June 26, 2026 |

ജെയ്‌നമ്മ തിരോധാനം; ലേഡീസ് ഹോസ്റ്റലിലും പള്ളി വാട്‌സ് ആപ്പ് ഗ്രൂപ്പിലും തിരഞ്ഞു, റീ ചാര്‍ജ്‌ ഷോപ്പിലെ സിസിടിവിയില്‍ തെളിഞ്ഞു

സെബാസ്റ്റ്യന്റെ വീട്ടില്‍ കണ്ടത് ജെയ്‌നമ്മയുടെ രക്തം;  ബിന്ദു കേസിലെ തന്ത്രം മതിയാകാതെ വരുമോ?

ജെയ്‌നമ്മ തിരോധന കേസില്‍ നിര്‍ണായക തെളിവായി സെബാസ്റ്റ്യന്റെ വീട്ടിലെ രക്തക്കറ. ഫോറന്‍സിക് പരിശോധനയില്‍ സെബാസ്റ്റിയന്റെ വീട്ടിലെ ശുചിമുറിയില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്‌നമ്മയുടെതാണെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ സെബാസ്റ്റ്യന്റെ വീട്ടു പറമ്പില്‍ നിന്നു കിട്ടിയ മനുഷ്യാസ്ഥികള്‍ ആരുടെതാണെന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെങ്കിലും ഫലം താമസിക്കുകയാണ്.

കേരളം ഏറെ ശ്രദ്ധയോടെ വീക്ഷിക്കുന്ന കേസുകളാണ് ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്‍ എന്ന ‘ അമ്മാവന്‍’ കുറ്റാരോപിതനായ മൂന്നു സ്ത്രീകളുടെ തിരോധാനം. അതില്‍ ഒന്നാണ് ഏറ്റുമാനൂര്‍ അതിരമ്പുഴ കാലായില്‍ വീട്ടില്‍ ജയ്ന്‍ മാത്യു എന്ന 48 കാരി ജെയ്‌നമ്മ. ഇവരെ 2024 ഡിസംബര്‍ 23 മുതല്‍ കാണാതായി എന്നാണ് ഭര്‍ത്താവ് മാത്യു നല്‍കിയ പരാതി. സ്ഥിരമായി ധ്യാനകേന്ദ്രങ്ങളില്‍ പോകുമായിരുന്നു ജെയ്‌നമ്മ. ഏറ്റുമാനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് കോട്ടയം ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

cherthala sebastian case -sebastian- jainamma

സെബാസ്റ്റ്യന്‍, ജെയ്‌നമ്മ

ജെയ്‌നമ്മയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സെബാസ്റ്റിയനിലേക്ക് എത്തിയത്. കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ജെയ്‌നമ്മയുടെ ഫോണ്‍ ലൊക്കേഷന്‍ അവസാനമായി കാണിച്ചത് ചേര്‍ത്തല പള്ളിപ്പുറത്തായിരുന്നു.കോളുകള്‍ പരിശോധിച്ചതില്‍ നിന്നും മുമ്പും പലതവണ പള്ളിപ്പുറം ടവര്‍ ലൊക്കേഷനില്‍ ഈ ഫോണ്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. അതോടെ ജെയ്‌നമ്മയ്ക്ക് പള്ളിപ്പുറവുമായി എന്തോ ബന്ധമുണ്ടെന്ന് അന്വേഷണ സംഘം സംശയിച്ചു.

കോട്ടയം ക്രൈംബ്രാഞ്ച് പള്ളിപ്പുറത്ത് എത്തി. അവിടെയുള്ള ഒരു ലേഡീസ് ഹോസ്റ്റലില്‍ ആയിരുന്നു ക്രൈം ബ്രാഞ്ച് സംഘം ആദ്യമെത്തിയത്. അമ്പത് വയസിന് അടുത്ത് പ്രായമുള്ള ഏതെങ്കിലും സ്ത്രീ അവിടെ താമസിച്ചിരുന്നോ എന്നറിയാനായിരുന്നു അന്വേഷണ സംഘം എത്തിയത്. അവര്‍ പറഞ്ഞ പ്രായമുള്ള മൂന്നു സ്ത്രീകള്‍ അവിടെ താമസിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതില്‍ ജെയ്‌നമ്മയല്ലായിരുന്നു.

