June 25, 2026 |

വ്യവസായികളെ വിമര്‍ശിക്കാന്‍ മാധ്യമങ്ങള്‍ മടിക്കുന്നത് എന്തുകൊണ്ട്? മാധ്യമപ്രവര്‍ത്തകന്‍ ആര്‍. രാജഗോപാല്‍

അഴിമതി തുറന്നുകാട്ടുക എന്നതാണ് മാധ്യമ ധര്‍മ്മം

വ്യവസായി ബോബി ചെമ്മണൂരിന്റെ നിക്ഷേപ സംരംഭങ്ങളുമായി ബന്ധപ്പെട്ട് അഴിമുഖവും ന്യൂസ് മിനിറ്റും സംയുക്തമായി നടത്തിയ അന്വേഷണാത്മക പരമ്പരയില്‍ പ്രതികരിക്കുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും, ദി ടെലഗ്രാഫ് മുന്‍ എഡിറ്ററുമായ ആര്‍ രാജഗോപാല്‍. വ്യവസായികളുമായി ബന്ധപ്പെട്ട സാമ്പത്തിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ മാധ്യമങ്ങളും ജനപ്രതിനിധികളും പാലിക്കേണ്ട സുപ്രധാനമായ ധാര്‍മികതയെയും ഉത്തരവാദിത്തങ്ങളെയും കുറിച്ചുള്ള കാഴ്ചപ്പാടുകളാണ് അദ്ദേഹം അഴിമുഖവുമായി പങ്കുവയ്ക്കുന്നത്

മലയാള മാധ്യമരംഗത്തെ പുതിയ തുടക്കം

അഴിമുഖവും ന്യൂസ് മിനിറ്റും സംയുക്തമായി പ്രസിദ്ധീകരിച്ച അന്വേഷണ പരമ്പരയുടെ ആദ്യ രണ്ട് ഭാഗങ്ങള്‍ വായിച്ചപ്പോള്‍, ബോബി ചെമ്മണൂരിന്റെ വ്യക്തിപരമായ കാര്യങ്ങളോ സ്ഥാപനങ്ങളോ എന്നതിലുപരി, ഇന്ത്യയിലെ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ചാണ് എനിക്ക് കൂടുതല്‍ ചിന്തിക്കാനായത്.

രാജ്യത്തെ മാധ്യമരംഗത്ത് ഇത്തരത്തിലുള്ള ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം ഇന്ന് ഏറെക്കുറെ നിലച്ചുപോയ ഒരു സാഹചര്യമാണ്. പ്രത്യേകിച്ചും സാമ്പത്തിക മേഖലയുമായി ബന്ധപ്പെട്ട ആഴത്തിലുള്ള അന്വേഷണങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങളില്‍ വിരളമാണ്. ഈയൊരു പശ്ചാത്തലത്തില്‍, അഴിമുഖവും ന്യൂസ് മിനിറ്റും ചേര്‍ന്ന് അവതരിപ്പിച്ച ഈ പരമ്പര തീര്‍ച്ചയായും അഭിനന്ദനാര്‍ഹമാണ്.

Also Read : പെരുകുന്ന പങ്കാളികള്‍, വരുമാനം ശൂന്യം; ബോബി ചെമ്മണൂരിന്റെ എല്‍എല്‍പി-കളുടെ കഥ

നേരത്തെ ന്യൂസ് മിനിറ്റും ന്യൂസ് ലോണ്‍ട്രിയും ഇത്തരത്തില്‍ സംയുക്തമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവില്‍ അഴിമുഖവുമായുള്ള ഈ സഹകരണം, ഭാവിയില്‍ കൂടുതല്‍ മാധ്യമങ്ങള്‍ ഇത്തരത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നതിന് ഒരു സൂചനയായി ഞാന്‍ കാണുന്നു.

പ്രമുഖ മാധ്യമങ്ങള്‍ ഇന്ന് ഫീല്‍ഡ് ജേണലിസത്തില്‍, പ്രത്യേകിച്ച് അന്വേഷണങ്ങള്‍ക്കായി, കാര്യമായി നിക്ഷേപം നടത്തുന്നില്ല. പകരം, ക്രിക്കറ്റ് കവറേജുകള്‍ക്കും വിനോദ പരിപാടികള്‍ക്കുമാണ് അവര്‍ പണം ചിലവഴിക്കുന്നത്. ‘കാരവന്‍’ മാഗസിന്‍ ഒഴികെ, ഡല്‍ഹി കേന്ദ്രീകരിച്ചുള്ള വന്‍കിട പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള മുഖ്യധാരാ മാധ്യമങ്ങളിലൊന്നും കാര്യമായ അന്വേഷണാത്മക പത്രപ്രവര്‍ത്തനം നടക്കുന്നതായി എനിക്ക് തോന്നുന്നില്ല.

