ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നിന്ന് 15 വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന് കേരളത്തില്‍ മതപരിവര്‍ത്തനത്തിന് ശ്രമിച്ചതായി യു.പി പോലീസിന്റെ കള്ളക്കഥ. നാടുവിട്ട് ജോലി തേടിയെത്തിയ സുഹൃത്തുക്കളായ രണ്ട് പെണ്‍കുട്ടികളെ തൃശൂര്‍ റെയില്‍വേസ്റ്റേഷനില്‍ സംശയാസ്പദമായ രീതിയില്‍ കഴിഞ്ഞ മാസം കണ്ടെത്തുകയും പ്രായപൂര്‍ത്തിയാകാത്തവരാണ് എന്ന് മനസിലാക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കേന്ദ്രത്തിലെത്തിക്കുകയുമായിരുന്നു കേരള പോലീസ്. അവരുടെ വീട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രണ്ട് കൂട്ടരുടെയും വീട്ടുകാര്‍ രണ്ട് സമയത്തായി വന്ന് അവരെ കൂട്ടിക്കൊണ്ട് പോയി. എന്നാല്‍ രണ്ട് പെണ്‍കുട്ടികളില്‍ മുസ്ലീമായ പെണ്‍കുട്ടിക്കെതിരെ തട്ടിക്കൊണ്ടുപോകലിനും നിര്‍ബന്ധിത മതം മാറ്റശ്രമത്തിലും കേസെടുത്തിരിക്കുകയാണ് യു.പി പോലീസ്.
പെണ്‍കുട്ടികളില്‍ ഒരാളായ ദര്‍കാഷാ ബാനോ-വിന് 19 വയസുണ്ടെന്നാണ് യു.പി പോലീസിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് തയ്യാറാക്കിയ വാര്‍ത്തയില്‍ പറയുന്നത്. എന്നാല്‍ കേരളത്തിലെ പോലീസിന്റെ പക്കലുള്ള ആധാര്‍ പ്രകാരം 2011-ലാണ് ആ പെണ്‍കുട്ടി ജനിച്ചിരിക്കുന്നത്. ഇവരുടെ സുഹൃത്തായ 20 വയസുള്ള മുഹമ്മദ് കൈഫിനേയും പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് തൃശൂരില്‍ തടവില്‍ സൂക്ഷിക്കപ്പെട്ടിരുന്ന പെണ്‍കുട്ടി രക്ഷപ്പെട്ട് കേരള പോലീസിനെ സമീപിച്ചതെന്നും യു.പി. പോലീസ് പറയുന്നു. എന്നാല്‍ ഒരുമാസത്തോളം തൃശൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലായിരുന്ന പെണ്‍കുട്ടി കഴിഞ്ഞ ആഴ്ചയാണ് തിരിച്ച് പ്രയാഗ്രാജില്‍ എത്തുന്നത്.
അതേ തുടര്‍ന്ന് ജൂണ്‍ 28-ന് ഈ പെണ്‍കുട്ടിയുടെ അമ്മ പ്രയാഗ്രാജ് പോലീസില്‍ പരാതി നല്‍കിയെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മതം മാറ്റ ശ്രമം, തട്ടിക്കൊണ്ട് പോകല്‍, ദേശവിരുദ്ധ പ്രവര്‍ത്തികള്‍ക്കായുള്ള ജിഹാദി പരിശീലനം തുടങ്ങിയ കഥകള്‍ യു.പി പോലീസ് മെനയുന്നത്. സുഹൃത്തുക്കളായ രണ്ട് പെണ്‍കുട്ടികള്‍ വീട് വിട്ടിറങ്ങി ഡല്‍ഹി വഴി കേരളത്തിലെത്തുകയായിരുന്നുവെന്നും അവരെ സുരക്ഷിതമായി തൃശൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ സംവിധാനത്തിന് കീഴില്‍ താമസിപ്പിക്കുകയും ചെയ്യുകയായിരുന്നുവെന്നും അഴിമുഖത്തോട് കേരള പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. വീട്ടുകാരെ വിവരം അറിയിച്ചത് പ്രകാരം ആദ്യം ദര്‍കാഷ എന്ന പെണ്‍കുട്ടിയുടെ വീട്ടുകാരെത്തി. രണ്ടാമത്തെ പെണ്‍കുട്ടിയുടെ (പോലീസ് രേഖകളില്‍ പ്രായപൂര്‍ത്തിയാകാത്ത ഇര എന്ന് രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ പേര് വെളിപ്പെടുത്തുന്നില്ല) വീട്ടുകാര്‍ക്ക് യാത്രക്കുള്ള പണമില്ലാത്തതിനാല്‍ വൈകിയാണ് എത്തിയത്. അവര്‍ തിരികെ നാട്ടിലെത്തിയതോടെയാണ് യു.പി പോലീസ് ഈ നാടുവിടലിന് പുതിയ ആഖ്യാനം നല്‍കുന്നത്. നേരത്തേ ഇതേ പോലെ തന്നെ വീട്ടിലെത്തിയ മുസ്ലീം പെണ്‍കുട്ടി കേസില്‍ പ്രതിയായി മാറി.
