July 14, 2026 |
Share on

വിഎഫ്എസ് വിസ കേന്ദ്രങ്ങളില്‍ ഗുരുതര വീഴ്ച: വ്യക്തിവിവര ചോര്‍ച്ചയും ഫീസ് തട്ടിപ്പും; ഇ.യു റിപ്പോര്‍ട്ട്

യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യന്‍ സഞ്ചാരികളുടെ പ്രധാന ആശ്രയമാണ് വിഎഫ്എസ് ഗ്ലോബല്‍

വിസ പ്രോസസിങ് കമ്പനിയായ ‘വിഎഫ്എസ് ഗ്ലോബലിന്റെ’ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര സുരക്ഷാവീഴ്ചകളും ക്രമക്കേടുകളും കണ്ടെത്തിയതായി യൂറോപ്യന്‍ അധികൃതരുടെ അന്വേഷണ റിപ്പോര്‍ട്ട്. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യന്‍ സഞ്ചാരികളുടെ പ്രധാന ആശ്രയമായിരുന്നു വിഎഫ്എസ് ഗ്ലോബല്‍. 2020 മുതല്‍ 2025 വരെയുള്ള കാലയളവില്‍ ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ വിഎഫ്എസ് വിസ സെന്ററുകളില്‍ യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍ നടത്തിയ 150-ഓളം പരിശോധനാ റിപ്പോര്‍ട്ടുകളിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

നെതര്‍ലാന്‍ഡ്‌സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലൈറ്റ്ഹൗസ് റിപ്പോര്‍ട്ട്‌സ് എന്ന മാധ്യമ കൂട്ടായ്മ വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകള്‍, ഇന്ത്യയിലെ ‘ദി ഇന്ത്യന്‍ എക്‌സ്പ്രസ്’, ജര്‍മ്മനിയിലെ ‘ഡെര്‍ സ്പീഗല്‍’, ഫ്രാന്‍സിലെ ‘ലെ മോണ്ടെ’ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങള്‍ സംയുക്തമായി നടത്തിയ അന്വേഷണത്തിലൂടെയാണ് ഈ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വ്യക്തിവിവരങ്ങളുടെ സുരക്ഷയിലെ ഗുരുതര വീഴ്ചകള്‍

വിസ അപേക്ഷകരുടെ ബയോമെട്രിക് വിവരങ്ങളും (വിരലടയാളം, ഫോട്ടോ) നികുതി-സാമ്പത്തിക രേഖകള്‍ ഉള്‍പ്പെടെയുള്ള അതീവ രഹസ്യസ്വഭാവമുള്ള വ്യക്തിവിവരങ്ങളും കൈകാര്യം ചെയ്യുന്നതില്‍ വിഎഫ്എസ് വലിയ അനാസ്ഥ കാണിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ വിഎഫ്എസ് പ്രവര്‍ത്തനങ്ങള്‍ യൂറോപ്യന്‍ യൂണിയന്റെ കര്‍ശനമായ പൊതു ഡാറ്റാ സംരക്ഷണ നിയമങ്ങള്‍ക്ക് അനുസൃതമല്ലെന്ന് 2024-ല്‍ ജര്‍മ്മനിയും പോളണ്ടും നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ലക്‌സംബര്‍ഗ് എംബസിയുടെ പരിശോധനയിലാണ് ഏറ്റവും ആശങ്കാജനകമായ വിവരങ്ങള്‍ പുറത്തുവന്നത്. അപേക്ഷകരുടെ ബയോമെട്രിക് വിവരങ്ങളും മറ്റ് രേഖകളും കമ്പ്യൂട്ടറുകളില്‍ എന്‍ക്രിപ്റ്റ് ചെയ്യാത്ത സാധാരണ സിഡികളില്‍ സൂക്ഷിച്ചാണ് വിഎഫ്എസ് ഓഫീസുകളില്‍ നിന്ന് കോണ്‍സുലേറ്റുകളിലേക്ക് അയച്ചിരുന്നത്. വിവരങ്ങള്‍ കൈമാറുന്നതിനിടയില്‍ എന്തെങ്കിലും സാങ്കേതിക തകരാര്‍ ഉണ്ടായാല്‍, ഈ സുപ്രധാന വിവരങ്ങള്‍ സാധാരണ ഇമെയിലുകള്‍ വഴി സുരക്ഷാസംവിധാനങ്ങളൊന്നുമില്ലാതെ അയച്ചതായും കണ്ടെത്തി. കൂടാതെ, കാലാവധി കഴിഞ്ഞാല്‍ ഉടന്‍ നശിപ്പിക്കേണ്ട ഇത്തരം സിഡികള്‍ 18 മാസത്തിലേറെയായി വിഎഫ്എസ് ഓഫീസില്‍ യാതൊരു സുരക്ഷയുമില്ലാതെ സൂക്ഷിച്ച നിലയിലും കണ്ടെത്തുകയുണ്ടായി. അതേസമയം ഹംഗേറിയന്‍ കോണ്‍സുലേറ്റിന്റെ പരിശോധനയില്‍, നിയമപ്രകാരം ഏഴ് ദിവസത്തിനകം സിസ്റ്റത്തില്‍ നിന്ന് നീക്കം ചെയ്യേണ്ട അപേക്ഷകരുടെ വിവരങ്ങള്‍ ഒരു മാസത്തിന് ശേഷവും വിഎഫ്എസ് ജീവനക്കാര്‍ക്ക് ലഭ്യമായിരുന്നുവെന്നും കണ്ടെത്തി.