ഈയൊരു സാഹചര്യത്തില്‍, അഴിമുഖവും ന്യൂസ് മിനിറ്റും ചേര്‍ന്ന് ഈ സ്റ്റോറി പുറത്തുകൊണ്ടുവന്നത് തന്നെ വലിയൊരു കാര്യമാണ്. മലയാള മാധ്യമരംഗത്ത് ഇത്രയും ആധികാരികവും വിപുലവുമായ സാമ്പത്തിക മേഖലയെ വിശകലനം ചെയ്യുന്ന ഒരു അന്വേഷണം ഇതാദ്യമായിട്ടായിരിക്കാം. രണ്ട് മാധ്യമസ്ഥാപനങ്ങള്‍ തമ്മിലുള്ള ഈ സഹകരണവും, സാമ്പത്തിക കാര്യങ്ങളിലെ ഈ ആഴത്തിലുള്ള വിശകലനവും, ഏറ്റവും മികച്ച തീരുമാനങ്ങളായിട്ടാണ് ഞാന്‍ വിലയിരുത്തുന്നത്.

അന്വേഷണ ഏജന്‍സികളും മാധ്യമങ്ങളും

സമീപകാലത്ത് ദേശീയ അന്വേഷണ ഏജന്‍സികള്‍ (ഇഡി പോലുള്ളവ) അവരുടെ ശ്രദ്ധ കൂടുതലും രാഷ്ട്രീയപരമായ കേസുകളിലേക്ക് കേന്ദ്രീകരിക്കുന്ന ഒരു പ്രവണത കാണുന്നുണ്ട്. ഇതിന്റെ ഫലമായി, രാഷ്ട്രീയപരമായ പ്രത്യാഘാതങ്ങളോ പ്രതിപക്ഷ പാര്‍ട്ടികളുടെ പങ്കാളിത്തമോ ഇല്ലാത്ത, അഴിമതി ആരോപണങ്ങള്‍ നേരിടുന്ന വ്യക്തികളും സ്ഥാപനങ്ങളും പൊതുശ്രദ്ധയില്‍ നിന്ന് രക്ഷപ്പെടുന്നു. ഈ കേസും അത്തരത്തിലുള്ള ഒന്നാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഈ സാഹചര്യത്തിലാണ് മാധ്യമങ്ങള്‍ വാച്ച്‌ഡോഗ് (കാവല്‍നായ) ധര്‍മം നിര്‍വഹിക്കേണ്ടതിന്റെ പ്രാധാന്യം വര്‍ധിക്കുന്നത്. പലപ്പോഴും അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍ പെടാത്തതോ, അല്ലെങ്കില്‍ അന്വേഷണം തുടങ്ങി പാതിവഴിയില്‍ ദുരൂഹമായി മരവിപ്പിക്കപ്പെട്ടതോ ആയ കേസുകള്‍ വീണ്ടും സജീവമാക്കുന്നതില്‍ ഇത്തരം അന്വേഷണാത്മക പത്രപ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ക്ക് വലിയ പങ്കുണ്ട്. അന്വേഷണ ഏജന്‍സികളുടെ ദുരൂഹമായ ഇടപെടലുകളും ശ്രദ്ധ തിരിച്ചുവിടലുകളും കേസുകള്‍ വഴിമുട്ടിക്കുന്നതില്‍ ഒരു പ്രധാന ഘടകമാണ്.