ദളിത് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസ് എന്നാണ് യു.പി പോലീസ് ഭാഷ്യം. മെയ് എട്ടിന് അയല്‍ക്കാരിയായ ദര്‍കാഷ പണവും മറ്റ് പ്രലോഭനങ്ങളും നല്‍കി 15 കാരിയെ വീട്ടില്‍ നിന്നിറക്കി എന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി. ഫൂല്‍പൂര്‍ മേല്‍പ്പാലത്തിന് സമീപത്ത് നിന്ന് ബൈക്കിന് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചുവെന്നതാണ് മുഹമ്മദ് കൈഫിനെതിരെയുള്ള പരാതി. യാത്രാവേളയില്‍ കുട്ടിയെ ഇയാള്‍ ഉപദ്രവിച്ചതായും യു.പി പോലീസ് പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത ദളിത് യുവതിയെ ലൈംഗികമായി ഉപദ്രവിച്ചതിനെതിരെയും കൈഫിനെതിരെ കേസെടുത്തിട്ടുണ്ട്. പ്രയാഗ്രാജ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ദര്‍കാഷയ്ക്കൊപ്പം ഈ പെണ്‍കുട്ടി ഡല്‍ഹിയിലേയ്ക്ക് തീവണ്ടി കയറുന്നത്. അവിടെ നിന്നാണ് തൃശൂരിലേയ്ക്ക് തീവണ്ടി മാര്‍ഗ്ഗമെത്തുന്നത്. മൂന്ന് പോലീസ് സംഘങ്ങള്‍ കേസ് അന്വേഷിക്കുന്നുണ്ടെന്നും എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്നും കൂടുതല്‍ അറസ്റ്റുകളുണ്ടാകുമെന്നും പ്രയാഗ്രാജ് പോലീസ് ഡെപ്യൂട്ടി കമ്മീഷര്‍ കുല്‍ദീപ് സിങ്ങ് ഗുണാവത് പറഞ്ഞതായും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടിലുണ്ട്.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ദളിത് പെണ്‍കുട്ടികളെ വശീകരിച്ച് മതം മാറ്റി ‘ദേശവിരുദ്ധ പ്രവര്‍ത്തികള്‍ക്ക്’ ഉപയോഗിക്കുന്ന ഒരു സംഘത്തിന്റെ ഭാഗമാണ് ദര്‍കാഷ ബാനുവെന്നാണ് പ്രഥമാദൃഷ്ട്യാ മനസിലാകുന്നതെന്നും പ്രയാഗ് രാജ് ഡെപ്യൂട്ടി കമ്മീഷണര്‍ പറയുന്നു. ദര്‍കാഷയുടെ മറ്റൊരു സുഹൃത്തായ മുഹമ്മദ് താജ് കേരളത്തില്‍ തന്നെ ഒളിവിലാണെന്ന് സംശയിക്കുന്നതായും അവര്‍ പറയുന്നുണ്ട്. ഈ സംഘത്തിലെ സജീവാംഗമായ താജുമായി യാത്രയിലുടനീളം ദര്‍കാഷ ബന്ധപ്പെട്ടു, പോലീസിനെ സമീപിക്കരുത് എന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയുള്ള ഫോണ്‍വിളി പെണ്‍കുട്ടിയുടെ അമ്മയെ തേടിയെത്തി തുടങ്ങിയ അവകാശവാദങ്ങളും യു.പി പോലീസ് നടത്തുന്നതായി റിപ്പോര്‍ട്ടിലുണ്ട്. യു.പി പോലീസ് കുടുംബത്തിന് സംരക്ഷണമേര്‍പ്പെടുത്തിയതായും പറയുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയായാണ് യു.പി പോലീസിന്റെ അവകാശവാദത്തിന് അടിസ്ഥാനമായ കാര്യങ്ങളെല്ലാം പറഞ്ഞിരിക്കുന്നത്. ദര്‍കാഷ തന്റെ മകളെ പരിചയമില്ലാത്ത, ‘സംശയം ജനിപ്പിക്കുന്ന’ ആളുകളുമായി പരിചയപ്പെടുത്തിയെന്നും ആദ്യം പണം കൊടുത്ത് വശീകരിച്ചുവെന്നും പിന്നെ ബലമായി മതം മാറ്റാന്‍ ശ്രമിച്ചുവെന്നും ഈ പരാതിയില്‍ ഉണ്ടത്രേ. തുടര്‍ന്ന് ‘ജിഹാദി’ പരിശീലനം ആരംഭിച്ചതോടെ ഭയന്നാണ് രക്ഷപ്പെടാന്‍ ശ്രമിച്ചതെന്നും അമ്മയുടെ പരാതിയിലുള്ളതായി യു.പി.പോലീസ് പറയുന്നു. ‘ജിഹാദിന് വേണ്ടി നിലകൊള്ളണം’ എന്ന് പെണ്‍കുട്ടിയോട് ഇത്തരത്തില്‍ പരിചയപ്പെട്ടവര്‍ പറഞ്ഞതായും ആരോപണത്തിലുണ്ട്.
തന്നെ തടവില്‍ വച്ചിരുന്നിടത്ത് നിന്ന് രക്ഷപ്പെട്ട് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തിയാണ് പരാതി. എന്നാല്‍ കേരള പോലീസ് കണ്ടെത്തിയപ്പോള്‍ രണ്ട് പെണ്‍കുട്ടികളും ഒരുമിച്ചായിരുന്നു എന്ന വസ്തുത യു.പി പോലീസ് മറച്ചു വയ്ക്കുന്നു. ദര്‍കാഷാ ബാനു, മുഹമ്മദ് താജ്, മുഹമ്മദ് കൈഫ് എന്നിവര്‍ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ കേസുകളും എസ്.സി/എസ്.റ്റി (പ്രെവന്‍ഷന്‍ ഓഫ് അട്രോസിറ്റീസ്) വകുപ്പുകളും ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. UP Police’s false story of Dalit girl being kidnapped and forced to convert in Kerala
Content Summary; UP Police’s false story of Dalit girl being kidnapped and forced to convert in Kerala
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.