്മ കേസില്‍ സെബാസ്റ്റ്യന്‍ കുടുങ്ങുന്നതോടെയാണ് ഐഷ കേസിലും പുനരന്വേഷണം തുടങ്ങുന്നത്. ഐഷയും സെബാസ്റ്റ്യനും തമ്മില്‍ പരിചയമുണ്ടെന്ന വിവരമാണ് വഴിത്തിരിവായത്. വസ്തു കച്ചവടക്കാരന്‍ എന്ന ലേബല്‍ ഉണ്ടായിരുന്ന സെബാസ്റ്റ്യന്‍ ആ വഴിയാണ് ഐഷയുമായി പരിചയത്തിലാകുന്നത്. റോസമ്മ എന്ന സ്ത്രീയുമായി സെബാസ്റ്റ്യന് ബന്ധമുണ്ടായിരുന്നു. റോസമ്മയെ സെബാസ്റ്റ്യന്‍ വിവാഹം ആലോചിച്ചിരുന്നതായും വിവരമുണ്ട്. റോസമ്മ വഴിയാണ് ഐഷയിലേക്ക് അടുക്കുന്നത്. ഐഷയ്ക്ക് എന്തു സംഭവിച്ചു എന്ന് റോസമ്മയ്ക്ക് അറിവുണ്ടായിരിക്കുമെന്നും അന്വേഷണ സംഘം കരുതുന്നു. ഐഷയുടെ ഫോണിലേക്ക് വിളിച്ചിട്ടു കിട്ടുന്നില്ലെന്നും, അടുത്ത ദിവസം വിളിച്ചപ്പോള്‍ റിംഗ് ചെയ്തെങ്കിലും എടുത്തില്ലെന്നും റോസമ്മ ഐഷയുടെ മക്കളോട് പറഞ്ഞിരുന്നു. പിന്നീട് പൊലീസില്‍ പരാതി നല്‍കാന്‍ പോയപ്പോള്‍ ഐഷയുടെ സുഹൃത്തായിരുന്ന റോസമ്മയെയും മക്കള്‍ കൂട്ടിയിരുന്നു. എസ് ഐ മുറിയില്‍ ഇരിക്കുമ്പോള്‍ റോസമ്മയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നിരുന്നു. അത് ഐഷയുടെതാണെന്നാണ് റോസമ്മ പറഞ്ഞത്. ജെയ്നമ്മയുടെ കാര്യത്തില്‍ നടന്നതിനു സമാനം. എന്നാല്‍ തിരിച്ചു വിളിച്ചിട്ട് കിട്ടിയതുമില്ല. ഇതാണ് റോസമ്മയ്ക്കു മേല്‍ സംശയം ബലപ്പെടാന്‍ കാരണമായത്.

ഐഷ 2012 മേയിലാണ് അവസാനമായി പെന്‍ഷന്‍ കൈപ്പറ്റിയത്. 2016 വരെ ഐഷയുടെ ട്രഷറിയിലെ അകൗണ്ടിലേക്ക് പെന്‍ഷന്‍ വന്നിരുന്നു. 2012 ന് ശേഷം പെന്‍ഷന്‍ വാങ്ങാതിരുന്നതുകൊണ്ട് ഐഷ ആ കാലയളവില്‍ തന്നെ കൊല്ലപ്പെട്ടിരിക്കാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

സെബാസ്റ്റ്യന്‍ സംശയിക്കപ്പെടുന്ന മറ്റൊരു തിരോധാനം മകളുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയശേഷം കാണാതായ ചേര്‍ത്തല സ്വദശി സിന്ധുവിന്റെതാണ്. കൂടാതെ പള്ളിപ്പുറം സ്വദേശിയായ ഒരു പണിമിടപാടുകാരന്റെ ആത്മഹത്യയും ഇപ്പോള്‍ സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

എല്ലാ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം നല്‍കേണ്ടത് സെബാസ്റ്റ്യനാണ്. അയാളാണെങ്കില്‍ ഒരൊറ്റ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്; എനിക്കൊന്നും അറിയില്ല. അന്വഷണ സംഘത്തെ അത്ഭുതപ്പെടുത്തുന്നതും, ഈ പ്രായത്തിലും അയാള്‍ കാണിക്കുന്ന നിസ്സംഗതയാണ്. ഞാന്‍ ഇതില്‍ നിന്നെല്ലാം രക്ഷപ്പെടുമെന്ന വിശ്വാസമാണ് അയാള്‍ക്ക്.