Alsor Read : ബോബി ചെമ്മണൂരിന്റെ സാമ്രാജ്യവും മലങ്കര സൊസൈറ്റിയുടെ ഉദാരമായ വായ്പകളും

എന്നാല്‍, ഏജന്‍സികളുടെ നിഷ്‌ക്രിയത്വം പോലെ തന്നെ അപകടകരമാണ് മാധ്യമങ്ങളുടെ നിസ്സംഗതയും. ‘മാധ്യമനിദ്ര’ എന്ന അവസ്ഥയില്‍, മാധ്യമങ്ങള്‍ എളുപ്പമുള്ളതും കുറഞ്ഞ ചിലവുള്ളതുമായ വാര്‍ത്തകള്‍ മാത്രം തിരഞ്ഞെടുക്കുന്നു. കൂടാതെ ഫോളോ-അപ്പ് ഇല്ലാതെ, ഒന്നോ രണ്ടോ ദിവസത്തെ മാത്രം ആയുസ്സ് ഉള്ള സ്റ്റോറികളെ പിന്തുടരുക, അല്ലെങ്കില്‍ രാഷ്ട്രീയപരമായ അജണ്ടകളോടെ വാര്‍ത്തകള്‍ക്ക് രൂപം നല്‍കുകയും ചെയ്യുന്നത് പതിവാണ്.

അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധ പുറത്ത് നിന്നുള്ള ഇടപെടലുകള്‍ (Intervention) കാരണം വഴിതിരിച്ചുവിടപ്പെടുമ്പോള്‍, ആ തെറ്റ് തിരുത്താന്‍ മാധ്യമങ്ങള്‍ തയ്യാറാകാതിരിക്കുമ്പോള്‍ ഉണ്ടാകുന്ന സാധാരണ സംഭവവികാസങ്ങളാണ് ബോബി ചെമ്മണൂരിനെപ്പോലുള്ള വ്യക്തികള്‍ക്ക് നിയമവ്യവസ്ഥകളെ ഫലപ്രദമായി വെല്ലുവിളിക്കാനും മുന്നോട്ട് പോകാനും അവസരം നല്‍കുന്നത്.

ചുരുക്കത്തില്‍, നിയമപാലകരുടെ ദുരൂഹമായ കൈകടത്തല്‍ ഒരു വശത്തും, സത്യം പുറത്തുകൊണ്ടുവരേണ്ട മാധ്യമങ്ങളുടെ നിരുത്തരവാദപരമായ ‘നിദ്ര’ മറുവശത്തും നില്‍ക്കുമ്പോള്‍, അഴിമതിക്കാര്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ തുറക്കപ്പെടുന്നു.

വിമര്‍ശനത്തിന്റെ ഇരട്ടത്താപ്പ്

ഇന്ത്യന്‍ മാധ്യമരംഗത്ത് ഒരു ഇരട്ടത്താപ്പ് പ്രകടമാണ്. രാഷ്ട്രീയക്കാര്‍ക്കെതിരെ എന്ത് ആരോപണം ഉണ്ടായാലും അത് ഊതിപ്പെരുപ്പിച്ച് വാര്‍ത്തയാക്കാന്‍ മാധ്യമങ്ങള്‍ക്ക് ഒരു മടിയുമില്ല. എന്നാല്‍, വ്യവസായികളും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന കേസുകളില്‍ ഇടപെടാനും വിമര്‍ശനം ഉന്നയിക്കാനും മാധ്യമങ്ങള്‍ പലപ്പോഴും വിമുഖത കാണിക്കുന്നു.

ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണ് വിമര്‍ശനം. രാഷ്ട്രീയ വിമര്‍ശനങ്ങളെ, പ്രത്യേകിച്ചും പ്രതിപക്ഷം ഉന്നയിക്കുന്നതിനെ, മാധ്യമങ്ങള്‍ ആഘോഷിക്കാറുണ്ട്. എന്നാല്‍ അതിലുപരിയായി, സാധാരണ രാഷ്ട്രീയപ്രവര്‍ത്തകര്‍ മറ്റ് വ്യക്തികളെയും വ്യവസായികളെയും അപേക്ഷിച്ച്, മാധ്യമങ്ങളുടെ വിമര്‍ശനങ്ങള്‍ക്കായി കൂടുതല്‍ ഇടം നല്‍കുന്നുണ്ട്. അതായത്, വിമര്‍ശനം അവകാശമാണെന്ന് അവര്‍ ഒരുപരിധി വരെ അംഗീകരിക്കുന്നു.

