June 04, 2026 |
Share on

വി. ഫ്രാന്‍സീസ് അസീസിയുടെ ഭൗതികാവശിഷ്ടം പൊതുദര്‍ശനത്തിന്; എട്ടു നൂറ്റാണ്ടിനിടയില്‍ ആദ്യം

1978-ല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി പുറത്തെടുത്തപ്പോള്‍ ഒരു ദിവസം മാത്രമാണ് പരിമിതമായ ആളുകള്‍ക്ക് ഇത് കാണാന്‍ അവസരം ലഭിച്ചത്

വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ ഭൗതികാവശിഷ്ടങ്ങള്‍ എട്ടു നൂറ്റാണ്ടിനിടെ ആദ്യമായി പൊതുദര്‍ശനത്തിന് വച്ചിരിക്കുന്നു. ഇറ്റാലിയിലെ കുന്നിന്‍ പ്രദേശമായ അസീസിയിലെ ബസിലിക്കയിലാണ് ഞായറാഴ്ച മുതല്‍ വിശ്വാസികള്‍ക്കായി തിരുശേഷിപ്പുകള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങിയത്. ലക്ഷക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിക്കുമെന്ന് കരുതുന്ന ഈ പ്രദര്‍ശനം മാര്‍ച്ച് 22 വരെ നീണ്ടുനില്‍ക്കും.

‘കോര്‍പ്പസ് സാങ്റ്റി ഫ്രാന്‍സിസ്സി’ (വിശുദ്ധ ഫ്രാന്‍സിസിന്റെ ശരീരം) എന്ന ലാറ്റിന്‍ ലിഖിതത്തോടു കൂടിയതും നൈട്രജന്‍ നിറച്ചതുമായ പ്രത്യേക പേടകത്തിലാണ് ഭൗതികാവശിഷ്ടങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. 1226 ഒക്ടോബര്‍ 3-ന് അന്തരിച്ച വിശുദ്ധ ഫ്രാന്‍സിസ്, തന്റെ സമ്പത്ത് ഉപേക്ഷിച്ച് ദരിദ്രര്‍ക്കായി ജീവിതം സമര്‍പ്പിക്കുകയും ഫ്രാന്‍സിസ്‌കന്‍ സന്യാസ സഭയ്ക്ക് രൂപം നല്‍കുകയും ചെയ്ത വ്യക്തിയാണ്. അദ്ദേഹത്തിന്റെ അസ്ഥികളുടെ തേയ്മാനം സംഭവിച്ച അവസ്ഥ, അദ്ദേഹം തന്റെ ജീവിതദൗത്യത്തിനായി പൂര്‍ണ്ണമായും സ്വയം സമര്‍പ്പിച്ചു എന്നതിന്റെ തെളിവാണെന്ന് ഫ്രാന്‍സിസ്‌കന്‍ കോണ്‍വെന്റ് വക്താവ് ജൂലിയോ സിസേറിയോ പറഞ്ഞു.

1230-ല്‍ വിശുദ്ധന്റെ ബഹുമാനാര്‍ത്ഥം നിര്‍മ്മിച്ച ബസിലിക്കയിലേക്ക് ഭൗതികാവശിഷ്ടങ്ങള്‍ മാറ്റിയിരുന്നെങ്കിലും, 1818-ല്‍ അതീവ രഹസ്യമായി നടത്തിയ ഖനനത്തിലൂടെയാണ് അദ്ദേഹത്തിന്റെ കല്ലറ വീണ്ടും കണ്ടെത്താനായത്. ഇതിനുമുമ്പ് 1978-ല്‍ ശാസ്ത്രീയ പരിശോധനകള്‍ക്കായി പുറത്തെടുത്തപ്പോള്‍ ഒരു ദിവസം മാത്രമാണ് പരിമിതമായ ആളുകള്‍ക്ക് ഇത് കാണാന്‍ അവസരം ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെയാണ് പൊതുപ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കവചവും 24 മണിക്കൂര്‍ സിസിടിവി നിരീക്ഷണവും ഇതിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇറ്റലിയുടെ കാവല്‍ വിശുദ്ധനായ ഫ്രാന്‍സിസ് അസീസിയുടെ ചരമവാര്‍ഷികത്തിന്റെ 800-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ നടപടി. ഇതിനോടകം തന്നെ ഇറ്റലിക്ക് പുറമെ ബ്രസീല്‍, ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നായി ഏകദേശം നാല് ലക്ഷത്തോളം പേര്‍ ദര്‍ശനത്തിനായി ബുക്ക് ചെയ്തിട്ടുണ്ട്. സാധാരണ ദിവസങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ എത്തുന്ന ബസിലിക്കയില്‍ ഈ പ്രദര്‍ശന കാലയളവില്‍ പ്രതിദിനം 15,000 മുതല്‍ 19,000 വരെ സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.

അസ്ഥികള്‍ പ്രദര്‍ശിപ്പിക്കുന്നത് ഭയാനകമായ ഒന്നായല്ല, മറിച്ച് വിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും ഒരു അര്‍ത്ഥവത്തായ അനുഭവമായിരിക്കുമെന്നാണ് സന്യാസ സഭയുടെ വിലയിരുത്തല്‍. പുറത്തെ വായുവുമായി സമ്പര്‍ക്കം ഇല്ലാത്ത വിധം പേടകം സീല്‍ ചെയ്തിരിക്കുന്നതിനാല്‍ ഭൗതികാവശിഷ്ടങ്ങള്‍ നശിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

Content Summary: Saint Francis of Assisi’ skeleton goes on public display for first time

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×