തുടര്‍ന്ന് അന്വേഷണ സംഘം പള്ളിപ്പുറത്തെ ഒരു ക്രിസ്ത്യന്‍ ദേവാലയത്തിലെ വികാരിയുടെ സഹായം തേടി. ജെയ്‌നമ്മയുടെ ഫോട്ടോ കാണിച്ചിട്ടും വികാരിക്ക് ആളെ മനസിലായില്ല. പളളിയുടെ കീഴിലുള്ള വിശ്വാസികളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഈ ഫോട്ടോ ഷെയര്‍ ചെയ്തിട്ടും ആര്‍ക്കും തിരിച്ചറിയാനായില്ല.

ജെയ്‌നമ്മയുടെ തിരോധാനത്തില്‍ അന്വേഷണം ആരംഭിച്ചശേഷം ഒരിക്കല്‍ അവരുടെ ഏറ്റവും അടുത്ത ബന്ധുവിന് ജെയ്‌നമ്മയുടെ നമ്പറില്‍ നിന്നും ഒരു മിസ്ഡ് കോള്‍ വന്നു. തിരിച്ചു വിളിച്ചിട്ട് കിട്ടിയതുമില്ല. ബന്ധുക്കള്‍ ഈ വിവരം അന്വേഷണ സംഘത്തെ അറിയിച്ചു. ജെയ്‌നമ്മയുടെ ഫോണില്‍ നിന്നു വന്ന കോളിന്റെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ നടത്തിയ അന്വേഷണം ഇരാറ്റുപേട്ടയില്‍ ക്രൈം ബ്രാഞ്ചിനെ എത്തിച്ചു. അവിടെ ഏതെങ്കിലും മൊബൈല്‍ റീ ചാര്‍ജ് കടയില്‍ നിന്നും ആ നമ്പറില്‍ റീ ചാര്‍ജ് ചെയ്തിട്ടുണ്ടോയെന്ന തിരച്ചിലില്‍, നൈനാര്‍പള്ളിക്ക് സമീപത്തുള്ള ഒരു മൊബൈല്‍ ഷോപ്പില്‍ നിന്നും ജെയ്‌നമ്മയുടെ നമ്പറിലേക്ക് റീ ചാര്‍ജ് ചെയ്തിട്ടുണ്ടെന്ന് മനസി ലായി. റീ ചാര്‍ജ് ചെയ്ത വ്യക്തിയുടെ മുഖം ഷോപ്പിലെ സിസിടിവിയില്‍ വ്യക്തമാകുകയും ചെയ്തു. അത് ജെയ്‌നമ്മയായിരുന്നില്ല, സെബാസ്റ്റ്യനായിരുന്നു. അങ്ങനെയാണ് ക്രൈബ്രാഞ്ചിന്റെ കണ്ണില്‍ സെബാസ്റ്റ്യന്‍ ഉടക്കുന്നത്.

cherthala sebastian case

ചേര്‍ത്തല പള്ളിപ്പുറത്തെ സെബാസ്റ്റ്യന്റെ വീട്‌

പരിശോധനയില്‍ പള്ളിപ്പുറത്ത് സെബാസ്റ്റ്യന്റെ വീടിരിക്കുന്ന ടവര്‍ ലൊക്കേഷനില്‍ പലതവണ ജെയ്‌നമ്മയുടെ ഫോണ്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമായതോടെ സെബാസ്റ്റിയന്റെ മേലുള്ള സംശയം ബലപ്പെട്ടു. ചേര്‍ത്തല പൊലീസുമായി ബന്ധപ്പെട്ടപ്പോള്‍ സെബാസ്റ്റിയന്റെ ചരിത്രം വ്യക്തമായി. നേരത്തെ തന്നെ മറ്റൊരു സ്ത്രീയുടെ(ബിന്ദു പത്മനാഭന്‍) തിരോധാനത്തില്‍ സെബാസ്റ്റ്യന്‍ കുറ്റാരോപിതനാണ്.