Also Read : 2014 മുതല്‍ ബോബി ചെമ്മണൂരിനെതിരെ ആരോപണങ്ങള്‍, ‘എനിക്ക് ഇതൊന്നും ഓര്‍മയില്ല, താല്പര്യവുമില്ല’; തോമസ് ഐസക്

ഇതിന് വിപരീതമായി, വ്യവസായികളും ഉന്നതരും പലപ്പോഴും അമിതമായ ഈഗോ ഉള്ളവരും, സ്തുതിപാഠകരുടെ നല്ല വാക്കുകള്‍ മാത്രം കേട്ട് ശീലിച്ചവരുമാണ്. ഇവരെ വിമര്‍ശിക്കാന്‍ മാധ്യമങ്ങള്‍ക്ക് വലിയ മടിയുണ്ട്. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്:

  1. പി.ആര്‍. യന്ത്രസംവിധാനം : ഇത്തരം വന്‍കിട വ്യവസായികള്‍ക്ക് കാര്യങ്ങള്‍ വളച്ചൊടിക്കാന്‍ ഒരു വലിയ പബ്ലിക് റിലേഷന്‍സ് സംവിധാനം തന്നെയുണ്ട്. അവര്‍ വാര്‍ത്തകളെ ഖണ്ഡിക്കാനും, അര്‍ത്ഥമില്ലാത്ത പ്രസ്താവനകള്‍ നിരന്തരം ജേണലിസ്റ്റുകള്‍ക്ക് നല്‍കി പ്രസിദ്ധീകരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താനും ശ്രമിക്കും.
  2. നിയമപരമായ വെല്ലുവിളികള്‍ : രാഷ്ട്രീയക്കാരെ വിമര്‍ശിക്കുന്നത് താരതമ്യേന എളുപ്പമാണ്. എന്നാല്‍ ഒരു വ്യവസായിയെ വിമര്‍ശിക്കുകയാണെങ്കില്‍, അതിന് പിന്നില്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടിവരും. മാനനഷ്ടക്കേസുകള്‍, നിയമപരമായ ഭീഷണികള്‍, അപകീര്‍ത്തി കേസുകള്‍ തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ എന്തിന് ഈ ‘വയ്യാവേലിക്ക്’ പോകണം എന്ന തോന്നല്‍ ജേണലിസ്റ്റുകള്‍ക്കിടയില്‍ ശക്തമാകുന്നു.

1990-കള്‍ക്ക് ശേഷമുള്ള ഇന്ത്യന്‍ ന്യൂസ് റൂമുകളില്‍ ഇത് ഒരു പതിവ് രീതിയായി മാറിയിരിക്കുന്നു. ‘സേഫ് സോണില്‍’ ഇരുന്ന്, അധികം ബുദ്ധിമുട്ടുകളില്ലാതെ സുഖമായി ജീവിക്കുക എന്നത് മാധ്യമപ്രവര്‍ത്തകരുടെ മാത്രമല്ല, പൊതുസമൂഹത്തിന്റെ ഒരു പ്രത്യേകതയായി മാറി. ഇതാണ് ആഴത്തിലുള്ള അന്വേഷണാത്മക സ്റ്റോറികള്‍ ചെയ്യാന്‍ മാധ്യമങ്ങള്‍ താല്‍പ്പര്യം കാണിക്കാത്തതിന്റെ പ്രധാന കാരണം.

കൂടാതെ, മറ്റൊരു നിര്‍ണായക ഘടകം മാധ്യമങ്ങളുടെ ഉടമസ്ഥാവകാശമാണ്. പല പ്രമുഖ മാധ്യമസ്ഥാപനങ്ങളുടെയും ഉടമസ്ഥര്‍ വ്യവസായികള്‍ തന്നെയാണ്. സ്വാഭാവികമായും, ‘എല്ലാം ഒരേ തൂവല്‍ പക്ഷികള്‍’ എന്ന നിലയില്‍, മാധ്യമസ്ഥാപനങ്ങള്‍ തങ്ങളുടെ വ്യവസായ സഹോദരങ്ങളെ വിമര്‍ശിക്കാന്‍ വിമുഖത കാണിക്കുന്നതും ഒരു വലിയ ഘടകമാണ്.