സെബാസ്റ്റ്യനെ അറിയാവുന്നവര്‍ക്ക് അതില്‍ അത്ഭുതം തോന്നുന്നില്ല. അതാണ് അമ്മാവന്‍; അവര്‍ പറയുന്നു.

‘അവിടെയാ സ്റ്റോപ്പില്‍ കുറച്ചു സമയം കൈയും പിന്നില്‍ കെട്ടി നില്‍ക്കും. പിന്നെ കിഴക്കോട്ട് പോയി ഒരു അര വാങ്ങും, സഞ്ചിയിലിടും, ആരെയെങ്കിലും വിളിക്കും എങ്ങോട്ടെങ്കിലും പോകും’.

കോടതിക്കവലയില്‍ നിന്ന്, പേര് വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഒരാള്‍ സെബാസ്റ്റ്യനെ കുറിച്ച് നല്‍കിയ വിവരണത്തിന്റെ തുടക്കമിങ്ങനെയായിരുന്നു.

മുന്‍സിപ്പല്‍ കോടതി നില്‍ക്കുന്നിടമായ നാലും കൂടിയ കവലയാണ് കോടതിക്കവല. ചേര്‍ത്തല പട്ടണത്തിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്ന്. സെബാസ്റ്റ്യനെതിരായ കുബേര, വ്യാജരേഖ കേസുകള്‍, ഇപ്പോള്‍ ബിന്ദു കൊലക്കേസ്; ഇവയെല്ലാം ചേര്‍ത്തല മജിസ്ട്രേറ്റ്-മുന്‍സിഫ് കോടതിയുടെ പരിഗണനയിലാണ്.

മൂന്നു പതിറ്റാണ്ടോളമായി കോടതിവ്യവഹാരവുമായി ബന്ധപ്പെട്ട് ജോലി നോക്കുന്നൊരാളാണ് ഞാന്‍(പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല). ഇക്കാലത്തിനിടയില്‍ സെബാസ്റ്റ്യനെ പോലെ ഒരാളെ ഞാന്‍ കണ്ടിട്ടില്ല. മുന്നില്‍ വരുന്നൊരാള്‍ പറയുന്നത് കള്ളമാണോ സത്യമാണോ എന്ന് അയാളുടെ ശരീരഭാഷയില്‍ നിന്നെങ്കിലും മനസിലാകും. സെബാസ്റ്റ്യന്റെ കാര്യത്തില്‍ അത് സാധിച്ചിരുന്നില്ല.’

പണം തട്ടാന്‍ സ്ത്രീകളെ ഇരകളാക്കുന്നു എന്നുള്ള ആരോപണം സെബാസ്റ്റ്യനെതിരേ നില്‍ക്കുമ്പോള്‍ തന്നെ, പല സ്ത്രീകള്‍ക്കും അയാള്‍ അങ്ങോട്ട് ലക്ഷങ്ങള്‍ നല്‍കിയിരുന്നതായി, ഈ വിവരങ്ങള്‍ അറിയാവുന്നൊരാള്‍ വെളിപ്പെടുത്തുന്നു. സെബാസ്റ്റ്യന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. അതില്‍ ഒരാളാണ് ജയ. ഐഷ തിരോധന കേസില്‍ സംശയിക്കുന്ന റോസമ്മയെ പോലെ, സെബാസ്റ്റ്യന്‍ തന്റെ കള്ളത്തരങ്ങള്‍ക്ക് സഹായികളോ ഇടനിലക്കാരോ ആക്കിയിരുന്ന സ്ത്രീകളും ഉണ്ടായിരുന്നു.

ജയയെ സെബാസ്റ്റ്യന്‍ രംഗത്തിറക്കുമ്പോള്‍ ബിന്ദു എവിടെയായിരുന്നു എന്നൊരു ചോദ്യമുണ്ട്. ‘ആ ചോദ്യത്തിന് ഉത്തരം അറിയാവുന്നത് സെബാസ്റ്റ്യനു മാത്രമാണ്’; ചേര്‍ത്തലയിലെ നിയമവൃത്തങ്ങളില്‍ നിന്നുള്ളൊരാള്‍ പറയുന്നു.