സെബാസ്റ്റ്യന്റെ ഭാര്യ വീട് ഏറ്റുമാനൂരാണ്. ആ വഴിയാണോ സെബാസ്റ്റിയന്‍ ജെയ്‌നമ്മയെ പരിചയപ്പെട്ടതെന്ന് വ്യക്തമല്ല. മറ്റൊരു തിയറി ധ്യാനകേന്ദ്രത്തില്‍ വച്ചായിരിക്കുമെന്നാണ്. ജെയ്‌നമ്മ സ്ഥിരമായി ധ്യാനകേന്ദ്രങ്ങളില്‍ പോകുമായിരുന്നു. ആലപ്പുഴയിലെ പ്രശസ്തമായ ക്രിസ്ത്യന്‍ ധ്യാന കേന്ദ്രത്തിലെ സ്ഥിരം സന്ദര്‍ശകയായിരുന്നു. സെബാസ്റ്റ്യനെ കുറിച്ച് പറയുന്നത്, അയാള്‍ സ്ത്രീകളെ വലയിലാക്കാന്‍ ആശ്രയിച്ചിരുന്നത് ഇത്തരം ധ്യാനകേന്ദ്രങ്ങളെ ആയിരുന്നുവെന്നാണ്. ധ്യാനകേന്ദ്രങ്ങളില്‍ എത്തുന്നവര്‍, പ്രത്യേകിച്ച് 40കള്‍ പിന്നിട്ട സ്ത്രീകള്‍ ഏതെങ്കിലും തരത്തിലുള്ള മാനസികവ്യഥകള്‍ അനുഭവിക്കുന്നവരായിരിക്കും എന്ന കണക്കുകൂട്ടല്‍ ഇയാള്‍ നടത്തിയിരുന്നു. സ്ത്രീകളെ തന്റെ വാക്ചാരുതയ്ക്ക് വിധേയയാക്കാനും സെബാസ്റ്റ്യന് പ്രത്യേക കഴിവ് ഉണ്ടായിരുന്നതായി പറയുന്നു. ഇതേ തന്ത്രം ജെയ്‌നമ്മയിലും ഇയാള്‍ പരീക്ഷിച്ച് വിജയിച്ചിരിക്കാം.

സെബാസ്റ്റ്യനുമായുള്ള പരിചയമാണ് ജെയ്‌നമ്മയെ പള്ളിപ്പുറത്ത് എത്തിച്ചത്. സെബാസ്റ്റ്യന്റെ വീടായ പാലക്കാട് വീടുമായി നാട്ടുകാര്‍ക്ക് അത്ര അടുപ്പം ഇല്ലാതിരുന്നതും സെബാസ്റ്റ്യന്‍ വിവാഹശേഷം ഏറ്റുമാനൂരില്‍ ഭാര്യയുടെ വീട്ടിലായിരുന്നതിനാലും ആരുടെയും ശ്രദ്ധ ആ രണ്ടേകാല്‍ ഏക്കര്‍ പുരയിടത്തില്‍ പതിഞ്ഞിരുന്നില്ല. അതുകൊണ്ടാകാം ജെയ്‌നമ്മ അവിടെ വന്നു പോയിട്ടുണ്ടെങ്കിലും ആരും ശ്രദ്ധിക്കാതിരുന്നത്.