രാഷ്ട്രീയക്കാര്‍ ജാഗ്രത കാണിക്കണം

ഒരു സംസ്ഥാനത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ രാഷ്ട്രീയ പ്രതിനിധികള്‍ മാധ്യമങ്ങളോട് പ്രതികരിക്കേണ്ടത് തീര്‍ച്ചയായും അനിവാര്യമാണ്. പൊതുപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും ഇത്തരം വിഷയങ്ങളില്‍ പ്രതികരിച്ചില്ലെങ്കില്‍, ജനങ്ങള്‍ക്ക് ഈ കാര്യങ്ങളെക്കുറിച്ച് അവബോധം ഉണ്ടാകുക പ്രയാസമാകും.

സംഘടനാപരമായ പിന്തുണയില്ലാതെ ഒരു വ്യക്തി വ്യവസായികള്‍ക്കെതിരെ ആരോപണം ഉന്നയിക്കുകയാണെങ്കില്‍, ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ സാമ്പത്തിക ശേഷിയുള്ളവരാണ് വ്യവസായികള്‍. അതുകൊണ്ട് തന്നെ വ്യക്തികള്‍ക്ക് ഇവിടെ പരിമിതികളുണ്ട്. ഈ സാഹചര്യത്തില്‍, സത്യം പുറത്തുകൊണ്ടുവരാന്‍ മാധ്യമങ്ങള്‍ തന്നെ മുന്‍കൈയെടുക്കണമെന്നതില്‍ സംശയമില്ല.

പൊതുപ്രവര്‍ത്തകരും മന്ത്രിമാരും മുന്‍ മന്ത്രിമാരും ഇത്തരം വിഷയങ്ങളില്‍ മാധ്യമങ്ങളോട് സംസാരിക്കണം. സാമ്പത്തിക ഇടപാടുകള്‍ പോലുള്ള സങ്കീര്‍ണ്ണതകള്‍ ഉള്ള വിഷയമായതുകൊണ്ട്, പ്രതികരണം നല്‍കേണ്ടവര്‍ക്ക് മാധ്യമങ്ങള്‍ ന്യായമായ സമയം അനുവദിക്കേണ്ടതുണ്ട്.

Also Read : മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങളില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ല,നിക്ഷേപം കരുതലോടെ വേണം; മന്ത്രി വിഎന്‍ വാസവന്‍

ഉടന്‍ മറുപടി നല്‍കണമെന്ന് നിര്‍ബന്ധം പിടിക്കുന്നതിന് പകരം, ഒന്നോ രണ്ടോ ദിവസമോ, വേണ്ടി വന്നാല്‍ ഒരാഴ്ചയോ സമയം അനുവദിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, കൃത്യസമയത്ത് പ്രതികരിക്കാമെന്ന് അവര്‍ ഉറപ്പുനല്‍കണം. ഈ ഉറപ്പിന്റെ അടിസ്ഥാനത്തില്‍, അവര്‍ സംസാരിക്കാനും കൈമാറാന്‍ കഴിയുന്ന വിവരങ്ങള്‍ നല്‍കാനും തയ്യാറാകേണ്ടതാണ്.

ഒരു ജനപ്രതിനിധി പൊതുസമൂഹത്തെ പ്രതിനിധീകരിക്കുമ്പോള്‍ തന്നെ ഒരു പാര്‍ട്ടിയെയും ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ആളുമാണ്. അതുകൊണ്ട് തന്നെ കോടതി കുറ്റവാളിയാണെന്ന് നിര്‍ണയിക്കപ്പെടാത്ത വ്യക്തിയെ മാറ്റിനിര്‍ത്തുന്നത് മനുഷ്യാവകാശങ്ങള്‍ക്ക് ചേര്‍ന്നതാണോ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. കുറ്റവാളിയായാല്‍ പോലും അവര്‍ ശിക്ഷയനുഭവിച്ച ശേഷവും അവരെ നമ്മുടെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ നമുക്ക് യാതൊരു അവകാശവുമില്ല.

കുറ്റവാളിയെന്ന് വിധിക്കപ്പെട്ടാല്‍ പോലും, ശിക്ഷ അനുഭവിച്ച ശേഷം അവരെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ നമുക്ക് അവകാശമില്ല. ഈ സാഹചര്യത്തില്‍, ബോബി ചെമ്മണൂരിന്റെ ‘ബോചേ ടീ’ ഉദ്ഘാടനം ചെയ്ത മന്ത്രി മുഹമ്മദ് റിയാസിന്റെ നിലപാടുകളോ, വിമാനത്താവള പദ്ധതി പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്ത്രിയുടെ നിലപാടുകളോ തെറ്റായി തോന്നുന്നില്ല.