”കേസിനെ കുറിച്ച് ചോദിച്ചാല്‍, ചോദിക്കുന്നതിന് മാത്രം സെബാസ്റ്റ്യന്‍ മറുപടി പറയും. അത് സെബാസ്റ്റ്യന്റെ സ്വഭവമായിരുന്നു. നന്നായി മദ്യാപിക്കും. കൊടമ്പുളിയിട്ടുവച്ച പന്നിയിറച്ചിയും മദ്യവുമായിരുന്നു സെബാസ്റ്റ്യന് ഇഷ്ടം. കൂടെ കുടിക്കാന്‍ ഞങ്ങളെയൊക്കെ വിളിക്കാറുണ്ട്. എത്ര കഴിച്ചാലും സെബാസ്റ്റ്യന്‍ കല്ല് പോലിരിക്കും. ഒരു വാക്കുപോലും അയാളില്‍ നിന്ന് അറിയാതെ വീഴില്ല. കേസിന്റെ കാര്യം പറഞ്ഞ് മുന്നിലിരിക്കുമ്പോഴും സെബാസ്റ്റ്യന്റെ ശരീരഭാഷയില്‍ യാതൊരു സംശയവും തോന്നില്ല, ഒരു സാധു മനുഷ്യന്‍. അയാളങ്ങനെ അഭിനയിക്കുകയാണെന്നു മറ്റുള്ളവര്‍ക്ക് തോന്നില്ല’.

സെബാസ്റ്റ്യന്‍ ഒരിക്കലും കുറ്റം ചെയ്തുവെന്ന് സമ്മതിച്ചിരുന്നില്ല. ‘എന്റെ ദൈവമേ എന്നെക്കൊണ്ട് ഇതൊക്കെ നടക്കുമോ? ഇതിന് അപ്പുറം അയാളുടെ വായില്‍ നിന്നും ഒന്നും വരില്ല. വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയെടുത്തോയെന്ന് ചോദിച്ചാലും, ഞാനിതൊക്കെ ചെയ്യുമെന്നാണോ കരുതുന്നത്? ഇതാണ് മറുപടി- സെബാസ്റ്റ്യന് നിയമോപദേശം നല്‍കിയിട്ടുള്ള ഒരു വ്യക്തി പറയുന്നു.

ബിന്ദുവിനെ അറിയാമെന്നും, സമ്പര്‍ക്കം ഉണ്ടായിരുന്നുവെന്നും ബിന്ദുവിന്റെ വീട്ടില്‍ ഞാനും ബിന്ദു എന്റെ വീട്ടിലും വന്നിട്ടുണ്ടെന്നും സെബാസ്റ്റ്യന്‍ സമ്മതിക്കും. സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നും പറയും. എന്നാല്‍ ബിന്ദുവിനെ കാണാത്തതിന് ഞാന്‍ എന്തു ചെയ്യണം എന്നാണ് അയാളുടെ എന്നത്തെയും നിലപാട്.

അദ്ദേഹം തുടരുന്നു; വ്യാജ രേഖ കേസില്‍ ആലപ്പുഴ ക്രൈം ബ്രാഞ്ച് നാല് തവണയോളം ചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴും സെബാസ്റ്റ്യന്‍ പോകാതിരുന്നിട്ടുണ്ട്. ഓരോ തവണ നോട്ടീസ് കിട്ടുമ്പോഴും എന്റടുത്തു വരും. ഇവരെന്തിനാണ് എന്നെ വിളിക്കുന്നത്? ഞാനെന്ത് ചെയ്തിട്ടാണ്’ എന്നാണ് നോട്ടീസും കൈയില്‍ പിടിച്ചുകൊണ്ട് ചോദിക്കുന്നത്. ചോദ്യം ചെയ്യാന്‍ പോകാതിരിക്കാന്‍ ഓരോ കാരണങ്ങള്‍ പറയും, അസുഖമാണ്, ഡോക്ടറെ കാണാന്‍ പോകണം, അങ്ങനെ പലതും. ഒടുവില്‍ പോയപ്പോഴാണ് അറസ്റ്റ് ചെയ്തത്.

‘എന്നെയെന്തിനാണ് വിളിക്കുന്നത്, അവരെയൊക്കെ വിളിച്ചു ചോദിക്കട്ടെ’ എന്നൊരിക്കല്‍ സെബാസ്റ്റ്യന്റെ വായില്‍ നിന്നു വീണിട്ടുണ്ട്. അറിയാതെ പറഞ്ഞതുപോയതാകണം, പിന്നീടങ്ങനെയൊരു വാക്ക് പറഞ്ഞിട്ടില്ല എന്നും ഇക്കാര്യങ്ങള്‍ പങ്കുവച്ച വ്യക്തി പറയുന്നു.