വിസ ഷോപ്പിങ്ങും വ്യാജ അപ്പോയിന്റ്‌മെന്റുകളും

വിസ ലഭിക്കാന്‍ എളുപ്പമുള്ള അല്ലെങ്കില്‍ വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന ഒരു യൂറോപ്യന്‍ രാജ്യത്തിന്റെ പേരില്‍ വിസ എടുത്ത ശേഷം, യഥാര്‍ത്ഥത്തില്‍ പോകേണ്ട മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്ന ‘വിസ ഷോപ്പിങ്’ രീതി വ്യാപകമാണെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. പ്രത്യേകിച്ച് അഹമ്മദാബാദ്, ചണ്ഡീഗഡ്, ജലന്ധര്‍ തുടങ്ങിയ നഗരങ്ങളില്‍ വിഎഫ്എസ് അപ്പോയിന്റ്‌മെന്റ് എടുത്ത ശേഷം പകുതിയോളം പേരും (50 ശതമാനത്തിലധികം) എത്താറില്ല. ആളുകള്‍ ലക്‌സംബര്‍ഗിലേക്ക് പോകാനെന്ന വ്യാജേന വിസയ്ക്ക് അപേക്ഷിക്കുകയും എന്നാല്‍ അവരുടെ യഥാര്‍ത്ഥ ലക്ഷ്യസ്ഥാനം മറ്റേതെങ്കിലും യൂറോപ്യന്‍ രാജ്യമാണെന്നും പരിശോധനയില്‍ വ്യക്തമായി.

ഇതിനുപുറമേ, വിസ അപ്പോയിന്റ്‌മെന്റുകള്‍ സാധാരണക്കാര്‍ക്ക് ലഭിക്കാത്ത വിധം ട്രാവല്‍ ഏജന്റുമാര്‍ തട്ടിയെടുക്കുകയും അവ വ്യാജമായി അപേക്ഷകര്‍ക്ക് മറിച്ചു വില്‍ക്കുകയും ചെയ്യുന്ന തട്ടിപ്പും വര്‍ദ്ധിച്ചിട്ടുണ്ട്. ദേശീയ തൊഴില്‍ വിസകള്‍ സംഘടിപ്പിക്കുന്നതിനായി ഏജന്റുമാര്‍ വ്യാപകമായി വ്യാജ തൊഴില്‍ കരാറുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതായും ലക്‌സംബര്‍ഗ് എംബസിയുടെ 2024-ലെ ന്യൂഡല്‍ഹി പരിശോധനാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ ഇതില്‍ വിഎഫ്എസ് കമ്പനിക്ക് നേരിട്ട് പങ്കില്ലെന്നാണ് എംബസിയുടെ വിലയിരുത്തല്‍.

കാണാതായ പാസ്പോര്‍ട്ടുകളും പണം റീഫണ്ട് ചെയ്യുന്നതിലെ പാകപ്പിഴകളും
സ്വിറ്റ്‌സര്‍ലന്‍ഡ് അധികൃതര്‍ ന്യൂഡല്‍ഹിയിലെ വിഎഫ്എസ് കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ കടുത്ത വീഴ്ചകളാണ് കണ്ടെത്തിയത്. 2020-ല്‍ സ്വിസ് മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വിഎഫ്എസിന് കൈമാറിയ അപേക്ഷകരുടെ പാസ്പോര്‍ട്ടുകള്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും (2023ലെ പരിശോധനാ സമയത്തും) ഉടമകള്‍ക്ക് നല്‍കാതെ വിഎഫ്എസ് ഓഫീസില്‍ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നു. തിരക്കുള്ള സമയങ്ങളില്‍ ഇത്രയധികം പാസ്പോര്‍ട്ടുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ആവശ്യമായ ലോക്കറുകളോ സേഫുകളോ വിഎഫ്എസിനില്ലെന്ന് സ്വിസ് ഓഡിറ്റര്‍മാര്‍ തുറന്നടിച്ചു. കൂടാതെ, അപേക്ഷകരില്‍ നിന്ന് തെറ്റായി ഈടാക്കുന്ന വിസ ഫീസ് തിരികെ നല്‍കുന്ന കാര്യത്തില്‍ വിഎഫ്എസിന്റെ ഭാഗത്തുനിന്ന് വലിയ പരാജയമാണുണ്ടായത്. ‘ഈ സംവിധാനം ഒട്ടും കാര്യക്ഷമമല്ല’ എന്നാണ് സ്വിസ് ഓഡിറ്റര്‍മാര്‍ ഇതിനെക്കുറിച്ച് കുറിച്ചത്.