സെബാസ്റ്റ്യനെ കസ്റ്റഡിയില്‍ എടുത്തശേഷം ക്രൈം ബ്രാഞ്ച് സംഘം പാലക്കാട് വീട്ടിലും പുരയിടത്തിലും നടത്തിയ അന്വേഷണത്തിലാണ്, വീടിന്റെ തെക്കേ പറമ്പില്‍ നിന്നായി മനുഷ്യസ്ഥികള്‍ കണ്ടെത്തിയത്. എന്തോ കത്തിച്ച ഭാഗത്ത് ഓലയിട്ട് മൂടിയിരുന്നതിന് ഇടയിലൂടെ തെളിഞ്ഞ അസ്ഥികഷ്ണങ്ങളാണ് അന്വേഷണത്തില്‍ പുരോഗതിയുണ്ടാക്കിയതും ഒരു നാടിനെ ഞെട്ടിച്ചതും. ആ അസ്ഥികള്‍ കാണാതായ ജെയ്‌നമ്മയുടെതാകാം എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. അതല്ലെങ്കില്‍ ബിന്ദു പത്മനാഭന്‍, ഐഷ എന്നീ മറ്റു സ്ത്രീകളുടേത്. പക്ഷേ ഡിഎന്‍എ ഫലം വരാതെ ഒന്നും ഉറപ്പിക്കാന്‍ കഴിയില്ല.

cherthala sebastian case

മനുഷ്യസ്ഥികള്‍ കണ്ടെത്തിയ പറമ്പ്‌

അതിനിടയില്‍ ചേര്‍ത്തലയില്‍ ഒരു സ്വര്‍ണക്കടയില്‍ സെബാസ്റ്റ്യന്‍ വിറ്റ സ്വര്‍ണാഭാരണങ്ങള്‍ ജെയ്‌നമ്മയുടെതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതും ജയ്‌നമ്മ തിരോധാനത്തില്‍ സെബാസ്റ്റിയനെതിരായ സംശയം ബലപ്പെടുത്തുന്നതാണ്.

ജെയ്‌നമ്മയെ പരിചയമുണ്ടായിരുന്നു എന്ന് സമ്മതിച്ചൊഴിച്ചാല്‍ ക്രൈം ബ്രാഞ്ചിനോട് ഇതുവരെയും കൂടുതലൊന്നും സെബാസ്റ്റ്യന്‍ പറഞ്ഞിട്ടില്ല. നേരത്തെ ബിന്ദു തിരോധാനത്തിലും അയാള്‍ പുലര്‍ത്തിയ അതേ നാടകീയ മൗനം തന്നെയാണ് ഇവിടെയും. ബിന്ദുവിനെയും അറിയാമായിരുന്നു, അടുപ്പം ഉണ്ടായിരുന്നുവെന്ന് സെബാസ്റ്റ്യന്‍ സമ്മതിച്ചിരുന്നു. ബിന്ദുവിന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്ത് വ്യാജരേഖകള്‍ ചമച്ച് തട്ടിയെടുത്തെന്ന കേസിലും, ഞാനങ്ങനെയൊക്കെ ചെയ്യുമോ എന്ന വാദം മാത്രമാണ് സെബാസ്റ്റിയന്‍ ആവര്‍ത്തിച്ചിരുന്നത്. അതിനപ്പുറം ഒന്നും അയാള്‍ വിട്ടുപറഞ്ഞിട്ടില്ല. വ്യാജ രേഖ കേസുകളില്‍ അയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. ബിന്ദു തിരോധാനത്തില്‍ സംശയം അല്ലാതെ ഇതുവരെ അന്വേഷണ സംഘത്തിന് സെബാസ്റ്റ്യനെതിരേ തെളിവ് കണ്ടെത്താന്‍ സാധിച്ചിട്ടുമില്ല. ജെയ്‌നമ്മ കേസിലും ബിന്ദു കേസിലെ അതേ നിലപാട് തന്നെയാണ് സെബാസ്റ്റ്യന്‍ തുടര്‍ന്നിരുന്നത്. രക്തക്കറ ജെയ്‌നമ്മയുടെതെന്ന് തെളിഞ്ഞതോടെ ഇനി സെബാസ്റ്റിയന്‍ എന്ത് തന്ത്രം പയറ്റുമെന്നത് അനുസരിച്ചിരിക്കും ഈ കേസിന്റെ ക്ലൈമാക്‌സ്.  Cherthala Sebastian case: Jainamma’s bloodstain has been identified. Jaiamma’s mystery disappearance

Content Summary; Cherthala Sebastian case: Jainamma’s bloodstain has been identified. Jainamma’s mystery disappearance

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×