സെബാസ്റ്റ്യന്‍ എപ്പോഴും കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടിരുന്നിരിക്കണം. താന്‍ പിടിക്കപ്പെടുമെന്നും, എങ്ങനെ രക്ഷപ്പെടണമെന്നും അയാള്‍ക്ക് നിശ്ചയമുണ്ടായിരിക്കണം. തന്റെ കൈയിലുള്ള പണം തന്നെയായിരുന്നു അയാളുടെ പ്രധാന ആത്മവിശ്വാസം.

വ്യാജരേഖ കേസില്‍, റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന സെബാസ്റ്റ്യനെ കോടതിയില്‍ കൊണ്ടുവന്ന സമയം. ജാമ്യം എടുത്തുകൊടുക്കാന്‍ സമീപിച്ച ഒരു അഭിഭാഷകന് കോടതിയില്‍ വച്ചാണ് 25000 രൂപ വാഗ്ദാനം ചെയ്തത്. ജയിലില്‍ നിന്നു കൊണ്ടുവന്ന സെബാസ്റ്റ്യന്റെ കൈയില്‍ ആ സമയത്ത് അത്രയും പണം ഉണ്ടായിരുന്നു.

തന്റെ ആരോഗ്യവും പ്രായവുമാണ് സെബാസ്റ്റ്യന്‍ ഇപ്പോള്‍ ആയുധമാക്കുന്നതെങ്കില്‍, മുമ്പ് അത് പണമായിരുന്നു എന്നാണ് ഒരു സോഴ്‌സ് വെളിപ്പെടുത്തിയത്. ബിന്ദു കേസ് എന്തുകൊണ്ട് എങ്ങുമെങ്ങും എത്താതെ പോയി എന്ന് അന്വേഷിച്ചാല്‍ ചേര്‍ത്തലയിലെ പൊലീസിനു നേരെയും വിരല്‍ ചൂടേണ്ടി വരും. കേസ് വന്ന സമയം സര്‍വീസില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ക്ക് ലക്ഷങ്ങള്‍ സെബാസ്റ്റ്യന്‍ നല്‍കിയിരുന്നതായി ആരോപണമുണ്ട്. അതില്‍ ഒരു ഉദ്യോഗസ്ഥന്‍ സെബാസ്റ്റ്യന്റെ അധാര്‍, പാന്‍ കാര്‍ഡ്, വോട്ടേഴ്സ് ഐഡി എന്നിവ പിടിച്ചെടുത്തിരുന്നു. പിന്നീട് ഇവ വിട്ടുകിട്ടാന്‍ വേണ്ടി കോടതിയില്‍ അപേക്ഷ നല്‍കിയപ്പോഴാണ്, അതൊന്നും കോടതിയില്‍ ഹാജരാക്കിയിരുന്നില്ലെന്ന് മനസിലാകുന്നത്. പിന്നീട് ഈ രേഖകളെല്ലാം ഉണ്ടാക്കിയെടുത്താണ് 73 ലക്ഷത്തോളം ഒരു ബാങ്കില്‍ നിന്നും പിന്‍വലിച്ചതെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്തൊരു വ്യക്തി പറയുന്നു. കേസിന്റെ ആദ്യഘട്ടത്തില്‍ ചേര്‍ത്തല വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ബാങ്കില്‍ നിന്നും രണ്ട് കോടിയോളം രൂപയും സെബാസ്റ്റ്യന്‍ പിന്‍വലിച്ചിരുന്നു- അഴിമുഖത്തിന് കിട്ടിയ വിവരങ്ങളാണിവ.

