ഭര്‍ത്താവ് ധര്‍മേന്ദ്രയുടെ ആരോഗ്യനിലയെക്കുറിച്ച് പ്രചരിച്ച വ്യാജ വാര്‍ത്തകളില്‍ പ്രതികരണവുമായി നടി ഹേമ മാലിനി. 89 വയസ്സുള്ള താരം അന്തരിച്ചു എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ നിഷേധിച്ച ഹേമ മാലിനി, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിലുള്ള ദേഷ്യവും നിരാശയും അവര്‍ ‘എക്‌സി’ലൂടെ പങ്കുവെച്ചു.
‘ഇത് പൊറുക്കാനാവാത്ത കാര്യമാണ്! ചികിത്സയോട് പ്രതികരിക്കുകയും സുഖം പ്രാപിക്കുകയും ചെയ്യുന്ന ഒരാളെക്കുറിച്ച് എങ്ങനെയാണ് ഉത്തരവാദിത്തമുള്ള ചാനലുകള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്? ഇത് അങ്ങേയറ്റം അനാദരവും ഉത്തരവാദിത്തമില്ലായ്മയുമാണ്. കുടുംബത്തിനും അവരുടെ സ്വകാര്യതയുടെ ആവശ്യകതയ്ക്കും ദയവായി വേണ്ട ബഹുമാനം നല്‍കുക,’ ഹേമ മാലിനി കുറിച്ചു.

ഇന്നലെ രാത്രിയും ഇന്ന് രാവിലെയും പ്രചരിക്കാന്‍ തുടങ്ങിയ ഈ കിംവദന്തികള്‍ ആരാധകര്‍ക്കിടയിലും സിനിമാ ലോകത്തും വലിയ ആശങ്കയുണ്ടാക്കി. എന്നാല്‍, ധര്‍മേന്ദ്രയുടെ കുടുംബം പെട്ടെന്ന് തന്നെ വിഷയത്തില്‍ ഇടപെട്ട് സത്യം വ്യക്തമാക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മകള്‍ ഇഷാ ഡിയോളും അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ ശക്തമായ പ്രസ്താവന ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്തിറക്കി:
‘മാധ്യമങ്ങള്‍ അതിവേഗം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് തോന്നുന്നു. എന്റെ അച്ഛന്‍ സുരക്ഷിതനാണ്, സുഖം പ്രാപിച്ചുവരുന്നു. ഞങ്ങളുടെ കുടുംബത്തിന് സ്വകാര്യത നല്‍കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. പപ്പാ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ക്ക് നന്ദി.’
ധര്‍മേന്ദ്ര മെഡിക്കല്‍ പരിചരണത്തിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഇഷാ ആരാധകരെ ആശ്വസിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇന്നലെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ധര്‍മേന്ദ്രയെ ഡോക്ടര്‍മാര്‍ ഇപ്പോഴും നിരീക്ഷിച്ചു വരികയാണ്.
ചൊവ്വാഴ്ച രാവിലെ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച്, ധര്‍മേന്ദ്ര സുഖമായിരിക്കുന്നു എന്നും സുഖം പ്രാപിച്ചു വരികയാണെന്നും ഇഷാ ഡിയോളും ഹേമ മാലിനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സമയത്ത് പൊതുജനങ്ങളോടും മാധ്യമങ്ങളോടും ഉത്തരവാദിത്തത്തോടെ പെരുമാറാനും കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കാനും അവര്‍ അഭ്യര്‍ത്ഥിച്ചു.
Content Summary: Hema Malini lashes out against the news of Dharmendra’s death