അധിക സേവനങ്ങളുടെ പേരിലുള്ള ചൂഷണം

പ്രീമിയം ലോഞ്ച് സംവിധാനം, കൊറിയര്‍ സര്‍വീസ്, എസ്എംഎസ് അപ്‌ഡേറ്റുകള്‍, എക്‌സ്റ്റെന്‍ഡഡ് ഹവേഴ്‌സ് പാസ്പോര്‍ട്ട് കളക്ഷന്‍ തുടങ്ങിയ അധിക മൂല്യ സേവനങ്ങള്‍ തികച്ചും വ്യക്തിപരമായ താല്പര്യപ്രകാരം തിരഞ്ഞെടുക്കേണ്ടതാണെന്ന കാര്യം അപേക്ഷകരില്‍ നിന്ന് മറച്ചുവെക്കുന്നതായും ആക്ഷേപമുണ്ട്. ഇത്തരം പണംകൂടിയ സേവനങ്ങള്‍ എടുത്താല്‍ മാത്രമേ വിസ ലഭിക്കൂ എന്ന തെറ്റിദ്ധാരണ പല അപേക്ഷകരിലും ഉണ്ടാക്കുന്ന രീതിയിലാണ് വിഎഫ്എസിന്റെ പെരുമാറ്റം. സ്വീഡിഷ് അധികൃതര്‍ മുംബൈ ഓഫീസില്‍ നടത്തിയ പരിശോധനയില്‍, ഈ സേവനങ്ങള്‍ നിര്‍ബന്ധിതമല്ലെന്നും ഐച്ഛികം മാത്രമാണെന്നുമുള്ള വിവരങ്ങള്‍ അപേക്ഷകര്‍ക്ക് കാണാന്‍ പാകത്തില്‍ വ്യക്തമായി പ്രദര്‍ശിപ്പിച്ചിട്ടില്ലെന്ന് കണ്ടെത്തുകയും ഇത് ഉടന്‍ തിരുത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

മുംബൈയിലെ ഓഫീസില്‍ അപേക്ഷകരുടെ സ്വകാര്യത മാനിക്കപ്പെടുന്നില്ലെന്നും, കൗണ്ടറുകള്‍ തമ്മില്‍ വേര്‍തിരിവുകള്‍ ഇല്ലാത്തതിനാല്‍ ജീവനക്കാരുമായി നടത്തുന്ന സംഭാഷണങ്ങള്‍ മറ്റ് അപേക്ഷകര്‍ക്ക് കേള്‍ക്കാന്‍ സാധിക്കുന്ന അവസ്ഥയിലായിരുന്നുവെന്നും സ്വീഡിഷ് മിഷന്‍ ചൂണ്ടിക്കാട്ടി. കൂടാതെ വാസ്‌കോ എന്ന മറ്റൊരു വിസ സര്‍വീസ് കമ്പനി ഇതേ ഫ്‌ളോറില്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ അപേക്ഷകരില്‍ വലിയ ആശയക്കുഴപ്പവുമുണ്ടായിരുന്നു.

വിഎഫ്എസിന്റെയും യൂറോപ്യന്‍ യൂണിയന്റെയും പ്രതികരണം

വിമര്‍ശനങ്ങള്‍ ശക്തമായ പശ്ചാത്തലത്തില്‍, വിഎഫ്എസ് ഗ്ലോബല്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചു. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അതത് രാജ്യങ്ങളിലെ സര്‍ക്കാരുകളുടെ കര്‍ശനമായ മേല്‍നോട്ടത്തിലും പരിശോധനയിലുമാണ് നടക്കുന്നതെന്നാണ് കമ്പനിയുടെ വാദം. കൂടാതെ, പല രാജ്യങ്ങളും വിഎഫ്എസുമായുള്ള കരാറുകള്‍ പുതുക്കിയിട്ടുണ്ടെന്നും, സുരക്ഷാ മാനദണ്ഡങ്ങളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു. പരിശോധനകളില്‍ കണ്ടെത്തിയ പല പോരായ്മകളും ഇതിനകം തന്നെ പരിഹരിച്ചതായും കമ്പനി അവകാശപ്പെടുന്നു.

എന്നിരുന്നാലും, വിസ പ്രോസസിങ്ങിനായി ഇത്തരം ബാഹ്യ സേവന ദാതാക്കളെ അമിതമായി ആശ്രയിക്കുന്നത് പലവിധ സുരക്ഷാപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് യൂറോപ്യന്‍ കമ്മീഷന്‍ സമ്മതിച്ചു. വിസ അപേക്ഷകരുടെ ഡാറ്റാ സുരക്ഷ ഉറപ്പാക്കുന്നതിനും വിസ വിതരണത്തിലെ സുതാര്യത നിലനിര്‍ത്തുന്നതിനുമായി വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ശനമായ ഗുണനിലവാര പരിശോധനയും നിരീക്ഷണവും ഏര്‍പ്പെടുത്തുമെന്നും യൂറോപ്യന്‍ കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

കടപ്പാട്; ദി ഇന്ത്യന്‍ എക്‌സ്പ്രസ്‌

Content Summary: Major security lapses, data breaches, and visa shopping issues at VFS Global Schengen visa application centres in India

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×