who is sebastian , cherthala missing cases 4

പരിശോധനയുടെ ഭാഗമായി എടുത്ത കുഴികള്‍

സെബാസ്റ്റ്യനെ ബാങ്കില്‍ പോകാത്ത കോടീശ്വരന്‍ എന്നു വിളിക്കുന്നതിന് കാരണം എല്ലാം മുന്‍കൂട്ടി കണ്ട് അയാള്‍ വന്‍തുകകള്‍ പിന്‍വലിച്ചതുകൊണ്ടാണ്. അയാള്‍ കോടികള്‍ ചാക്കില്‍ കെട്ടി വച്ചിരിക്കുകയായിരുന്നില്ല. ചേര്‍ത്തലയില്‍ തന്നെ 41 സെന്റോളം ഭൂമി അയാള്‍ വാങ്ങിയിട്ടുണ്ടെന്നു പറയുന്നു. വന്‍ തുകകള്‍ പലിശയ്ക്ക് കൊടുത്തിരുന്നു. ഇങ്ങനെയെല്ലാം അയാള്‍ തന്റെ സാമ്പാദ്യങ്ങള്‍ പലവഴിയായി മാറ്റി. വസ്തുക്കച്ചവടത്തിലെ ബ്രോക്കര്‍ ഫീസ് എന്നായിരുന്നു കൈയില്‍ വരുന്ന കാശിന് സെബാസ്റ്റ്യന്‍ മറ്റുള്ളവരോട് പറഞ്ഞിരുന്ന ന്യായം.

എന്നാല്‍ പലിശയ്ക്ക് വാങ്ങിയ പണം ചിലര്‍ തിരിച്ചു കൊടുക്കാതെയുമിരുന്നു. അത്തരത്തില്‍ 13 ലക്ഷം തിരികെ കിട്ടാന്‍ അയാള്‍ നിയമോപദേശം തേടിയതിന്റെ വിവരം അറിയാന്‍ കഴിഞ്ഞു.

സെബാസ്റ്റ്യന്‍ കൊടുത്ത പണം തിരികെ പിടിക്കാനും കണ്ണൂരിലെ അയാളുടെ പരിചയക്കാരായ സംഘം എത്തിയിരുന്നതായി പറയുന്നുണ്ട്. കണ്ണൂരില്‍ നിന്നും ഒരു ഇന്നോവ ചേര്‍ത്തലയില്‍ എത്തുന്നു. അജാനുബാഹുക്കളായ കുറച്ചു പേരായിരുന്നു അതിലുണ്ടായിരുന്നത്. ചേര്‍ത്തലയിലെ ഒരു ലോഡ്ജില്‍ മുറിയെടുത്ത്, ദിവസങ്ങള്‍ കൊണ്ട് അവര്‍ സെബാസ്റ്റ്യന്‍ പണം കൊടുത്തവരുടെ എല്ലാം കൈയില്‍ നിന്നും തിരിച്ചു വാങ്ങി. അവരുടെ നേതാവ് എന്ന് കരുതുന്നയാളുടെ കൈയില്‍ സെബാസ്റ്റ്യന്റെ റോളക്സ് വാച്ച് ഉണ്ടായിരുന്നു. കൂടാതെ പത്തുപവന്റെ മാലയും മോതിരവും. അതെല്ലാം അവര്‍ വാങ്ങിച്ചെടുത്തെന്നായിരുന്നു പീന്നീടൊരിക്കല്‍ സെബാസ്റ്റ്യന്‍ പറഞ്ഞത് എന്നാണ് ഈ വിവരം പങ്കുവച്ചയാള്‍ പറഞ്ഞത്.

സെബാസ്റ്റ്യന്റെ മറ്റുള്ളവരെ ഞെട്ടിക്കുന്ന ആത്മവിശ്വാസത്തിന് ചേര്‍ത്തലയില്‍ നിന്നും ഉദ്ദാഹരണങ്ങളുണ്ട്. ” വ്യാജ രേഖ കേസില്‍ ജാമ്യം കിട്ടിയതിന്റെ പിറ്റേദിവസം സെബാസ്റ്റ്യന്‍ കോടതി കവലയില്‍ എത്തി. ജാമ്യം എടുത്തു കൊടുത്ത വക്കീലിനെ വിളിച്ചു, വാ വക്കീലേ നമുക്ക് കിഴക്കോട്ട് പോകാം( കിഴക്കോട്ട് എന്നാല്‍, കോടതി കവലയ്ക്ക് കിഴയ്ക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ചേര്‍ത്തല ഹൗസ് എന്ന ബാറോ ബിവറേജ് ഔട്ട് ലെറ്റോ ഉദ്ദേശിക്കുന്നത്). മറ്റൊരാള്‍ പറയുന്നു; ബിന്ദു കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയതിന് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് കോടതിക്കവലയില്‍ വച്ച് അമ്മാവനെ കണ്ടിരുന്നു, കേസൊക്ക എന്തായി എന്നു ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു; കാശ് ഉണ്ടെങ്കില്‍ എന്ത് കേസ്?