എന്നാല്‍, ഇത്തരം വ്യവസായികള്‍ ജനപ്രതിനിധികളെ ഉപയോഗിച്ച് മുതലെടുപ്പ് നടത്തുകയാണെന്ന് തോന്നിയാല്‍, പൊതുപ്രവര്‍ത്തകര്‍ അവിടെ വെച്ച് തന്നെ ജനങ്ങളോട് അത് തുറന്നുപറയാന്‍ തയ്യാറാകണം. ‘ഇവര്‍ പറയുന്ന കാര്യങ്ങള്‍ എനിക്ക് നേരിട്ട് അറിവുള്ളതോ ഉറപ്പുള്ളതോ ആയ കാര്യമല്ല, അതുകൊണ്ട് തന്നെ ജനങ്ങള്‍ കാര്യങ്ങള്‍ അന്വേഷിച്ച ശേഷം മാത്രമേ തീരുമാനങ്ങള്‍ എടുക്കാവൂ’ എന്ന് പറയാനുള്ള ആര്‍ജ്ജവം കൂടി പൊതുപ്രവര്‍ത്തകര്‍ കാണിക്കേണ്ടതുണ്ട്.

ജനഹിതത്തിനപ്പുറമുള്ള മാധ്യമധര്‍മം

ഒരു മാധ്യമ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമ്പോള്‍, സമൂഹത്തിന്റെ പ്രതികരണമോ, ധാര്‍മിക മാനദണ്ഡങ്ങളോ ഘടകമാകാന്‍ പാടില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഉദാഹരണത്തിന്, ഒരു പ്രദേശത്ത് ശക്തമായ സ്വാധീനമുള്ള ഭരണകക്ഷിക്കെതിരെ ഒരു അഴിമതി റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമ്പോള്‍, വായനക്കാരില്‍ ഭൂരിപക്ഷവും ആ പാര്‍ട്ടിയുടെ പിന്തുണക്കാരായതിനാല്‍, വാര്‍ത്ത പ്രസിദ്ധീകരിക്കരുത് എന്ന് ആവശ്യപ്പെട്ടാല്‍, ആ റിപ്പോര്‍ട്ട് ഒഴിവാക്കേണ്ട യാതൊരു ആവശ്യവുമില്ല. അങ്ങനെ ചെയ്യുന്നത് പൂര്‍ണമായും ധാര്‍മ്മികമല്ലാത്ത കാര്യമാണ്.

Also Read : ‘ആ സിഡി കണ്ട് വി എസ് ഞെട്ടി, ഇവനെ വെറുതെ വിടരുതെന്ന് പറഞ്ഞു’

ഒരു മാധ്യമപ്രവര്‍ത്തകനോ മാധ്യമ സ്ഥാപനമോ ഒരിക്കലും പൊതുജനാഭിപ്രായത്തിന്റെ സ്വാധീനത്തിന് അടിപ്പെടാന്‍ പാടില്ല. മാധ്യമങ്ങളുടെ നിലപാടുകളിലെ തെറ്റുകള്‍ ചര്‍ച്ച ചെയ്യാം, എന്നാല്‍ ഒരു റിപ്പോര്‍ട്ട് പൊതുജനങ്ങളെ സ്വാധീനിക്കുന്നില്ല എന്നത്, അത് ഉപേക്ഷിക്കാനുള്ള കാരണമായി മാറരുത്.

ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് അഴിമതി എത്രത്തോളം ഒരു പ്രധാന വിഷയമായി സമൂഹം കണക്കിലെടുക്കുന്നു എന്നതില്‍ എനിക്ക് സംശയമുണ്ട്. കാരണം, പലപ്പോഴും അഴിമതി ഇവിടെ ഒരു ആപേക്ഷിക ഘടകമാണ്.

ഒരു വശത്ത്, സാധാരണക്കാര്‍ക്ക് ലോണ്‍ കുടിശ്ശികയാകുമ്പോള്‍ ബാങ്കുകള്‍ വീടുകള്‍ ജപ്തി ചെയ്യുന്നു. മറുവശത്ത്, കോടിക്കണക്കിന് രൂപ കുടിശ്ശിക വരുത്തിയ വ്യവസായികളുടെ കടങ്ങള്‍ ബാങ്കുകള്‍ എഴുതിത്തള്ളുന്നു. ഇത്തരത്തിലുള്ള കടുത്ത അസമത്വങ്ങള്‍ നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍, അഴിമതിക്കെതിരെയുള്ള പ്രതികരണത്തെ സമൂഹം എത്രത്തോളം സ്വാധീനിക്കുമെന്ന് സംശയമാണ്.

