July 07, 2026 |
Share on

ശ്രീലങ്കന്‍ ജയില്‍ കലാപം: മരണസംഖ്യ 26 ആയി ഉയര്‍ന്നു

ലഹരി മാഫിയകള്‍ ചേരി തിരഞ്ഞ് നടത്തിയ ഏറ്റുമുട്ടലാണ് വലിയ കലാപമായി മാറിയത്‌

ശ്രീലങ്കയിലെ നെഗോംബോ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലും തുടര്‍ന്നുള്ള വെടിവെയ്പ്പിലും കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി. ഏഴ് ജയില്‍ ജീവനക്കാരും കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 18 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ഇവരെ കൊളംബോ നാഷണല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് മെഡിക്കല്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

രണ്ട് മയക്കുമരുന്ന് മാഫിയാ സംഘങ്ങള്‍ തമ്മില്‍ ഞായറാഴ്ച രാത്രി തുടങ്ങിയ തര്‍ക്കമാണ് തിങ്കളാഴ്ച രാവിലെയോടെ വലിയൊരു കലാപമായി മാറിയത്. കാവല്‍ക്കാരുടെ തോക്കുകള്‍ തട്ടിയെടുത്ത് തടവുകാര്‍ പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നു.

കലാപ വാര്‍ത്ത പുറത്തെത്തിയതോടെ ജയിലിന് പുറത്ത് തടവുകാരുടെ ബന്ധുക്കള്‍ തടിച്ചു കൂടി. ഇവരെ നിയന്ത്രിക്കാന്‍ വന്‍ പോലീസ് സന്നാഹത്തെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. നിലവില്‍ ജയിലും പരിസരവും വ്യോമസേനയുടെ ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് കര്‍ശന നിരീക്ഷണത്തിലാണ്. അതേസമയം, അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് വന്‍തോതില്‍ മയക്കുമരുന്നായ ‘കുഷ്’ സഹിതം പിടിയിലായി ഇവിടെ കഴിയുന്ന ബ്രിട്ടീഷ് യുവതി ഉള്‍പ്പെടെയുള്ള വിദേശ തടവുകാര്‍ സുരക്ഷിതരാണെന്ന് ജയില്‍ വക്താവ് ചാമിന്ദ ഗജനായകെ വ്യക്തമാക്കി. കലാപത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ചില വനിതാ തടവുകാര്‍ ജയിലിന്റെ മുകളില്‍ കയറി പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് മേല്‍ക്കൂര തകര്‍ന്ന് ഏതാനും പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ റിട്ടയേര്‍ഡ് സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ മൂന്നംഗ ഉന്നതതല സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. ജയിലിനുള്ളിലേക്ക് തോക്കുകള്‍ എങ്ങനെ എത്തി എന്നതിനെക്കുറിച്ചും സുരക്ഷാ വീഴ്ചയെക്കുറിച്ചും സമിതി അന്വേഷിക്കും. ഈ ദാരുണ സംഭവം ശ്രീലങ്കന്‍ ജയിലുകളിലെ കടുത്ത സ്ഥലപരിമിതിയെയും തിരക്കിനെയും കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയിട്ടുണ്ട്. നിലവില്‍ രാജ്യത്തെ ജയിലുകളില്‍ ഉള്‍ക്കൊള്ളാവുന്നതിന്റെ നാലിരട്ടിയോളം, അതായത് 41,250-ലധികം തടവുകാരുണ്ടെന്നാണ് കണക്കുകള്‍. മുന്‍പ് 2020-ല്‍ കോവിഡ് കാലത്തുണ്ടായ ജയില്‍ കലാപത്തിന് ശേഷവും സമാന രീതിയില്‍ തടവുകാരെ കൂട്ടത്തോടെ മോചിപ്പിച്ചിരുന്നു. ഇത്തവണയും തിരക്ക് കുറയ്ക്കാന്‍ അടിയന്തരമായി വിചാരണത്തടവുകാര്‍ക്ക് ജാമ്യം നല്‍കുന്നതടക്കമുള്ള നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജയിലിനുള്ളിലെ ഗുണ്ടാസംഘങ്ങളെ അടിയന്തരമായി വെവ്വേറെ ബ്ലോക്കുകളിലേക്ക് മാറ്റാന്‍ നടപടി തുടങ്ങിയതായി നീതിന്യായ മന്ത്രി ഹര്‍ഷന നാനായക്കാര അറിയിച്ചു. മരിച്ചവര്‍ തടവുകാരോ അധോലോക സംഘങ്ങളോ എന്നത് ഈ നിമിഷത്തില്‍ പ്രസക്തമല്ലെന്നും നഷ്ടപ്പെട്ടത് മനുഷ്യജീവനുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Summary; The death toll from the deadly Sri Lankan prison riot at Negombo jail has risen to 26, including 7 guards. Clash between rival drug gangs

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×