സെബാസ്റ്റ്യന്റെ സ്ഥിരം കേന്ദ്രമായിരുന്നു കോടതിക്കവല. കോടതിയുടെ പരിസരം തന്നെ അയാള്‍ തന്റെ കേന്ദ്രമാക്കിയത് സെബാസ്റ്റ്യന്റെ ആത്മവിശ്വാസത്തിന്റെ തെളിവാണെന്നാണ് പറയുന്നത്. എപ്പോഴും പൊലീസിന്റെ സാന്നിധ്യമുള്ളയിടം. അതായത് സെബാസ്റ്റ്യന്‍ എപ്പോഴും പൊലീസിന് മുന്നിലുണ്ടായിരുന്നു. ബിന്ദു കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിന്റെ പിറ്റേദിവസം മുതല്‍ ജെയ്‌നമ്മ കേസില്‍ കസ്റ്റഡിയില്‍ ആകുന്നതുവരെ അയാള്‍ അവിടെ വന്നുപോയിരുന്നു. ഏറ്റുമാനൂരിലെ ഭാര്യ വീട്ടിലേക്ക് താമസം മാറ്റിയെങ്കിലും ഇടയ്ക്കിടെ പള്ളിപ്പുറത്തെ വീട്ടിലുമെത്തും. അപ്പോഴെല്ലാം അയാള്‍ കോടതി കവലയില്‍ വന്നിട്ടാണ് പോകുന്നത്. പൊലീസിനും കോടതിക്കും മുന്നില്‍ അയാള്‍ എപ്പോഴുമുണ്ടായിരുന്നു.

‘രണ്ടു മാസങ്ങള്‍ക്കു മുമ്പ് സെബാസ്റ്റ്യനെ കണ്ടിരുന്നു. ബിവറേജില്‍ നിന്നും ഇറങ്ങി വരുന്നു. വല്ലാതെ ക്ഷീണിച്ചിരുന്നു. മുഷിഞ്ഞ വേഷമായിരുന്നു. നരച്ച താടിയും മീശയും. അങ്ങനെയൊരു സെബാസ്റ്റ്യനായിരുന്നില്ല മുമ്പ്’ – ഒരു പരിചയക്കാരന്റെ വാക്കുകള്‍.

അസുഖങ്ങള്‍ പിടികൂടിയിട്ടുണ്ട്. കാലുകളില്‍ നീരുണ്ട്. പണ്ട് ക്ലീന്‍ ഷേവ് ചെയ്ത്, നല്ല വസ്ത്രങ്ങളില്‍ മാത്രം കണ്ടിരുന്ന സെബാസ്റ്റ്യന്റെ കോലം ഇപ്പോള്‍ മാറിയിട്ടുണ്ട്. അയാള്‍ ഇപ്പോള്‍ തളര്‍ന്നിട്ടുണ്ടെങ്കില്‍ അത് ശാരീരികമായിട്ട് മാത്രമാണ്. അത്രയ്ക്ക് ഉറപ്പോടെയാണ് സെബാസ്റ്റിയനെ അറിയാവുന്നവര്‍ പറയുന്നത്.

അന്വേഷണ ഉദ്യോഗസ്ഥര്‍ പല തെളിവും കണ്ടെത്തിയെന്ന വാര്‍ത്തകള്‍ വരുമ്പോഴും സെബാസ്റ്റിയനെ അറിയുന്നവര്‍ പറയുന്ന കാര്യമുണ്ട്; അധികം വൈകാതെ തന്നെ സെബാസ്റ്റ്യന്‍ കോടതിക്കവലയിലേക്ക് വരും. കുറച്ച് നേരം ബസ് സ്‌റ്റോപ്പില്‍ നില്‍ക്കും. പിന്നെ ബിവറേജില്‍ പോയി ഒരു അര വാങ്ങും, അല്ലെങ്കില്‍ ആരെയെങ്കിലും വിളിക്കും; വാ നമുക്ക് കിഴക്കോട്ടൊന്നു പോയിട്ടു വരാം…

Content Summary; Cherthala mysterious missing cases; Who is CM Sebastian, the main culprit

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Me:Add me on Facebook

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×