സൗമ്യ വധക്കേസ് പ്രതി ഗോവിന്ദ സ്വാമി ജയില്‍ ചാടിയ സംഭവത്തില്‍ ജയില്‍ അധികൃതരുടെ ഭാഗത്ത് നിന്നും സുരക്ഷാ വീഴ്ച ഉണ്ടായതായി വ്യാപക ആരോപണം. ”സുരക്ഷാ വീഴ്ച സംബന്ധിച്ച് പരിശോധനകള്‍ നടത്തേണ്ടിയിരിക്കുന്നു. ഇത്രയും ഗുരുതരമായ വീഴ്ച ഉണ്ടായത് പരിശോധിക്കപ്പെടേണ്ട കാര്യമാണ്. പോലീസില്‍ നിന്നും ഗോവിന്ദ സ്വാമിക്ക് സഹായം ഉണ്ടായോ എന്ന കാര്യം പരിശോധിക്കും.” കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതി അംഗവും തൃക്കരിപ്പൂര്‍ എംഎല്‍എയുമായ എം രാജഗോപാല്‍ അഴിമുഖത്തോട് പ്രതികരിച്ചു.
”സമര്‍ത്ഥരായ പോലീസ് സേനയാണ് കേരളത്തിലേത്. ഗോവിന്ദ സ്വാമി ജയില്‍ ചാടിയ വിവരം അറിഞ്ഞ ഉടനെ തന്നെ കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി കേരള പോലീസ് ബന്ധപ്പെട്ടിരുന്നു. സംഭവം നടന്നയുടനെ മുഖ്യമന്ത്രി ഡിജിപിയുമായി കൂടിയാലോചിച്ച് പ്രതിയെ പിടികൂടുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു” രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ അതീവസുരക്ഷയുള്ള ബ്ലോക്കിലായിരുന്നു ഗോവിന്ദ സ്വാമിയെ പാര്‍പ്പിച്ചിരുന്നത്. ചതുരാകൃതിയില്‍ ക്രമീകരിച്ചിരിക്കുന്ന പത്താം ബ്ലോക്ക് ജയിലിലായിരുന്നു ഗോവിന്ദ സ്വാമി. പത്താം ബ്ലോക്കിന് മാത്രമായി പ്രത്യേക മതിലും ഗേറ്റുമുണ്ട്. പുറത്തിറങ്ങിയാല്‍ നാലുഭാഗവും ചുവരുകള്‍ മാത്രമാണുള്ളത്. അകത്തെ ചുവരിന്റെ സമീപത്ത് പത്തടിയോളം ആഴത്തില്‍ കിടങ്ങുണ്ട്. ഒരു ഹെഡ് വാര്‍ഡന്റെയും രണ്ട് വാര്‍ഡന്മാരുടെയും മുഴുവന്‍ സമയ നിരീക്ഷണവും പത്താം ബ്ലോക്കിനുണ്ട്. എന്നിട്ടും ഗോവിന്ദ സ്വാമി എങ്ങനെ ജയില്‍ ചാടിയെന്ന ചോദ്യത്തിനാണ് ഇനി ഉത്തരം കണ്ടെത്തേണ്ടത്.
പുലര്‍ച്ചെ 1.15 ആയിരുന്നു ഗോവിന്ദ സ്വാമി ജയില്‍ ചാടിയത്. രണ്ട് കൂറ്റന്‍ മതിലുകളും ചാടിക്കടന്നെന്നാണ് പറയുന്നത്. ഏഴരമീറ്റര്‍ ഉയരവും മുകള്‍വശത്ത് ഇലക്രിക് ഫെന്‍സിങ്ങുമുള്ള ചുറ്റുമതില്‍ ചാടുകയെന്നത് അത്ര എളുപ്പവുമല്ല. ജയില്‍ അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചോ എന്നതാണ് ഇനി അറിയേണ്ട വസ്തുത.
സെല്ലിനകത്ത് അതും അതിസുരക്ഷാ ജയിലില്‍ കഴിഞ്ഞിരുന്ന ഗോവിന്ദച്ചാമിയ്ക്ക് എങ്ങനെ ജയിലിലെ സെല്ലിന്റെ കമ്പി മുറിക്കാന്‍ കഴിഞ്ഞെന്ന ചോദ്യവും ജയില്‍ അധികൃതരുടെ ഭാഗത്തെ വീഴ്ചയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. വളരെ കട്ടികൂടിയ സെല്ലിലെ കമ്പി മുറിക്കാന്‍ ഒരു മണിക്കൂര്‍ എങ്കിലും സമയം എടുക്കും. ഇതിന്റെ ശബ്ദം പോലും പുറത്തേക്ക് കേട്ടില്ല എന്നതും ഗുരുതര വീഴ്ചയാണ്. ദിവസങ്ങള്‍ എടുത്താണോ കമ്പി മുറിച്ചതെന്നും വ്യക്തമല്ല.
കമ്പി മുറിക്കാന്‍ എവിടെ നിന്ന് ആയുധം ലഭിച്ചുവെന്നോ ആര് ആയുധമെത്തിച്ചെന്നതിലും വ്യക്തത വരേണ്ടതുണ്ട്. രാവിലെ ആറുമണിയോടെയാണ് പ്രതി ജയില്‍ ചാടിയ വിവരം പോലീസ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഏഴ് മണിയോടെ പോലീസ് സംസ്ഥാനത്താകമാനം വിവരങ്ങള്‍ കൈമാറി തിരച്ചില്‍ ആരംഭിച്ചു. അപ്പോഴേക്കും ജയില്‍ ചാടി ആറ് മണിക്കൂര്‍ പിന്നിട്ടിരുന്നു. ഈ സമയത്തിലും പ്രതി മൂന്നര കിലോമീറ്റര്‍ ദൂരം മാത്രമേ എത്തിയുള്ളൂവെന്നതും ദുരൂഹതയിലേക്കാണ് എത്തിക്കുന്നത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കെയാണ് ഗോവിന്ദ സ്വാമി ജയില്‍ ചാടിയത്. ഇന്ന് രാവിലെ ജയില്‍ അധികൃതര്‍ സെല്‍ പരിശോധിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത് അറിയുന്നത്. സെല്ലിന്റെ അഴികള്‍ മുറിച്ച് മാറ്റിയാണ് ഇയാള്‍ രക്ഷപ്പെട്ടത്. അലക്കാന്‍ വെച്ചിരുന്ന തുണികള്‍ കൂട്ടിക്കെട്ടി വടമുണ്ടാക്കി. മതിലില്‍ കൂടി താഴെക്കിറങ്ങുകയായിരുന്നു. Serious lapse in jail; Police role will also be investigated – MLA M Rajagopal
Content Summary: Serious lapse in the jail; the role of the police will also be investigated – MLA M. Rajagopal