ഇതിനര്‍ത്ഥം, അഴിമതിയെ ന്യായീകരിക്കണം എന്നല്ല. അഴിമതി തുറന്നുകാട്ടുക എന്നത് ഒരു പബ്ലിക്കേഷന്റെ പ്രധാന കടമയാണ്. അങ്ങനെ തുറന്നുകാട്ടുമ്പോള്‍, സമൂഹം എങ്ങനെ പ്രതികരിച്ചു എന്ന് നോക്കാതെ, ആ റിപ്പോര്‍ട്ടുകള്‍ നിരന്തരം തുടരുക എന്നതാണ് മാധ്യമ ധര്‍മ്മം.

മാധ്യമ ധര്‍മ്മത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് അമേരിക്കയിലെ വാട്ടര്‍ഗേറ്റ് വിവാദം (Watergate Scandal). 1972 ജൂണില്‍ നടന്ന മോഷണശ്രമത്തെ (ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ആസ്ഥാനത്ത്) ‘ക്രൈം സ്റ്റോറി’ ആയി ന്യൂയോര്‍ക്ക് ടൈംസ് ഉള്‍പ്പെടെയുള്ള ഭൂരിപക്ഷം പത്രങ്ങളും കൈകാര്യം ചെയ്തപ്പോള്‍, വാഷിംഗ്ടണ്‍ പോസ്റ്റ് മാത്രമാണ് അതിനെ ഒരു വലിയ രാഷ്ട്രീയ സ്‌റ്റോറിയായി കണ്ടത്.

അന്ന്, 1972 നവംബറിലെ തിരഞ്ഞെടുപ്പില്‍ റിച്ചാര്‍ഡ് നിക്‌സണ്‍ വലിയ ഭൂരിപക്ഷത്തില്‍ വീണ്ടും വിജയിച്ചു. ‘വാട്ടര്‍ഗേറ്റ് ഒന്നുമില്ല, ജനങ്ങള്‍ അത് നിരാകരിച്ചു’ എന്ന് നിക്‌സന്റെ ക്യാമ്പ് അവകാശപ്പെട്ടു. എന്നിട്ടും, അവര്‍ ആ സ്റ്റോറി ഉപേക്ഷിച്ചില്ല. നിക്‌സണ്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് രണ്ട് വര്‍ഷത്തിനു ശേഷവും അവര്‍ ഫോളോ-അപ്പ് നല്‍കി. ഒടുവില്‍, നിക്‌സന് രാജിവെക്കേണ്ടിവന്നു.

ഇംപാക്ട് ഉടന്‍ ഉണ്ടാകുമോ എന്ന് നോക്കാതെ, സത്യം മാത്രം പിന്തുടര്‍ന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. മാധ്യമങ്ങള്‍ സമൂഹത്തെ ഉടന്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിന് പകരം, ഇത്തരം സ്റ്റോറികള്‍ നിരന്തരം പുറത്തുകൊണ്ടുവരികയാണ് വേണ്ടത്. നമ്മുടെ സമൂഹവും ജനാധിപത്യ സ്ഥാപനങ്ങളും കൂടുതല്‍ വികസിതമാകുമ്പോള്‍ ഇതിന് തീര്‍ച്ചയായും വലിയ സ്വാധീനം ഉണ്ടാകും. നിലവില്‍ ഇംപാക്ട് ഉണ്ടാകുന്നില്ലെന്ന് കരുതി നിരാശരാകേണ്ട ആവശ്യമില്ല; മറിച്ച്, അത്തരം സ്റ്റോറികള്‍ കൂടുതല്‍ കൂടുതല്‍ ചെയ്യുകയാണ് വേണ്ടത്.

Also Read : ബോബി ചെമ്മണൂരിന്റെ സാമ്രാജ്യവും മലങ്കര സൊസൈറ്റിയുടെ ഉദാരമായ വായ്പകളും

Content Summary: Why do media hesitate to criticize industrialists?

Leave a Reply

Your email address will not be published. Required fields are marked *

×