June 25, 2026 |
Share on

ഒരു നൂറ്റാണ്ടിനിടയില്‍ വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പം; 32 മരണം

700 ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം, തലസ്ഥാനത്തടക്കം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു

കടുത്ത രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന വെനസ്വേലയെ കൂടുതല്‍ ദുരിതത്തിലാഴ്ത്തി രാജ്യത്ത് ശക്തമായ ഇരട്ട ഭൂചലനം. ബുധനാഴ്ചയുണ്ടായ ദുരന്തത്തില്‍ കുറഞ്ഞത് 32 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വവിരം. 700 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു. ഒരു നൂറ്റാണ്ടിനിടയില്‍ വെനസ്വേലയിലുണ്ടാകുന്ന ഏറ്റവും ശക്തമായ ഭൂചലനമാണിത്. തലസ്ഥാനമായ കാരക്കാസിലടക്കം കെട്ടിടങ്ങള്‍ തകര്‍ന്നുവീണതിനെ തുടര്‍ന്ന് വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തെ പ്രധാന വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

തകര്‍ന്നുവീണ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപ്പേര്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ആശങ്ക. ടെലിവിഷന്‍ പ്രസംഗത്തിലൂടെയാണ് വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് മരണവിവരവും നാശനഷ്ടങ്ങളും പുറത്തുവിട്ടത്. എന്നാല്‍, ഭൂചലനം ഏറ്റവും കൂടുതല്‍ നാശം വിതച്ച ലാ ഗൈ്വറ സംസ്ഥാനത്തെ കണക്കുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇവിടെ ഡസന്‍കണക്കിന് കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നടിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുരന്തബാധിതരെ സഹായിക്കാന്‍ അന്താരാഷ്ട്ര രക്ഷാപ്രവര്‍ത്തകര്‍ അടുത്ത മണിക്കൂറുകളില്‍ രാജ്യത്തെത്തുമെന്നും സഹായ വാഗ്ദാനം നല്‍കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നന്ദി അറിയിക്കുന്നതായും ഡെല്‍സി റോഡ്രിഗസ് വ്യക്തമാക്കി.

അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേയുടെ കണക്കുകള്‍ പ്രകാരം 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രാജ്യത്തുണ്ടായത്. 1900 ഒക്ടോബര്‍ 29-ന് കാരക്കാസിലുണ്ടായ 7.7 തീവ്രത രേഖപ്പെടുത്തിയ ‘സാന്‍ നാര്‍സിസോ’ ഭൂചലനത്തിന് ശേഷം വെനസ്വേല ദര്‍ശിക്കുന്ന ഏറ്റവും ശക്തമായ ഭൂകമ്പമാണിത്. ആദ്യ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയതായിരുന്നു. ഇതിന് തൊട്ടുപിന്നാലെ, ഒരു മിനിറ്റില്‍ താഴെ സമയത്തിനുള്ളിലാണ് 7.5 തീവ്രതയുള്ള രണ്ടാമത്തെ ശക്തമായ ഭൂചലനവും ഉണ്ടായത്. ഈ വലിയ ഭൂചലനങ്ങള്‍ക്കു ശേഷം കാരക്കാസിന് സമീപം 4.5, 4.4 തീവ്രതകളിലുള്ള രണ്ട് തുടര്‍ചലനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ 5.0 അതിനുമുകളിലോ തീവ്രതയുള്ള ശക്തമായ തുടര്‍ചലനങ്ങള്‍ക്ക് 94 ശതമാനം സാധ്യതയുണ്ടെന്നാണ് യു.എസ് ഭൗമശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്.

ഒരു ഹൊറര്‍ സിനിമയ്ക്ക് സമാനമായ അവസ്ഥയായിരുന്നു ഭൂചലന സമയത്തെന്ന് കാരക്കാസിലെ അതിജീവിച്ചവര്‍ സാക്ഷ്യപ്പെടുത്തുന്നു. കെട്ടിടങ്ങള്‍ വശങ്ങളില്‍ നിന്ന് വശങ്ങളിലേക്ക് ശക്തമായി ആടിയുലഞ്ഞതോടെ ജനങ്ങള്‍ പ്രാണഭയത്തോടെ തെരുവുകളിലേക്ക് ഓടിയിറങ്ങി. ഭൂചലനത്തിന് ശേഷവും മണിക്കൂറുകളോളം ജനങ്ങള്‍ വീടുകളിലേക്ക് മടങ്ങാനാകാതെ പുറത്തുതന്നെ കഴിഞ്ഞു. ദുരിതബാധിതരായ ആളുകള്‍ക്ക് അഭയം നല്‍കാനായി നഗരത്തിലെ സ്‌കൂളുകള്‍ താല്‍ക്കാലിക അടിയന്തര കേന്ദ്രങ്ങളാക്കി മാറ്റിയിരിക്കുകയാണ്. തകര്‍ന്നുവീണ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെയാണ് പലര്‍ക്കും രക്ഷപ്പെടാനായതെന്ന് പ്രദേശവാസികള്‍ പറയുന്നു.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും, ഒപ്പം വൈദ്യുതി-ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ തകരാറിലായതും രക്ഷാപ്രവര്‍ത്തനത്തെയും നാശനഷ്ടങ്ങളുടെ വ്യാപ്തി കൃത്യമായി വിലയിരുത്തുന്നതിനെയും സങ്കീര്‍ണ്ണമാക്കുന്നുണ്ട്. കെട്ടിടങ്ങള്‍ തകര്‍ന്നുവീഴുമെന്ന ഭയത്താല്‍ ഫ്‌ലാറ്റുകളില്‍ താമസിക്കുന്നവരടക്കം താഴത്തെ നിലകളിലേക്കും തുറസ്സായ സ്ഥലങ്ങളിലേക്കും മാറിയിരിക്കുകയാണ്.

വെനസ്വേലയിലെ ദുരന്തബാധിതരെ സഹായിക്കാന്‍ അന്താരാഷ്ട്ര സമൂഹവും രംഗത്തെത്തിയിട്ടുണ്ട്. ജര്‍മ്മനിയുടെ ആറ് എയര്‍ബസ് ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങള്‍ വെനസ്വേലയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പുറപ്പെടാന്‍ സജ്ജമാണെന്ന് ജര്‍മ്മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് അറിയിച്ചു. 2023-ല്‍ തുര്‍ക്കിയിലുണ്ടായ ഭൂകമ്പ സമയത്തും ഈ വിമാനങ്ങള്‍ ജര്‍മ്മനി ദുരിതാശ്വാസത്തിനായി ഉപയോഗിച്ചിരുന്നു. പരിക്കേറ്റവരെ അടിയന്തരമായി മാറ്റുന്നതിനുള്ള മെഡിക്കല്‍ ഇവാക്യുവേഷന്‍ സൗകര്യങ്ങളും ഈ വിമാനങ്ങളില്‍ ഒരുക്കാനാകും. വരും ദിവസങ്ങളില്‍ കൂടുതല്‍ അന്താരാഷ്ട്ര സഹായം രാജ്യത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Summary; Twin earthquakes hit Venezuela, killing at least 32 people and injuring 700. President Delcy Rodríguez declares a state of emergency as catastrophic 7.5 magnitude tremors devastate Caracas

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×