മുണ്ടത്തിക്കോട് പാടശേഖരത്തോട് ചേര്‍ന്ന വലിയൊരു പറമ്പിലായിരുന്നു തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് പടക്കങ്ങള്‍ നിര്‍മിക്കാനുള്ള വെടിപ്പുരകള്‍ കെട്ടിയിരുന്നത്. സാമ്പിള്‍ വെടിക്കെട്ടിന് പുറമെയും പൂരത്തിനായുള്ള പടക്കങ്ങള്‍ ഇവിടെ നിര്‍മിക്കുന്നുണ്ടായിരുന്നു. ഏകദേശം 40 ഓളം പേര്‍ തകൃതിയില്‍ പടക്ക നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നു. സ്ത്രീകള്‍ അടക്കം പല പ്രായത്തിലുള്ളവര്‍. പലതരത്തിലുള്ള പടക്കങ്ങള്‍ പൂരത്തിന് ഉപയോഗിക്കാറുണ്ട്. ആനയെഴുന്നള്ളിപ്പും മേളവും പോലെ തൃശൂര്‍ പൂരത്തിന്റെ അടയാളമാണ് വെട്ടിക്കെട്ടിന്റെ ഗാംഭീര്യവും. വര്‍ണവും ശബ്ദവും ആകാശത്തെയും ഭൂമിയെയും ഒരുപോലെ പ്രകമ്പനം കൊള്ളിക്കുന്ന വെടിക്കെട്ട് ആണ് പൂരത്തിന്റെ ആകര്‍ഷണം. ആനയുടെയും മേളക്കാരുടെയും കാര്യത്തിലെന്നപോലെ വാശിയും ആവേശവും വെടിക്കെട്ടിലും ഉണ്ട്. അതുകൊണ്ട് തന്നെ വ്യത്യസ്ത തരം പടക്കങ്ങള്‍ ഉണ്ടാക്കുക എന്നത് അഭിമാനത്തിന്റെ കൂടി കാര്യമാണ്.
എന്തൊക്കെ വ്യത്യസ്തയും അത്ഭുതങ്ങളും ഇത്തവണ തൃശൂരിന്റെ ആകാശവീഥിയില്‍ കാണാമെന്ന പ്രതീക്ഷയില്‍ നിന്നിരുന്ന മലയാളിക്ക് പക്ഷേ ഹൃദയം തകര്‍ക്കുന്ന വാര്‍ത്തയാണ് മുണ്ടത്തിക്കോട് നിന്നും കേള്‍ക്കേണ്ടി വന്നത്. ലോകം മുഴുവനുള്ള മലയാളിക്ക് ഈ ദിവസം ഇനി മറക്കാന്‍ കഴിയില്ല.
പറമ്പില്‍ കെട്ടിയിരുന്ന അഞ്ചു പടക്ക പുരകളും സ്‌ഫോടനത്തില്‍ തകര്‍ന്നു. അത്തരം പുരകള്‍ അവിടെയുണ്ടായിരുന്നുവെന്ന അടയാളം പോലും ബാക്കിയില്ലെന്നാണ് ലഭ്യമായ ദൃശ്യങ്ങളില്‍ നിന്നും മനസിലാകുന്നത്. ഏറ്റവും ദുഖകരമായ കാര്യം അപകട സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചേരാന്‍ കഴിയാത്തതാണ്. പടക്കങ്ങള്‍ ഇപ്പോഴും പൊട്ടിത്തെറിച്ചു കൊണ്ടിരിക്കുകയാണ്, ആകാശംമുട്ടെ പുക ഉയര്‍ന്നു നില്‍ക്കുന്നു. പക്ഷേ തീയണയ്ക്കാന്‍ അഗ്നിശമന സേനയ്‌ക്കോ പൊലീസിനോ നാട്ടുകാര്‍ക്കോ ഒന്നും അടുക്കാന്‍ പറ്റാത്ത അവസ്ഥ. അത്രമേല്‍ അപകടാവസ്ഥയാണ് ആ പ്രദേശത്തുള്ളത്. പാടശേഖരം ആയതിനാല്‍ രക്ഷാപ്രവര്‍ത്തന വാഹനങ്ങള്‍ക്ക് എത്തുക ബുദ്ധിമുട്ടായി. ജെസിബികള്‍ കൊണ്ട് വന്നു വഴിവെട്ടുകയാണ് ആദ്യം ചെയ്യുന്നത്.
പുറത്തു വന്ന വിവരങ്ങളില്‍ ഭീതിജനകമായ കാര്യങ്ങളാണ്. പല ശരീരഭാഗങ്ങളും പറമ്പുകളില്‍ ചിതറി കിടക്കുന്നു. ആശുപത്രിയില്‍ എത്തിച്ചവര്‍ക്കും അംഗഛേദം സംഭവിച്ചിരിക്കുന്നു. എട്ടു മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
വൈകിട്ട് മൂന്നരയോടെയാണ് കേരളത്തെ തന്നെ നടുക്കിയ സ്‌ഫോടനം ഉണ്ടായത്. രണ്ട് വലിയ സ്‌ഫോടന ശബ്ദങ്ങള്‍ ആദ്യം കേട്ടത്. കിലോമീറ്ററുകള്‍ ദൂരെ ശബ്ദം കേട്ടു. ആദ്യം കരുതിയത് ഭൂകമ്പം ഉണ്ടായി എന്നാണ് സമീപവാസികള്‍ പറയുന്നത്. ആകാശം നിറഞ്ഞ് കറുത്ത പുക ഉയര്‍ന്നതോടെ മനസിലായി വലിയ അപകടം നടന്നിരിക്കുന്നു. സ്‌ഫോടനത്തിന്റെ ആഘാതം സമീപത്തെ വീടുകള്‍ക്കും ഏറ്റു. കാര്യമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ജനല്‍ ചില്ലുകള്‍ തകര്‍ന്ന് ചിലര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
സ്‌ഫോടന ശബ്ദം കേട്ടിടത്തേക്ക് ഓടിയെത്തിയവര്‍ കാണുന്നത് നിന്നു കത്തുന്ന പടക്കപ്പുരകളാണ്. അവിടമാകമാനം പുക നിറഞ്ഞിരുന്നു. സമീപത്തെ മരങ്ങളും തീപടര്‍ന്ന് നിന്നു കത്തുകയായിരുന്നു. ഷെഡുകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്ന കല്ലുകള്‍ പോലും ദൂരേക്ക് തെറിച്ചു വീണു. കേരളം കണ്ട ഏറ്റവും ഭയാനകമായ മറ്റൊരു വെടിക്കെട്ട് അപകടമായി ഇത് മാറിയിരിക്കുകയാണ്.
Content Summary: Thrissur Firecracker Unit Blast: A Tragedy That Stunned Kerala. Eight people died. Massive fire cracker tragedy in kerala history
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.